ഭാഷാസ്‌നേഹികളുടെ നീണ്ടകാലത്തെ പരിശ്രമത്തിനും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ ഈ അധ്യയനവര്‍ഷാരംഭത്തില്‍ പ്രൈമറിസ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല അച്ചടിച്ചുവന്നിരിക്കുകയാണല്ലോ. എന്നിരുന്നാലും, നിര്‍ഭാഗ്യമെന്നു പറയട്ടെ, പാഠ്യപദ്ധതി ചട്ടക്കൂടില്‍ അക്ഷരമാലാപഠനം ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ ദീപനാളം ഭാഷാസ്‌നേഹികളായ വായനക്കാര്‍ക്കായി ഒരുക്കിയ സംവാദത്തിന്റെ രണ്ടാം ഭാഗം: അക്ഷരമാലാപഠനം അനിവാര്യമോ?
ചരിത്രപരമായ വിഡ്ഢിത്തം
ജിന്‍സ് കാവാലി
ഏതൊന്നിന്റെയും അടിത്തറ ശക്തമാ യിരുന്നാല്‍ മാത്രമേ അതു സുസ്ഥിരമാ യി നിലനില്‍ക്കൂ. ഭാഷയെ സംബന്ധിച്ചു പറഞ്ഞാല്‍ അക്ഷരങ്ങളാണു ഭാഷയുടെ അടിത്തറ. അക്ഷരങ്ങള്‍ ചേര്‍ന്നു വാക്കുകളും വാക്കുകള്‍ ചേര്‍ന്നു വാചകങ്ങളും രൂപപ്പെടുന്നു. അങ്ങനെയായിരിക്കേ, പ്രാഥമികവിദ്യാഭ്യാസത്തില്‍നിന്ന് അക്ഷരമാല ഒഴിവാക്കി വാക്കുകളും വാചകങ്ങളും പഠിപ്പിക്കാനെടുത്ത തീരുമാനം, അടിത്തറയില്ലാത്ത ഭവനനിര്‍മാണംപോലെ ബുദ്ധിശൂന്യമായിരുന്നെന്നു പറയാതെ വയ്യ.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ബിരുദബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുവരെ അക്ഷരത്തെറ്റുകൂടാതെ മാതൃഭാഷ കൈകാര്യം ചെയ്യാനാവുന്നില്ല എന്ന ഗതികേട് ചരിത്രപരമായ ഈ വിഡ്ഢിത്തത്തില്‍നിന്നു വന്നുചേര്‍ന്നതാണ്. ഇരുന്നിട്ടേ കാലു നീട്ടാവൂ എന്നു പഴമക്കാര്‍ പറയും. ഇരിക്കുംമുന്നേ കാലു നീട്ടാനും തലകുത്തിമറിയാനും പരിശീലിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇന്നു ഭാഷയ്ക്കു സംഭവിച്ചിരിക്കുന്ന ദുര്യോഗം. ഇനി വരുന്ന കുട്ടികളെങ്കിലും അക്ഷരമാല ആദ്യം പഠിക്കട്ടെ. അങ്ങനെ തെറ്റുകള്‍ ഒഴിവാക്കി നന്നായി ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം നേടട്ടെ. അക്ഷരമാലയുടെ കൈപിടിച്ച് തെറ്റില്ലാത്ത മലയാളത്തിന്റെ വഴിയേ ആകട്ടെ വരുംതലമുറകളുടെ സഞ്ചാരം.
(മലയാളസാഹിത്യം ഗവേഷണ വിദ്യാര്‍ഥി, യു.സി. കോളജ്, ആലുവ)
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
അക്ഷരം പഠിക്കാതെ എന്തു ഭാഷ?
സി. ഡോ. തെരേസ് ആലഞ്ചേരി S.A.B.S.
അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത്, നാശമില്ലാത്ത ത് എന്നര്‍ഥം. 'അക്ഷര'ത്തില്‍ ആരംഭിക്കേണ്ടത് 'വാക്കുകളില്‍' തുടങ്ങാമെന്നുവച്ചാല്‍ അതു വലിയ 'ആശയക്കുഴപ്പ'ത്തിനു കാരണമാകും. ഭാഷയില്‍നിന്ന് അക്ഷരങ്ങളെ അടര്‍ത്തിമാറ്റിയാല്‍ പിന്നെ ഭാഷയില്ല. സംസ്‌കൃത അക്ഷരമാലയിലെ ചിഹ്നങ്ങള്‍ 'മഹേശ്വരസൂത്രങ്ങള്‍' എന്നാണ് അറിയപ്പെടുന്നതുപോലും. ജനിച്ചുവീണ ഉടനെ കുഞ്ഞുങ്ങള്‍ക്കു പ്രായമായവര്‍ കഴിക്കുന്ന ഭക്ഷണമല്ലല്ലോ കൊടുക്കുന്നത്. അങ്ങനെ ചെയ്താല്‍ അതു മരണത്തെത്തന്നെ വിളിച്ചുവരുത്തും. മനസ്സിനും ബുദ്ധിക്കും ഓരോ പ്രായത്തിലും കൊടുക്കേണ്ട ഭക്ഷണക്രമമുണ്ട്. അതു പാലിക്കപ്പെടണം. അല്ലാത്തപക്ഷം അതു വലിയ ദുരന്തം വരുത്തിവയ്ക്കും.ചിന്തിക്കാനും സംസാരിക്കാനും എഴുതാനും ഭാഷ വേണം. അക്ഷരങ്ങളില്ലാതെ ഭാഷ എങ്ങനെ നിലനില്‍ക്കും? ഇളംപ്രായത്തില്‍ വാക്കുകള്‍ വിളമ്പിക്കൊടുത്ത് കുഞ്ഞുങ്ങളെ പേടിപ്പെടുത്താതെ അക്ഷരങ്ങള്‍ ചൊല്ലിക്കൊടുത്ത് അവരെ അനശ്വരതയിലേക്കു വളര്‍ത്തിയെടുക്കാം. ചെറുപ്രായത്തില്‍ അക്ഷരം പഠിക്കാത്തതുകൊണ്ട് ഉയര്‍ന്ന ക്ലാസുകളില്‍ വരുമ്പോള്‍ എഴുതാനും വായിക്കാനും അറിയാത്തതിന്റെ മാനസിക - ബൗദ്ധിക സംഘര്‍ഷമാണ് അധ്യാപകരും വിദ്യാര്‍ഥികളും ഇന്നു നേരിടുന്നത്.
(മലയാളം അധ്യാപികഎസ്.എച്ച്. കോളജ്, തേവര)
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
അക്ഷയം അക്ഷരം
അനുപ്രിയ ജോജോ
പ്രാഥമികവിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോള്‍ അക്ഷരമോ ആശയമോ ആദ്യമെന്ന ചോദ്യത്തിന് അക്ഷരമാലയോടെ പഠനം ആരംഭിക്കുന്നതാണ് ഉചിതമെന്നു നിശ്ശങ്കം പറയാം.
അക്ഷരം, പദം, വാക്യം എന്നിങ്ങനെ അടിസ്ഥാനമറിഞ്ഞുള്ള പഠനത്തിനേ പ്രസക്തിയുള്ളൂ. അക്ഷരം പഠിക്കാത്തിടത്തോളം മാതൃഭാഷ അന്യഭാഷയായിത്തീരുകതന്നെ ചെയ്യും.
ആശയം പഠിച്ചശേഷം അക്ഷരത്തിലേക്കെന്ന നിലപാടെടുത്താല്‍, പ്രായം കൂടുന്തോറും അക്ഷരത്തോടും ഭാഷയോടും വിമുഖത തോന്നുകയേ ഉള്ളൂ എന്നതാണു യാഥാര്‍ഥ്യം. കൂട്ടക്ഷരങ്ങളും ചിഹ്നങ്ങളും യഥാക്രമം ചേര്‍ക്കാനറിയാതെ കുട്ടി പ്രയാസപ്പെടും.
വായിക്കാനും ഗ്രഹിക്കാനും പരീക്ഷ സമയാനുസൃതം എഴുതിത്തീര്‍ക്കാനുമുള്ള കഴിവ് സിദ്ധിക്കണമെങ്കില്‍ ആദ്യം അക്ഷരം ഉറച്ചേ മതിയാകൂ. അല്ലെങ്കില്‍, പരീക്ഷകളില്‍ ചോദ്യം വായിക്കാനറിയാതെ ഉഴലുന്ന വിദ്യാര്‍ഥിസമൂഹത്തിനു നാം സാക്ഷിയാകേണ്ടിവരും.
