•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

എല്ലാവരും സഹോദരര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 
പുതിയ ചാക്രികലേഖനത്തെക്കുറിച്ച് ഒരു പഠനം

വീകൃതമായ കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതയിലൂടെ സാഹോദര്യത്തിലേക്കും സാമൂഹികസൗഹൃദത്തിലേക്കും സമാധാനത്തിലേക്കും ലക്ഷ്യംവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ തന്റെ മൂന്നാമത്തെ ചാക്രികലേഖനത്തിലൂടെ മാനവരാശിയെ ