•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

ഖറിയാ തര്യന് വിവരവും വിദ്യാഭ്യാസവുമുണ്ട്. കാര്യങ്ങള്‍ കേട്ടാല്‍ മനസ്സിലാകും. യുക്തിയുടെയും ചിന്തയുടെയും കാര്യത്തില്‍ അയാള്‍ പ്രഗല്ഭനാണ്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സഖറിയ തര്യന്‍ പറഞ്ഞു:
''ഇന്ന് അന്നാമ്മക്കൊച്ചമ്മേടെ മകന്‍ പൗലോ. അവന്റെ പ്രശ്‌നം പരിഹരിക്കുമ്പോള്‍ റോസക്കൊച്ചമ്മേടെയോ ഏലിക്കൊച്ചമ്മേടെയോ മറിയക്കൊച്ചമ്മേടെയോ മക്കള് കേസിന് പോയാ വീണ്ടും തലവേദനയാവൂലേ. കേസിനു പോവില്ലാന്ന് നമ്മുക്കു പറയാന്‍ പറ്റില്ല. അതുകൊണ്ട് എന്റെ അഭിപ്രായത്തില് ഒരു ശാശ്വതപരിഹാരമാണു വേണ്ടത്.''
സഖറിയാ തര്യന്‍ ഒന്നു നിറുത്തി. അടുത്തതായി എന്താണു പറയുന്നതെന്നറിയാന്‍ മാത്തുത്തരകനും ഇയ്യോബും കാതുകൂര്‍പ്പിച്ചിരുന്നു. പെട്ടെന്ന് വെയില്‍ മാഞ്ഞ് എവിടെനിന്നോ മഴ ഓടിയെത്തി. പ്രകൃതിയുടെ സന്തോഷാശ്രുക്കള്‍. 
സഖറിയാ തര്യന്‍ തുടര്‍ന്നു: ''വല്യപ്പച്ചന്‍ ഒണ്ടാക്കിയ മൊതലൊന്നും ആര്‍ക്കും കൊടുക്കേണ്ട. ആര്‍ക്കും അതൊന്നും ചോദിക്കാനവകാശവുമില്ല. ദൈവാനുഗ്രഹത്താല്‍ വല്യപ്പച്ചന്‍ ധാരാളം സ്വത്ത് വാരിക്കൂട്ടിയിട്ടുമൊണ്ട്. എന്റെ അഭിപ്രായത്തില് വല്യപ്പച്ചന്റെ അപ്പന്റെ പൂര്‍വികസ്വത്താണ് കൊട്ടാരത്തില്‍ തറവാടുവക തെങ്ങിന്‍തോപ്പ്. കേട്ടിടത്തോളം മാത്തുച്ചായനാ അത് നട്ടുവളര്‍ത്തിക്കൊണ്ടു വന്നത്. അതു നോക്കണ്ട. ആ തെങ്ങിന്‍തോപ്പ് അവര്‍ക്കു വിട്ടുകൊടുക്കുക.'' 
''പെട്ടെന്നു കേക്കുമ്പോ പ്രയാസം തോന്നും. എന്നാല് അവര്‍ക്കു ക്ലെയിം ചെയ്യാവുന്ന ഏക ഭൂമി അതാണ്. അതായിരിക്കണം, അതില് കണ്ണുവച്ചായിരിക്കും പൗലോ കേസ് ഫയല്‍ ചെയ്തത്!
സഖറിയാതര്യന്റെ വാക്കുകള്‍ അപ്പനും മകനും സശ്രദ്ധം കേള്‍ക്കുകയായിരുന്നു. അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി. സഖറിയാ തര്യന്‍ തുടര്‍ന്നു: ''നമ്മക്കു മനഃസമാധാനമാ വേണ്ടത്. ഈ തെങ്ങിന്‍തോപ്പു വിട്ടുകൊടുത്തൂന്നുവച്ച് നമ്മക്കൊരു ദോഷോം വരത്തില്ല. ഇവിടത്തെ സ്വത്തുക്കളും ഇയ്യോബിനൊള്ളതാണല്ലോ.''
സഖറിയാ തര്യന്‍ എന്തോ ഗാഢമായി ആലോചിക്കുകയാണെന്ന് ഈ കണ്ണുകളില്‍നിന്നും ഇയ്യോബ് വായിച്ചു.
സഖറിയാ തര്യനെ കേള്‍ക്കുന്നതിലായിരുന്നു, ഇരുവര്‍ക്കും ഏറെ താത്പര്യം. എത്ര പെട്ടെന്നാണ് അയാള്‍ ഒരു നിഷ്പക്ഷമതിയുടെ വേഷം അണിഞ്ഞത്. അതേസമയം, വിവേകപൂര്‍ണമായിരുന്നു, സഖറിയാ തര്യന്റെ നിരീക്ഷണങ്ങള്‍. അതുകൊണ്ട് അയാളുടെ വാക്കുകള്‍ക്ക് അവര്‍ കാതോര്‍ത്തു. 
സഖറിയ തര്യന്‍ തുടര്‍ന്നു:
''ഞാന്‍ മനസ്സിലാക്കിയിടത്തോളം വല്യപ്പച്ചന്റെ നാലുസഹോദരിമാര്‍ക്കുംകൂടി പതിനേഴു പേരാണു മക്കളായിട്ടുള്ളത്. അവര്‍ പതിനേഴു പേരെയും അവകാശികളാക്കിക്കൊണ്ടുള്ള ഒരു ഡീഡ് ആണ് നമുക്കു വേണ്ടത്. അതെങ്ങനെ തയ്യാറാക്കാമെന്ന് നിങ്ങളുടെ വക്കീലുമായി ആലോചിക്കുക. 1092 ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം പാലിച്ചാവണം എല്ലാം തയ്യാറാക്കാന്‍. അതുകൊണ്ടാണ് ജോണ്‍ വക്കീലിന്റെ സഹായവും ഉപദേശവും വേണമെന്നു ഞാന്‍ പറയണത്. നിങ്ങള്‍ ജോണ്‍ വക്കീലിനെക്കൂടി ഒന്നു കണ്ടിട്ടു പോകുന്നതു നല്ലതാണ്.''
സഖറിയാ തര്യന്റെ ആ നിര്‍ദേശം പ്രായോഗികമാണെന്ന് ഇയ്യോബിനു തോന്നി. 
''അതു ശരിയാ അപ്പച്ചാ. ജോണ്‍ വക്കീലിന് ഇക്കാര്യത്തില് നമ്മെ സഹായിക്കാന്‍ സാധിക്കും.''
''മറ്റൊന്നുകൂടി ഇയ്യോബേ. നമ്മുടെ കൊച്ചിന്റെ മാമ്മോദീസാ വരികയല്ലേ? അതിന് വല്യപ്പച്ചന്റെ സഹോദരിമാരുടെ മക്കളെക്കൂടി ക്ഷണിക്കുക. അതു നമുക്ക് ആഘോഷമാക്കാം. ആ കാരണം പറഞ്ഞ് അവരെയൊക്കെ ക്ഷണിക്കാന്‍ അവരുടെ വീടുകളില്‍ ഇയ്യോബിനു പോവുകയും ചെയ്യാം.''
''അത് നല്ലൊരാശയമാണ് സഖറിയായച്ചാ. നമുക്കവരെ കാണാനൊരവസരവുമായി.''
മാത്തുത്തരകന് സഖറിയാ തര്യന്‍ പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടി. അയാള്‍ക്കു മനഃസമാധാനമാ ഇപ്പോള്‍ വലുത്.
അവര്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ മഴ മാറി വെയിലിന്റെ പൊന്‍വെളിച്ചം ഭൂമിയാകെ പൊതിഞ്ഞു. ആ ധൂസരപ്രഭയില്‍ മുങ്ങി അവരുടെ കാര്‍ ജോണ്‍ വക്കീലിന്റെ ബംഗ്ലാവു ലക്ഷ്യമാക്കി പാഞ്ഞു.
ജോണ്‍ വക്കീലിന്റെ ബംഗ്ലാവിലെത്തുമ്പോള്‍ ഭാഗ്യത്തിന് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നു. എവിടെയോ പോകാന്‍ അദ്ദേഹത്തിന്റെ കുതിരവണ്ടി തയ്യാറായിനില്ക്കുന്നുണ്ട്.
അവര്‍ കാറില്‍നിന്നിറങ്ങി പൂമുഖത്തേക്കു കയറുമ്പോള്‍ ജോണ്‍ വക്കീല്‍ പറഞ്ഞു:
''വരൂ... വരൂ... ഞങ്ങള്‍ ഒരു ബന്ധുവീട്ടില്‍ പോകാനൊരുങ്ങുകയായിരുന്നു. സാരമില്ല. നിങ്ങളെ കാണാന്‍ സാധിച്ചല്ലോ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?''
ജോണ്‍ വക്കീലിന്റെ സഹധര്‍മിണി അച്ചാമ്മ ആണ്ടമ്മയെ വന്നു ഹൃദയപൂര്‍വം സ്വീകരിച്ചു.
''വരൂ... ചേടത്തി. ഞങ്ങടെ വീട്ടില്‍ ആദ്യമായി വരികയാണല്ലോ. വരൂ.''
അച്ചാമ്മ ആണ്ടമ്മയുടെ കരം ഗ്രഹിച്ച് സ്‌നേഹപൂര്‍വം അവരെ അകത്തളത്തിലേക്ക് ആനയിച്ചു.
ഇയ്യോബിന്റെ വാക്കുകള്‍ ജോണ്‍ വക്കീല്‍ ശ്രദ്ധാപൂര്‍വം കേട്ടു. അദ്ദേഹത്തിന്റെ മുഖം ഗൗരവം പൂണ്ടു. എല്ലാം കേട്ടതിനുശേഷം ജോണ്‍ വക്കീല്‍ വിശദീകരിച്ചു.
എല്ലാ നിയമങ്ങളുടെയും പഴുതുകള്‍ അടച്ചുവേണം നമുക്ക് ഡോക്യുമെന്റുകള്‍ തയ്യാറാക്കാന്‍. എനിക്ക് ഈ കേസിനെക്കുറിച്ചു വിശദമായി പഠിക്കണം.  നമ്മുടെ കേസിന്റെ വിധി എല്ലാ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കും ഒരു മാതൃകയാവണം. നല്ല സന്ദേശം നല്‍കുന്നതുമാവണം.
അദ്ദേഹം ഒന്നു നിറുത്തി. എന്നിട്ടു തുടര്‍ന്നു:
''നിങ്ങളുടെ തറവാട്ടില്‍ പിറന്ന പുതിയ സന്തതിയുടെ മാമ്മോദീസാവിരുന്ന് നമുക്ക് ഐക്യത്തിന്റെയും സമാധാനത്തിന്റെ വിരുന്നാക്കി മാറ്റണം. ഞാന്‍ ബാലകൃഷ്ണന്‍ നായര്‍ വക്കീലിനെ ഒന്നു കാണട്ടെ. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഒരു സൂചന അയാള്‍ക്കു നല്കാം. അടുത്തയാഴ്ച ഞങ്ങള്‍ രണ്ടാളും ഹാജരാവേണ്ട ഒരു കേസ് ആലപ്പുഴ കോടതിയിലുണ്ട്. അപ്പോള്‍ ഞാനീക്കാര്യം സൂചിപ്പിക്കാം.''
മാത്തൂത്തരകന് ജോണ്‍ വക്കീലിന്റെ വാക്കുകള്‍ ആശ്വാസം പകര്‍ന്നു. അത് അയാളുടെ മുഖത്തു പ്രകടമാകുകയും ചെയ്തു.
''വരൂ. നമുക്ക് കാപ്പി കുടിച്ചു പിരിയാം.'' ജോണ്‍ വക്കീല്‍ അവരെ രണ്ടാളെയും ബംഗ്ലാവിലെ പ്രവിശാലമായ ഡൈനിങ് ഹാളിലേക്ക് ആനയിച്ചു. ഡൈനിങ് ഹാളിലെ ശരറാന്തലുകള്‍ പ്രകാശിച്ചു. അതിന്റെ പ്രഭാവലയത്തില്‍ ഭിത്തികളില്‍ നിരനിരയായി വച്ചിരുന്ന കുടുംബക്കാരണവന്മാരുടെ ചില്ലിട്ട ചിത്രങ്ങള്‍ പുഞ്ചിരി തൂകി. അവയില്‍ ചിലത് വരപ്പുകളും മറ്റു ചിലതു ഫോട്ടോഫ്രെയിമുകളുമായിരുന്നു. അതിലൊരു ഫോട്ടോ ഇയ്യോബ് പ്രത്യേകം ശ്രദ്ധിക്കുന്നതുകണ്ട് ജോണ്‍ വക്കീല്‍ വിശദീകരിച്ചു:
''എന്റെ പിതാവ് സിറിയക് വക്കീലാണ് അമ്മ മഹാറാണിയുടെ അടുത്തു നില്‍ക്കുന്നത്. അദ്ദേഹം കൊട്ടാരം വക്കീല്‍ കൂടിയായിരുന്നു. അപ്പനും എന്നെപ്പോലെ ഇംഗ്ലണ്ടിലാണ് ബാരിസ്റ്റര്‍ പരീക്ഷ പഠിച്ചത്. അതുകൊണ്ട് ബ്രിട്ടീഷുകാരുമായുള്ള വ്യവഹാരങ്ങളില്‍ അമ്മ റാണി അപ്പനെയാണ് ചുമതലപ്പെടുത്തുക.''
അമ്മമഹാറാണിയുടെ അരികില്‍ തലയുയയര്‍ത്തി നില്ക്കുന്ന സിറിയക് വക്കീലിന്റെ പാശ്ചാത്യവേഷം ഇയ്യോബ് പ്രത്യേകം ശ്രദ്ധിച്ചു. ഒരുമിച്ച് ഇത്രയും കാരണവന്മാരുടെ ചിത്രങ്ങള്‍ ആദ്യം കാണുകയായിരുന്നു, ഇയ്യോബ്. 
വിഭവസമൃദ്ധമായ കാപ്പി സല്‍ക്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ സായന്തനസൂര്യന്‍ പുഞ്ചിരിപൊഴിച്ചു നില്‍ക്കുന്നു. 
ജോണ്‍ വക്കീലും ഭാര്യ അച്ചാമ്മയും അവരെ പടിപ്പുര മാളികവരെ വന്ന് യാത്രയാക്കി. ആണ്ടമ്മ കാറില്‍ കയറാന്‍ തുടങ്ങവേ അച്ചാമ്മ അവരെ വാത്സല്യപൂര്‍വം ആശ്ലേഷിച്ചു യാത്രയാക്കി.
ബംഗ്ലാവിന്റെ വശത്തായി തീര്‍ത്തിരിക്കുന്ന പ്രാവിന്‍കൂട്ടില്‍നിന്ന് കുട്ടത്തിപ്രാവുകള്‍ മെല്ലെ കുറുകി അവര്‍ക്കു യാത്രാവന്ദനം ചൊല്ലി.

(തുടരും)

Login log record inserted successfully!