ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍ 7
കുറച്ചുനാള്‍മുമ്പ് ക്ലിനിക്കിലെ സഹായി എന്നോടു പറഞ്ഞു: ''ഡോ. മോനമ്മ, ഡോക്ടറെ ഇന്നുതന്നെ അടിയന്തരമായി കണ്‍സള്‍ട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രോഗികളെ പരിശോധിക്കുന്നതിനുമുമ്പ് അവരെ പരിശോധിക്കണമെന്നാണു പറഞ്ഞിരിക്കുന്നത്.''
''എന്തെങ്കിലും പ്രധാനപ്പെട്ട കാരണം കാണുമായിരിക്കും. എന്നാണവര് അവസാനം ഇവിടെ വന്നത്?'' ഞാന്‍ ചോദിച്ചു.
''ആറുമാസംമുമ്പ്. താഴത്തെ ഒരണപ്പല്ലിന്റെ കുറ്റിയെടുക്കുവാനായി. അന്ന് അരമണിക്കൂറിനുമേല്‍ എടുത്തു മോണ കീറി ആ പല്ലെടുക്കുവാന്‍.''
''ശരിയാണ്. ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. നാക്കിന്റെ ഇടതു വശത്ത് ഒരു വ്രണവുമുണ്ടായിരുന്നല്ലോ? ഒരു വര്‍ഷത്തിനുമുമ്പ് ആ കുറ്റിപ്പല്ലെടുക്കാന്‍ ഞാന്‍ പറഞ്ഞതാണ്. എന്നാല്‍, കൊവിഡിനെ പേടിച്ചാണ് താമസിച്ചതെന്ന് എന്നോട് അന്നു പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. പിന്നീട് അവര്‍ കുത്തിക്കെട്ട് എടുക്കാന്‍ വന്നിരുന്നോ?''
''വന്നിരുന്നു. പല്ലെടുത്ത മുറിവ് ഉണങ്ങിത്തുടങ്ങിയിരുന്നു. എന്നാല്‍, നാക്കിലെ മുറിവ് പൂര്‍ണമായി ഉണങ്ങുന്നില്ലെങ്കില്‍ വീണ്ടും പരിശോധിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ അതിനായിരിക്കും ഇപ്പോള്‍ അവര്‍ വരുന്നത്.'' സഹായി മറുപടി പറഞ്ഞു.
അന്നുച്ചയ്ക്കുശേഷം ഡോക്ടര്‍ പരിശോധനയ്ക്കായി ക്ലിനിക്കില്‍ വന്നു. അറുപത് കി.മീ. അകലെനിന്നാണു ഡോക്ടര്‍ വരുന്നത്. ക്ലിനിക്കില്‍ ഡോക്ടര്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ സാധാരണ ചെയ്യുന്നതുപോലെ അഭിവാദ്യം ചെയ്തു.
''ഗുഡ് ആഫ്റ്റര്‍നൂണ്‍മാഡം.''
എന്താണെന്നറിയില്ല അവര്‍ തിരിച്ച് ഒന്നും പറഞ്ഞില്ല. അറുപതു വയസ്സു കഴിഞ്ഞ ഡോക്ടര്‍ പൊതുവേ പ്രസന്നവതിയാണ്. എന്നാലിപ്പോള്‍ മുഖത്ത് പഴയ പ്രസാദവും പുഞ്ചിരിയും കാണുന്നില്ലല്ലോ എന്നു ഞാന്‍ ചിന്തിച്ചു. ഞാന്‍ പറഞ്ഞതു കേള്‍ക്കാഞ്ഞിട്ടാണോ എന്നു സംശയിച്ച് അല്പംകൂടി ഉച്ചത്തില്‍ പറഞ്ഞു:
''ഗുഡ് ആഫ്റ്റര്‍നൂണ്‍ മാഡം.''
അപ്പോള്‍ അത്ര സന്തോഷമില്ലാത്ത നേരിയ പുഞ്ചിരിയോടെ അവ്യക്തമായ ശബ്ദത്തില്‍ അവര്‍ പറഞ്ഞു:
''ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍.''
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ദന്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ചെയ്ത അവസരത്തില്‍ അവിടെ മെഡിസിനു പഠിച്ചിരുന്നയാളാണ് ഡോ. മോനമ്മ. അതുകൊണ്ടായിരിക്കും എന്നെ സാര്‍ എന്ന് അഭിസംബോധന ചെയ്തതെന്നു തോന്നുന്നു. സാവധാനം അവര്‍ വന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയ ഡെന്റല്‍ ചെയറിലിരുന്നു.
