•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

കഥവീട്ടിലൊരമ്മ

  • ഡോ. മായാ ഗോപിനാഥ്
  • 30 November , 2023

തൂവെള്ള നര പടര്‍ന്ന മുടി ചുറ്റിക്കെട്ടി പിന്നില്‍ ഒതുക്കിവച്ച് നെറ്റിയിലൊരു ചുവന്ന പൊട്ടു കുത്തി വലിയൊരു കട്ടിക്കണ്ണട വച്ച് ഇളംനീലസാരിയുടെ തുമ്പ് പിന്നിലൂടെ ബ്ലൗസിനുമേലേ പുതച്ച്, ഒരു ദേവതയുടെ വിശുദ്ധി പേറി രാജമല്ലികള്‍ അരികുപറ്റിയ ഗേറ്റ് തുറന്നിറങ്ങി റോഡിലൂടെ ആയമ്മ നടന്നുപോകുന്നത് എന്നത്തെയുംപോലെ  തന്റെ ജനാലയിലൂടെ അന്നും ദിവ്യ നോക്കിനിന്നു.
പുതിയ വീട്ടില്‍ എത്തിയ ശേഷം ദിവ്യയുടെ ഓരോ പുലരിയും പൂവിരിയുന്നപോലെ ശോഭയുള്ളതാക്കിയത് ഈ കാഴ്ചയാണ്.
രാജമല്ലിപ്പൂക്കള്‍ ഒരു മെത്തപോലെ വീണുകിടന്ന ആ വഴിയിലൂടെ ആയമ്മ എന്നും പോകുന്നത് എവിടേക്കാണെന്നു ദിവ്യ ഓര്‍ക്കാറുണ്ട്.
ദിവ്യ ജേര്‍ണലിസം ഡിപ്ലോമയ്ക്കു പഠിക്കാന്‍ വന്നതാണ് ആ നഗരത്തില്‍. ചില ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുമുണ്ട്. വാര്‍ത്തകളെക്കാള്‍ എന്നും ദിവ്യയെ ആകര്‍ഷിച്ചത് വ്യക്തികളാണ്.
പ്രസിദ്ധരായവരെക്കാള്‍  അറിയപ്പെടാതെപോയവരെയും സ്വകര്‍മംകൊണ്ട് ആത്മകഥകള്‍ രചിച്ചു ലളിതജീവിതം നയിക്കുന്നവരെയും ദിവ്യ ഒരുപാടിഷ്ടപ്പെട്ടു.
അതുകൊണ്ടുതന്നെ അയല്‍വീട്ടിലെ അമ്മയുടെ ജീവിതത്തിലും കൗതുകകരമായ എന്തോ ഒന്നു നിലനില്‍ക്കുന്നുവെന്ന്  ദിവ്യയ്ക്ക് ഉറപ്പായിരുന്നു.
ശനിയാഴ്ച വൈകുന്നേരങ്ങളില്‍  മാര്‍ജിന്‍ ഫ്രീ കടയിലെ വണ്ടി വീടിനു മുന്നില്‍ നില്‍ക്കുന്നതും അമ്മ വന്നു വീട്ടുസാധനങ്ങളുടെ സഞ്ചികള്‍ വാങ്ങി പോകുന്നതും ദിവ്യ കാണാറുണ്ട്.
ഒന്നാംനിലയ്ക്കു മുകളില്‍ വിരിച്ചിട്ടുണങ്ങാറുള്ള കോട്ടണ്‍ സാരികളില്‍പ്പോലും എപ്പോഴും ഒരു ലാളിത്യം തുളുമ്പിനിന്ന് ദിവ്യയെ അവരോട് അടുപ്പിച്ചു കൊണ്ടിരുന്നു.
ഓരോ കാര്യത്തിലും ചിട്ടയും ഒതുക്കവും മിതത്വവും പുലര്‍ത്തുന്നയാളാണ് അമ്മയെന്നുറപ്പായിരുന്നു.
അമ്മയുടെ അടുക്കളപ്പുറത്തുള്ള തിട്ടമേല്‍ കഴുകി കമിഴ്ത്തിവയ്ക്കാറുള്ള തിളങ്ങുന്ന സ്റ്റീല്‍ പാത്രങ്ങളില്‍പ്പോലും അവരുടെ വൃത്തി നിറഞ്ഞുനില്ക്കും.
