•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

ഡ്രൈവര്‍ മത്തായി വരുന്നതും കാത്ത് ഇയ്യോബ് ഒരുങ്ങി നിന്നു. അയാള്‍ വന്നപാടേ  സഖറിയാ തര്യന്‍ പറഞ്ഞു:
''മത്തായി നമ്മടെ കാറുമായി ഇയ്യോബിനൊപ്പം ചെല്ല്. ചെലപ്പോ കുട്ടിക്കാനത്തിനും പോകേണ്ടിവന്നേക്കാം. ഇയ്യോബ് കുട്ടിക്കാനത്തുനിന്നൊരു കാറു വാങ്ങുന്നു. നിയ്യ് അതൊന്ന് ഓടിച്ചുനോക്കിയിട്ട് അഭിപ്രായം പറയ് കേട്ടോ.''
 ഇയ്യോബ് കാറില്‍ പുറപ്പെടുമ്പോള്‍ സഖറിയാ തര്യനും പ്ലമേനാമ്മയും താണ്ടമ്മയും കൈവീശി. താണ്ടമ്മയുടെ കണ്ണുകള്‍ നിറഞ്ഞുവോ? അയാള്‍ക്കു സന്ദേഹമായി. ദുര്‍ബലമാനസരല്ലേ സ്ത്രീകള്‍? അയാള്‍ തന്റെ മനസ്സിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
യാത്രയ്ക്കിടയില്‍ ഇയ്യോബിനു മയങ്ങാന്‍ കഴിഞ്ഞില്ല. പലവിധ ചിന്തകളാല്‍ അയാളുടെ മനസ്സ് കലുഷിതമായിരുന്നു. ഉച്ചയ്ക്കുമുമ്പേ ഇയ്യോബ് വീട്ടിലെത്തി.
''അമ്മേ! ചോറു വിളമ്പ്. ഞങ്ങള്‍ക്ക് ജോണ്‍ വക്കീലിനെ കാണാന്‍ പോകണം. അതുകഴിഞ്ഞ് കുട്ടിക്കാനത്തിന്. കാറ് വില പറഞ്ഞുറപ്പിക്കണം.'
ആണ്ടമ്മ അതിനു പ്രതികരിക്കാതെ മറ്റൊന്നാണ്  അന്വേഷിച്ചത്:
''താണ്ടമ്മമോള്‍ക്കു വിശേഷമൊന്നുമില്ലല്ലോ?''
''അവിടെയെല്ലാരും സുഖമായിരിക്കുന്നു. അമ്മ വേഗം ചോറുവിളമ്പ്.''
ഇയ്യോബ് വേഗം വരാന്തയിലേക്കുചെന്ന് കിണ്ടിയില്‍നിന്നു വെള്ളമെടുത്തു മുഖം കഴുകി. എന്നിട്ട് മത്തായിയെ വിളിച്ചു:
''ചേട്ടാ വാ. ചോറുണ്ണാം.''
ഊണുമേശയ്ക്കരികില്‍ ചെന്നപ്പോള്‍ ആണ്ടമ്മ പ്ലേറ്റില്‍ രണ്ടാള്‍ക്കും ചൂടുചോറു വിളമ്പി.
''കറിയൊക്കെ തയ്യാറായി വരുന്നതേയൊള്ളൂ. ഞാന്‍ കടുമാങ്ങ അച്ചാറെടുക്കാം. അല്ലെങ്കില് ഉപ്പുമാങ്ങ എടുത്തോണ്ടു വരാം.''
അമ്മയെ തടസ്സപ്പെടുത്തിക്കൊണ്ട് ഇയ്യോബ് പറഞ്ഞു:
''ഇതൊക്കെ മതിയമ്മേ. ഞങ്ങക്ക് വക്കീലിലെ കണ്ടതിനുശേഷം ഇന്നുതന്നെ കുട്ടിക്കാനത്തിനു പോണം. തിരികെ വരുമ്പോ ഞങ്ങള് അതുവഴി അങ്ങുപോകും.''
മാങ്ങാക്കറി ചോറിലൊഴിച്ച് കുഴച്ചുകൊണ്ട് ഇയ്യോബ് തിടുക്കംകൂട്ടി.
ഇയ്യോബ് പെട്ടെന്ന് ഊണുമതിയാക്കി എണീറ്റു.
''ചേട്ടന്‍ സാവകാശമിരുന്നു കഴിച്ചാട്ടെ. ഞാന്‍ കൊണ്ടുപോകാനുള്ള ബാഗെടുത്തു വരട്ടെ.''
ഇയ്യോബ് തന്റെ മുറിയിലേക്കു തിടുക്കത്തില്‍ നടന്നു.