''എന്തുണ്ട് മാഡം വിശേഷം? ഒത്തിരി നാളായല്ലോ കണ്ടിട്ട്. സുഖംതന്നെയല്ലേ?'' ഞാന്‍ ചോദിച്ചു.
എന്റെ മുഖത്തേക്കു ദയനീയമായി നോക്കി. എന്തോ പന്തികേടുണ്ടല്ലോ? ഞാന്‍ മനസ്സില്‍ ചിന്തിച്ചു.
വളരെ പതുങ്ങിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞ വിവരങ്ങള്‍ എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
''സാറേ, രണ്ടുമാസംമുമ്പ് എന്റെ നാക്കിന് ഒരു സര്‍ജറി വേണ്ടിവന്നു. പാര്‍ഷ്യല്‍ ഗ്ലൊസ്സെക്‌റട്ടമി'' (നാക്കിന്റെ കുറച്ചുഭാഗം നീക്കിക്കളയുന്ന ശസ്ത്രക്രിയ). ഇത്രയും പറഞ്ഞിട്ട് ഒന്നു നിര്‍ത്തിഎന്റെ മുഖത്തേക്കു വീണ്ടും നോക്കി. സംസാരിക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യം മനസ്സിലായോ എന്ന അര്‍ഥത്തിലായിരുന്നു ആ നോട്ടമെന്ന് എനിക്കു മനസ്സിലായി. മോനമ്മ തുടര്‍ന്നു:
''ഇവിടെ വന്നു സ്റ്റിച്ച് എടുത്തു പോയി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും പല്ലെടുത്ത സ്ഥലത്തെ മുറിവുണങ്ങി. എന്നാല്‍, നാക്കിലെ വ്രണത്തിന് ഒരു മാറ്റവുമുണ്ടായില്ല. മരുന്നുകളെല്ലാം മുടങ്ങാതെ കഴിച്ചു. എന്നാല്‍ നാക്കിന്റെ വേദന അല്പം കൂടുകയാണുണ്ടായത്.''
സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എനിക്കു മനസ്സിലായി. ഡോ. മോനമ്മ തുടര്‍ന്നു:
''എന്തു ചെയ്യണമെന്നറിയാന്‍ ഞാന്‍ സാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഏതോ കാര്യത്തിനായി അമേരിക്കയില്‍ പോയതാണ് എന്നറിഞ്ഞു. അതിനാല്‍, ഒരു സ്വകാര്യ ആശുപത്രിയിലെ പ്രസിദ്ധമായ കാന്‍സര്‍ സര്‍ജനെ കണ്‍സള്‍ട്ടു ചെയ്തു.''
വീണ്ടും നിറുത്തി എന്റെ നേരേ ഒന്നുകൂടി നോക്കി.
''ബയോപ്‌സി എടുക്കാന്‍ പറഞ്ഞു കാണുമല്ലേ?''ഞാന്‍ ചോദിച്ചു.
''അതേ. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ റിപ്പോര്‍ട്ട് വന്നു. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ - ഏറ്റവും കൂടുതലായി വായില്‍ വരാന്‍ സാധ്യതയുള്ള കാന്‍സര്‍. തൊട്ടടുത്ത ദിവസംതന്നെ സര്‍ജറി ചെയ്തു. നാക്കിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി. കഴുത്തിലെ ലിംഫ്ഗ്രന്ഥികളിലേക്കും പടര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് സര്‍വയ്ക്കല്‍ ബ്ലോക് ഡിസ്സെക്ഷനും ചെയ്തു(കഴുത്തിലെ ലിംഫ് ഗ്രന്ഥികള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ). കണ്ടോ അതിന്റെ പാട്?'' കഴുത്തിലെ പാട് എന്നെ ചൂണ്ടിക്കാട്ടി, അല്പം വിഷമത്തോടെ.
''ബയോപ്‌സി റിപ്പോര്‍ട്ടില്‍ ഭാഗ്യത്തിന് ലിംഫ് ഗ്രന്ഥികളിലേക്കു രോഗം പടര്‍ന്നിട്ടില്ലായിരുന്നു.''
''റേഡിയേഷന്‍ വേണ്ടി വന്നോ?'' ഞാന്‍ ചോദിച്ചു.