മുറ്റത്തിന്റെ അതിരോടു ചേര്‍ന്നു കായ്ച്ചുകിടക്കുന്ന വെണ്ടയും വഴുതിനയും ഇടയ്‌ക്കൊക്കെ ഒന്നോ രണ്ടോ വീതം അവര്‍ സൂക്ഷ്മതയോടെ അടര്‍ത്തിയെടുക്കുമ്പോള്‍ വീട്ടിലെ ഭക്ഷണമേശമേലിരുന്നു വെണ്ടയ്ക്കഉപ്പേരിക്കു നുറുക്കുന്ന തന്റെ അമ്മിണിയമ്മയെ ദിവ്യ ഓര്‍ത്തു. 
എഴുത്തുകാരിയല്ലെങ്കിലും ഒരു സാഹിത്യകാരിയുടെ ഭാഷയുണ്ട് തന്റെ അമ്മയ്ക്ക്. ഒരു കഥപോലും എഴുതിയിട്ടില്ലെങ്കിലും അമ്മ പറയും, കാലമാകുന്ന മഹാ സാഗരത്തിലേക്കു പ്രവഹിക്കുന്ന കഥയാണ് ഓരോ ജീവിതവും എന്ന്.
പെട്ടെന്ന് അമ്മിണിയമ്മയെ ഒന്നു കാണാന്‍ തോന്നി. വാട്‌സ്ആപ്പ് വീഡിയോ കോള്‍ വിളിച്ചു.
അമ്മ ഓണ്‍ലൈന്‍ അല്ല. അല്ലെങ്കിലും അമ്മമാരൊക്കെ മിക്കപ്പോഴും ശമ്പളമില്ലാത്ത  ഓഫ്ലൈന്‍ ഡ്യൂട്ടിയില്‍ ആവുമല്ലോ.
തീര്‍ച്ചയായും അടുത്ത ശനിയാഴ്ച തന്റെ അമ്മയെ കാണാന്‍ പോകണമെന്നു ദിവ്യ തീര്‍ച്ചപ്പെടുത്തി.
അന്ന് ഉച്ചയ്ക്കത്തേക്ക് ഒരു ചിക്കന്‍ ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. ഇന്‍സ്റ്റഗ്രാം നോക്കി അലസമായി കിടന്നപ്പോഴാണ് പതിവു തെറ്റിച്ച് ആരോ ഒരാള്‍ ഗേറ്റുകടന്ന് അപ്പുറത്തെ വീട്ടിലേക്കു പോയതും പിന്നെ അയാള്‍ ഉമ്മറത്തു കാത്തിരുന്ന നേരംകൊണ്ട്  ഒരുങ്ങിയിറങ്ങി. കയ്യില്‍ ഒരു ബാഗും തൂക്കി അയാള്‍ക്കൊപ്പം അമ്മു റോഡിലെത്തി, അയാള്‍ കൊണ്ടുവന്ന ഓട്ടോയില്‍ കയറി എങ്ങോട്ടോ പോവുകയും ചെയ്തു.
ഭക്ഷണത്തിന്റെ ഓര്‍ഡറുമായി സോമറ്റോ പയ്യന്‍ എത്തി.
ഭക്ഷണശേഷം ഒന്നു മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ സന്ധ്യ കനത്തിരുന്നു. പെട്ടെന്ന് ജനല്‍ കര്‍ട്ടന്‍ നീക്കി അപ്പുറത്തെ വീട്ടിലേക്കു നോക്കി.
സന്ധ്യയ്ക്ക്  ഉമ്മറത്ത് നിത്യവും തെളിയുന്ന നിലവിളക്കില്ല. പുറത്തും അകത്തും ഒരു ബള്‍ബും പ്രകാശിക്കാതെ വീട് ഇരുള്‍മൂടിക്കിടന്നു.
അകാരണമായ ഒരു ഭയം തോന്നി. ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായ ഒരു സ്ത്രീ. പരിസരവാസികളില്‍നിന്ന് അകലം പാലിച്ചു തന്റേതായ ലോകത്തു താമസിച്ചിരുന്നൊരാള്‍...
ആരോടു തിരക്കും ആയമ്മയെക്കുറിച്ച്?
ദിവ്യ പെട്ടെന്ന് താഴത്തെ നിലയിലുള്ള ഹൗസ് ഓണറുടെ അടുത്തുപോയി.
അവിടത്തെ ആന്റിയോട് അയല്‍വക്കത്തെ അമ്മയെക്കുറിച്ചന്വേഷിച്ചു.
അവര്‍ അവിവാഹിതയായ ഒരു റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ആണെന്നും എല്ലാവരോടും അകലം പാലിക്കുന്ന അവര്‍ എന്നും കാലത്ത് കുറച്ചകലെയുള്ള അനാഥാലയത്തിലെ അന്തേവാസികള്‍ക്കു പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാറുണ്ടെന്നും അറിഞ്ഞു.
സാധാരണമായി അവിടെ നിന്നു മാറിനില്‍ക്കാറില്ലെന്നും ആന്റിയില്‍നിന്നറിഞ്ഞപ്പോള്‍ വെറുതെ നെഞ്ചിലൊരു വിങ്ങല്‍. തനിക്കവരെ ഒന്നു നേരത്തേ പരിചയപ്പെടാമായിരുന്നു.
ഒറ്റയ്ക്കാകുമ്പോള്‍ ആരെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഉണ്ടായെങ്കില്‍ നന്നായെന്നു തോന്നാത്ത മനുഷ്യരുണ്ടോ?
രാത്രി വൈകുവോളം പലതവണ കര്‍ട്ടന്‍ മാറ്റി നോക്കിയെങ്കിലും അവിടെ പ്രകാശമൊന്നും കണ്ടില്ല.
കാലത്തെ പതിവുപോലെ ഗേറ്റു തുറന്ന് അവര്‍ വന്നില്ല. ഗേറ്റിനരികിലെ രാജമല്ലിപ്പൂക്കള്‍പോലും മൗനമായി അനക്കമറ്റ് നില്‍ക്കുന്നു.
 അമ്മയുടെ നീലക്കരയുള്ള സെറ്റുസാരി ടെറസിലെ അയയില്‍ തനിച്ചുകിടന്നു.
പുലര്‍കാലസൗരഭ്യം നഷ്ടമായ കാറ്റ് ചിന്താഭാരത്തോടെ ജനാലപ്പാളി ആയത്തില്‍ അടച്ചു.
ദിവ്യ വൈകിട്ട് കോളജ് വിട്ട് വന്നപ്പോഴും അയയിലെ സാരി അവിടെത്തന്നെ കിടന്നിരുന്നു.
 കൊഴിഞ്ഞ ഇലകള്‍ മുറ്റത്താകെ നിരന്നുകിടന്നു.
പെട്ടെന്നൊരു ശൂന്യത വീടിനെയാകെ ചൂഴ്ന്നപോലെ.
 ഇരുളടഞ്ഞു കിടന്ന ആ വീടു നോക്കി ഉള്ളിലൊരു ഭാരത്തോടെ ദിവ്യ ജനാലയടച്ച് ഉറങ്ങാന്‍ കിടന്നു.
നാലഞ്ചു ദിവസം കടന്നു പോയി.
അയയില്‍ കിടന്ന സാരി വെയില്‍കൊണ്ടു വിളറി. പിന്നെ ഇടയ്ക്ക് കാലംതെറ്റി പെയ്ത മഴയില്‍ കുതിര്‍ന്ന് അനാഥമായി.
രണ്ടാഴ്ചകൊണ്ട് ആ വീടിനുചുറ്റും കരിയിലകൊണ്ടു നിറഞ്ഞു.
രാജമല്ലികള്‍ക്കു പൂക്കാന്‍ ഉത്സാഹംകെട്ട പോലെയായി.
നനഞ്ഞുകിടന്ന ഒരു ശനിയാഴ്ചയായിരുന്നു അത്. വൈകുന്നേരം അമ്മിണിയമ്മയെ കാണാന്‍ ബസ് കയറി.
വീട്ടിലെത്തിയപ്പോള്‍ അമ്മിണിയമ്മ ആദ്യം കണ്ടുപിടിച്ചത്  അപൂര്‍ണമായ ഉറക്കം കണ്ണിനു താഴെ കട്ടപിടിച്ച് കറുപ്പായതാണ്.
പിന്നെ പരാതിയും പരിഭവവും ഇടകലര്‍ത്തിയ കാപ്പിയും അവല്‍ നനച്ച ശര്‍ക്കരമധുരവും.
അയല്‍വക്കത്തെ അമ്മയുടെ തിരോധാനം തന്നെ ഉലച്ചത് തിരിച്ചറിഞ്ഞ് അമ്മ പറഞ്ഞു:
''ആരെയും ഒന്നിനെയും അതിരുകടന്ന് ഇഷ്ടപ്പെടരുത് മോളൂ.''
