ആദ്യം പുത്തന്‍പള്ളി(ഇന്നത്തെ വ്യാകുലമാതാ ബസിലിക്ക)യുടെ റാഫി. പിന്നീട്, വെള്ളമുണ്ടും കൈനീളന്‍ഷര്‍ട്ടും ധരിച്ച് ഞങ്ങള്‍ കണ്ട റാഫി ബ്രദര്‍. സെമിനാരി അവധിക്കാലത്ത് കുട്ടികളെ ഒത്തുചേര്‍ത്ത് പുല്‍ക്കൂട്, ഓണക്കളി, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ലീഡര്‍. ഏതവസ്ഥയിലായാലും തേങ്ങാപ്പൂള്‍പ്പോലെ പുഞ്ചിരി വിടരുന്ന മുഖശ്രീ. തൃശൂര്‍ തോപ്പ് മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ പഠനം. മാര്‍ കുണ്ടുകുളം പിതാവില്‍നിന്നു തിരുപ്പട്ടം. പിന്നീട് കാനന്‍നിയമത്തില്‍ ഉന്നതപഠനത്തിനായി റോമിലേക്ക്. തിരിച്ചുവന്ന് അരണാട്ടുകരയില്‍ കൊച്ചച്ചന്‍. തുടര്‍ന്ന് ദീര്‍ഘകാലം തൃശൂര്‍ അരമനയില്‍ വൈസ് ചാന്‍സിലര്‍മുതല്‍ സഹായമെത്രാന്‍പദവി വരെ... ശേഷം സങ്കീര്‍ണമായ ചുമതലകളോടെ പുതിയ ഷംഷാബാദ് രൂപതയുടെ മെത്രാന്‍. ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ അവസാനവാക്ക്. പ്രതീക്ഷകളും പ്രതിസന്ധികളും ഉണ്ടെങ്കിലും ജന്മനാ കൈവന്ന തേങ്ങാപ്പൂള്‍ചിരിയും സാധാരണക്കാരോടുള്ള സൗമ്യസംഭാഷണശൈലിയും അകലം കുറയ്ക്കാനും ബന്ധനങ്ങള്‍ മുറിക്കാനും അദ്ദേഹത്തിനു തുണയേകാതിരിക്കില്ല.
ഏതവസ്ഥയിലായിരുന്നാലും പത്തുപേരടങ്ങുന്ന കുടുംബം മുഴുവന്‍ വ്യാകുലമാതാവിന്റെ ദാസന്മാരാണ്. പിതാവിന്റെ അപ്പന്‍ നേരത്തേ മരണപ്പെട്ടതിനാല്‍ ആര്‍ദ്രഹൃദയമുള്ള അമ്മയായിരുന്നു തട്ടില്‍കുട്ടികള്‍ക്ക് അപ്പനും അമ്മയും. ബുദ്ധിമുട്ടിന്റെ ബാല്യവും കൗമാരവുമൊക്കെ അമ്മയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാപൂര്‍വം തരണംചെയ്തു. ആര്‍ക്കും കയറിച്ചെല്ലാവുന്ന എരിഞ്ഞേരി അങ്ങാടിയിലെ വീടിന്റെ ആതിഥ്യം സ്വീകരിക്കാത്ത തൃശൂര്‍ക്കാര്‍, പ്രത്യേകിച്ച് സമര്‍പ്പിതര്‍ വളരെ കുറവാണ്. അതുകൊണ്ടെല്ലാം പിതാവ് ഓരോ പദവി സ്വീകരിക്കുമ്പോഴും കൂടെ സമര്‍പ്പിതസമൂഹവും ഉണ്ടാകും; ഇപ്പോഴും അങ്ങനെതന്നെ. തട്ടില്‍കുടുംബത്തിനോ ക്രൈസ്തവസമൂഹത്തിനോമാത്രം ലഭിച്ച ഒരു ബഹുമതിയല്ല മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനമെന്ന് സര്‍വമതസ്ഥരും ആഹ്ലാദത്തോടെ അവകാശപ്പെടുന്നു.