''ഇല്ല.''
''മാഡത്തിന് ഇപ്പോള്‍ എന്തെങ്കിലും വിഷമമുണ്ടോ? എന്തെങ്കിലും പ്രത്യേക കാരണത്താലാണോ ഇപ്പോള്‍ വന്നത്?''
''എന്റെ കീഴ്ത്താടിയിലെ അതേവശത്തെ ഒരു പല്ല് ഇപ്പോള്‍ നാക്കില്‍കൊണ്ട് ഉരയുന്നുണ്ട്. കഴിഞ്ഞ റിവ്യൂവിനായി ചെന്നപ്പോള്‍ എന്റെ ഡോക്ടര്‍, കാന്‍സര്‍ സര്‍ജന്‍ എന്നോടു പറഞ്ഞു.''
ഡോ. മോനമ്മയെ ഞാന്‍ പരിശോധിച്ചപ്പോള്‍ അവര്‍ പറഞ്ഞതു ശരിയാണെന്ന് എനിക്കു ബോധ്യമായി. താഴത്തെ ഒരു പ്രീമോളാര്‍ പല്ല് ഉള്ളിലേക്കു ചരിഞ്ഞിരിക്കുകയാണ്. അഗ്രം കൂര്‍ത്തിരിക്കുന്നു.
''എന്താ ആ പല്ല് ഇന്നെടുക്കട്ടെ.'
''ശരി.''
തുടര്‍ന്ന്, ആ പല്ലെടുത്തു കൊടുത്തു. ഭാഗ്യത്തിന് എടുക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
സാധാരണ വായിലെ കാന്‍സര്‍ ഉണ്ടാകുന്നത് പുകവലി, വെറ്റിലമുറുക്ക്, മദ്യപാനം, പാന്‍ മസാലയുടെ ഉപയോഗം തുടങ്ങിയ ദുശ്ശീലം ഉള്ളവര്‍ക്കാണ്. കൂടാതെ, ദന്താരോഗ്യത്തെക്കുറിച്ചു ശ്രദ്ധിക്കാത്തവര്‍ക്കും. എന്നാല്‍, ഈ കേസില്‍ അതൊന്നും ഉപയോഗിക്കാത്ത വ്യക്തിക്കാണു രോഗം പിടിപെട്ടത്. കൂടാതെ, ഡോക്ടറായ ഇവര്‍ വായുടെ ശുചിത്വം നന്നായി കാത്തുസൂക്ഷിക്കുന്ന വ്യക്തിയും. ഇതെന്നെ അദ്ഭുതപ്പെടുത്തി. പക്ഷേ, ഒരു പ്രത്യേക കാരണമാണ് കാന്‍സര്‍ ഉണ്ടാകാന്‍ ഇടയാക്കിക്കിയതെന്ന് പിന്നീടാലോചിച്ചപ്പോള്‍ എനിക്കു മനസ്സിലായി.
ഡോക്ടര്‍ കൊവിഡ് രോഗത്തെക്കുറിച്ച് അകാരണഭീതിയുള്ള വ്യക്തിയായിരുന്നു. കൊവിഡ് വാക്‌സിനെ സംബന്ധിച്ചും അതുപോലെതന്നെ. (ഇതുവരെ ഒരു ഡോസ് കൊവിഡ് വാക്‌സിന്‍പോലും ഡോക്ടര്‍ സ്വീകരിച്ചിട്ടില്ല.) കൊവിഡ് രോഗവ്യാപനത്തിന് അല്പം ശമനം വന്ന ഇടവേളയില്‍ ഡോക്ടര്‍ എന്നെ സമീപിച്ചിരുന്നു, വായ പരിശോധിക്കാനായി. താഴത്തെ ഒരണപ്പല്ലൊടിഞ്ഞിട്ട് നാക്കില്‍കൊണ്ട് ഉരയുന്നു. അല്പം വേദന നാക്കിനുണ്ട്. പല്ലിനു വേദനയില്ല. ഒടിഞ്ഞ പല്ലെടുക്കുന്നതിനു മുമ്പായി സാധാരണ ചെയ്യുന്നതുപോലെ എക്‌സ്‌റേ എടുത്തു. പണ്ടെങ്ങോ റൂട്ട്കനാല്‍ ചെയ്ത പല്ലാണ് ഒടിഞ്ഞിരിക്കുന്നതെന്നു മനസ്സിലായി. ഞാന്‍ പറഞ്ഞു:
''ഡോക്ടറെ റൂട്ട്കനാല്‍ ചെയ്ത അണപ്പല്ലാണ് ഒടിഞ്ഞിരിക്കുന്നത്. അതിനാല്‍ സാധാരണ പല്ലെടുക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുണ്ടാകും. അതിനായി ഒരു ഡേറ്റ് തരട്ടെ?''
