കഴിഞ്ഞ പത്തുവര്‍ഷമായി കത്തോലിക്കാസഭയെ ഊര്‍ജസ്വലമായും ശുഭാപ്തിവിശ്വാസത്തോടെയും നയിക്കുന്ന പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ ലോകജനതയോടും നേതാക്കളോടും ഏറ്റവുമധികം ആഹ്വാനംചെയ്തിട്ടുള്ളത് സമത്വത്തിനും സാഹോദര്യത്തിനുംവേണ്ടിയാണ്. എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമി എന്ന പൊതുഭവനത്തിലെ നന്മകള്‍ അനുഭവിക്കുന്നതിലെ സമത്വമില്ലായ്മയുടെ വേദന നിഴലിക്കാതെ പാപ്പായുടെ ഒരു പ്രബോധനവും അവസാനിക്കുന്നില്ല. മാര്‍പാപ്പായുടെ ഓരോ ഉദ്‌ബോധനത്തിലും മുഴങ്ങിനില്ക്കുന്ന ഘടകങ്ങള്‍ കരുണ, അനുകമ്പ, ദയ എന്നിവയാണ്. നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങള്‍തന്നെ ജാതിവ്യവസ്ഥയ്ക്കു കീഴിലെ ജനാധിപത്യവിരുദ്ധ അന്തരീക്ഷത്തില്‍ കഴിഞ്ഞ സമൂഹമാണ് ഇന്ത്യയിലേത്. ആധുനിക ഇന്ത്യന്‍ സമൂഹത്തിലും ജാതിയും അതിന്റെ ഭാഗമായ അസമത്വവും സാമൂഹികാനീതിയും ഇപ്പോഴും ഒരു പ്രധാന വിഷയംതന്നെയാണ്.
ഇന്ത്യയില്‍ മൂവായിരത്തോളം ജാതികളും ഇരുപത്തിയയ്യായിരത്തോളം ഉപജാതികളുമുണ്ട്. അവ ഓരോന്നും ഓരോ തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളെ അവരുടെ തൊഴിലുമായി ബന്ധപ്പെട്ടു നാലായി തരംതിരിക്കുന്ന രീതിയാണ് ഹിന്ദുമതത്തിലെ വേദങ്ങളും മനുസ്മൃതിയും മറ്റും അനുശാസിച്ചിരുന്നത്. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാലു വിഭാഗങ്ങളെയാണ് ചാതുര്‍വര്‍ണ്യം എന്നു പറയുന്നത്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തില്‍ പറയുന്നതനുസരിച്ച്, ബ്രാഹ്‌മണര്‍ ബ്രഹ്‌മാവിന്റെ വായില്‍നിന്നും, ക്ഷത്രിയന്‍ കൈകളില്‍നിന്നും, വൈശ്യര്‍ തുടകളില്‍നിന്നും, ശൂദ്രര്‍ പാദത്തില്‍നിന്നും വന്നവരാണ്. ബ്രാഹ്‌മണന്‍- പുരോഹിതന്‍, വൈദ്യന്‍ അധ്യാപകന്‍, പണ്ഡിതന്‍; ക്ഷത്രിയന്‍-യോദ്ധാവ്, ഭരണാധികാരി; വൈശ്യര്‍-വ്യാപാരികള്‍, ബിസിനസുകാര്‍, കര്‍ഷകര്‍; ശൂദ്രര്‍-തൊഴിലാളികള്‍, മറ്റു മൂന്നു വര്‍ണക്കാര്‍ക്കുസേവനം ചെയ്യുന്നവര്‍ എന്നിങ്ങനെയായിരുന്നു തൊഴില്‍ പരമായ തരംതിരിവുകള്‍.
