•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

ഞ്ഞുകണങ്ങള്‍ ചിതറി വീണ ചില്ലുജാലകങ്ങള്‍ക്കിടയിലൂടെ പ്രഭാതരശ്മികള്‍ കടന്നു വന്ന് വെളിച്ചം വിതറിയപ്പോള്‍ ഇയ്യോബ് ഉണര്‍ന്നു. കമ്പിളിപ്പുതപ്പിനുള്ളില്‍ അയാള്‍ നിവര്‍ന്നു കിടന്നു. ഇളംചൂടിന്റെ സുഖദമായ ആലസ്യം അയാളെ തഴുകിനിന്നു.
റബര്‍ എസ്റ്റേറ്റിനെക്കാള്‍ ഇപ്പോള്‍ ആവശ്യം സ്വന്തമായി ഒരു കാര്‍ ആണ്. ഇനിയിപ്പോള്‍ കേസു സംബന്ധിച്ച് പീരുമേട് കോടതിയില്‍ കൂടക്കൂടെ വരേണ്ടിവരും. എന്നും അമ്മായിയപ്പന്റെ കാര്‍ ചോദിക്കുന്നത് നാണക്കേടാണ്.
സായ്‌വിനു രണ്ടു കാര്‍ ഉണ്ടെന്നറിയാം. ഒരെണ്ണം വില്‍ക്കുന്നുണ്ടോ എന്നു ചോദിക്കാം. സായ്‌വുമായുള്ള സൗഹൃദത്തില്‍ അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്.
വാതിലില്‍ മെല്ലെ മുട്ടുന്ന ശബ്ദം കേട്ടു. ഇയ്യോബ് കിടക്കയില്‍ എണീറ്റിരുന്നു. സായ്‌വിന്റെ പരിചാരകനാണ്. ചൂടുള്ള നീലഗിരിക്കാപ്പി മൊത്തിക്കുടിച്ചപ്പോള്‍ നല്ല ഉന്മേഷം.
അയാള്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. വിശാലമായ ലോണിലെ കല്ലുകള്‍ പാകിയ നടപ്പാതയിലൂടെ എലിസ മില്‍ട്ടണ്‍ പ്രഭാതസവാരിയിലാണ്. മദാമ്മ ധരിച്ചിരിക്കുന്ന വെള്ളത്തൊപ്പിയില്‍ മഞ്ഞിന്‍കണങ്ങള്‍ തിളങ്ങിനില്ക്കുന്നു. എലീസയുടെ സുന്ദരിപ്പൂച്ച അവളുടെ പിന്നാലെയുണ്ട്. സായ്‌വ് ഇനിയും ഉണര്‍ന്നിട്ടുണ്ടാവില്ല.
പ്രഭാതകൃത്യങ്ങള്‍ക്കുശേഷം ഇയ്യോബ് ബംഗ്ലാവിന്റെ മുന്‍വശത്തെ പാര്‍ലറിലേക്കു ചെന്നു. അവിടെ മില്‍ട്ടന്‍ സായ്‌വ് സിഗരറ്റ് വലിച്ചിരിപ്പുണ്ട്. രണ്ടുപേരും പരസ്പരം അഭിവാദ്യം ചെയ്തു.
സായ്‌വിന്റെ ഡോഡ്ജ് കാര്‍ മുറ്റത്തു കിടപ്പുണ്ട്.
ഇയ്യോബ് തുടക്കമിട്ടു:
''എനിക്കൊരു കാര്‍ വാങ്ങണമെന്നുണ്ട്. ഞാന്‍ വന്ന കാര്‍ ഫാദര്‍ ഇന്‍ലോയ്‌ടേതാണ്.''
''താത്പര്യമുണ്ടെങ്കില്‍ എന്റെ ഡോഡ്ജ് എടുത്തോളൂ. എലിസയ്ക്ക് ഡോഡ്ജില്‍ താത്പര്യമില്ല. ഷി പ്രിഫര്‍ ഔര്‍ മോറീസ് മൈനര്‍.''
അപ്പോള്‍ ഗാരേജില്‍നിന്നു എലിസ മോറീസ് മൈനര്‍ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ടു. അവര്‍ വണ്ടി പുറത്തിറക്കി എങ്ങോട്ടോ ഓടിച്ചുപോയി.