അക്ഷരത്തെറ്റില്‍നിന്നുണ്ടാകുന്ന അര്‍ഥവ്യത്യാസം പരീക്ഷയിലെന്നപോലെ ജീവിതത്തിലും പ്രതിസന്ധി ഉണ്ടാക്കും. കഥനവും കദനവും ചായയും ഛായയും, പറയും പാറയുമൊന്നും അക്ഷരവും ചിഹ്നവും ഉറയ്ക്കാത്തവനു തിരിച്ചറിയാനാകില്ല. അക്ഷരാടിസ്ഥാനമില്ലാത്ത ഒരു തലമുറയുടെ രേഖപ്പെടുത്തലുകള്‍ ആശയവികല്പമുണ്ടാക്കാം. ഖരാതിഖരമൃദുഘോഷങ്ങള്‍ അറിയാത്തപക്ഷം ഇന്നത്തെ സ്ഥിതിയനുസരിച്ച് വ്യത്യസ്ത ഉച്ചാരണരീതികളും അന്യഭാഷാപദങ്ങളും കലര്‍ത്തി പല ഭാഷകള്‍തന്നെ ഉണ്ടായെന്നും വരാം. ഭാഷാഭേദമുള്ള ദേശങ്ങളില്‍ ആശയസ്വീകരണത്തിനുശേഷം അക്ഷരസ്വീകരണം നടത്തിയാല്‍ ഭാഷാഭേദം എഴുത്തിലും പ്രകടമാകും. അച്ചടിഭാഷയിലേക്കുള്ള കുട്ടിയുടെ വളര്‍ച്ച മന്ദഗതിയിലുമാകും. ബാബേല്‍ ഗോപുരത്തിന്റെ പതനംപോലെ മാനകഭാഷയുടെ തകര്‍ച്ചയിലേക്കുള്ള ചൂണ്ടുപലകയാണിവ. അതിനാല്‍, അക്ഷരത്തിന്റെ അടിത്തറയില്‍ ആശയത്തിലേക്ക് അവര്‍ വളരട്ടെ!
(എം.എ. മലയാളം, ദേവമാതാ കോളജ്, കുറവിലങ്ങാട്
എം.ജി.യൂണിവേഴ്‌സിറ്റി
ബി.എ. മലയാളം ഒന്നാം റാങ്ക്)
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
അക്ഷരവെളിച്ചം
ജോളി തോമസ്
ഭാഷാപഠനം, പ്രത്യേകിച്ച് മലയാള ഭാഷാപഠനം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പ്രാഥമികവിദ്യാഭ്യാസകാലഘട്ടത്തില്‍ കുട്ടികള്‍ക്കു വാക്കുകളില്‍നിന്ന് ആശയങ്ങളിലേക്കാണോ അതോ ആശയങ്ങളില്‍നിന്നു വാക്കുകള്‍, അക്ഷരം എന്ന നിലയിലേക്കാണോ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്ന കാര്യത്തെക്കുറിച്ച് ഗൗരവാവഹമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഒരു സ്‌കൂള്‍ അധ്യാപിക എന്ന നിലയില്‍ കുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസകാലഘട്ടത്തില്‍ അതായത്, എല്‍.കെ.ജി., യു.കെ.ജി., ഒന്നാം ക്ലാസ് പഠനകാലത്തുതന്നെ തീര്‍ച്ചയായും അക്ഷരങ്ങള്‍ ഏതെന്നു തിരിച്ചറിയുകയും അത് എഴുതേണ്ട രീതി എങ്ങനെയെന്നു മനസ്സിലാക്കുകയും ചെയ്‌തെങ്കില്‍മാത്രമേ ഉള്ളിലുള്ള ആശയങ്ങള്‍ അവര്‍ക്കു ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് എന്റെ അഭിപ്രായം.
നമ്മുടെയുള്ളില്‍ എത്ര ആശയങ്ങള്‍ ഉണ്ടെങ്കിലും അത് ലിഖിതരൂപേണ അവതരിപ്പിക്കണമെങ്കില്‍ തീര്‍ച്ചയായും അക്ഷരങ്ങള്‍ അറിഞ്ഞേ തീരൂ. അക്ഷരത്തെറ്റോടെ ആശയങ്ങള്‍ അവതരിപ്പിച്ചാല്‍ വായനക്കാരന് അത് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുകയില്ല. അക്ഷരം കൃത്യമാണെങ്കില്‍ ഉള്ളിലുള്ള ആശയങ്ങള്‍ നന്നായി എഴുതാനും അതു മനോഹരമായി മറ്റുള്ളവരിലേക്ക് എത്തിക്കാനും സാധിക്കും. അതുകൊണ്ട് കുട്ടികള്‍ക്കു തീര്‍ച്ചയായും അക്ഷരത്തെക്കുറിച്ചും കൃത്യവും വ്യക്തവുമായ ബോധ്യമുണ്ടാവുകയും അവ എങ്ങനെയാണ് എഴുതുന്നതെന്ന് പ്രാഥമികവിദ്യാഭ്യാസകാലത്തുതന്നെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യണം.
