മനുഷ്യന് ആകാശത്തുമാത്രം കാണുന്ന ചന്ദ്രനെ, ഭൂമിക്കു പ്രകാശം ചൊരിഞ്ഞുകൊടുക്കുന്ന ചന്ദ്രനെ മനുഷ്യന്‍ അരികത്തുചെന്നു തൊട്ടു. അസാധ്യം, അസംഭവ്യം, അവിശ്വസനീയം എന്നേ ആര്‍ക്കും തോന്നൂ. എന്നാല്‍, അതു സംഭവിച്ചു. അര്‍പ്പിതമനസ്‌കരായ, അതിപ്രഗല്ഭരായ ഒരു പറ്റം ശാസ്ത്രജ്ഞന്മാരുടെ അനേകകാലത്തെ പരിശ്രമങ്ങള്‍ക്കും നിരവധി പരാജയങ്ങള്‍ക്കുംശേഷം അതു സംഭവിച്ചു.
1965 ജൂലായ് 20 ന് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി ചരിത്രം സൃഷ്ടിച്ചു. നമ്മുടെ ദൃഷ്ടിയില്‍ അടുത്തു കാണുന്ന ചന്ദ്രനും നമ്മള്‍ വസിക്കുന്ന ഈ ഭൂമിയും തമ്മിലുള്ള അകലം നാലുലക്ഷത്തിലേറെ കിലോമീറ്ററാണ്. അത്രയും ദൂരം അതിശയകരമായി സഞ്ചരിച്ചാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത്. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ ചെറുതായി കാണുന്ന ചന്ദ്രന്റെ വ്യാസം ഏകദേശം 3500 കിലോമീറ്ററാണ്. അങ്ങനെയുള്ള ചന്ദ്രഗോളത്തിലേക്കാണ് അതിസാഹസികമായി മനുഷ്യന്‍ സഞ്ചരിച്ചത്.
ഫ്‌ളോറിഡാ ഐലന്റില്‍നിന്നു പുറപ്പെട്ട അമേരിക്കയുടെ അപ്പോളോ - 11 എന്ന ചാന്ദ്രപേടകത്തില്‍ സഞ്ചരിച്ച യാത്രികര്‍ മൂന്നുപേരായിരുന്നു. കമാന്‍ഡര്‍ നീല്‍ ആംസ്‌ട്രോങ്, ചാന്ദ്രവാഹനത്തിന്റെ പൈലറ്റ് എഡ്വിന്‍ ആള്‍ഡ്രിന്‍, മാതൃവാഹനം നിയന്ത്രിച്ച മൈക്കിള്‍ കോളിന്‍സ് എന്നിവര്‍.
ചന്ദ്രനുസമീപം ഭ്രമണപഥത്തിലെത്തിയ 'കൊളംബിയ' എന്ന മാതൃവാഹനത്തില്‍നിന്നു ലൂണാര്‍ മോഡ്യൂളിലേക്കു പ്രവേശിച്ചതു രണ്ടുപേരാണ്. കമാന്‍ഡര്‍ നീല്‍ ആംസ്‌ട്രോങ്ങും പൈലറ്റ് എഡ്വിന്‍ ആള്‍ഡ്രിനും. ഉദ്വേഗഭരിതമായ നിര്‍ണായക നിമിഷങ്ങള്‍. വാഹനം സാവധാനം താഴ്ന്ന് ചന്ദ്രോപരിതലത്തിലെത്തി. ഭൂമിയിലെ നിയന്ത്രിതകേന്ദ്രമായ 'നാസ'യില്‍നിന്നുള്ള നിര്‍ദേശപ്രകാരം വാതില്‍തുറന്ന് ആദ്യം ആംസ്‌ട്രോങ് പുറത്തിറങ്ങി. ചുറ്റുപാടും നിരീക്ഷിച്ച് അപകടമില്ലെന്ന അടയാളം നല്‍കിയപ്പോള്‍ ആള്‍ഡ്രിനും പുറത്തുവന്നു. അപ്പോഴേക്കും ഇരുപത്തിരണ്ടു മിനിറ്റ് കഴിഞ്ഞിരുന്നു.
അതിശയം കതിരിട്ട മിഴികളോടെ ആഹ്ലാദഭരിതരായി അവര്‍ ചുറ്റും നോക്കി. കൈയില്‍ കരുതിയിരുന്ന അമേരിക്കന്‍ പതാക ചന്ദ്രനില്‍ സ്ഥാപിച്ചു. മനുഷ്യരാശിക്ക്, പ്രത്യേകിച്ച് അമേരിക്കന്‍ജനതയ്ക്ക് രോമാഞ്ചം പകര്‍ന്ന അസുലഭനിമിഷങ്ങള്‍! ശാസ്ത്രത്തിന്റെ ഔന്നത്യവും മനുഷ്യന്റെ മഹാവിജയവും ഒന്നിച്ചുചേര്‍ന്ന മഹോന്നതമുഹൂര്‍ത്തം!
ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ ആംസ്‌ട്രോങ് പറഞ്ഞ വാക്യങ്ങള്‍ റേഡിയോവഴി ലോകം മുഴുവനും പ്രക്ഷേപണം ചെയ്യപ്പെട്ടു:
''മനുഷ്യന് ഇതു ചെറിയൊരു കാല്‍വയ്പ്; മനുഷ്യവര്‍ഗ്ഗത്തിനിത് വലിയൊരു കുതിച്ചുചാട്ടം (ഠവശ െശ െീില ാെമഹഹ േെലു ളീൃ മ ാമി, ീില ഴശമി േഹലമു ളീൃ ാമിസശിറ) ഇതായിരുന്നു ആ വാക്കുകള്‍.
ഇതോടൊപ്പം മറ്റൊന്നുകൂടി ഇവിടെ സൂചിപ്പിക്കട്ടെ. യാത്രികര്‍ ചന്ദ്രനില്‍ കാലുകുത്തിയ ദിവസം ടെക്‌സാസിലെ വെബ്സ്റ്ററിലെ പ്രിസ്ബിറ്റേറിയന്‍ പള്ളിയില്‍ (എഡ്വിന്‍ ആള്‍ഡ്രിന്‍ ഇതിലെ അംഗമാണ്) റവ. ഡീന്‍ വൂഡ് റഫ് ദിവ്യശുശ്രൂഷാമധ്യേ ഉയര്‍ത്തിയ തിരുവോസ്തിയില്‍ ചെറിയൊരു ഭാഗം കുറവുണ്ടായിരുന്നു. വിശ്വാസികളോടായി അദ്ദേഹം അതിന്റെ കാരണം വിശദീകരിച്ചു: ''നമ്മുടെ ആള്‍ഡ്രിന്‍ ഒരു കുഞ്ഞുപേടകത്തിലാക്കി അതു ചന്ദ്രനിലേക്കു കൊണ്ടുപോയിരിക്കയാണ്. നിങ്ങളെല്ലാവരും മനസ്സുരുകി പ്രാര്‍ഥിക്കുക.'' കൊച്ചുപേടകത്തില്‍ കരുതിയ തിരുവോസ്തിയുടെ അല്പഭാഗം ചന്ദ്രനില്‍വച്ച് ആള്‍ഡ്രിന്‍ ഉള്‍ക്കൊണ്ടു നിവൃതി നേടി. ഇതും ചരിത്രമായി മാറി.
ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ കാലങ്ങളില്‍, വിവിധഘട്ടങ്ങളിലായി നാലുലക്ഷത്തോളം പേരാണ് പണിയെടുത്തിരുന്നത്; ഒടുവില്‍ ഇറങ്ങിയതോ രണ്ടുപേരും. മൈക്കിള്‍ കോളിന്‍സ് ചന്ദ്രിലെത്തിയെങ്കിലും ഇറങ്ങാനുള്ള നിര്‍ദേശമോ അതിനുള്ള ഭാഗ്യമോ ഉണ്ടായില്ല.
രണ്ടുപേര്‍ ചന്ദ്രനില്‍ ഇറങ്ങിയെങ്കിലും ചന്ദ്രന്റെ മണ്ണില്‍ കാലുകുത്തുക എന്ന ലക്ഷ്യസാക്ഷാത്കാരത്തില്‍ നീല്‍ ആംസ്‌ട്രോങ് ഒന്നാമനായി, എഡ്വിന്‍ ആള്‍ഡ്രിന്‍ രണ്ടാമനും. രണ്ടാമനെന്ന ഈ ലേബല്‍ ആള്‍ഡ്രിന്റെ മനസ്സിനു വലിയ ഭാരവും ഇച്ഛാഭംഗവുമുണ്ടാക്കിയെന്ന് ആയിടയ്ക്കു മാധ്യമങ്ങള്‍ പറഞ്ഞിരുന്നു.
ചാന്ദ്രയാത്രികരായ മൂന്നുപേര്‍ക്കും യു.എസ്. സര്‍ക്കാര്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം എന്ന ബഹുമതി നല്‍കി ആദരിച്ചു. തുടര്‍ന്നു ലഭിച്ച സ്വീകരണങ്ങളിലെല്ലാം തിളങ്ങിയത് ആംസ്‌ട്രോങ് ആയിരുന്നു. കൂടാതെ, ഈ വിജയദൗത്യത്തിന്റെ സ്മാരകമായി തപാല്‍ വകുപ്പ് നീല്‍ ആംസ്‌ട്രോങ്ങിന്റെ ചിത്രവും താഴെ ഫസ്റ്റ് മാന്‍ ഓണ്‍ ദ മൂണ്‍ എന്ന ലിഖിതവുമായി ഒരു സ്റ്റാമ്പ് പുറത്തിറക്കി. ഇതെല്ലാം, ആള്‍ഡ്രിന്റെ മനോവിഷമത്തെ വര്‍ധിപ്പിച്ചു. ചന്ദ്രനില്‍വച്ചു ഭക്തിയോടെ തിരുവോസ്തി ഉള്‍ക്കൊണ്ട മാതൃകാവിശ്വാസിയിലെ ആധ്യാത്മികത അവിടെ ചോര്‍ന്നുപോയി. ലൗകികചിന്ത മനസ്സിലിരുന്നു തുടികൊട്ടി. ക്രമേണ, അദ്ദേഹം മൂകതയുടെയും ഏകാന്തതയുടെയും ലഹരിയുടെയും ലോകത്തിലേക്കു പിന്‍വാങ്ങിയെന്നാണു ജനസംസാരം.
