•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

പീരുമേട്ടില്‍നിന്നു തിരികെ കാറില്‍ പോരുമ്പോള്‍ മൂവരും നിശ്ശബ്ദരായിരുന്നു. ഇട്ടിമാത്തൂത്തരകന്‍ കൂടുതല്‍ ക്ഷീണിതനായി കാണപ്പെട്ടു.
കുട്ടിക്കാനത്തേക്കുള്ള റോഡില്‍ പൊടുന്നനേ പ്രകൃതിയോടു കലഹിച്ച് എവിടെനിന്നോ  പെരുമഴ ഓടിക്കിതച്ചെത്തി. റോഡിന്റെ ഇരുവശങ്ങളിലൂടെയും മഴവെള്ളം കുതിച്ചൊഴുകി. താഴ്‌വരയില്‍ കട്ടിപ്പുകപോലെ മഞ്ഞുമേഘങ്ങള്‍ നിറഞ്ഞു. അപ്പുറത്തെ മാമലകളെ അത് കണ്ണില്‍നിന്നു മറച്ചു. ഡ്രൈവര്‍ വര്‍ഗീസ് വളരെ ശ്രദ്ധിച്ചാണ് കാറോടിക്കുന്നത്. 
മൗനം പുകയുന്ന കാറില്‍ ജോണ്‍ വക്കീല്‍ അതു മുറിച്ചു. 
''കോടതിക്കു പുറത്തിറങ്ങിയപ്പോള്‍ വക്കീല്‍ ബാലകൃഷ്ണന്‍നായര്‍ പൗലോയോട് കേസിന്റെ ജയസാധ്യതയെക്കുറിച്ചു സംശയം പ്രകടിച്ചുകാണും. അതാണ് അയാളെ കോപാകുലനാക്കിയതെന്നു ഞാന്‍ കരുതുന്നു.''
ജോണ്‍ വക്കീല്‍ ഒരു നിമിഷം നിറുത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍വേണ്ടി ഇയ്യോബും മാത്തുത്തരകനും കാതുകൂര്‍പ്പിച്ചിരുന്നു. 
ജോണ്‍ വക്കീല്‍ തുടര്‍ന്നു: ''1092 ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമമാണ് നാം പിന്തുടരുന്നത്. കൊച്ചിയിലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം വ്യത്യസ്തമാണ്. അതു നിലവില്‍ വന്നത് 1097 ലാണ്.
തിരുവിതാംകൂര്‍ നിയമം തിരുവിതാംകൂറില്‍മാത്രമാണു ബാധകം. ഒരാളുടെ മകള്‍ക്ക് അവകാശപ്പെടാവുന്ന സ്ത്രീധനത്തിന്റെ പരിധി തിരുവിതാംകൂര്‍ നിയമം ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ആണ്‍മക്കള്‍ക്കു ലഭിക്കുന്ന ഓഹരിയുടെ നാലിലൊന്നോ 5000 രൂപയോ ഏതാണു കുറവ് അതു ലഭിക്കാനേ പെണ്‍മക്കള്‍ക്ക് അവകാശമുള്ളൂ. അതും വില്‍പ്പത്രം എഴുതിവച്ചിട്ടില്ലെങ്കില്‍ മാത്രം.''
ഇയ്യോബിനോട് ജോണ്‍ വക്കീല്‍ ചോദിച്ചു:
''അവിരാത്തരകന്റെ പിതാവ് എഴുതിയ വില്‍പ്പത്രം ഇയ്യോ കണ്ടിട്ടൊണ്ടോ?''
''ഇല്ല ഞാന്‍ വായിച്ചിട്ടില്ല. ഇങ്ങനൊരു വില്‍പ്പത്രമൊണ്ടെന്ന് ഇപ്പോഴ് പെട്ടി തൊറന്നപ്പഴാ അറിയണത്.''
ഇയ്യോബ് പറഞ്ഞു. 
''ഞാനും ഇതൊന്നും കണ്ടിട്ടില്ല.''