ഈ നാലു പാളിയിലും ഉള്‍പ്പെടാതെ പുറംതള്ളപ്പെട്ടവരായിരുന്നു ദളിതര്‍ (പട്ടികജാതി, പട്ടികവര്‍ഗം) എന്നറിയപ്പെടുന്ന അയിത്തം കല്പിക്കപ്പെട്ട ജാതിക്കാര്‍. ചാതുര്‍വര്‍ണ്യത്തില്‍ ഏറ്റവും താഴത്തെ തട്ടില്‍ കണക്കാക്കപ്പെട്ട ശൂദ്രര്‍ ജാതിശ്രേണിയിലെ സവര്‍ണര്‍ ആയി എണ്ണപ്പെട്ടിരുന്ന ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെക്കാള്‍ സാമൂഹികവും സാമ്പത്തികവുമായി വളരെയധികം പിന്നാക്കമായിരുന്നു. ചാതുര്‍വര്‍ണ്യത്തിലെ വര്‍ണവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നത് തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനു സഹായകരമാണെന്നു കരുതിയ ബ്രിട്ടീഷുകാര്‍ 1860 നും 1920 നും ഇടയില്‍ ഇന്ത്യയിലെ അവരുടെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കി ഈ സമ്പ്രദായത്തെ മാറ്റിയിരുന്നു. ഭരണപരമായ ജോലികളും ഉയര്‍ന്ന നിയമനങ്ങളും സവര്‍ണര്‍ക്കുമാത്രമായി നല്‍കി. ബ്രിട്ടീഷുകാര്‍ ക്രൈസ്തവരെ സവര്‍ണര്‍ക്കൊപ്പം പരിഗണിച്ചിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹികാനീതിക്കെതിരേ കീഴ്തട്ടിലുള്ള ജനങ്ങള്‍ 1920 കളില്‍ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. അതേത്തുടര്‍ന്ന്, കൊളോണിയല്‍ഭരണകൂടം കീഴ്ജാതിക്കാര്‍ക്കു സര്‍ക്കാര്‍ ജോലികളില്‍ നിശ്ചിതശതമാനം സംവരണം ചെയ്തു. 1948 ല്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമംമൂലം നിരോധിച്ചു. മാത്രമല്ല, ചരിത്രപരമായി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംവരണം ഭരണഘടനയുടെ ഭാഗമാക്കുകയും ചെയ്തു. എങ്കിലും, ഇന്ത്യന്‍ സമൂഹത്തില്‍ സവര്‍ണാധിപത്യവും ജാതിചിന്തയും വിവേചനവും അസമത്വവും നിലനിന്നു. സ്വാതന്ത്ര്യത്തിനുശേഷം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കു നിശ്ചിതശതമാനം സംവരണം നടപ്പാക്കിയെങ്കിലും മറ്റു പിന്നാക്കവിഭാഗങ്ങളും വളരെയധികം വിവേചനമനുഭവിച്ചു. ഇതേക്കുറിച്ചു പഠിക്കുന്നതിന് 1979 ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ബീഹാറിലെ മുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ അധ്യക്ഷനായി ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ പഠനത്തില്‍ ജാതിവ്യവസ്ഥയില്‍ ഏറ്റവും താഴത്തെ വിഭാഗമായി കണക്കാക്കിയിരുന്ന ശൂദ്രവിഭാഗത്തിലെ പിന്നാക്കജനത ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത്തിരണ്ടു ശതമാനം വരുമെന്നും അവര്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും എല്ലാം വളരെ പിന്നിലാണെന്നും കണ്ടെത്തി. ആ അസമത്വത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ മറ്റു പിന്നാക്കജാതിക്കാര്‍ക്കായി ഒബിസി എന്ന ഒരു പ്രത്യേക വര്‍ഗീകരണം നിര്‍മിച്ചെടുക്കുകയും ഉദ്യോഗത്തിലും ഉന്നതവിദ്യാഭ്യാസത്തിലും 27 ശതമാനം സംവരണം ശിപാര്‍ശ ചെയ്യുകയും ചെയ്തു (1981 ഡിസംബര്‍ 31).
