•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സമരപാതകള്‍ ഉയിരേകിയ പാലായിലെ യുവശക്തി


എസ്.എം.വൈ.എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സീറോ മലബാര്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് സുവര്‍ണജൂബിലിയുടെ നിറവിലാണ്. യുവശക്തി  എന്ന പേരിലാണ് ഈ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇതു രൂപംകൊള്ളുന്നതിന് അതിസങ്കീര്‍ണമായ ഒരു സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രപശ്ചാത്തലമുണ്ട്.
1972 ല്‍ കേരളം ഭരിക്കുന്നത് സഖാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിട്ടുള്ള സര്‍ക്കാരാണ്. വിരോധാഭാസമെന്നു പറയട്ടെ, മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ ആജന്മശത്രുവായ കോണ്‍ഗ്രസുമായുള്ള കൂട്ടുമന്ത്രിസഭയാണത്! ഗവണ്‍മെന്റ് പ്രൈവറ്റ് വിദ്യാഭ്യാസ ഏജന്‍സികള്‍ക്കെതിരേ ഭീഷണി ഉയര്‍ത്തി. ഫീസ് ഏകീകരണമായിരുന്നു പ്രശ്‌നം. പ്രൈവറ്റ് കോളജിലെ ഫീസ്‌നിരക്കു കുറവുചെയ്ത് ഗവണ്‍മെന്റ് കോളജിലെ ഫീസിനു തുല്യമാക്കുക. ഈ നിയമം നടപ്പാക്കുന്നതിലൂടെ മാനേജുമെന്റുകള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. സംഘടിതവിഭാഗമായ അധ്യാപകസമൂഹത്തെ തൃപ്തിപ്പെടുത്തി നിറുത്തി, അവരുടെ പിന്തുണ ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാരുകളും ശ്രമിക്കാറുണ്ട്. അതിനുവേണ്ടി അവരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. ആ തന്ത്രം സര്‍ക്കാര്‍ പ്രയോഗിച്ചു. കുട്ടികളില്‍നിന്നു പിരിക്കുന്ന ഫീസ് കുറയ്ക്കുകയും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ ആ ഭാരം താങ്ങേണ്ടിവരുന്നതു മാനേജുമെന്റാണ്. അങ്ങനെ പ്രൈവറ്റ് മാനേജുമെന്റുകള്‍ വിഷമവൃത്തത്തിലായി. ആ കൂട്ടത്തില്‍ പ്രൈവറ്റ് കോളജ് അധ്യാപകര്‍ തങ്ങളുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ടു നല്കണമെന്ന നിര്‍ദേശവുമായി മുമ്പോട്ടുവന്നു, സര്‍ക്കാര്‍ അത് അംഗീകരിക്കുകയുംകൂടി ചെയ്തതോടെ മാനേജുമെന്റുകള്‍ വെട്ടിലായി. അതിനും പുറമേ, ഫീസ് ഏകീകരണം എന്ന ആവശ്യവുമായി വിദ്യാര്‍ഥികളും രംഗത്തുവന്നു. അങ്ങനെ പ്രൈവറ്റ് മാനേജുമെന്റുകളെ ഒറ്റപ്പെടുത്താം എന്നു സര്‍ക്കാര്‍ കണക്കുകൂട്ടി. പക്ഷേ, സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട്, മാനേജുമെന്റുകള്‍ വിദ്യാര്‍ഥികളുടെ ഫീസ് ഏകീകരണം എന്ന ഡിമാന്റും അധ്യാപകരുടെ ഡിറക്ട് പേയ്‌മെന്റ് എന്ന ഡിമാന്റും അംഗീകരിച്ചു. അപ്പോള്‍, സര്‍ക്കാര്‍ അടവുമാറ്റി; സര്‍ക്കാര്‍ ശമ്പളം നല്കണമെങ്കില്‍ കോളജുകളുടെ ഭരണത്തിലും അധ്യാപകനിയമനത്തിലും ഗവണ്‍മെന്റിനു നിര്‍ണായകപങ്കുണ്ടാകണമെന്നു വാദിച്ചു. പക്ഷേ, ഇതിനു വഴങ്ങാന്‍ മാനേജുമെന്റുകള്‍ കൂട്ടാക്കിയില്ല. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശത്തിന്റെ ധ്വംസനമാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നുമുള്ള നിലപാടില്‍ മാനേജുമെന്റുകള്‍ ഉറച്ചുനിന്നു. ഗവണ്‍മെന്റ് ഇതിനു സമ്മതിക്കാതെ വന്നപ്പോള്‍ മാനേജുമെന്റുകള്‍ പ്രതിഷേധസൂചകമായി കോളജുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
അടച്ചിട്ട കോളജുകള്‍ തുറപ്പിക്കുമെന്നും തുറന്നില്ലെങ്കില്‍ കോളജുകള്‍ ബലമായി പിടിച്ചെടുക്കുമെന്നും സര്‍ക്കാര്‍ ഭീഷണിമുഴക്കി. മാനേജുമെന്റുകള്‍ വലിയ പ്രതിസന്ധിയിലായി. മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശത്തിനായി എന്നും നിലകൊള്ളുകയും പരസ്പരപൂരകങ്ങളായി ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള കോണ്‍ഗ്രസിന്റെ ചുവടുമാറ്റം കത്തോലിക്കാസഭയെ പ്രതിരോധത്തിലാക്കി. തികഞ്ഞ കോണ്‍ഗ്രസ് അനുഭാവിയും ഒരുകാലത്ത് പ്രവര്‍ത്തകനുമായിരുന്ന അഭിവന്ദ്യ വയലില്‍ പിതാവിനെ സംബന്ധിച്ചിടത്തോളം ഇത് ഒരുവിധത്തിലും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല.
1972 ജൂണ്‍ 11 ന് പാലാ രൂപതയിലെ ഇടവകവികാരിമാരുടെയും പ്രതിനിധികളുടെയും ഒരു സമ്മേളനം പാലാ സെന്റ്‌തോമസ് ഹൈസ്‌കൂളില്‍ നടന്നു. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ വയലില്‍പിതാവാണ് പ്രസ്തുത സമ്മേളനം വിളിച്ചുചേര്‍ത്തത്. കോളജുപ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു ആലോചനായോഗമായിരുന്നു അത്. സാമാന്യം ദീര്‍ഘമായ ഒരു പ്രസംഗത്തിലൂടെ അഭിവന്ദ്യപിതാവ് വിഷയം അവതരിപ്പിച്ചു.
പ്രതികരണത്തിലുണ്ടായ നിസ്സംഗതയും മൗനവും അഭിവന്ദ്യപിതാവിനെ വല്ലാതെ അസ്വസ്ഥനാക്കി. അല്പസമയത്തെ മൗനത്തിനുശേഷം പിതാവ് എഴുന്നേറ്റിട്ടു പറഞ്ഞു, നമുക്ക് ഇങ്ങനെ നിസ്സംഗരായി നോക്കി നില്ക്കാനാവില്ല. പ്രശ്‌നം വളരെ ഗുരുതരമാണ്. തെരുവിലിറങ്ങി പ്രതികരിക്കുകതന്നെ വേണം. എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നു പറഞ്ഞ് പിതാവ് യോഗം അവസാനിപ്പിച്ചു. ഒരു ദൃഢനിശ്ചയം എല്ലാവരുടെയും മുഖത്തു നിഴലിച്ചു. ഒരു രൂപതയെ സംബന്ധിച്ചിടത്തോളം രൂപതാധ്യക്ഷന്റെ വാക്ക് അന്തിമമാണ്.