അയാള്‍ ആധാരങ്ങള്‍ അടുക്കിയ തോല്‍ബാഗിന്റെ രണ്ടാമത്തെ അറയില്‍ ജോണ്‍ മില്‍ട്ടണ്‍ സായ്‌വിനു കൊടുക്കാനുള്ള പണമെടുത്തുവച്ചു.
ബാഗെടുത്തു വന്നപ്പോഴേക്കും ഡ്രൈവര്‍ മത്തായി പൂമുഖത്ത് എത്തിയിരുന്നു. അയാള്‍ ഭവ്യതയോടെ വന്ന് ഇയ്യോബിന്റെ കൈയില്‍നിന്നു ബാഗ് വാങ്ങി.
''ഇയ്യോബേ! മോനേ! സൂക്ഷിച്ചു പോണേ.''
''ഒവ്വ് അമ്മേ.'' നടക്കല്ലിറങ്ങുമ്പോള്‍ ഇയ്യോബ് അമ്മയെ ആശ്വസിപ്പിച്ചു.
''അമ്മ പേടിക്കേണ്ട. മത്തായിച്ചേട്ടന്‍ സൂക്ഷിച്ചാ വണ്ടിയോടിക്കണത്.''
ഇയ്യോബ് അമ്മയ്ക്കു സ്തുതിചൊല്ലി അനുഗ്രഹം വാങ്ങി. അമ്മ മകന്റെ തലയില്‍ കൈവച്ചു പ്രാര്‍ഥിച്ചു. ജോണ്‍ വക്കീലിന്റെ നാട്ടിലേക്കുള്ള യാത്രയില്‍  ഇയ്യോബ് ഒന്നു മയങ്ങി. ഡൈവര്‍ മത്തായി തികഞ്ഞ ശ്രദ്ധയോടെ വണ്ടിയോടിച്ചു.
ജോണ്‍ വക്കീലിന്റെ ഗേറ്റിലെത്തിയപ്പോഴാണ് ഇയ്യോബ് ഉണര്‍ന്നത്; അതും മത്തായി വിളിച്ചപ്പോള്‍.
''സാറേ, നമ്മള് വക്കീല്‍  സാറിന്റെ ബംഗ്ലാവിലെത്തി.''
ഇയ്യോബ് തോല്‍ബാഗില്‍നിന്ന് ആധാരങ്ങള്‍ പുറത്തെടുത്തു മേശപ്പുറത്തുവയ്ക്കുമ്പോള്‍ ജോണ്‍ വക്കീല്‍ പറഞ്ഞു:
''ഞാനീ ആധാരങ്ങളൊക്കെ ന്നു പഠിക്കട്ടെ. കോടതീല് കേസു വിളിക്കുന്ന തീയതി അഞ്ചലാപ്പീസുവഴി കോടതി അറിയിക്കും. ഇനി അധികം വൈകാന്‍ വഴിയില്ല.''
ജോണ്‍ വക്കീല്‍ പ്രമാണങ്ങള്‍ നോക്കുന്നതിനിടയില്‍ വിശദീകരിച്ചു.
''വക്കീല്‍സാറു സഹായിക്കണം. പണമെത്രയായാലും പ്രശ്‌നമല്ല. കേസ് നമുക്കു ജയിക്കണം.''
''ഞാന്‍ ഫയല്‍ പഠിക്കട്ടെ. നമുക്ക് വസ്തുതകള്‍ നിരത്തി കേസ് വാദിക്കാം. ഈ കേസില് നമ്മള് ജയിക്കും. ഇയ്യോബിന് ഭയപ്പാടുവേണ്ട.''
ജോണ്‍ വക്കീല്‍ ഇയ്യോബിനെ ആശ്വസിപ്പിച്ചു.
''ഞങ്ങളിറങ്ങുന്നു, വക്കീല്‍സാറേ.
ഇതുവഴി കുട്ടിക്കാനത്തുകൂടി പോകണം.'' ഇയ്യോബ് വക്കീലിനുനേരേ കൈകൂപ്പി. അയാള്‍ ചെന്നു കാറില്‍ കയറി. കാര്‍ സ്റ്റാര്‍ട്ടായി.
കുട്ടിക്കാനത്ത് ജോണ്‍ മില്‍ട്ടന്റെ ബംഗ്ലാവിലെത്തുമ്പോള്‍ സായ്‌വ് അവിടെ ഉണ്ടായിരുന്നില്ല. സായാഹ്നസൂര്യന്റെ രശ്മികളേറ്റ് ലോണിലെ ഒരു ചെയറില്‍ ഇരിക്കുകയായിരുന്നു, എലിസ മില്‍ട്ടണ്‍. പതിവുപോലെ അവരുടെ മടിയില്‍  ആ സുന്ദരിപ്പൂച്ചയും.