എന്നാല്‍, രാജ്യത്തെ സവര്‍ണവിഭാഗങ്ങള്‍ അതി നെ ശക്തമായി എതിര്‍ത്തു; വലിയ കലാപങ്ങള്‍ സൃഷ്ടിച്ചു. 1990 ഓഗസ്റ്റ് 7ന് മണ്ഡല്‍കമ്മീഷന്‍
റിപ്പോര്‍ട്ടു നടപ്പാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് പ്രഖ്യാപിച്ചു. ജാതിയുടെ പേരില്‍ ഹൈന്ദവജനതയ്ക്കിടയില്‍ത്തന്നെയുണ്ടായ വിഭജനം ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയാധികാരപ്രതീക്ഷകളെയാണ് ദോഷകരമായി ബാധിച്ചത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള 'സ്വത്വബോധം' ഉണ്ടായാല്‍മാത്രമേ ആര്‍എസ്എസിന് അതിന്റെ രാഷ്ട്രീയവിഭാഗമായ ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ കഴിയൂ.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമൂലംഹിന്ദുക്കള്‍ക്കിടയിലുണ്ടായ ജാതിവിഭജനചിന്തയെ മറികടക്കാന്‍ ഹൈന്ദവേതരമതസ്ഥര്‍ക്കെതിരായി വികാരം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ശ്രമം അയോധ്യയിലെ ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ തുടങ്ങി എത്രയോ ഹിന്ദു-മുസ്ലീം വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കിടയാക്കിയെന്നു നാം കണ്ടതാണ്.
ഒരു പൊതുശത്രുവിനെതിരേ ഹിന്ദുക്കളെല്ലാം ഒരുമിച്ചുനില്‍ക്കണമെന്ന പൊതുബോധം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത അസമത്വവിദ്വേഷം സൃഷ്ടിക്കല്‍ അജണ്ട വിജയത്തിലെത്തുകയും രാജ്യത്തിന്റെ പരമാധികാരം അനായാസമായി ബിജെപിയുടെ കൈകളിലെത്തുകയും ചെയ്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇത്രയുംകാലത്തെ ചുവടുവയ്പുകളിലൂടെ സംശയാതീതമായി ബോധ്യമാകുന്ന ഒരു കാര്യം പാക്കിസ്ഥാന്‍ ഒരു മുസ്ലീംരാഷ്ട്രമാണെന്നതുപോലെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം അഥവാ ഹിന്ദുസ്ഥാന്‍ ആക്കി മാറ്റുക ആര്‍ എസ് എസ് അജണ്ടയാണെന്നതാണ്.
അങ്ങനെ സംഭവിച്ചാല്‍, രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും പൂര്‍ണമായും സവര്‍ണാധിപത്യത്തിലേക്കു പോകുകയും ഹൈന്ദവേതര മതസ്ഥര്‍ മാത്രമല്ല, പിന്നാക്കവിഭാഗം ജനങ്ങളും പട്ടികജാതി പട്ടികവര്‍ഗസമൂഹവും എല്ലാം കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും മൗലികാവകാശങ്ങള്‍പോലും ഇല്ലാതാകുകയും ചെയ്യും.
ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം, ആര്‍എസ്എസ് - മുസ്ലീം സംഘര്‍ഷത്തില്‍ ക്രൈസ്തവരെ കൂടെനിര്‍ത്താനുള്ള സംഘപരിവാര്‍തന്ത്രം ഒരു കെണിയാണെന്നത് കേരളത്തിലെ വലിയൊരു വിഭാഗം സുറിയാനിക്രൈസ്തവര്‍ക്കും മനസ്സിലാകുന്നില്ല എന്നതാണ്. തങ്ങളും സവര്‍ണരാണ് എന്ന മിഥ്യാഭിമാനബോധം കൊണ്ടു നടക്കുന്ന അവരെ സംഘപരിവാര്‍ തത്കാലത്തേക്ക് മുസ്ലീമിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. അതുകഴിഞ്ഞാല്‍ അവര്‍ തിരിയുക ക്രൈസ്തവരടക്കമുള്ള ഇതര ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു നേരേയാവും.