അതേസമയം, പടിക്കല്‍വരെ എത്തിയിട്ടു വീട്ടില്‍ കയറാതെ മടങ്ങേണ്ടിവന്ന ഒരു വ്യക്തിയുണ്ട്. അതു മാതൃവാഹനത്തിന്റെ പൈലറ്റായിരുന്ന മൈക്കിള്‍ കോളിന്‍സാണ്. സഹയാത്രികര്‍ തിരിച്ചെത്തുന്നതുവരെ ഭ്രമണപഥത്തില്‍ കറങ്ങുകയായിരുന്നു അദ്ദേഹം. ചന്ദ്രനില്‍ കാലുകുത്താന്‍ കഴിയാത്തതിന്റെ എന്തെങ്കിലും നൈരാശ്യം കോളിന്‍സിന് ഉണ്ടായതായി അറിയില്ല. അപ്പോള്‍ എഡ്വിന്‍ ആള്‍ഡ്രിന്റെ ഖേദം വ്യക്തിപരമായ മനപ്രയാസം എന്നു കരുതാനേ കഴിയൂ. അത് അമേരിക്കന്‍ സ്വപ്നത്തിലെ ഒരു കളങ്കമായി കാണാനാവില്ല. ഭൂമിയില്‍നിന്നു നോക്കിയാല്‍ ചന്ദ്രനിലുമുണ്ടല്ലോ ഒരു കളങ്കം. അതുകൊണ്ടു ചന്ദ്രനെന്തെങ്കിലും കുറവുണ്ടോ?
പരസ്പരം വെല്ലുവിളിച്ചിട്ടില്ലെങ്കിലും ലോകശക്തികളായ അമേരിക്കയും സോവിയറ്റു യൂണിയനുമാണ് ബഹിരാകാശരംഗത്തു പരീക്ഷണങ്ങള്‍ തുടരെത്തുടരെ നടത്തിയത്. ബഹിരാകാശസഞ്ചാരത്തില്‍ ചരിത്രം സൃഷ്ടിച്ച രാജ്യമാണ് സോവിയറ്റു യൂണിയന്‍. 1961 ഏപ്രിലില്‍ ലോകത്ത് ആദ്യമായി സ്‌പെയ്‌സിലൂടെ പ്രദക്ഷിണം നടത്തിയതു യൂറിഗഗാറിന്‍ എന്ന റഷ്യക്കാരന്‍ യുവാവാണ്. പിന്നീട്, 1962 ലും 1963 ലും മറ്റു വ്യക്തികള്‍ ബഹിരാകാശയാത്രകള്‍ നടത്തി. 1963 ജൂണില്‍ വാലന്റീന തെരഷ്‌കോവ എന്ന റഷ്യന്‍ വനിത ബഹിരാകാശസഞ്ചാരം നടത്തുകയും മറ്റു രംഗങ്ങളിലെന്നപോലെ ഈ രംഗത്തും തങ്ങള്‍ പുരുഷന്മാര്‍ക്കു തുല്യരാണെന്നു തെളിയിക്കുകയും ചെയ്തു. പിന്നെ ഒരു ദൗത്യത്തില്‍ ഒരേ പേടകത്തില്‍ മൂന്നുപേര്‍ ഒന്നിച്ചുസഞ്ചരിച്ചു. 1965 ല്‍ വോഡ് ഖോസ് 2 ല്‍ രണ്ടുപേര്‍ ബഹിരാകാശയാത്ര നടത്തി. ഇതില്‍ ഒരാള്‍ പേടകത്തില്‍നിന്നു പുറത്തിറങ്ങി പത്തുമിനിറ്റു നേരം വിഹായസ്സിന്റെ അനന്തശൂന്യതയില്‍ നീന്തിക്കളിച്ചു. 1967 ല്‍ സോയൂസ് ഒന്നില്‍ ബഹിരാകാശയാത്ര നടത്തിയ വ്‌ളാഡിമിര്‍ കൊമാറോവ് പാരച്യൂട്ട് തക്കസമയത്തു പ്രവര്‍ത്തിക്കാഞ്ഞതിനാല്‍ അന്തരിച്ചു. പിന്നെയും പിന്നെയും ഏതാനും പരീക്ഷണങ്ങള്‍ സോവിയറ്റു യൂണിയന്‍ നടത്തിയെങ്കിലും ചന്ദ്രനിലേക്കുള്ള പ്രയാണം നടത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇതിനകം അമേരിക്ക ചന്ദ്രനില്‍ കാലുകുത്തുകയും ചെയ്തു.