ഘടനാപരമായ വാദത്തിന്റെ സൈദ്ധാന്തികമായ തലങ്ങള്‍ ഒരു പാഠം നിര്‍മിക്കുന്ന ഘടകങ്ങളെ പരിശോധിക്കുകയും അവ എങ്ങനെ അര്‍ഥം സൃഷ്ടിക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്യുന്നു. കലാനിര്‍മിതിയുടെ അപഗ്രഥനത്തില്‍ ഘടകങ്ങളുടെ സംയോജനത്തിനുള്ള പ്രാധാന്യത്തില്‍ ഘടനാവാദം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൂക്ഷ്മവായനയ്ക്ക് ഊന്നല്‍ നല്‍കുന്ന ഘടനാവാദം കലാസൃഷ്ടിയുടെ അര്‍ഥം, കവിതയിലായാലും സിനിമയിലായാലും, അടിസ്ഥാനഘടകങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ഫലമാണ് എന്നു വ്യക്തമാക്കുന്നു. അവിടെ പദങ്ങള്‍, ശബ്ദങ്ങള്‍ അല്ലെങ്കില്‍ ചിഹ്നങ്ങള്‍ എന്നിവയ്ക്ക് സാമ്പ്രദായികമായി നാം അവയുമായി സന്നിവേശിപ്പിച്ചിട്ടുള്ള സാംസ്‌കാരിക അര്‍ഥങ്ങളുമായി ബന്ധമുണ്ട്. അതു തിരിച്ചറിഞ്ഞ് ഘടകങ്ങളുടെ സംയോജനവും വായിക്കപ്പെടുന്നു.  ഒരു സാഹിത്യനിരൂപകനോ നരവംശശാസ്ത്രജ്ഞനോ സാമൂഹികശാസ്ത്രജ്ഞനോ ആരുമാകട്ടെ, കുടുംബം, ബന്ധുത്വം, ആഖ്യാനം തുടങ്ങിയ ഘടനകള്‍ തമ്മിലുള്ള സവിശേഷബന്ധത്തെ വേര്‍തിരിച്ചെടുക്കാന്‍ വായനക്കാരനെ പ്രാപ്തനാക്കുന്നതിനാല്‍, വിജ്ഞാനത്തിന്റെ അനുബന്ധമേഖലകളിലും ഘടനാവാദം ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
പാശ്ചാത്യരാജ്യങ്ങളില്‍, 1940 കള്‍ മുതല്‍ 1960 കളുടെ മധ്യംവരെ പ്രചാരത്തിലിരുന്ന ആര്‍ക്കിടൈപ്പല്‍ ക്രിട്ടിസിസം എന്നു വിളിക്കപ്പെടുന്ന നിരൂപണസമ്പ്രദായത്തില്‍, അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള കനേഡിയന്‍ സൈദ്ധാന്തികനായ നോര്‍ത്രോപ് ഫ്രൈയുടെ സമീപനത്തില്‍ ഘടനാവാദത്തിന്റെ സ്വഭാവം ഒരു പരിധിവരെ കാണാം. റിച്ചാര്‍ഡ് ചേസ്, ലെസ്ലി ഫീഡ്ലര്‍, ഡാനിയല്‍ ഹോഫ്മാന്‍, ഫിലിപ്പ് വീല്‍റൈറ്റ് എന്നിവരായിരുന്നു ആര്‍ക്കിടൈപ്പല്‍ ക്രിട്ടിസിസത്തിന്റെ മറ്റു പരിശീലകര്‍. സാര്‍വത്രികമായുള്ള മിത്തുകള്‍, ആചാരങ്ങള്‍, നാടോടിക്കഥകള്‍ എന്നിവയെക്കുറിച്ചുള്ള നരവംശശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഈ വിമര്‍ശകര്‍ ശാസ്ത്രം, അനുഭവവാദം, പോസിറ്റിവിസം, സാങ്കേതികവിദ്യ എന്നിവയാല്‍ അന്യവത്കരിക്കപ്പെട്ടതും വിഘടിച്ചതുമായ ഒരു ലോകത്തിലേക്ക് ആത്മീയബോധ്യം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. മാജിക്, ഭാവന, സ്വപ്നങ്ങള്‍, അവബോധം, അബോധാവസ്ഥ എന്നിവ മനസ്സിലാക്കാന്‍ കഴിയുന്ന മിത്തിന്റെ പങ്കു വീണ്ടെടുക്കാന്‍ അവര്‍ ആഗ്രഹിച്ചു. പുരാണസൃഷ്ടിയെ മനുഷ്യചിന്തയുടെ അവിഭാജ്യഘടകമായി അവര്‍ വീക്ഷിച്ചു, കൂടാതെ, സാഹിത്യം മിത്തിന്റെ ഒരു കാമ്പില്‍നിന്നാണ് ഉയര്‍ന്നുവരുന്നതെന്നു വിശ്വസിച്ചു. അവിടെ 'മിത്ത്' എന്നത് വിവിധ സംസ്‌കാ രങ്ങളുടെയും ഗണങ്ങളുടെയും ഭാഗത്തുനിന്ന് മനുഷ്യന്റെ നിലനില്‍പ്പിന് അര്‍ഥവത്തായ ഒരു സന്ദര്‍ഭം സ്ഥാപിക്കാനുള്ള കൂട്ടായ ശ്രമമായി മനസ്സിലാക്കപ്പെടുന്നു. ഫ്രൈയുടെ അനാട്ടമി ഓഫ് ക്രിട്ടിസിസം (1957) നവീനവിമര്‍ശനത്തില്‍ ഫോര്‍മലിസ്റ്റിക് ഊന്നല്‍ തുടര്‍ന്നു. പക്ഷേ, വിമര്‍ശനം ശാസ്ത്രീയവും വസ്തുനിഷ്ഠവും വ്യവസ്ഥാപിതവുമായ ഒരു മേഖലയായിരിക്കണമെന്ന് അദ്ദേഹം കൂടുതല്‍ ശക്തമായി ശഠിച്ചു. മാത്രമല്ല, അത്തരം സാഹിത്യവിമര്‍ശനം സാഹിത്യത്തെത്തന്നെ ഒരു വ്യവസ്ഥിതിയായി വീക്ഷിക്കുന്നുവെന്ന് ഫ്രൈ പറഞ്ഞു. ഉദാഹരണത്തിന്, വസന്തം, വേനല്‍, ശരത്കാലം, ശീതകാലം എന്നിവയുടെ മിഥോയ് (ങ്യവേീശ) ശുഭാന്ത്യം, ദുരന്തം, ആക്ഷേപഹാസ്യം, പ്രണയം തുടങ്ങിയ അടിസ്ഥാന സാഹിത്യരീതികള്‍ക്കു കാരണമായിത്തീരാം എന്ന വാദം നോക്കാം. ഓരോ സാഹിത്യരൂപവും ഒരു പ്രത്യേക സീസണുമായി ബന്ധപ്പെടുന്നു. കോമഡി വസന്തവുമായും പ്രണയം വേനലുമായും ദുരന്തം ശരതുമായും ആക്ഷേപഹാസ്യം ശൈത്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. കോമഡി വസന്തകാലവുമായി ബന്ധപ്പെടാന്‍ ചില കാരണങ്ങളുണ്ട്. ശൈത്യത്തെയും ഇരുട്ടിനെയും വസന്തം പരാജയപ്പെടുത്തുന്നു. അടിസ്ഥാനപ്രതീകാത്മകരൂപങ്ങളുടെ ആവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍, സാഹിത്യചരിത്രം ആവര്‍ത്തനവും സ്വയം ഉള്‍ക്കൊള്ളുന്നതുമായ ഒരു ചക്രമാണ്. അതിനാല്‍, ഫ്രൈയുടെ വിശ്വാസം സാഹിത്യവിമര്‍ശനം ഒരു ശാസ്ത്രമാണെന്നായിരുന്നു. ആദിരൂപങ്ങള്‍ സാഹിത്യത്തെ ഏകോപിപ്പിക്കുന്ന ഘടകമാണ്. പക്ഷേ, അവിടെ ചരിത്രപരമായ ഘടകം ഫലപ്രദമായി റദ്ദാക്കപ്പെടുന്നു, സാഹിത്യത്തെ കാലാതീതവും നിശ്ചലവും സ്വയംഭരണനിഷ്ഠവുമായ ഒരു നിര്‍മിതിയായി വീക്ഷിക്കുന്നു. ഘടനാവാദമാകട്ടെ എന്തും നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനപരമായ മൗലികഘടകങ്ങളെ കണ്ടെത്താന്‍ പരിശ്രമിക്കുന്ന ഒരു ചിന്താപദ്ധതിയാണ്. ആ ഘടകങ്ങളെ ഏകകങ്ങള്‍ എന്നു പറയാം. അവയാണ് ഏതൊരു വ്യവസ്ഥയെയും നിര്‍മിക്കുന്നത്. സാഹിത്യകൃതി ഭാഷയാല്‍ നിര്‍മിക്കപ്പെട്ടതായതിനാല്‍ ഭാഷയെ സംബന്ധിച്ച ഘടനാപരമായ പരിശോധനയോടെ സാഹിത്യത്തിലെ ഘടനാവാദം ആരംഭിക്കുന്നു.