ഇയ്യോബിനെ കണ്ടമാത്രയില്‍ എലിസ മില്‍ട്ടണ്‍ അറിയിച്ചു:
''ഹി ഈസ് നോട്ട് ഹിയര്‍. ഹി ഇസ് ഇന്‍ ദി ക്ലബ്.''
ജോണ്‍ മില്‍ട്ടണ്‍ പീരുമേട്ടിലെ ക്ലബില്‍ സായാഹ്നം ആഘോഷിക്കാന്‍ പോയിരിക്കുന്നു. മദാമ്മയ്ക്കു നന്ദി പറഞ്ഞ് ഇയ്യോബ് വണ്ടിയില്‍ കയറി. പീരുമേട്ടിലെ ക്ലബിലേക്കു വണ്ടി വിടാന്‍ മത്തായിക്കു നിര്‍ദേശം നല്കി.
ആകാശം തെളിഞ്ഞിരുന്നു. പടിഞ്ഞാറന്‍മലകള്‍ക്കപ്പുറത്ത് സായാഹ്നസൂര്യന്‍ പ്രകാശം പരത്തുന്നു. ചുവപ്പുരാശിയില്‍ വെണ്‍മേഘങ്ങള്‍ ഒരു മനോഹരമായ പെയിന്റിങ്‌പോലെ തിളങ്ങി. മഞ്ഞുമേഘങ്ങള്‍ താഴ്‌വരയില്‍മാത്രം ഒഴുകിനടന്നു.
പീരുമേട്ടിലെ ക്ലബ് യൂറോപ്യന്‍മാര്‍ക്കുമാത്രം അംഗത്വം നല്‍കുന്ന ക്ലബാണ്. പക്ഷേ, കാഞ്ഞിരപ്പള്ളിയിലെയും കുട്ടിക്കാനത്തെയും പീരുമേട്ടിലെയും ചില പ്ലാന്റര്‍മാര്‍ക്ക് അവിടെ ഗസ്റ്റ് ഫീ നല്കി പ്രവേശനം അനുവദിക്കും. അല്ലാത്തപക്ഷം ഏതെങ്കിലും സായിപ്പിന്റെ ഗസ്റ്റ് ആയി എത്തണം.
ക്ലബിന്റെ പാര്‍ക്കിങ് ഏരിയായില്‍ ജോണ്‍ മില്‍ട്ടണ്‍ സായ്‌വിന്റെ ഡോഡ്ജ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് മത്തായിയുടെ ശ്രദ്ധയില്‍പ്പെട്ടു.
''മില്‍ട്ടന്‍ സായ്‌വിന്റെ കാര്‍ അതാ കെടക്കണു.''
ഡ്രൈവര്‍ മത്തായി വിരല്‍ ചൂണ്ടി.
 ഇയ്യോബ് കാറില്‍നിന്നിറങ്ങി.
അയാള്‍ ക്ലബിലെ ഒരു പരിചാരകനോടു വിവരം പറഞ്ഞു. തന്റെ പേര് ഒരു കടലാസില്‍ കുറിച്ചും കൊടുത്തു. പരിചാരകന്‍ അകത്തു പോയി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മില്‍ട്ടണ്‍ സായ്‌വ് ഇറങ്ങിവന്നു.
''ഹലോ മിസ്റ്റര്‍ ഇയ്യോബ്. വെല്‍കം ടൂ മൈ ടേബിള്‍.''
സായ്‌വ് ഇയ്യോബിനു ഹസ്തദാനം ചെയ്ത് അകത്തേക്ക് ആനയിച്ചു.
''കം വിത്ത് മി മിസ്റ്റര്‍ ഇയ്യോബ്.''
സായ്‌വ് കൗണ്ടറിലെ രജിസ്റ്ററില്‍ ഗെസ്റ്റ് കോളത്തില്‍ ഇയ്യോബിന്റെ പേരെഴുതി. ഇപ്പോള്‍ താന്‍ മില്‍ട്ടണ്‍സായ്‌വിന്റെ അതിഥിയാണ്.
''പ്ലീസ് കം ഇയ്യോബ്.''
സായ്‌വ് തന്റെ ടേബിളിലേക്ക് ഇയ്യോബിനെ കൂട്ടിക്കൊണ്ടുപോയി.
സായ്‌വിന്റെ ടേബിളില്‍ എത്തിയപ്പോള്‍ ഒരു പരിചാരകന്‍ ഉപചാരപൂര്‍വം ഓടിയെത്തി.
സായ്‌വ് രണ്ടു വിസ്‌കിക്ക് ഓര്‍ഡര്‍ കൊടുത്തു. പരിചാരകന്‍ ട്രേയില്‍ വിസ്‌കി ഒഴിച്ച രണ്ടു ഗ്ലാസുകള്‍ കൊണ്ടുവന്നു വച്ചു. എന്നിട്ട് അകലം പാലിച്ചു ഭവ്യതയോടെ നിന്നു.