മാത്തുത്തരകനും നിസ്സഹായനായി. 
ഞാന്‍ അവിരാത്തരകന്റെ പിതാവ് എഴുതിയ വില്‍പ്പത്രം, അത് ഒരുപക്ഷേ, അവിരാത്തരകന്‍ അപ്പനുവേണ്ടി തയ്യാറാക്കിയതാവാം. വായിച്ചു നോക്കി. അതില്‍ തന്റെ  ഇളയപുത്രി അന്നാമ്മയുടെ വിവാഹം നടത്തിക്കൊടുക്കാനും അതിന്റെ ചെലവുകള്‍ വഹിക്കാനും അന്നാമ്മയ്ക്ക് 5000 രൂപ സ്ത്രീധനമായി കൊടുക്കാനും അവിരാത്തരകനെ ചുമതലപ്പെടുത്തിയിട്ടൊണ്ട്, വില്‍പ്പത്രത്തില്‍.''
ജോണ്‍ വക്കീല്‍ ഒരു നിമിഷം പുറത്തേക്കു നോക്കി. മഴ ശമിച്ചിട്ടില്ല. അദ്ദേഹം തുടര്‍ന്നു:
''ഈ വില്‍പ്പത്രം നമ്മുടെ കേസിന് ബലം നല്കുന്ന തെളിവാണ്. ഞാന്‍ ഇംഗ്ലീഷില്‍ എന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത് ജഡ്ജി തോമസ് ഗ്രേയ്ക്ക് ഒരു പോയിന്റും വിട്ടുപോകാതിരിക്കാനാണ്.''
''ഞങ്ങള്‍ക്കപ്പോഴത് മനസ്സിലായില്ല.'' ഇയ്യോബ് ചിരിച്ചു.
''തിരുവിതാംകൂര്‍ നിയമവും കൊച്ചിനിയമവും വ്യത്യസ്തമാണെന്ന് ബാലകൃഷ്ണന്‍ നായര്‍ക്ക് അറിയാം. എന്നാലും ഒരു കേസു കിട്ടിയാല്‍ വക്കീലന്മാര്‍ ഉപേക്ഷിക്കില്ലല്ലോ. അതുകൊണ്ട് ഞാന്‍ പറഞ്ഞുവരുന്നതിന്റെ ചുരുക്കം, ഈ കേസില്‍ നമ്മള്‍ ജയിക്കുമെന്ന് എനിക്ക് നല്ല ഒറപ്പുണ്ട്.
മാത്രവുമല്ല, തിരുവിതാംകൂര്‍  ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശമനുസരിച്ച് അമ്മയ്ക്കുള്ള അവകാശവും പെണ്‍മക്കള്‍ക്കുള്ള സ്ത്രീധനവും കഴിഞ്ഞു ബാക്കിയൊള്ള പിതൃസ്വത്തെല്ലാം ആണ്‍മക്കള്‍ക്കുള്ളതാണ്. ഒന്നുകൂടി വിശദമാക്കിയാല്‍ മാത്തുത്തരകനു സ്വന്തം.''
വക്കീല്‍ മാത്തുത്തരകന്റെ നേരേ നോക്കി വിശദമാക്കി. മാത്തുത്തരകനാവട്ടെ, തീര്‍ത്തും, ക്ഷീണിതനായിരുന്നു. പൗലോയുടെ ആക്രമണത്തിന്റെ ഷോക്കില്‍നിന്ന് അയാള്‍ ഇപ്പോഴും മുക്തനായിട്ടില്ല.
അവസാനമായി ജോണ്‍ വക്കീല്‍ ഒന്നുകൂടി പറഞ്ഞു: 
''ഇനി ഒന്നുകൂടി വിശദമാക്കാം. വില്‍പ്പത്രമെഴുതാതെ മരിക്കുന്നവര്‍ക്കാണ് ഇതൊക്കെ ബാധകം. ഇവടെ അവിരാത്തരകനും വിശദമായ വില്‍പ്പത്രം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളും നമ്മക്ക് അനുകൂലമാണെന്നു സാരം.'' 