''എലീസ രാവിലെ എസ്റ്റേറ്റ് വഴിയേ ഒരു റൗണ്ട് ഓടിക്കും. പോകുന്നവഴി ടാപ്പിങ് തൊഴിലാളികളെ അവര്‍ അഭിവാദ്യം ചെയ്യും.''
സായ്‌വ് സിഗരറ്റുപുക ഊതിവിട്ടുകൊണ്ടു പറഞ്ഞു.
''സായ്‌വ് എന്താണ് വില ഉദ്ദേശിക്കുന്നത്? തത്കാലത്തേക്ക് ഒരു ഡ്രൈവറെയും വിട്ടുതരണം.''
''യെസ്. യെസ് മൈഫ്രണ്ട് ഇയ്യോബ്. നാം തമ്മിലൊരു ഡീലില്‍ തര്‍ക്കമുണ്ടാവില്ല.''
മില്‍ട്ടണ്‍ സായ്‌വ് എണീറ്റു. അയാള്‍ ആഷ്‌ട്രേയില്‍ സിഗരറ്റ് കുത്തിക്കെടുത്തി.
''വരൂ ഇയ്യോബ്, ഡോഡ്ജില്‍ നമുക്കൊരു ഡ്രൈവ് പോകാം. നിങ്ങള്‍ക്ക് എന്റെ വണ്ടിയുടെ കണ്ടീഷന്‍ അറിയുകയും ചെയ്യാം.''
അവര്‍ അരമണിക്കൂര്‍ റബര്‍ പ്ലാന്റേഷനിലൂടെയും ടീ എസ്റ്റേറ്റിലൂടെയും ഒരു സവാരി നടത്തി. ടാപ്പിങ് തൊഴിലാളികള്‍ ഉന്മേഷത്തോടെ പണിയെടുക്കുന്നു. ടീ എസ്റ്റേറ്റ് ഇനിയും ഉണര്‍ന്നിട്ടില്ല. ഫാക്ടറിയില്‍നിന്ന് എട്ടുമണിയുടെ സൈറണ്‍ മുഴങ്ങണം.
തിരികെ വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് പുറപ്പെടാന്‍നേരം ജോണ്‍ മില്‍ട്ടണ്‍ ഒരു തുണ്ടുകടലാസില്‍ കാറിന്റെ വില കുറിച്ചു കൊടുത്തു.
''ഓക്കെ ഇയ്യോബ്. ഗുഡ്‌ലക്ക്. ഗോഡ് ബ്ലെസ് യു.''
സായ്‌വ് യാത്രാമംഗളങ്ങള്‍ ചൊല്ലി.
വഴിയിലെ മൂടല്‍മഞ്ഞ് അപ്പോഴും മാറിയിട്ടില്ല. ഡ്രൈവര്‍ വളരെ ശ്രദ്ധിച്ചാണ് വണ്ടി ഓടിക്കുന്നത്.
ഇയ്യോബ് സായ്‌വ് കുറിച്ചുകൊടുത്ത തുണ്ടുകടലാസില്‍ നോക്കി. വലിയ വില എഴുതിയിട്ടില്ല. അപ്പനോടുകൂടി പറഞ്ഞു സമ്മതം വാങ്ങിയിട്ടുവേണം വില ഉറപ്പിക്കാന്‍. അമ്മച്ചി ഒന്നിനും എതിരുപറയില്ല.
ഉച്ചസമയത്ത് വീട്ടിലെത്തുമ്പോള്‍ ആണ്ടമ്മ പൂമുഖത്തുണ്ടായിരുന്നു.
''ടാ... മോനേ! നിയ്യ് എവിടെയായിരുന്നു രണ്ടു ദെവസം? താണ്ടമ്മേ കണ്ടോ? അവള്‍ക്കെന്താണ്ട് വിശേഷം?''
ആണ്ടമ്മ മകനെ കണ്ടപാടേ ചോദ്യശരങ്ങള്‍കൊണ്ടു മൂടി.
''പറയാം അമ്മച്ചി. ഞാനൊന്നു മൊഖം കഴുകട്ടെ.''
വാല്‍ക്കിണ്ടിയില്‍നിന്നു വെള്ളമെടുത്ത് മുറ്റത്തേക്കു മാറി മുഖം കഴുകി ആണ്ടമ്മയുടെ തോളില്‍ കിടന്ന രണ്ടാംമുണ്ടെടുത്ത് മുഖം തുടച്ച് ഇയ്യോബ് അമ്മയോടു തന്റെ യാത്രയിലെ വിശേഷങ്ങള്‍ വിശദമായി പറഞ്ഞു. ശബ്ദംകേട്ട് അറയില്‍നിന്ന് ഇറങ്ങിവന്ന മാത്തുത്തരകനും ശ്രോതാവായി.