സ്വിസ്ഭാഷാശാസ്ത്രജ്ഞനായ ഫെര്‍ഡിനാന്‍ഡ് ഡി സൊസൂറിന്റെ (1857-1913) പ്രവര്‍ത്തനമാണ് ഘടനാവാദത്തിന്റെ അടിത്തറ പാകിയത്. കോഴ്‌സ് ഇന്‍ ജനറല്‍ ലിംഗ്വിസ്റ്റിക്‌സി ല്‍, (1916) സൊസൂര്‍ ഭാഷയെ ഒരു ചിഹ്നവ്യവസ്ഥയായി കണ്ടു, അത് സമ്പ്രദായംവഴി നിര്‍മിച്ചതാണ്, ഇത് ഏകകാലിക (്യെിരവൃീിശര) ഘടനാപരമായ വിശകലനത്തിനു സഹായിച്ചു. അര്‍ഥംതന്നെ ആപേക്ഷികമാണ്, ആ വ്യവസ്ഥയ്ക്കുള്ളിലെ വിവിധ സൂചകങ്ങളുടെയും സൂചിതങ്ങളുടെയും പ്രതിപ്രവര്‍ത്തനത്താല്‍ അത് ഉത്പാദിപ്പിക്കപ്പെടുന്നു. 1960 കളില്‍ ഫ്രാന്‍സില്‍ നിന്ന് അമേരിക്കയിലേക്ക് ഘടനാവാദം ഇറക്കുമതി ചെയ്യപ്പെട്ടു. റോമന്‍ ജേക്കബ്‌സണ്‍, ജോനാഥന്‍ കുള്ളര്‍, മൈക്കല്‍ റിഫറ്റേര്‍, ക്ലോഡിയോ ഗില്ലെന്‍, ജെറാള്‍ഡ് പ്രിന്‍സ്, റോബര്‍ ഷോള്‍സ് എന്നിവരായിരുന്നു അതിന്റെ മുന്‍നിര വക്താക്കള്‍. സി.എസ്. പിയേഴ്സ്, ചാള്‍സ് മോറിസ്, നോം ചോംസ്‌കി എന്നിവരും സെമിയോട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തിച്ച മറ്റ് അമേരിക്കന്‍ ചിന്തകരാണ്. സ്ട്രക്ചറലിസ്റ്റ് പൊയറ്റിക്സ് (1975) എന്ന തന്റെ വിഖ്യാതപഠനത്തില്‍, സാഹിത്യത്തിന്റെ ഘടനാപരമായ അന്വേഷണങ്ങള്‍ സാഹിത്യത്തിന്റെ അടിസ്ഥാനപരമായ സാമ്പ്രദായികസംവിധാനങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ജോനാഥന്‍ കുള്ളര്‍ വിശദീകരിച്ചു. റോബര്‍ട്ട് സ്‌കോള്‍സ്, സ്ട്രക്ചറലിസം ഇന്‍ ലിറ്ററേച്ചര്‍ ആന്‍ ഇന്‍ട്രഡൊക്ഷന്‍ (1974) എന്ന കൃതിയില്‍ വിവിധ ഗ്രന്ഥങ്ങളുടെ പരസ്പരബന്ധിതമായ ഒരു സംവിധാനമെന്ന നിലയില്‍ സാഹിത്യത്തെക്കുറിച്ചുള്ള പഠനത്തിന് ശാസ്ത്രീയാടിത്തറ നല്‍കി. സ്ട്രക്ചറലിസത്തിന്റെ പ്രധാനതത്ത്വങ്ങള്‍ സൊസൂറിന്റെയും റൊളാങ് ബാര്‍ത്തിന്റെയും കൃതികളില്‍ വായിക്കാം.   