''അപ്പോള്‍പ്പിന്നെ നമ്മളൊക്കെ വെറും നടീനടന്മാരായി മാത്രം ജീവിക്കില്ലേ അമ്മേ?''
''നാടകമാണ് ലോകമെന്നും നമ്മളൊക്കെ നടീനടന്മാര്‍ ആണെന്നും നാമെല്ലാം തിരിച്ചറിയുന്ന ഒരു പ്രായമുണ്ട്. നിനക്കവിടേക്കൊത്തിരി ദൂരമുണ്ട് മോളൂ.''
''അമ്മിണിയമ്മ എന്താ കഥയെഴുതാത്തത്?''
''മോളൂ, നമ്മളൊക്കെ കഥയിലൂടെ കഥയറിയാതെ പൊങ്ങുപോലെ ഒഴുകിയൊഴുകി നീങ്ങും.  കഥയറിയുന്ന അഷിതയും ആമിയുമൊക്കെ  മുത്തും പവിഴവും മുങ്ങിയെടുക്കും. പിന്നെ അക്ഷരച്ചെപ്പിലിട്ടടച്ച് അവയൊക്കെ നമുക്കു തരും. 
''എന്നാലും എന്റമ്മിണിയമ്മയല്ലേ ഒരു വെള്ളാരം കല്ലെങ്കിലും മുങ്ങിയെടുക്കെന്റെ പൊന്നേ...''
''കുറുമ്പത്തി...'' അമ്മ ദിവ്യയുടെ  മൂക്കിന്റെ തുമ്പുപിടിച്ച് പറഞ്ഞു.
ഞായറാഴ്ച തിരികെപ്പോരുമ്പോള്‍ അമ്മ ഉമ്മറത്തുനിന്നു പറഞ്ഞു.
''മോളൂ, ആയമ്മ ഉടനെ തിരിച്ചു വരും കേട്ടോ...''
''അമ്മിണിയമ്മേടെ നാക്ക് പൊന്നാവട്ടെ.'' ദിവ്യ അമ്മയെ കെട്ടിപ്പിടിച്ചുമ്മ വച്ചു.
വൈകുന്നേരത്തെ മഴയില്‍ അല്പം നനഞ്ഞാണ് ദിവ്യ വീട്ടിലെത്തിയത്.
 മുറിയിലേക്കുള്ള പടിക്കെട്ട് കയറുമ്പോള്‍ അപ്പുറത്തെ ടെറസിലേക്കു നോക്കി. അയയില്‍ കിടന്ന സാരി കാണാനില്ല.
അമ്മിണിയമ്മയുടെ നാക്ക് പൊലിച്ചപോലെ ഒരു നിമിഷം  വൈകാതെ ദിവ്യ അങ്ങോട്ടോടി. മുറ്റത്തെത്തിയതും  ഗേറ്റു തുറന്ന ശബ്ദം കേട്ട് ഒരു സ്ത്രീ പുറത്തേക്കു വന്നു.
''ഇവിടെ ഒരമ്മ താമസിച്ചിരുന്നു. അവരാണെന്നു കരുതിയാണ് ഞാന്‍...''
''ടീച്ചര്‍ക്ക് ഒരു ചെറിയ ഓപ്പറേഷന്‍ ആയിരുന്നു. അകത്തുണ്ട്. കുട്ടി വന്നോളൂ.'' അവര്‍ ദിവ്യയെ അകത്തെ മുറിയിലേക്കു കൂട്ടികൊണ്ടുപോയി.
റെഡ്ഒക്‌സൈഡ് ഇട്ട തറയില്‍ നല്ല തണുപ്പായിരുന്നു. കുറെ ദിവസമായി അടഞ്ഞു കിടന്നതിന്റെ പൂപ്പല്‍മണം മുറിയില്‍ തങ്ങിനിന്നിരുന്നു.
സ്വീകരണമുറിയുടെ മൂലയിലൊരു വലിയ നിലവിളക്ക് തിരിയില്ലാതെ, തെളിയാതെ വിളറി മഞ്ഞച്ചിരുന്നു.
അകത്തെ മുറിയിലെ കട്ടിലില്‍ ഇരുന്ന അമ്മയെക്കണ്ടു നെഞ്ചു തകര്‍ന്നുപോയി.
അമ്മയുടെ പഞ്ഞിക്കെട്ടുപോലെയുള്ള മുടിയാകെ വടിച്ചുകളഞ്ഞത് അവിടവിടെ കുറ്റിച്ചു വെളുത്തു വളര്‍ന്നുതുടങ്ങിയിരുന്നു.