കാറു വാങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ആണ്ടമ്മയുടെ പ്രതികരണം ഇതായിരുന്നു:
''നന്നായി. മാളികക്കാര്‍ക്ക് കാര്‍ ആകാമെങ്കി കൊട്ടാരമുറ്റത്തും ഒരു കാറ് കെടക്കണത് ഒരന്തസ്സാ. ആ സായ്പ്പിന് നല്ല ബുദ്ധി തോന്നാന്‍ മാതാവിനോടു പ്രത്യേകം പ്രാര്‍ഥിക്ക്.''
''എല്ലാം നടക്കും അമ്മച്ചീ. നമ്മളെ കര്‍ത്താവ് കൈവെടിയില്ല.''
ഇയ്യോബ് കര്‍ത്താവിനെ ഓര്‍മിച്ചു.
''ഇനീപ്പോ കോടതീല് പോവുന്നകൊണ്ട് കാറു വേണ്ടിവരും. പീരുമേട്ടില് പോവ്‌ണ്ടേ.''
മാത്തുത്തരകന്‍ ആരോടെന്നില്ലാതെ ആത്മഗതം ചെയ്തു.
''നിയ്യ് കുളിച്ചിട്ടു വാ. ഞാന്‍ പോയ് ചോറു വെളമ്പാം. ങ്ഹാ ആ ഡ്രൈവറെക്കൂടി നിയ്യ് ചെന്ന് വിളിക്ക്.'' ആണ്ടമ്മ എണീറ്റു.
ഇയ്യോബ് വേഗം കുളിച്ചു വന്നു. ഡ്രൈവര്‍ മത്തായി പൂമുഖത്തെ ചാരുബഞ്ചില്‍ ഇരിപ്പുണ്ട്. ഇയ്യോബിനെ കണ്ട് അയാള്‍ എണീറ്റു.
''അവ്‌ടെയിരിക്കൂ ചേട്ടാ. ഞാന്‍ ചെന്ന് ചോറു റെഡിയായോന്നു നോക്കട്ടെ.''
അവരുടെ സംഭാഷണം കേട്ട് ആണ്ടമ്മ അങ്ങോട്ടു വന്നു.
''എല്ലാരും വരിന്‍. ഊണു കഴിക്കാം.''
ഊണുമുറിയില്‍ മാത്തുത്തരകനും ഇയ്യോബും ഇരുന്നു. ഡ്രൈവര്‍ മത്തായി മടിച്ചുനിന്നു.
''ഇരിക്കൂചേട്ടാ. ചേട്ടന്‍ ഞങ്ങടെ അതിഥിയല്ലേ?'' ഇയ്യോബ് ഡ്രൈവറെ നിര്‍ബന്ധിച്ച് ഒപ്പമിരുത്തി.
സമൃദ്ധമായ ഉച്ചഭക്ഷണം കഴിഞ്ഞു മടങ്ങുമ്പോള്‍ ഇയ്യോബ് ഡ്രൈവറുടെ കൈയില്‍ ഒരു പണക്കിഴി വച്ചു കൊടുത്തു.
''ഇതിരിക്കട്ടെ ചേട്ടാ.''
ഡ്രൈവര്‍ മത്തായി അതു വാങ്ങാന്‍ മടിച്ചു.
''ചേട്ടന്‍ രണ്ടു ദെവസായില്ലേ എന്നോടൊപ്പം കൂടീട്ട്? ഒരു സന്തോഷം'' ഡ്രൈവര്‍ മത്തായി ഇയ്യോബിന്റെ നിര്‍ബന്ധത്തിനു വഴങ്ങി.
''ഇനീം അത്യാവശ്യം വന്നാല് വിളിക്കും. അപ്പോ ചേട്ടന്‍ വരണം.''
''തര്യന്‍ മുതലാളിയോടു പറഞ്ഞാ മതി. ഞാനെത്തിക്കോളാം.''
മത്തായി കൈകൂപ്പി. ഇയ്യോബ് പടിപ്പുരയ്ക്കു പുറത്ത് കാറിനടുത്തുവരെ ചെന്നു. കാര്‍ മെല്ലെ നീങ്ങി.