ജോണ്‍വക്കീല്‍ തന്റെ സംസാരം അവസാനിപ്പിച്ചു. മാത്തുത്തരകനെയും ഇയ്യോബിനെയും ആശ്വസിപ്പിക്കാനായിരുന്നു, ജോണ്‍വക്കീലിന്റെ ശ്രമം.  
ജോണ്‍വക്കീലിനെ അദ്ദേഹത്തിന്റെ ബംഗ്ലാവിലിറക്കി തിരികെ വരുമ്പോഴും മാത്തുത്തരകന്‍ തീര്‍ത്തും മൗനിയായിരുന്നു. വാ തോരാതെ സംസാരിക്കുന്ന അപ്പനാണ്. ഇയ്യോബ് അതു ശ്രദ്ധിച്ചു. എങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല. കാറിന്റെ വിന്‍ഡോ സ്‌ക്രീനിലൂടെ പുറത്തേക്കു നോക്കിയിരുന്നു. 
ആ രാത്രി മാത്തുത്തരകന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അയാള്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആണ്ടമ്മ കൂര്‍ക്കം വലിച്ച് ഉറങ്ങുകയാണ്. അവളോട് പൈലോയുടെ ആക്രമണത്തെക്കുറിച്ചു പറഞ്ഞില്ല. വെറുതെ അവരെക്കൂടി വിഷമിപ്പിക്കുന്നതെന്തിന്?
ഏതോ രാപ്പുള്ള് തൊടിയിലെ മരക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് കൂവുന്നുണ്ട്. പാതിരാവിന്റെ നിശ്ശബ്ദതയെ അതു കീറിമുറിച്ചു.
കോടതിമുറ്റത്തു നടന്ന സംഭവം വീണ്ടും വീണ്ടും അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.  അവന്‍ തന്റെ പ്രായമെങ്കിലും ഓര്‍മിക്കണ്ടേ! കുരുത്തംകെട്ടവന്‍. ചുമ്മാതല്ല, അവന്‍ നന്നാവാത്തേ. 
എപ്പോഴാണ് ഇട്ടിമാത്തുത്തരകന്‍ ഉറങ്ങിയതെന്ന് അറിയില്ല. ആ ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു. ദുസ്സ്വപ്നം എന്നു പറയാന്‍ പറ്റില്ല.
സ്വപ്നത്തില്‍ അവിരാത്തരകന്‍ അയാള്‍ക്കു മുന്നില്‍.
''എടാ മാത്തൂ! നിയ്യ് എന്റെ പെങ്ങന്മാര്‌ടെ കുടുംബങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടൊണ്ടോ? അവരൊക്കെ മരിച്ചു മണ്ണടിഞ്ഞതു ശരിയാ. അന്നാമ്മേടെ മകനാ പൗലോ. അവന്‍ തല തെറിച്ചവനാ. ഒള്ള മൊതലൊക്കെ കുടിച്ചു നശിപ്പിച്ചു. അവന്റെ പെങ്ങളെ കെട്ടിക്കാന്‍നേരം ഞാനാ സ്ത്രീധനം കൊടുത്തത്. കല്യാണച്ചെലവിനായി നല്ലൊരു സംഖ്യയും അവനെ ഏല്പിച്ചു. അവന്‍ നന്നാകത്തില്ല. ചാലക്കുടില് കെട്ടിച്ചിരിക്കുന്ന റോസയ്ക്ക് നാലു