ആധുനികഭാഷാശാസ്ത്രത്തിന്റെയും ഘടനാവാദത്തിന്റെയും സ്ഥാപകന്‍ ഫെര്‍ഡിനാന്‍ഡ് ഡി സൊസൂര്‍ ആണ്. ഒരു സ്വിസ്‌കുടുംബത്തില്‍ ജനിച്ച സൊസൂര്‍, പാരീസിലും പിന്നീട് ജനീവ സര്‍വകലാ ശാലയിലും ഗോതിക്, പഴയ ജര്‍മ്മന്‍, ലാറ്റിന്‍, പേര്‍ഷ്യന്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ പഠിപ്പിച്ചു. സാമാന്യഭാഷാശാസ്ത്ര ത്തിലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, മരണാനന്തരം അദ്ദേഹത്തിന്റെ സഹപ്രവര്‍ ത്തകര്‍   കോഴ്‌സ് ഇന്‍ ജനറല്‍ ലിംഗ്വിസ്റ്റിക് (1916) എന്ന പേരില്‍ സമാഹരിച്ചതാണ് ഘടനാ വാദത്തിന് അടിത്തറയിട്ടത്. സൊസൂറിന് മുമ്പ്, ഭാഷാവിശകലനത്തിന്റെ പ്രധാന രീതികള്‍ ചരിത്രപരവും ഫിലോലോജിക്കലുമായിരുന്നു. ഒരു നിശ്ചിത കാലയളവില്‍ ഭാഷയിലെ മാറ്റങ്ങള്‍ പഠിക്കുന്ന ബഹുകാലിക (ഡയക്രോണിക്) സമീപനത്തിനു വിരുദ്ധമായി, ഒരു നിശ്ചിത ഘട്ടത്തില്‍ ഭാഷയെ പൂര്‍ണമായും പഠിക്കാന്‍ കഴിയുന്ന ഒരു ഘടനയായി സൊസൂര്‍ ഒരു ഏകകാലിക (സിന്‍ക്രോണിക്) സമീപനം സ്വീകരിച്ചു. കൂടുതല്‍ സ്വാധീനമുള്ളതും സമൂലവുമായ ഉള്‍ക്കാഴ്ചകള്‍ക്ക് സൊസൂര്‍ തുടക്കമിട്ടു. ഒന്നാമതായി, വാക്കുകളും വസ്തുക്കളും തമ്മില്‍ സ്വാഭാവികമായ ഒരു ബന്ധമുണ്ടെന്ന സങ്കല്പത്തെ അദ്ദേഹം നിഷേധിച്ചു, ഈ ബന്ധം സാമ്പ്രദായികമാണെന്നു പറഞ്ഞു. ഭാഷയെക്കുറിച്ചുള്ള ഈ വീക്ഷണം യാഥാര്‍ഥ്യം സ്വതന്ത്രവും ഭാഷയ്ക്കു പുറത്തു നിലനില്‍ക്കുന്നതുമാണെന്ന വീക്ഷണത്തെ അവതരിപ്പിച്ചു, ഇത് ഭാഷയെ കേവലം ഒരു 'പേരു നല്‍കുന്ന സമ്പ്രദായം' ആയി ചുരുക്കുന്നു. സൊസൂറിന്റെ വീക്ഷണം സൂചിപ്പിക്കുന്നത് രണ്ടു കാര്യങ്ങളാണ്
ഒന്ന്: ഭാഷയിലൂടെ നമ്മുടെ ലോകത്തെക്കുറിച്ചുള്ള ഒരു ധാരണ നാം വളര്‍ത്തിയെടുക്കുകയും ഭാഷയിലൂടെ ലോകത്തെ വീക്ഷിക്കുകയും ചെയ്യുന്നു. രണ്ട്: ഭാഷയെ ബന്ധമുള്ള ചിഹ്നങ്ങളുടെ ഒരു സംവിധാനമാണെന്ന്  സമര്‍ഥിച്ചു. 
