ഡോ. സിറിയക് തോമസ് എണ്‍പതിന്റെ നിറവില്‍
എണ്‍പതിന്റെ കണക്കുവച്ചു നോക്കിയാല്‍ സിറിയക്‌സാര്‍ താരതമ്യേന അരോഗദൃഢഗാത്രനാണ്. നല്ല ''ഈടും ഉറപ്പു''മുള്ള സവിശേഷവ്യക്തിത്വം. ഒറ്റനോട്ടത്തില്‍ത്തന്നെ വെളിവാകുന്ന പ്രവിശാലമായ ആ ഉയര്‍ന്ന നെറ്റിയും, കണ്ണടയ്ക്കു പിന്നിലെ സൂക്ഷ്മങ്ങളായ നയനങ്ങളൂം, ആചാര്യത്വത്തിന്റെ അടയാളമെന്നോണം ഇരുവശത്തും അകമ്പടി സേവിക്കുന്ന വലിയ ചെവികളുമെല്ലാം ചേര്‍ത്തുവച്ചാലോചിക്കുമ്പോള്‍ ആരും മനസ്സില്‍ കുറിക്കും: ആള്‍ ഒരു മേധാവിതന്നെ. ഇനി, അലക്കിത്തേച്ചു ശുഭ്രശുദ്ധമാക്കിയ മുണ്ടിലും നീളന്‍ ജുബ്ബയിലും ഒന്നെഴുന്നേറ്റുനിന്നാലോ, ആ രാജസപ്രൗഢി പൂര്‍ത്തിയായി.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആകാരഗരിമകണ്ട് ഇദ്ദേഹം ആളുകള്‍ക്ക് അത്ര പ്രാപ്യനല്ലെന്ന് ആരെങ്കിലും വെറുതെ വിചാരിച്ചാല്‍ തെറ്റി. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ഒരു വിനയസമ്രാട്ട്. ആതിഥ്യമര്യാദയുടെ ആള്‍രൂപം. ഹൃദ്യവും നിഷ്‌കളങ്കവുമായ വിടര്‍ന്ന ചിരിയിലൂടെ സൗഹൃദത്തിന്റെ വമ്പന്‍പാലങ്ങള്‍ ഞൊടിയിടയില്‍ തീര്‍ക്കുന്ന നിര്‍മാണകൗശലം പരിണതപ്രജ്ഞനായ ഈ പാലാക്കാരനു സ്വന്തം. 
1943 ഒക്‌ടോബര്‍ 24 ന് സ്വാതന്ത്ര്യസമരസേനാനിയും തിരു - കൊച്ചി നിയമസഭാധ്യക്ഷനും ഭരണഘടനാ രൂപീകരണസമിതിയംഗവുമായിരുന്ന ആര്‍.വി. തോമസിന്റെയും സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് വനിതാവിഭാഗത്തിന്റെ ആദ്യകാലനേതാവുമായ ഏലിക്കുട്ടി തോമസിന്റെയും മകനായി ജനിച്ച സിറിയക് തോമസ് പാലായിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുപ്പത്തൊന്നു വര്‍ഷം പാലാ സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരുന്നു. 1998 ല്‍ ഏറ്റവും നല്ല കോളജധ്യാപകനുള്ള ബര്‍ക്കുമാന്‍സ് അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി. ആ വര്‍ഷംതന്നെ കേരളസര്‍വകലാശാല പ്രോ വൈസ് ചാന്‍സലറും തുടര്‍ന്ന് ആക്ടിങ് വൈസ് ചാന്‍സലറും. രണ്ടായിരത്തില്‍ എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍. 2002 ലും 2004 ലും കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധികച്ചുമതല.
2006-10 ല്‍ മൂവാറ്റുപുഴ എഞ്ചിനീയറിങ് കോളജിന്റെയും എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ചെയര്‍മാനും ഡീനും, 2013-2021 ല്‍ പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍, 2010-2015 ല്‍ ദേശീയ ന്യൂനപക്ഷവിദ്യാഭ്യാസക്കമ്മീഷന്‍ മെമ്പര്‍, 2019-2023 ല്‍ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഡീനും.   