ഇയ്യോബ് ഒന്നു  സിപ്പ്  ചെയ്ത്  ഗ്ലാസ് മേശയില്‍ വച്ചു. സായ്‌വ് തന്റെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി.
ഇയ്യോബ് തന്റെ ദൗത്യം അവതരിപ്പിച്ചു.
''സായ്‌വ് പറഞ്ഞ വിലയ്ക്ക് കാര്‍ വാങ്ങാന്‍ തയ്യാറാണ്.''
''ഗുഡ് ലക്ക് മിസ്റ്റര്‍ ഇയ്യോബ്. യൂ ആര്‍ വെല്‍കം.''
ഡിന്നര്‍ കഴിഞ്ഞ് സായ്‌വിന്റെ കാറിലാണ് ഇയ്യോബ് കയറിയത്. ഡ്രൈവര്‍ മത്തായി അവരെ പിന്തുടര്‍ന്നു.
അവര്‍ മില്‍ട്ടണ്‍ സായ്‌വിന്റെ ബംഗ്ലാവിലെത്തുമ്പോള്‍ പതിനൊന്നുമണി കഴിഞ്ഞിരുന്നു.
''ഗുഡ്‌നൈറ്റ് മിസ്റ്റര്‍ ഇയ്യോബ്.'' ഇയ്യോബിനു ഗസ്റ്റ് റൂം കാണിച്ചുകൊടുത്തിട്ട് മില്‍ട്ടണ്‍ സായ്‌വ് വീണ്ടും അറിയിച്ചു:
''നാളെ രാവിലെ നമ്മള് മര്‍ഫി സായ്‌വിനെ കാണാന്‍ പോകുന്നു, മിസ്റ്റര്‍ ഇയ്യോബ്.''
അയാള്‍ വീണ്ടും ഹസ്തദാനം ചെയ്തു.
ഇയ്യോബ് തന്റെ കിടക്കയിലേക്കു ചെരിഞ്ഞു. കമ്പിളിപ്പുതപ്പിന്റെ ചെറുചൂടില്‍ കിടന്നെങ്കിലും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
സമ്മിശ്രവികാരങ്ങള്‍ അയാളെ കീഴടക്കിയിരുന്നു. അയാളെപ്പോലെ ഉറങ്ങാതിരുന്ന ഏതോ രാപ്പക്ഷി അകലെയെവിടെയോ ഇരുന്ന കരയുന്ന ശബ്ദം അയാളുടെ ശ്രവണപുടങ്ങള്‍ തിരിച്ചറിഞ്ഞു.
രാവിലെ മര്‍ഫി സായ്‌വിനെ വിളിച്ച് അപ്പോയിന്റ്‌മെന്റ് എടുത്ത് മില്‍ട്ടണ്‍ സായ്‌വും ഇയ്യോബും പുറപ്പെട്ടു.
പ്രവിശാലമായ ഓഫീസിലെത്തി അവര്‍ അദ്ദേഹത്തെ കണ്ടു.
''മിസ്റ്റര്‍ ഇയ്യോബ് തരകന്‍. എ പ്ലാന്റര്‍ ആന്‍ഡ് ലാന്‍ഡ് ലോര്‍ഡ്.''
മില്‍ട്ടണ്‍ സായ്‌വ് ഇയ്യോബിനെ പരിചയപ്പെടുത്തി.
മര്‍ഫി സായ്‌വ് തന്റെ വട്ടക്കണ്ണടയിലൂടെ ഇയ്യോബിനെ സസൂക്ഷ്മം വീക്ഷിച്ചു. ഊര്‍ജസ്വലനായ ചെറുപ്പക്കാരന്‍. അയാള്‍ മനസ്സില്‍ കരുതി.
''ടാപ്പിങ്ങിനു തയ്യാറായ 500 ഏക്കര്‍ വീതമുള്ള രണ്ട് എസ്റ്റേറ്റുകള്‍ ഇപ്പോള്‍ വില്പനയ്ക്കുണ്ട്. ഇയ്യോബിനു വേണമെങ്കില്‍ വാങ്ങാം.'' മര്‍ഫി സായ്‌വ് അതിന്റെ വിലയും പറഞ്ഞു.
ഇയ്യോബും മില്‍ട്ടണ്‍ സായ്‌വും മുഖത്തോടു മുഖം നോക്കി. അവ രണ്ടും വാങ്ങാനുള്ള പണം തന്റെ കൈവശമുണ്ട്. ഇനി വിലപേശലാണു വേണ്ടത്.
അടുത്തുതന്നെ വരാം എന്ന ഉറപ്പില്‍ മര്‍ഫി സായ്‌വിന് ഹസ്തദാനം ചെയ്ത് അവര്‍ മടങ്ങി.

(തുടരും)

 

Login log record inserted successfully!