രാജ്യം നേരിടാന്‍ പോകുന്ന ഈ വിപത്തുകളെല്ലാം മുന്നില്‍ക്കണ്ടിട്ടാണ് രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള നിരവധി രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്ന് 'ഇന്ത്യ' എന്ന രാഷ്ട്രീയമുന്നണിക്കു രൂപം നല്‍കിയത്. കടുത്ത രാഷ്ട്രീയ എതിര്‍പ്പുകളെയും നിയമപോരാട്ടങ്ങളെയും നേരിട്ടുകൊണ്ടാണ് ബീഹാറില്‍ നിതീഷ് കുമാര്‍ ഭരണകൂടം അവര്‍ നടത്തിയ ജാതിസര്‍വേയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. അതേ മാതൃകയില്‍ രാജ്യത്തുമുഴുവന്‍ ജാതി സെന്‍സസ് നടത്തണമെന്ന് കോണ്‍ഗ്രസും മറ്റു പല കക്ഷികളും ആവശ്യപ്പെട്ടിരിക്കുന്നത് ബിജെപിയെ രാഷ്ട്രീയമായി വെട്ടിലാക്കിയിരിക്കുകയാണ്.
രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന, ദേശീയപ്രസ്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടാന്‍ കഴിയുന്ന കോണ്‍ഗ്രസിനെ രാജ്യത്തുനിന്നു തുടച്ചുനീക്കാന്‍ ബിജെപി ഉപയോഗിക്കുന്ന തന്ത്രവും 'ഹിന്ദുത്വ' ഏകീകരണം എന്ന അജണ്ടയാണ്. ഈ അജണ്ട നടപ്പാക്കാന്‍ ഏറ്റവും സമര്‍ഥന്‍ താനാണെന്ന് നരേന്ദ്രമോദി 2002 ലെ ഗുജറാത്തുകലാപത്തോടെ തെളിയിക്കുകയും ചെയ്തു.
ജാതി തിരിച്ച് രാജ്യത്തെ സാമൂഹികസാമ്പത്തികസ്ഥിതി പരിശോധിക്കപ്പെടുകയും അതിനനുസരണമായി സംവരണം ചര്‍ച്ചയാവുകയും ചെയ്താല്‍ ഹിന്ദുത്വ ഏകീകരണവും അതുവഴിയുള്ള വോട്ടുസമാഹരണവും നടക്കാതെവരുമെന്നു ബിജെപി കരുതുന്നു. ദളിതരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ജനസംഖ്യാക്കണക്കുമാത്രമല്ല അവരുടെ ജീവിതനിലവാരം, വിദ്യാഭ്യാസനിലവാരം, തൊഴില്‍ തുടങ്ങിയ വിവരങ്ങളെല്ലാം ജാതിസെന്‍സസ്‌വഴി പുറത്തുവരും. അങ്ങനെ വന്നാല്‍, രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷമായ പിന്നാക്കക്കാരും ദളിതരുമെല്ലാം സംഘടിക്കുകയും രാഷ്ട്രീയാധികാരത്തിന്റെ പങ്കു കണക്കുപറഞ്ഞു വാങ്ങിക്കുകയും ചെയ്യും. ഇതു രാജ്യത്തു സാമൂഹികനീതിയും സമത്വവും കൊണ്ടുവരുന്നതിനിടയാകും.
മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനസംഖ്യയുടെ 52 ശതമാനത്തെ പ്രതിനിധീകരിക്കുന്ന മറ്റു പിന്നാക്കജനവിഭാഗങ്ങളുടെയും ദളിതരുടെയും സാമൂഹികപദവിയും അവസ്ഥയും മുന്നാക്കജാതികളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. അതാണ് ഇന്ത്യയില്‍ ജാതിസെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നത്. പരിശുദ്ധ ഫ്രാന്‍സീസ് പാപ്പായുടെ 'സമത്വ'ത്തിനായുള്ള പ്രബോധനങ്ങളെ പിന്തുടരുന്ന ക്രൈസ്തവനു ജാതിസെന്‍സസിനെ പിന്തുണയ്ക്കാതിരിക്കാന്‍ കഴിയില്ല.
കവര്‍സ്റ്റോറി
ജാതിരാഷ്ട്രീയം വിചാരണ ചെയ്യപ്പെടുമ്പോള്‍