ഈ പടിപ്പുരയ്ക്കു സൈഡില്‍ കാര്‍ കയറ്റാന്‍ മതില്‍ പൊളിച്ച് ഒരു ഗേറ്റുണ്ടാക്കണം.
ഇയ്യോബ് മനസ്സിലുറപ്പിച്ചു.
ഇയ്യോബ് തിടുക്കത്തില്‍ മാത്തുത്തരകന്റെ അറയിലേക്കു ചെന്നു. മാത്തൂത്തരകന്‍ വിശ്രമത്തിനുള്ള ഒരുക്കത്തിലായിരുന്നു.
''അപ്പാ നമ്മുക്കാ പ്രമാണങ്ങള്‍ നോക്കണം. അത് വക്കീലിനെ ഏല്പിക്കണം ഉടനെ.''
പ്രമാണങ്ങള്‍ വലിയ തരകന്റെ അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വല്യപ്പച്ചന്റെ മരണശേഷം അറ പൂട്ടിയിരിക്കുകയാണ്. മാത്തുത്തരകന്‍ താക്കോല്‍ ക്കൂട്ടവുമെടുത്ത് ഇറങ്ങി. നാലുമൂലയിലും കൊത്തുപണികള്‍ ചെയ്ത പിച്ചളക്കെട്ടുള്ള ഒരു വലിയ കാല്‍പ്പെട്ടിയിലാണ് വല്യപ്പച്ചന്‍ പ്രമാണങ്ങള്‍  സൂക്ഷിച്ചിരിക്കുന്നത്. വലിയ തരകന്റെ തലയ്ക്കടിയിലാണ് അതിന്റെ താക്കോല്‍ സൂക്ഷിക്കുക.
വല്യപ്പച്ചന്റെ മരണശേഷം കാല്‍പ്പെട്ടിയുടെ താക്കോല്‍ കൂടി എടുത്ത് താക്കോല്‍കൂട്ടത്തില്‍ ഇട്ടു. മാത്തുത്തരകന്‍ താക്കോല്‍ തിരഞ്ഞു കണ്ടുപിടിച്ച് കാല്‍പ്പെട്ടി തുറന്നു. അതില്‍ ആധാരങ്ങള്‍ ചുരുളുകളായി അടുക്കിവച്ചിരിക്കുന്നു. കൊട്ടാരത്തില്‍ തറവാട്ടിലെ എല്ലാ പ്രമാണങ്ങളും അതിലുണ്ട്.
ഇയ്യോബ് ഓരോന്നായി ചുരുള്‍ നിവര്‍ത്തി നോക്കി. മുന്നാധാരങ്ങള്‍ ശ്രദ്ധാപൂര്‍വം മാറ്റി വച്ചു. നോക്കിക്കഴിഞ്ഞ ഓരോ ആധാരവും മാത്തുത്തരകന്‍ പൂര്‍വസ്ഥിതിയില്‍ ചുരുട്ടി അടുക്കിവച്ചു.
''മുന്നാധാരങ്ങള്‍ പോരെ, വക്കീലിന്? അപ്പച്ചന്റെ കാലത്തെ ക്രയവിക്രയങ്ങളുടെ പ്രമാണങ്ങള്‍ കൊണ്ടുപോണോ?''
മാത്തുത്തരകന്‍ സംശയമുന്നയിച്ചു.
''നമ്മടെ എല്ലാ പ്രമാണങ്ങളും കാണണമെന്നാ വക്കീല് പറഞ്ഞേ! അപ്പാ ഞാനൊരു കാര്യം ചെയ്യാം. ഒരു ലിസ്റ്റൊണ്ടാക്കാം. എന്നിട്ട് ഏല്പിക്കാം. വക്കീലിനെയും വൈദ്യനെയും വിശ്വസിക്കണമെന്നാണല്ലോ പറേണത്.''
ഇയ്യോബ് ചിരിച്ചു. പ്രമാണങ്ങള്‍ക്കൊപ്പം നിരവധി കടലാസുകെട്ടുകളും വലിയ തരകന്‍ സൂക്ഷിച്ചിരുന്നു. അതൊക്കെ വലിയ തരകന്റെ കച്ചവടക്കാരുമായുള്ള ഇടപാടുകളുടെ രേഖ ആയിരുന്നു. ഇയ്യോബ് അവയെല്ലാം ശ്രദ്ധാപൂര്‍വം എടുത്ത് ഒതുക്കിവച്ചു.