പള്ളികളിലേക്ക് അഭിവന്ദ്യപിതാവിന്റെ കത്തു വന്നു. നമ്മുടെ കോളജുകളെല്ലാം സര്‍ക്കാര്‍ പിടിച്ചടക്കാന്‍ പോകുന്നു. അതിനെതിരേ പ്രതികരിക്കാന്‍ ജൂലൈ 9-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു പ്രതിഷേധറാലിയും പൊതുസമ്മേളനവും നമ്മള്‍ തീരുമാനിച്ചിരിക്കുന്നു. ബഹു. വൈദികരെല്ലാവരും പരമാവധി ആളുകളെ സംഘടിപ്പിച്ച് പാലായില്‍ എത്തണം. ഒരു സമരത്തിനുള്ള ആഹ്വാനവും വിശ്വാസികള്‍ എങ്ങനെ സഹകരിക്കണമെന്നുള്ള നിര്‍ദേശവുമെല്ലാം ഈ ഒരു കത്തില്‍ ഒതുങ്ങിയിരുന്നു.
റാലി നടത്തുന്നതിനു ടൗണിലുള്ള ക്രമീകരണങ്ങളുടെയും സജ്ജീകരണങ്ങളുടെയും ചുമതല ദീപനാളം അസിസ്റ്റന്റ് മാനേജരും ളാലം പള്ളിയിലെ മുന്‍ അസ്‌തേന്തിയുമായിരുന്ന ജയിംസ് കൈപ്പന്‍പ്ലാക്കലച്ചനും കെ.സി.എസ്.എല്‍. ഡയറക്ടറും ടൗണ്‍ പള്ളിയിലെ അസ്‌തേന്തിയുമായ എനിക്കും ആയിരുന്നു. പാലാ ടൗണില്‍ എന്തു പരിപാടി നടന്നാലും സി.വൈ.എം.എലി ന്റെ പിന്‍ബലമില്ലാതെ പറ്റില്ല. സ്വാതന്ത്ര്യസമരകാലത്തും വിമോചനസമരകാലത്തും പാലായില്‍ നേതൃത്വം കൊടുത്തിട്ടുള്ള പ്രസ്ഥാനമാണ് അത്. ജൂബിലിത്തിരുനാള്‍ അവരുടെ നേതൃത്വത്തിലാണു നടക്കുന്നത്. ഞങ്ങള്‍ രണ്ടുപേരുംകൂടി സംഘടനാഭാരവാഹികളുമായി സംസാരിച്ചു. ഭാരവാഹികളില്‍ പലരും കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരാണ്. അവര്‍ക്ക് സമരത്തിനിറങ്ങാനുള്ള വൈഷമ്യം അവര്‍ പങ്കുവച്ചു.
ഇതിനിടെ ശക്തമായ ഒരു പൊളിറ്റിക്കല്‍ പോളറൈസേഷന്‍ ഉടലെടുത്തു. അവിഭക്ത കേരളാ കോണ്‍ഗ്രസ് ശക്തിപ്രാപിച്ചുവരുന്ന കാലമാണ്. എങ്കിലും, കോണ്‍ഗ്രസിന്റേതുപോലെ ഒരു യുവനേതൃത്വം ഉണ്ടായിട്ടില്ല. എന്നാല്‍, വിദ്യാര്‍ഥികളുടെ കെ.എസ്.സി. ശക്തിയാര്‍ജിച്ചിട്ടുമുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെ യൂത്ത്‌വിംഗ് ഏ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ അതിശക്തമാണുതാനും; ഒപ്പം കെ.എസ്.യുവും. അതാണ്  അപ്പോഴത്തെ പൊളിറ്റിക്കല്‍ 'സിനാരിയോ.'
കേരളാ കോണ്‍ഗ്രസ് സമരത്തിനു ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. ഒരു രാഷ്ട്രീയസമരമായിമാറിയാല്‍ അത് ഗുണത്തേക്കാള്‍ ദോഷമേ ആകുകയുള്ളൂ എന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും പിന്തുണയുമായി വരുന്ന കേരളാകോണ്‍ഗ്രസിനെ തള്ളാനും കൊള്ളാനുംമേലാത്ത അവസ്ഥ! കോണ്‍ഗ്രസുകാരെസംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി നില്ക്കാനും പാടില്ല, സഭയെ തള്ളിപ്പറയാനും പാടില്ലാത്ത അവസ്ഥ!