(അധ്യാപിക, സെന്റ് മേരീസ് എല്‍.പി.സ്‌കൂള്‍, പാലാ)
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
അക്ഷരം നിലനില്പാണ്
വിനായക് നിര്‍മല്‍
എഴുത്തുകൊണ്ടു ജീവിക്കുന്ന ഒരാള്‍ക്കെങ്ങനെ അക്ഷരങ്ങളെയും അതിന്റെ ക്രമബദ്ധമായ അക്ഷരമാലയെയും നിഷേധിക്കാന്‍ കഴിയും? അതുകൊണ്ട് ആദ്യംതന്നെ പറയട്ടെ, വേണം നമുക്ക് അക്ഷരങ്ങളും അക്ഷരമാലയും.
എം.എ. മലയാളത്തിനു പഠിക്കുമ്പോള്‍പോലും ക്ലാസിലെ ചില കുട്ടികള്‍ക്കെങ്കിലും കൃത്യമായി ചില അക്ഷരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അര്‍ഥഭേദം ഉണ്ടാക്കുന്ന വാക്കുകളായിരുന്നു അവര്‍ തെറ്റിച്ചെഴുതിയിരുന്നത്. അസ്തിവാരം അസ്ഥിവാരവും അസ്തിത്വം അസ്ഥിത്വവുമായിരുന്നു പലര്‍ക്കും. പലായനം പാലായനവുമായിരുന്നു. അവരില്‍ പലരും ഇന്ന് മലയാളം അധ്യാപകരാണ്. ഒരുപക്ഷേ, അവരൊക്കെ ഇപ്പോള്‍ ഭാഷയുടെ കാര്യത്തില്‍ പുലികളും പുപ്പുലികളുമായി മാറിയിട്ടുണ്ടാവാം. മാറട്ടെ. അവര്‍ക്കും കുട്ടികള്‍ക്കും നല്ലത്.
അധ്യാപകപരിശീലനകോഴ്സിനെത്തുന്ന പല കുട്ടികള്‍ക്കും നേരാംവണ്ണം മലയാളം അക്ഷരങ്ങള്‍പോലും അറിയില്ലെന്ന് ഒരു അധ്യാപിക പറഞ്ഞുകേട്ടിട്ടുണ്ട്. മലയാള അക്ഷരങ്ങള്‍ ശരിയായി എഴുതാന്‍ അറിയാത്തത് അക്ഷരങ്ങളെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മകൊണ്ടാണ്. പഠിച്ച ക്ലാസിലെയോ പഠിപ്പിച്ച ക്ലാസിലെയോ പിഴവുകളാണ്. അക്ഷരമാല പാഠപുസ്തകങ്ങളില്‍നിന്നു നീക്കം ചെയ്ത കാലത്തിനുമുമ്പുണ്ടായിരുന്ന തലമുറയ്ക്കുപോലും ഇതാണ് അവസ്ഥയെങ്കില്‍ അക്ഷരമാല ഒഴിവാക്കപ്പെട്ട പുതിയ തലമുറയുടെ അവസ്ഥ എന്തായിരിക്കും?
ഇന്ന് കുട്ടികള്‍ വായിച്ചല്ല കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. കാഴ്ചയുടെ ലോകത്താണ് അവര്‍ ജീവിക്കുന്നത്. മൊബൈലും ലാപ്ടോപ്പും ടിവിയും അവരുടെ അറിവിന്റെ ലോകങ്ങളാകുന്നു. ഫലമോ, വായന കുറയുന്നു. വായന കുറഞ്ഞുതുടങ്ങുമ്പോള്‍ രേഖപ്പെടുത്തിവച്ചിരിക്കുന്ന കാര്യങ്ങള്‍ അത്ര പ്രധാനപ്പെട്ടതല്ലാതെയായിമാറും. പതുക്കെപ്പതുക്കെ വായന ഇല്ലാതെയാകും. പുസ്തകങ്ങള്‍ വേണ്ടാതെയാകും. ഒരുകാലത്ത് വിപ്ലവമുണ്ടാക്കിയ അച്ചടിയുടെ പ്രസക്തി ഒന്നോ രണ്ടോ തലമുറയ്ക്കുശേഷം ഇല്ലാതെയാകും. അച്ചടിയും വായനയും എഴുത്തും ഇല്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറിയേക്കും.