പ്രൗഢമായൊരു നിസ്സഹായത കണ്ണുകളില്‍ നിറഞ്ഞുനിന്ന പോലെ.
ഇളംനീല നൈറ്റി ഇട്ടിരുന്ന അമ്മ അവളെ അടുത്തേക്കു വിളിച്ചു.
''വാ എന്റെ ചുന്ദരികുട്ടി. അടുത്തു വന്നിരിക്കൂ.''
പെട്ടെന്ന് ആ നെഞ്ചിലൊരു വാത്സല്യച്ചൂട് നിറഞ്ഞുതുളുമ്പിയപോലെ...
അടുത്തിരുന്ന തന്റെ കൈപ്പത്തിമേല്‍ തലോടി അമ്മ ചോദിച്ചു:
''എന്താ കയ്യില്‍ വളകളിടാത്തത് മോളേ?''
ആരെന്നോ എന്തെന്നോ അറിയാത്തൊരാളെ അടുത്തിരുത്തി സൗമ്യവും സ്‌നേഹമസൃണവുമായി തലോടിയ അമ്മയുടെ ഹൃദയം എത്രയേറെ ആര്‍ദ്രവും ലോലവുമാണെന്ന് ഓര്‍ത്തു പോയി.
''അമ്മയ്ക്ക് എന്തായിരുന്നു വയ്യായ്ക?'' ദിവ്യ ചോദിച്ചു. 
''ആവശ്യമില്ലാത്തൊരു മുഴ വളര്‍ന്നു വന്ന ഗര്‍ഭപാത്രം. അതങ്ങ് എടുത്തുകളഞ്ഞു. അത്രതന്നെ.''
ദിവ്യയ്ക്കു സംശയം തോന്നി. . അമ്മ പറയുന്നു ഗര്‍ഭപാത്രം എടുത്തുകളഞ്ഞെന്ന് പക്ഷേ, തലയിലൊരു മുറിവ് തുന്നിയ പാടും
''അപ്പോള്‍ അമ്മയുടെ തലയിലെ ഈ മുറിവോ?''
''ഹ ഹ ഹ. അത് ഡോക്ടര്‍മാര്‍ വെറുതെ തുറന്നു നോക്കീട്ട് അങ്ങു കുത്തിക്കെട്ടി...''
വീണ്ടും അവര്‍ പൊട്ടിച്ചിരിച്ചു.

''ഡോക്ടര്‍മാരുടെ കൈയില്‍ കിട്ടിയാല്‍ അവര്‍ നമ്മുടെ ശരീരം. മുഴുവന്‍ ക്യാമറ വച്ച് പഠിക്കും.''
ദിവ്യ അലിവോടെ അമ്മയുടെ നെറ്റിമേല്‍ ഒരുമ്മ കൊടുത്തു.
അപ്പോള്‍ നെഞ്ചിലേക്കു തല ചായ്ച്ച് അമ്മ പറഞ്ഞു: 
 ''ആശുപത്രിയില്‍ കൂട്ട് നിന്ന എന്റെ മകള്‍ ഡോക്ടറോടു നല്ലോണം വഴക്കിട്ടു. വെറുതെ എന്നെ കീറി മുറിച്ചതിന്...''
ദിവ്യയെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് അവര്‍ അതു പറഞ്ഞത്..
''കുട്ടിക്കു മനസ്സിലായില്ല അല്ലേ? കുന്തിയെപ്പോലെ എനിക്കുമുണ്ടൊരു മകള്‍. സുരാഞ്ജന... എന്റെ മകളാണ്.''
അതു പറഞ്ഞും അവര്‍ ഉറക്കെ ചിരിക്കുകയായിരുന്നു
''ഓപ്പറേഷനുശേഷം ടീച്ചര്‍ എപ്പോഴും കാരണമില്ലാതെ ഉറക്കെയുറക്കെ ചിരിക്കാറുണ്ട്.''
മുറിയിലേക്കു കടന്നുവന്ന സഹായിയായ സ്ത്രീ പറഞ്ഞു:
''ചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരങ്ങള്‍ പറയും.''
ദിവ്യയ്ക്ക് അതികഠിനമായ സങ്കടം തോന്നി. ഒരു പൊന്‍പുലര്‍ശോഭയായി, മന്ത്രവിശുദ്ധിയായി താന്‍ കണ്ട അമ്മ മുടി മൊട്ടയായി ബോധാബോധങ്ങള്‍ക്കിടെ ഉഴറിയത് എത്ര പെട്ടെന്നാണ്!