പാലാ സെന്റ് തോമസ് കോളജില്‍ എം.എ.യ്ക്കു പഠിക്കുമ്പോള്‍ 21-ാം വയസ്സില്‍ കോണ്‍ഗ്രസിന്റെ പാലാ മണ്ഡലം പ്രസിഡന്റായതുതൊട്ട് 1969 ല്‍ 26-ാം വയസ്സില്‍ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗമായതുവരെ നീളുന്ന അത്ര ചെറുതല്ലാത്ത ഒരു രാഷ്ട്രീയപശ്ചാത്തലം ആദര്‍ശശാലിയായ ഈ ഗാന്ധിയനു പിന്നിലുണ്ട്. എന്നാല്‍, 'വിധി' മറ്റൊന്നായിരൂന്നു. അതില്‍ സങ്കടപ്പെടാനേതുമില്ലെന്ന് പിന്നീടു കാലം തെളിയിച്ചു. അധ്യാപകവൃത്തിയിലൂടെ, മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ, നവഭാരതവേദിയിലൂടെ, വൈസ് ചാന്‍സലര്‍ പദവികളിലൂടെ അദ്ദേഹം പുതിയ ചരിത്രമെഴുതി. 
ഉള്ളതുപറഞ്ഞാല്‍, വളരെ ചെറുപ്പത്തിലേതന്നെ ഉന്നതശീര്‍ഷരായ മഹാത്മാക്കളോടൊത്തു സഹവസിക്കാന്‍ കിട്ടിയ മഹാഭാഗ്യവും തറവാട്ടുമഹിമയും വിദ്യാഭ്യാസഗുണവും അറിവും വായനയുമെല്ലാം ചേര്‍ന്നു പരിപാകമാക്കിയ അനിതരസാധാരണമായ ഒരു വ്യക്തിവൈശിഷ്ട്യമാണ് ഈ എണ്‍പതിന്റെ സായന്തനത്തിലും സിറിയക് സാറിനെ ആദരണീയനാക്കുന്നത്. മാന്യതയുടെയും മര്യാദയുടെയും കുലീനമായ പെരുമാറ്റത്തിന്റെയും എളിമയുടെയും ഔചിത്യബോധത്തിന്റെയും ഉന്നതപാഠങ്ങള്‍ നാം ഇദ്ദേഹത്തില്‍നിന്നു പഠിക്കണം.
അതിവിപുലമാണ് സിറിയക് സാറിന്റെ സുഹൃദ്‌വലയം. ഒരു തികഞ്ഞ സഭാസ്‌നേഹിയായിരിക്കുമ്പോള്‍ത്തന്നെ, അത് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകള്‍ ഭേദിച്ചുനില്‍ക്കുന്നു. എല്ലാം ഓര്‍മിക്കാന്‍ വകയുള്ള കാര്യങ്ങള്‍. ഈ ഓര്‍മകള്‍തന്നെയും ചേതോഹരമായി അടുക്കിവച്ചു വായനക്കാര്‍ക്കു വിരുന്നൊരുക്കുന്നതില്‍ സിറിയക് സാര്‍ എപ്പോഴും ശ്രദ്ധാലുവാണ്. പ്രഭാഷണങ്ങളിലെ അയത്‌നലളിതമായ, അനാര്‍ഭാടമായ ശൈലി എഴുത്തിലും തെളിനീരാവുന്നു. ദൈവനടത്തിപ്പിന്റെ വിസ്മയവഴികളില്‍ മനസ്സുനിറഞ്ഞ് സിറിയക് സാര്‍ കൈകൂപ്പുന്നുണ്ട്. അതേ നന്ദിയോടെ തന്റെ ഗുരുഭൂതരെയും വത്സലശിഷ്യരെയും അദ്ദേഹം നെഞ്ചോടു ചേര്‍ത്തണയ്ക്കുന്നു. അധികം പേര്‍ക്കവകാശപ്പെടാനില്ലാത്ത ഈ നന്ദി നിറഞ്ഞ ഹൃദയം ഒന്നുമാത്രമാണ് കൈവന്ന എല്ലാ നന്മകള്‍ക്കും അടിസ്ഥാനമെന്നു പറഞ്ഞാല്‍ സിറിയക് സാര്‍ അതു കൈകൂപ്പി സമ്മതിക്കും.
							
 ജോണി തോമസ് മണിമല
                    
									
									
									
									
									
                    