സംസ്‌കരിക്കപ്പെട്ട ഭാഷയും അക്ഷരക്രമവും വര്‍ത്തമാനകാലത്തിന്റെമാത്രം ആവശ്യമോ പ്രസക്തിയോ അല്ല. അത് വരുംതലമുറയ്ക്കുവേണ്ടിക്കൂടിയുള്ള സംഭാവനയാണ്. താളിയോലകളില്‍ എഴുതിവച്ച അനര്‍ഘജ്ഞാനങ്ങള്‍ വായിച്ചെടുക്കാന്‍മാത്രം കഴിവുളള എത്ര പേരുണ്ടിവിടെ?
നമ്മുടെ കുട്ടികള്‍ മലയാളം സംസാരിക്കും എന്ന കാര്യത്തില്‍സംശയമൊന്നും വേണ്ട. പക്ഷേ, അവരില്‍ നാളെ എത്ര പേര്‍ മലയാളം എഴുതുകയും വായിക്കുകയും ചെയ്യും എന്നു സംശയിക്കേണ്ടതുണ്ട്; പ്രത്യേകിച്ച്, പൂര്‍വാധികം ശക്തിയോടെയുള്ള ഈ കുടിയേറ്റക്കാലത്ത്. അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ അക്ഷരമാല പഠിച്ചുവളരട്ടെ. നിശ്ചിതപ്രായം കഴിയുമ്പോള്‍, ആവശ്യം കഴിഞ്ഞെന്നു തോന്നുമ്പോള്‍ അവരതിനെ വേണമെങ്കില്‍ ഉപേക്ഷിച്ചോട്ടെ. പറക്കമുറ്റിക്കഴിയുമ്പോള്‍ മാതാപിതാക്കളെ വേണ്ടെന്നുവച്ചുപോകുന്ന നന്ദികേടായിമാത്രം അതിനെ കണ്ടാല്‍ മതി.
ഒരുപക്ഷേ, നമുക്കു ജീവിക്കാന്‍ വളരെക്കുറച്ച് അക്ഷരങ്ങള്‍ മതിയായിരിക്കും ഋ, ഝ തുടങ്ങിയവയൊന്നും അത്രമേല്‍ നമുക്കാവശ്യവുമില്ല. ആവശ്യം കൂടുതല്‍ ഉള്ളവര്‍ കൂടുതല്‍ പഠിക്കട്ടെ. പക്ഷേ, അത്യാവശ്യമുളള അക്ഷരങ്ങളെങ്കിലും പഠിച്ചില്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ? അമ്പത്തിയാറില്‍നിന്നും അമ്പത്തിയൊന്നില്‍നിന്നും നമ്മുടെ അക്ഷരങ്ങള്‍ കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. ലിപിപരിഷ്‌കരണം വന്നതോടെ പല ഇരട്ടിപ്പുകളും ഒഴിവാക്കപ്പെടുകയുംചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ അക്ഷരമാലയുടെ ഒഴിവാക്കലും. വൈകാതെ മലയാളം വാചികഭാഷയായി മാത്രം മാറുമോ?
അ, ആ തുടങ്ങിയവയുടെ ഘടന കുട്ടികളില്‍ ഭീതിജനിപ്പിക്കുന്നുവെന്നാണല്ലോ ചില ബുദ്ധിജീവിഭാഷ്യങ്ങള്‍. അങ്ങനെയെങ്കില്‍ ചോദിക്കട്ടെ, നന്നേ കുഞ്ഞുപ്രായത്തില്‍ നമ്മുടെ മക്കള്‍ക്കു പ്രതിരോധകുത്തിവയ്പുകള്‍ എടുക്കുമ്പോള്‍ സിറിഞ്ചിനെ പേടിയാണെന്നപേരില്‍ അതു നാം ഒഴിവാക്കുമോ? കുഞ്ഞുമകളെ കൂടുതല്‍ സുന്ദരിയാക്കാന്‍ കാതുകുത്തുമ്പോള്‍ വേദനിക്കുന്നുവെന്നു പറഞ്ഞ് അതു വേണ്ടെന്നു വയ്ക്കുമോ? പിന്നെയെന്തിനാണ് ചില പ്രത്യേകപേടി പറഞ്ഞ് നല്ല കാര്യങ്ങള്‍ നാം വേണ്ടെന്നു വയ്ക്കുന്നത്?