ജയിംസച്ചനും ഞാനുംകൂടി അഭിവന്ദ്യപിതാവിനെ കണ്ടു സാഹചര്യം വ്യക്തമാക്കി. അല്പനേരത്തെ മൗനത്തിനു ശേഷം പിതാവ് പറഞ്ഞു, ഒരു കാരണവശാലും രാഷ്ട്രീയസമരമായി മാറാന്‍ പാടില്ല. ഇതു സഭയുടെ പ്രശ്‌നമാണ് എന്ന നിലയില്‍വേണം കാര്യങ്ങള്‍ നീങ്ങാന്‍. ഇക്കാര്യം ഞങ്ങള്‍ സി.വൈ.എം.എല്‍. നേതാക്കളുമായി സംസാരിച്ചു. അവര്‍ അതു മനസ്സിലാക്കി പിന്തുണയ്ക്കാമെന്നു സമ്മതിച്ചു. ടൗണിലെ പൊതുവികാരം കോണ്‍ഗ്രസിന് അനുകൂലമായിരുന്നെങ്കിലും, സഭയുടെ ഒരു പ്രതിസന്ധിഘട്ടത്തില്‍ അഭിവന്ദ്യപിതാവിവിനൊപ്പം നില്ക്കുമെന്നും അദ്ദേഹം നയിക്കുന്ന റാലിയില്‍ സഹകരിക്കുമെന്നും എല്ലാവരും ഉറപ്പുതന്നു.
ഇതിനിടെ, ജൂണ്‍ 22-ാം തീയതി രൂപതയിലെ അല്മായപ്രമുഖരുടെ ഒരു സമ്മേളനവും 25-ാം തീയതി രൂപതയിലെ സംഘടനാഭാരവാഹികളുടെ ~ഒരു സമ്മേളനവും അരമനയില്‍വച്ചു നടത്തിയിരുന്നു. ജൂലൈ 7-ാം തീയതി രൂപതയിലെ എല്ലാ വൈദികരുടെയും സമ്മേളനം ട്രെയിനിംഗ് കോളജില്‍വച്ചും നടത്തിയിരുന്നു. അങ്ങനെ ഒരുക്കങ്ങളെല്ലാം ഏതാണ്ടു പൂര്‍ത്തിയായി.
എങ്കിലും, എന്തുമാത്രം ആളുകള്‍വരും എന്നതിനെപ്പറ്റി എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞതോടെ ജനങ്ങള്‍ പാലായിലേക്ക് ഒഴുകിത്തുടങ്ങി. ഇന്നത്തെ കൊട്ടാരമറ്റം ബസ്റ്റാന്‍ഡ് അന്നില്ല. കൊട്ടാരമറ്റത്ത് മൈതാനമാണ്. റാലി ആരംഭിക്കുന്നതു കൊട്ടാരമറ്റം മൈതാനിയില്‍നിന്ന്.  പടുകൂറ്റന്‍ റാലി! പ്രൗഢഗംഭീരം! പാലാപ്പട്ടണം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് സമ്മേളനം നടന്നത്.
അതുവരെ അനങ്ങാതിരുന്ന പത്രങ്ങളിലെല്ലാം വലിയ തലക്കെട്ടോടെ വാര്‍ത്തവന്നു. അക്ഷരാര്‍ഥത്തില്‍ സര്‍ക്കാര്‍ ഞെട്ടി. അടുത്തദിവസംതന്നെ തൃശൂരില്‍ അതിഗംഭീരമായ റാലിയും പൊതുസമ്മേളനവും നടന്നു. മറ്റു രൂപതകളിലും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടന്നു. സര്‍ക്കാര്‍ മുട്ടുമടക്കി, ഒത്തുതീര്‍പ്പിനു തയ്യാറായി. സമരം അവസാനിപ്പിച്ചു.