കിഴക്കേക്കോട്ടയിലെ തൃശൂര്‍ കത്തോലിക്കാ അരമനയില്‍ ജോലി ചെയ്യുമ്പോള്‍ ദിവസവും പ്രഭാതത്തിലുള്ള വി. കുര്‍ബാന കഴിഞ്ഞാല്‍ തൃശൂരിന്റെ ഏതെങ്കിലും വഴിയിലൂടെ ഒരു മണിക്കൂറെങ്കിലും നീളുന്ന കാല്‍നട യാത്ര പതിവാണ്. വലനിറയെ മത്സ്യവുമായി മടങ്ങുന്ന മുക്കുവരെപ്പോലെ പുതിയ സുഹൃത്തുക്കളുടെ നിറഞ്ഞ കൂടയുമായാണ് തിരിച്ചെത്തുക. ഈ കൂടയില്‍ കൂടുതലും വേദനിക്കുന്നവരും രോഗികളും സാമ്പത്തികഞെരുക്കം നേരിടുന്നവരുമൊക്കെയായിരിക്കും. ഇവരെ സഹായിക്കാന്‍ പിതാവ് ആരുടെ മുമ്പില്‍ കൈ നീട്ടിയാലും കൈ നിറയാന്‍ സമയമെടുക്കില്ല. തന്റെ സഹായം ചോദിച്ചവരെ എന്തെങ്കിലും നല്‍കാതെ മടക്കിയയയ്ക്കില്ല; കാരണം, തന്റെ ബാല്യകാലസ്മരണകള്‍തന്നെ.
നര്‍മം ചാലിച്ചുചേര്‍ത്ത് ഗൗരവമുള്ള വിഷയങ്ങള്‍ പൊതുപ്രസംഗത്തിലാണെങ്കിലും ധ്യാനങ്ങളിലാണെങ്കിലും അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അസാധാരണമാണ്. 'ബോറടിപ്പിക്കുക' എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. അതുകൊണ്ട്, ഏതൊരു വേദിയും അദ്ദേഹത്തിനിണങ്ങും. ശബ്ദഗാംഭീര്യം ആകര്‍ഷകമാണ്. അദ്ദേഹത്തിന്റെ അമ്മ പുത്തന്‍പള്ളിയിലെ കുര്‍ബാനയില്‍ സമര്‍പ്പിക്കുന്നത് മകന്റെ സ്വരമാണ്. വ്യാകുലാംബിക ആ പ്രാര്‍ഥന ഒരിക്കലും തള്ളിയിട്ടില്ല.
തൃശൂര്‍കാര്‍ ക്ക് അദ്ദേഹത്തെ 'മേജര്‍ ആര്‍ച്ചുബിഷപ്' ആയിക്കാണാന്‍ കഴിയില്ല. അദ്ദേഹം ഞങ്ങളുടെ തട്ടിലച്ചനും തട്ടില്‍പിതാവുമാണ്. ആ സ്‌നേഹബന്ധം അങ്ങനെതന്നെയായിരിക്കണമെന്ന് അഭിഷേകശുശ്രൂഷയിലെ നന്ദിയുടെ വാക്കുകളില്‍ അദ്ദേഹം വ്യക്തമാക്കി. സീറോ മലബാര്‍ സഭാംഗങ്ങള്‍ ആരെയും മുമ്പിലും പിമ്പിലുമാക്കാതെ ഒരുമയോടെ നടക്കാം. ഫ്രാന്‍സീസ് പാപ്പായുടെ ദര്‍ശനവുമതാണല്ലോ.
സ്വയംഭരണാധികാരമുള്ള സഭ ഇനിയും വളരാനുണ്ട്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയില്‍നിന്ന് പാട്രിയാര്‍ക്കല്‍ പദവിയിലേക്ക്. അതും 'മൗണ്ടില്‍' തന്നെയാകട്ടെ.
(ലേഖകന്‍ തൃശൂര്‍ അതിരൂപതയുടെ മുന്‍വികാരി ജനറാളാണ്.)