(എഴുത്തുകാരന്‍)
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
മലയാളത്തിനു പുറംതിരിഞ്ഞവര്‍
ജോണി തോമസ് മണിമല
ഭാഷാധ്യാപകര്‍ക്കുതന്നെയും അക്ഷരം തെറ്റുന്ന കാലമാണിത്. പിന്നെ, ബാക്കിയുള്ളവരുടെ കാര്യം പറയണോ? ഇന്ന് പച്ചവെള്ളംപോലെ മലയാളം പറയുന്നവനെക്കൊണ്ടുപോലും നാലുവാചകം എഴുതിച്ചാല്‍ അക്ഷരം പഠിച്ചവന്‍ മൂക്കത്തു വിരല്‍ വച്ചുപോകും! തെറ്റിത്തെറിച്ചു കിടക്കുന്ന വാക്യങ്ങള്‍. 'കാര്യം മനസ്സിലായാല്‍ പോരേ, അക്ഷരമൊന്നു മാറിയെന്നുവച്ച് എന്താ ഇപ്പം പ്രശ്‌നം' എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. ഇവരെ നമുക്കു മനസ്സിലാക്കാം. എന്നാല്‍, ജ്ഞാനികളെന്നു ഭാവിക്കുന്നവരും ഇങ്ങനെ പറഞ്ഞുതുടങ്ങിയാലോ? കഷ്ടംതന്നെ!
സൈബറിടങ്ങളിലും മറ്റും ''വായ്ക്കു വരുന്നതു കോതയ്ക്കു പാട്ട്' എന്ന മട്ടില്‍ രാവിലെ എണീറ്റു കിടക്കപ്പായമുതലുള്ള കാര്യങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ എഴുതി നിത്യവൃത്തി കഴിക്കുന്നവര്‍ ഇന്ന് ഒന്നും രണ്ടുമല്ല; ഒരായിരം പേരാണ്. ഇതില്‍ ഒരു ന്യൂനപക്ഷം നല്ല മലയാളം നല്ല രീതിയില്‍ അവതരിപ്പിക്കുന്നു എന്നു സമ്മതിക്കണം. എന്നാല്‍, ഭൂരിപക്ഷം കൂട്ടിവച്ചിരിക്കുന്ന അക്ഷരത്തെറ്റുകള്‍ ദയനീയമെന്നേ പറയേണ്ടൂ. നാലക്ഷരം ചൊവ്വേ പഠിച്ചിരുന്നെങ്കില്‍ ഇത്രയും തെറ്റുകള്‍ വരുമായിരുന്നോ? അക്ഷരമാല അത്ര അത്യാവശ്യമല്ല, ആശയം മനസ്സിലായാല്‍ മതി, എന്നു വാദിച്ചു ജയിക്കാന്‍ നോക്കുന്നവര്‍ മേല്പറഞ്ഞ കൂട്ടരെ കയറൂരിവിടുകയാണ്. പിന്നെ, ഇവിടെ എങ്ങനെ ഭാഷ വളരും?
കണ്ടും കേട്ടുമാണ് മനുഷ്യന്‍ വളരുന്നതെന്ന കാര്യത്തില്‍ ഇവിടെയാര്‍ക്കും തര്‍ക്കമൊന്നുമില്ല. അതിന് അക്ഷരമാല പഠിക്കേണ്ട കാര്യമില്ലെന്നു പറയാന്‍ എന്തു ന്യായം?
അയല്‍പക്കത്തെ രാധയെ 'രാതേ' എന്നോ 'രാഥേ' എന്നോ 'രാദേ' എന്നോ എങ്ങനെ വേണേലും വിളിച്ചോളൂ. പക്ഷേ, എഴുതുമ്പോള്‍ രാധ 'രാധ' ആയിരിക്കേണ്ടേ? അതിന് ആദ്യമേ അക്ഷരം പഠിക്കണം. ഓരോ അക്ഷരവും എങ്ങനെയിരിക്കുന്നു അഥവാ എങ്ങനെയെഴുതണം, എങ്ങനെ പറയണം എന്നു മനസ്സിലാക്കണം. അതാണു കണ്ടും കേട്ടും മനസ്സിലാക്കേണ്ടത്. അതിന് അക്ഷരമാല ചെറുപ്പത്തില്‍ത്തന്നെ ഓരോ മലയാളിക്കുട്ടിയും ഹൃദിസ്ഥമാക്കണം. അല്ലെങ്കില്‍ എന്തു മലയാളി? നാലക്ഷരം ചൊവ്വേ എഴുതാന്‍ പഠിക്കുന്നതു ചെറിയ കാര്യമല്ല; മോശം കാര്യവുമല്ല.