സമരം സംഘടിപ്പിച്ചപ്പോള്‍ പിതാവിനെ ഏറ്റവും കൂടുതല്‍ അലട്ടിയത് കത്തോലിക്കരായ ചെറുപ്പക്കാരുടെ അസാന്നിധ്യമായിരുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ ചെറുപ്പക്കാര്‍ സഭയില്‍നിന്നകന്നുപോകുന്നതു പിതാവിനെ വല്ലാതെ വേദനിപ്പിച്ചു. ഇല്ലായ്മയില്‍നിന്ന് കഷ്ടപ്പെട്ട് സ്‌കൂളുകളും കോളജുകളും പടുത്തുയര്‍ത്തിയ പിതാവിന് തന്റെ മക്കള്‍ അതിന്റെ ഫലമെടുത്തിട്ട് സഭയില്‍നിന്നകലുന്നതു താങ്ങാനായില്ല.  
ഒരിക്കല്‍ ജെയിംസച്ചനും ഞാനുംകൂടി അരമനയില്‍ പിതാവിനെ കണ്ട് സംസാരിച്ച കൂട്ടത്തില്‍, നമ്മുടെ യുവജനങ്ങളെ സഭയോടു ചേര്‍ത്തുനിറുത്തുന്നതിനാവശ്യമായ ഒരു സ്ഥിരസംവിധാനത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ചു.
ഏതു നല്ല നിര്‍ദേശവും, അതാരു പറഞ്ഞാലും സ്വീകരിക്കുന്ന പിതാവ് അന്ന് പ്രോ വി.ജി. ആയിരുന്ന മോണ്‍. വഞ്ചിപ്പുരയ്ക്കലച്ചനോടു സംസാരിച്ചു. രൂപതയുടെ ആരംഭം മുതല്‍ എന്നും പിതാവിന്റെ വലംകൈയായി നിന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന അദ്ദേഹം  'യുവശക്തി' എന്ന പേരില്‍ ഒരു യുവജനസംഘടന വിഭാവനം ചെയ്തു. വിഖ്യാതനായ കാനന്‍നിയമപണ്ഡിതന്‍ കൂടിയായ അദ്ദേഹം ഒരു നിയമാവലിയും തയ്യാറാക്കി അഭിവന്ദ്യപിതാവിനു സമര്‍പ്പിച്ചു.
യുവശക്തി എന്ന പേരിന് ഒരു 'സെക്കുലര്‍' സ്വഭാവമുണ്ട്. വിമര്‍ശകര്‍ പലപ്പോഴും 'കത്തോലിക്കാ' എന്ന വിശേഷണത്തിനു വര്‍ഗീയത ആരോപിക്കാറുണ്ട്. അതുകൊണ്ട്, സെക്കുലര്‍ സ്വഭാവമുള്ള ഈ പേര് നിലനിറുത്തണം എന്നാണ് അന്നും ഇന്നും എന്റെ വ്യക്തിപരമായ അഭിപ്രായം. അതേകാലയളവില്‍ ചങ്ങനാശ്ശേരിയില്‍ രൂപംകൊണ്ട യുവജനപ്രസ്ഥാനവും സെക്കുലര്‍ സ്വഭാവമുള്ള 'യുവദീപ്തി' എന്ന പേരാണു സ്വീകരിച്ചത്. അവര്‍ ആ പേര് ഇന്നും നിലനിറുത്തുന്നുണ്ട്. പാലാ രൂപതയുടെ യുവസംഘടനയും 'യുവശക്തി' എന്ന പേര് നിലനിറുത്തിക്കൊണ്ട്, കെ.സി.വൈ.എം. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി തുടര്‍ന്നിരുന്നെങ്കില്‍...!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)