ഇത്രയും കേട്ടപ്പോള്‍ ഡോക്ടറുടെ മുഖഭാവത്തില്‍നിന്നു മനസ്സിലായി, ആള്‍ക്ക് ലേശം ഭയമുണ്ടെന്ന്.
''കൂടുതല്‍ സമയം വേണ്ടി വരുമോ? മോണ കീറി വേണോ പല്ലെടുക്കാന്‍?'' അവര്‍ ചോദിച്ചു.
''പോരെങ്കില്‍ പ്രായം അറുപതു കഴിഞ്ഞില്ലേ? മോണയുടെ അസ്ഥിക്കു കൂടുതല്‍ കട്ടികാണും. രണ്ടു ദിവസത്തേക്ക് അല്പം നീരും വേദനയും കണ്ടേക്കാം.'' ഞാന്‍ പറഞ്ഞു.
ഡോക്ടര്‍ ഒന്നാലോചിച്ചിട്ട് പറഞ്ഞു: ''ഞാന്‍ പിന്നീട് അറിയിക്കാം.''
ഡോക്ടറെ ഞാന്‍ വീണ്ടും കാണുന്നത് ഏകദേശം ആറുമാസത്തിനുശേഷമാണ്. കൊവിഡിനോടുള്ള ഭയംമൂലമായിരിക്കും എന്നതു സ്പഷ്ടമാണ്. അന്ന് ഒടിഞ്ഞ പല്ലെടുക്കുന്നതിനു മുമ്പായി പരിശോധിച്ചപ്പോള്‍ നാക്കിലെ മുറിവ് ഉണങ്ങിയിട്ടില്ല എന്നു കണ്ടു. പല്ലെടുത്തതിനുശേഷം ഞാന്‍ പറഞ്ഞു:
''ആന്റിബയോട്ടിക്‌സ് മുടങ്ങാതെ ഏഴുദിവസം കഴിക്കണം. നാക്കിലെ മുറിവുണങ്ങാന്‍കൂടിയാണിത്. രണ്ടാഴ്ച കഴിഞ്ഞ് പരിശോധനയ്ക്കായി വരണം.''
വായിലെ ഉണങ്ങാത്ത മുറിവുകള്‍ കാന്‍സറിനു കാരണമായേക്കാം. അത് ഒടിഞ്ഞ പല്ലുമൂലമോ, കുറ്റിപ്പല്ലുമൂലമോ അല്ലെങ്കില്‍ കൃത്രിമ വെപ്പുപല്ലുമൂലമോ ആകാം. ഏതു കാരണത്താലും വായിലെ മുറിവ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഉണങ്ങിയിട്ടില്ലെങ്കില്‍ ഒരു വിദഗ്ധപരിശോധന നടത്തി ഉചിതമായ നടപടി സ്വീകരിക്കണം. ഉപേക്ഷ വിചാരിച്ചാല്‍ നമ്മുടെ ജീവന്‍തന്നെ വിലയായി നല്‍കേണ്ടി വരും. മുന്‍കാലങ്ങളില്‍ ഒരു ധാരണയുണ്ടായിരുന്നു, സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കാണു വായിലെ കാന്‍സര്‍ ബാധിക്കുകയെന്ന്; പ്രത്യേകിച്ചും വെറ്റില മുറുക്കുന്ന ശീലമുള്ളവര്‍ക്ക്. എന്നാലിപ്പോള്‍ ഒരു ദുശ്ശീലവുമില്ലാത്ത സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവരിലും ഈ രോഗം കണ്ടുവരുന്നു. അതിനാല്‍ വായില്‍ ഉണങ്ങാത്ത മുറിവോ വ്രണമോ നീറ്റലോ നിറവ്യത്യാസമോ ഉണ്ടായാല്‍ പ്രായ, ലിംഗ ഭേദമെന്യേ രോഗികള്‍ ഡോക്ടറെ സമീപിക്കാന്‍ അമാന്തം കാണിക്കരുത്.