ഒറ്റയ്ക്ക് ഒരു ചിഹ്നത്തിനും അര്‍ഥമില്ല; മറിച്ച്, അതിന്റെ സൂചന മറ്റു ചിഹ്നങ്ങളില്‍നിന്നുള്ള വ്യത്യാസത്തെയും മുഴുവന്‍ ചിഹ്നങ്ങളുടെ ശൃംഖലയിലെ സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു. അവസാനമായി, സൊസൂര്‍ ഭാഷയുടെ രണ്ടു മാനങ്ങള്‍ തമ്മില്‍ വേര്‍തിരിവുണ്ടാക്കി.  ചില നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഘടനാപരമായ സംവിധാനമായി ഭാഷയെ പരാമര്‍ശിക്കുന്ന ലാംഗ്വേ, ആ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഭാഷണമോ ഉച്ചാരണമോ ആയ പരോള്‍ എന്നിങ്ങനെ. സൊസൂര്‍  'ചിഹ്നം', 'സൂചകം', 'സൂചിതം' എന്നീ പദങ്ങളെ  ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. ചിഹ്നത്തിന്റെ രണ്ട് ഭാഷാപരമായ പദങ്ങളും മനഃശാസ്ത്രപരമായ സ്വഭാവമുള്ളതാണെന്ന് സൊസൂര്‍ വാദിക്കുന്നു. ചിഹ്നം ഒരു വസ്തുവിനെയും പേരിനെയും അല്ല സൂചിപ്പിക്കുന്നത്; മറിച്ച്, ഒരു ആശയവും ശബ്ദ-ചിത്രവും ഒന്നിപ്പിക്കുന്നു. രണ്ടാമത്തേത് ഭൗതികമായ ശബ്ദമല്ല; മറിച്ച്, 'ശബ്ദത്തിന്റെ മനോമുദ്ര'യാണ്, അത് നമ്മുടെ ഇന്ദ്രിയങ്ങളില്‍ ഉണ്ടാക്കുന്ന മതിപ്പ് അതിനാല്‍ അതും മാനസികമാണ്. സന്ദിഗ്ധത ഒഴിവാക്കാന്‍, സൊസൂര്‍  പുതിയ പദാവലി നിര്‍ദേശിക്കുന്നു. ചിഹ്നം മുഴുവന്‍ നിര്‍മിതിയെയും സൂചിപ്പിക്കുന്നു. സിഗ്‌നിഫൈഡ് ആശയത്തെയും സിഗ്‌നിഫൈര്‍ ശബ്ദബിംബത്തെയും. സൂചകവും സൂചിതവും തമ്മിലുള്ള ബന്ധം ആരോപിതമാണ്. അവ തമ്മില്‍ യുക്തിപരമായ ബന്ധമൊന്നുമില്ല. ഉദാഹരണത്തിന് നായ എന്ന പദം എടുക്കാം. ഇംഗ്ലീഷില്‍ ഡോഗാണ്. ജര്‍മ്മനില്‍ നായും ഡോഗുമല്ല hund ആണ്. ഫ്രഞ്ചില്‍ രവശലി. സ്പാനിഷില്‍ ുലൃൃീ. ഒരു സംപ്രത്യയത്തിന് വിവിധ ഭാഷകളില്‍ വ്യത്യസ്ത ശബ്ദബിംബങ്ങള്‍. ഈ അഭിധായകത്വതത്ത്വം സൊസൂര്‍ വ്യക്തമാക്കി.
							
 ഡോ. തോമസ് സ്കറിയ
                    
									
									
									
									
									
									
									
									
									
									
                    