അക്ഷരമാല പഠിച്ചതുകൊണ്ട് കുട്ടികള്‍ക്ക് യാതൊരാപത്തും സംഭവിക്കുന്നില്ലാത്തിടത്ത് അതിനു പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ മലയാളഭാഷയെ അപമാനിക്കുകയാണ്. ഏതു മേഖലയിലും നന്നാകാന്‍ സമ്മതിക്കാത്തവര്‍ ധാരാളമുള്ള നാട്ടില്‍ ഈ പാവം പിടിച്ച മലയാളഭാഷയെയെങ്കിലും ഒന്നു വെറുതെ വിട്ടുകൂടേ?
(മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍)
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പുതിയ ബോധനരീതി കുത്സിതം
ഡോ. ഡേവിസ് സേവ്യര്‍
എന്‍.സി.ഇ.ആര്‍.ടി എന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം ആശയാധിഷ്ഠിതപഠനരീതി നടപ്പിലാക്കിയിട്ട് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി. അക്ഷരമാലയെ പുറംതള്ളിക്കൊണ്ടുള്ള പുതിയ സമ്പ്രദായം സാര്‍വ്വത്രികമായതോടെ തെറ്റില്ലാതെ മലയാളം പറയാനും എഴുതാനും കഴിവില്ലാത്ത അഭ്യസ്തവിദ്യര്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും അതേക്കുറിച്ച് യാതൊരുവിധ പഠനങ്ങളും നടത്താന്‍ കൂട്ടാക്കാതെ, ആശയമാത്രബോധനമാണ് മഹത്തരം എന്നു ശഠിക്കുന്നവരുടെ ലക്ഷ്യം ദുരുപദിഷ്ടമത്രേ. അക്ഷരം, പദം, വാക്യം എന്ന രൂപകത്തിലുള്ള ബോധനരീതിയാണ് ഫലപ്രദവും ശാസ്ത്രീയവും. സ്വയംപ്രഖ്യാപിത വിദ്യാഭ്യാസവിദഗ്ദ്ധര്‍ക്കുമാത്രം ഇക്കാര്യം മനസ്സിലാകുന്നില്ല എന്നത് കുത്സിതം എന്ന വിശേഷണം അര്‍ഹിക്കുന്നു.
(വൈസ് പ്രിന്‍സിപ്പാള്‍, മലയാളം വകുപ്പു മേധാവി, സെന്റ് തോമസ് കോളജ് പാലാ)
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഭാഷയുടെ ആത്മാവ്
ആല്‍ബിന്‍ കൊട്ടാരം
അക്ഷരമാല ഭാഷയുടെ ആത്മാവാണ്. പ്രാഥമികവിദ്യാഭ്യാസത്തിന്റെ പാഠപുസ്തകങ്ങളില്‍ അക്ഷരമാലയെ ഉള്‍ചേര്‍ത്തുവെങ്കിലും അതിന്റെ ശരിയായ ബോധനത്തിന് അനുയോജ്യമായ പഠനാവസരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍പ്പോലും മലയാള അക്ഷരങ്ങളെ ഭയത്തോടെ നോക്കിക്കാണുന്ന വിദ്യാര്‍ഥികളെ കാണാന്‍ സാധിക്കും. ശാസ്ത്രങ്ങളും ഗണിതവും മറ്റും പഠിക്കാന്‍ അടിസ്ഥാനപരമായി ഭാഷ അത്യാവശ്യമാണ്. മാതൃഭാഷയില്‍മാത്രമേ ആശയഗ്രഹണം പൂര്‍ണമാകുകയുള്ളൂ. അക്ഷരമാലയുടെ ശരിയായ ബോധനം ലഭിക്കാത്തതുകൊണ്ട് കുട്ടികള്‍ സ്വീകരിക്കുന്ന അറിവുകള്‍ അംഗഹീനമായ ബോധ്യങ്ങള്‍മാത്രമായി മാറുന്നു. സംസാരത്തിലും എഴുത്തിലും വായനയിലും സംഭവിച്ചിരിക്കുന്ന ഭാഷയുടെ ശ്വാസംമുട്ടലിനു കാരണം ശരിയായ അക്ഷരാഭ്യാസം ലഭ്യമാകാത്തതാണ്.