നാലരയടിയോളം പൊക്കമുള്ള കാല്‍പ്പെട്ടിയില്‍നിന്നും ഇയ്യോബ് കുനിഞ്ഞുനിന്നാണ് പ്രമാണങ്ങളും മറ്റു രേഖകളും എടുത്ത് അപ്പന്റെ കൈയില്‍ കൊടുക്കുന്നത്. ഈ പ്രമാണങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ ഒരു വലിയ തോല്‍പ്പെട്ടി വേണം.
അതു വല്യപ്പച്ചന്റെ അറയിലുണ്ട്. വല്യപ്പച്ചന്‍ ആലപ്പുഴയ്ക്കു വ്യാപാരാവശ്യങ്ങള്‍ക്കു പോകുമ്പോള്‍ കൊണ്ടുപോയിരുന്ന ഒരു വലിയ തോല്‍പ്പെട്ടി അലമാരയുടെ മുകളിലിരിക്കുന്നത് ഇയ്യോബ് കണ്ടിട്ടുണ്ട്. അതുപയോഗിക്കാം. അയാള്‍ മനസ്സില്‍ കരുതി.
ഇയ്യോബ് വീണ്ടും ബാക്കി പ്രമാണങ്ങള്‍ എടുക്കാന്‍ കാല്‍പ്പെട്ടിയിലേക്കു കുനിഞ്ഞു നോക്കി.
അപ്പോഴാണ് അതു ശ്രദ്ധയില്‍പ്പെട്ടത്. ചുവന്ന പട്ടില്‍ തീര്‍ത്ത ഒരു വലിയ കിഴി. ഇയ്യോബ് ആ വലിയ കിഴിയുടെ ചൂരല്‍ കൊണ്ടുതീര്‍ന്ന കൈപ്പിടിയില്‍ കൈവച്ചു.
അതിന്റെ ഭാരംകൊണ്ട് ഇയ്യോബിന് അത് എടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ല.
''അപ്പാ ഒരു വലിയ കിഴി. അപ്പനുംകൂടെ പിടിച്ചേ. എനിക്കുതന്നെ ഉയര്‍ത്താന്‍ കഴിയണില്ല.''
മാത്തുത്തരകനും ഇയ്യോബു തരകനും ചേര്‍ന്ന് ആ കിഴി ഉയര്‍ത്തിയെടുത്തു. അത് ഒരു ചുവന്ന പട്ടുചരടുകൊണ്ടു മുറുക്കിക്കെട്ടിയിരുന്നു.
തികഞ്ഞ ആകാംക്ഷയോടെ അവര്‍ രണ്ടാളുംചേര്‍ന്ന് ആ കെട്ടഴിച്ചു. മാത്തുത്തരകനും ഇയ്യോബിനും അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ആ ചുവന്ന പട്ടുസഞ്ചിനിറയെ ബ്രിട്ടീഷ് കുതിരപ്പവനുകളായിരുന്നു. ഇയ്യോബ് വേഗം ഒരു മെത്തപ്പായ വിരിച്ചു. ആ പട്ടുസഞ്ചി ചെരിച്ചപ്പോള്‍ ഒരു കിലുകിലാരവത്തോടെ ജോര്‍ജ് ആറാമന്റെയും വിക്‌ടോറിയ രാജ്ഞിയുടെയും തലകള്‍ ആലേഖനം ചെയ്ത കുതിരപ്പവനുകള്‍ ചിതറിവീണു.
മാത്തുത്തരകനും ഇയ്യോബും വല്ലാതെ വിയര്‍ത്തു. അവര്‍ പരസ്പരം മുഖത്തോടുമുഖം നോക്കി.
ആ സമയം വല്യപ്പച്ചന്റെ അറയിലേക്കു കടന്നുവന്ന ആണ്ടമ്മ കണ്ണുമഞ്ഞളിച്ച് അറിയാതെ നിലവിളിച്ചുപോയി.
''....ന്റെ കര്‍ത്താവേ!    ഞാനെന്താണീ കാണണത്?''
ആണ്ടമ്മയുടെ സ്വരം ഇടറിയിരുന്നു.


(തുടരും)

 

Login log record inserted successfully!