മക്കളാ. അവര് കൃഷിപ്പണിയൊക്കെ നടത്തി കുടുംബം നോക്കണൊണ്ട്. കോതമംഗലത്തു കെട്ടിച്ച ഏലിപ്പെണ്ണിന് മക്കളഞ്ചാ. ഒരുത്തന് കച്ചവടോ മറ്റോ ഉണ്ട്. ബാക്കി നാലാളും കൃഷിപ്പണീല്. കഷ്ടിച്ചു കഴിയണ്. മണിമലേ കെട്ടിച്ച മറിയയ്ക്ക് ആറ് ആണ്‍മക്കളാ. അവര്‍ക്കു നല്ല നെലയാ. കൊറച്ച് തോട്ടമൊക്കെയുണ്ട്. അവരാരും വഴക്കിനും വക്കാണത്തിനും വരണില്ല. എല്ലാര്‍ക്കും അപ്പന്‍ നല്ല സ്ത്രീധനം കൊടുത്തു കെട്ടിച്ചതാ. എന്നാലും വല്യപ്പന്റെ സ്വത്തില് അവര്‍ക്കൊക്കെ നോട്ടം കാണാതിരിക്കുവോ? ഞാനൊണ്ടാക്കിയ ഇക്കണ്ട സ്വത്തൊക്കെ എന്റെ കഠിനാധ്വാനം കൊണ്ടുണ്ടാക്കിയതാണെന്ന് നെനക്കറിയാലോ? എന്റെ സ്വത്തുക്കള് നിയ്യ് കൊടുക്കണ്ട. നെന്റ് വല്യപ്പന്റെ സ്വത്തുക്കളില് ഒരു വീതം അവര്‍ക്കൊക്കെ കൊടുത്തതുകൊണ്ട് നെനക്കോ ഇയ്യോബിനോ ഒരു ദോഷോം വരത്തില്ല മോനേ!'' 
അപ്പന്‍ കണ്‍മുന്നിലിരുന്നു പറയുകയാണ്.
''ഞാന്‍ ജീവിച്ചിരുന്നപ്പോ സ്വത്തുക്കള് വാരിക്കൂട്ടിയപ്പോഴ് ഇതൊന്നും ചിന്തിച്ചില്ല. ഇപ്പോഴാണ് ഇതൊക്കെ ഓര്‍ക്കണത്.''
മാത്തുത്തരകന്‍ ഞെട്ടിയുണര്‍ന്നു. അപ്പനെ ചാരുകസേരയില്‍ കാണുന്നില്ല. താന്‍ തന്റെ കട്ടിലില്‍ കിടക്കുകയാണ്. മാത്തുത്തരകന് പെട്ടെന്നു ബോധോദയമുണ്ടായി. 
അയാള്‍ കട്ടിലില്‍ എണീറ്റിരുന്നു. ഈ പ്രപഞ്ചമാകെ നിശ്ശബ്ദതയിലാണ്. കൊട്ടാരത്തില്‍ തറവാട് ഗാഢനിദ്രയിലാണ്. താനൊഴികെ മറ്റാരും ഉണര്‍ന്നിട്ടില്ല. ആണ്ടമ്മ ഇപ്പോഴും കൂര്‍ക്കം വലിച്ചുറങ്ങുന്നു.
മാത്തുത്തരകന്‍ വിയര്‍പ്പില്‍ കുളിച്ചു. അയാള്‍ കട്ടിലില്‍ നിന്നെണീറ്റ് ശബ്ദമുണ്ടാക്കാതെ മേശപ്പുറത്തുവച്ചിരുന്ന മണ്‍കൂനയില്‍നിന്ന് വെള്ളമെടുത്തു കുടിച്ചു.
അപ്പന്റെ വാക്കുകള്‍ സ്വപ്നമോ യാഥാര്‍ഥ്യമോ? സ്വപ്നത്തിലാണെങ്കിലും അപ്പന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സില്‍ കോറിയിട്ടു. 
ഇന്നിനി ഉറങ്ങാന്‍ കഴിയില്ല. ക്ലോക്കിന്റെ പെന്‍ഡുലം ആടുന്ന ശബ്ദംമാത്രം ആ വീടിന്റെ നിശ്ശബ്ദതയെ തല്ലിക്കെടുത്തി. 

(തുടരും) 

Login log record inserted successfully!