ഒരു ദേവതയുടെ വിശുദ്ധിപേറിയ, സന്മനസ്സും കാരുണ്യവും തുളുമ്പിയ ഒരമ്മ.
ഇന്നിപ്പോള്‍ യുക്തിഭദ്രമായ ചിന്തകള്‍ എല്ലാം നശിച്ച്, സ്വബോധം നശിച്ച് തികച്ചും ഒറ്റപ്പെട്ടുപോയിരിക്കുന്നു.
പ്രതികരണശേഷിയും ചലനവുംകൂടി നശിച്ചു  കിടപ്പായിപ്പോയില്ലല്ലോ എന്ന ഒറ്റ ആശ്വാസം.
ദിവ്യ പുറത്തിറങ്ങി. അമ്മയുടെ സഹായി ഗേറ്റ് അടയ്ക്കാന്‍ പിന്നാലെ വന്ന വഴി സ്വരം താഴ്ത്തി പറഞ്ഞു:
''മകള്‍ ഉണ്ടെന്നൊക്കെ ടീച്ചര്‍ വെറുതെ  പറയുകയാണ് കേട്ടോ കുട്ടീ. ഓപ്പറേഷന്‍ തലയ്ക്കായിരുന്നു. ഒരു മുഴയുണ്ടായിരുന്നു തലയ്ക്കുള്ളില്‍. അന്നേ ഡോക്ടര്‍ പറഞ്ഞതാ ചിലപ്പോള്‍ ഓര്‍മയ്ക്കും ബുദ്ധിക്കും ഒക്കെ തകരാറു വരാമെന്നൊക്കെ. ഓപ്പറേഷനു മുന്നേതന്നെ കുറച്ച് ഓര്‍മപ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു.''
''ചേച്ചി അമ്മയുടെ ബന്ധുവാണോ?''
ദിവ്യ  ചോദിച്ചു.
''ടീച്ചര്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സ്‌കൂളിലെ പ്യൂണ്‍ ആയിരുന്നു ഞാന്‍. ഓരോപ്പറേഷന്‍ ഉണ്ടെണെന്നറിഞ്ഞു. ടീച്ചര്‍ക്ക് വേറേ ആരും തുണയില്ലെന്നറിയാം. അതാണ് ഞാന്‍ കൂടെ ആശുപത്രിയില്‍ പോയത്. എന്നെ ഒരുപാടു സഹായിച്ചിട്ടുള്ളയാളാണ്. എനിക്ക് ഒറ്റയ്ക്കാക്കീട്ടു പോകാനും വയ്യ, നില്‍ക്കാനും വയ്യാത്തൊരവസ്ഥയായി പ്പോയി.''
''ബന്ധുക്കള്‍ ഒന്നും വേറേ ഇല്ലേ അമ്മയ്ക്ക്?''
''ഉണ്ടായിട്ടു കാര്യമില്ലല്ലോ കുട്ടീ. ഈ വീടും പറമ്പുമൊക്കെ കാലശേഷം അനാഥാലയത്തിന് പണ്ടേ രജിസ്റ്റര്‍ ആക്കി. അല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബന്ധുക്കള്‍ തമ്മിലടിച്ചേനെ, ഈ അമ്മയെ നോക്കാന്‍.''
ദിവ്യ കനംതൂങ്ങിയ കാലടികളോടെ പടികയറി മുറിയിലെത്തി.
എത്ര പെട്ടെന്നാണ് ഒരു ദീപം എണ്ണ വറ്റി കരിന്തിരിയാകാറാവുന്നത്!
കഥവീടിനുമേല്‍ കരിമേഘങ്ങള്‍ ചേക്കേറി.
അരണ്ട പ്രകാശം വിതറി കത്തിനിന്ന മുറ്റത്തെ ബള്‍ബ് മിന്നിമിന്നിയണഞ്ഞു.
നക്ഷത്രക്കൂട്ടത്തില്‍നിന്ന് മാറി ഒറ്റപ്പെട്ടൊരു കുഞ്ഞുനക്ഷത്രം മേഘമാലയ്ക്കിടയിലൂടെ കഥവീടിനുമേല്‍ കാവലായി നില്‍ക്കുന്നത്  ദിവ്യ കണ്ടു. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)