ഒരു ശിശുവിന്റെ ബൗദ്ധികവളര്‍ച്ചയുടെയും മാനസികവളര്‍ച്ചയുടെയും പ്രാരംഭദശയില്‍ അറിവുകളെ കൃത്യമായി മനനം ചെയ്യാനും വളര്‍ച്ചയും വികാസവും നേര്‍രേഖയില്‍ സുതാര്യമായി സംഭവിക്കാനും ഭാഷയുടെ ശരിയായ ഉപയോഗവും ശുദ്ധിയും അത്യാവശ്യമാണ്. അതുകൊണ്ട് പ്രാരംഭദശയില്‍ അക്ഷരമാലയെ കേവലം പുസ്തകത്താളില്‍ ഒതുക്കാതെ അതിനെ പൂര്‍ണമായി അറിയാനും അനുഭവിക്കാനും ആവശ്യമായ പഠനസന്ദര്‍ഭങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കണം.
(ബി.എഡ്. വിദ്യാര്‍ഥി, സെന്റ് തോമസ് കോളജ് ഓഫ് റ്റീച്ചര്‍ എജ്യുക്കേഷന്‍, മൈലക്കൊമ്പ്, തൊടുപുഴ)
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പുതുതലമുറയ്ക്കു പുതിയ രീതി
ഹണി സുധീര്‍
കാലം മാറുന്നതിനനുസരിച്ചു കോലവും മാറണം എന്ന പഴമൊഴി ഇവിടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന നൂതനസാങ്കേതികവിദ്യകളുടെ ലോകത്താണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്.
അക്ഷരമാലകള്‍ പഠിപ്പിച്ചുതുടങ്ങുന്ന രീതിയില്‍നിന്നു മാറി സചിത്രരീതിയിലുള്ള ആശയാവതരണമാണ് ഇന്നത്തെ അധ്യയനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുവഴി കുട്ടികള്‍ക്കു വളരെയെളുപ്പത്തില്‍ ആശയങ്ങള്‍ മനസ്സിലാക്കാനും അതവരുടെ ചിന്തകളെ വര്‍ധിപ്പിക്കാനും സ്വന്തമായി ആശയങ്ങള്‍ കണ്ടെത്താനും മാനസികമായി കരുത്തരാകാനും സാധിക്കുന്നു. കൂടാതെ, അധ്യാപകര്‍ കുട്ടികള്‍ക്കു അറിവു പകര്‍ന്നുകൊടുക്കുന്നവരും ഒപ്പം പുതുപുത്തന്‍ ആശയങ്ങള്‍ കണ്ടെത്തി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നവരുമാകണം. അങ്ങനെ വിദ്യാഭ്യാസം ഒരു സാമൂഹികപ്രക്രിയയായി മാറും.
നമ്മള്‍ ഓരോരുത്തരും ആശയവിനിമയത്തിന് അക്ഷരമാലകളെക്കാള്‍ കൂടുതല്‍ ചിഹ്നങ്ങളും ചിത്രങ്ങളും ഇമോജികളും (ആശയങ്ങള്‍ മനസ്സിലാകുന്ന കുഞ്ഞുചിത്രങ്ങള്‍) ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അച്ചടിമാധ്യമങ്ങളിലല്ലാതെ ഇന്നു നമ്മള്‍ സംവേദനത്തിനുപയോഗിക്കുന്ന മീഡിയകളില്‍ എല്ലാംതന്നെ പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയുന്ന വാക്കുകളാക്കി ചുരുക്കിയാണ് ഉപയോഗിക്കുന്നത്. ഭാഷാപ്രാധാന്യമില്ലാതെ മലയാളമോ ഇംഗ്ലീഷോ അല്ലാതെ പുതുതായി കണ്ടെത്തിയ ഭാഷയാണ് മംഗ്ലീഷ്. ചുരുങ്ങിയ വാക്കുകളില്‍ ആശയങ്ങള്‍ കണ്ടെത്താനും മറുപടികള്‍ ഇമോജികളില്‍ ഒതുക്കാനും പുതുതലമുറയ്ക്കു സചിത്രപഠനരീതി വളരെ നല്ലതായിരിക്കുമെന്നു തോന്നുന്നു. പുതിയ പഠനരീതികള്‍ പുതുതലമുറയ്ക്കു കൂടുതല്‍ പ്രകാശം പരത്തട്ടെ എന്നാശംസിക്കുന്നു.
(സാമൂഹികപ്രവര്‍ത്തിക, എഴുത്തുകാരി)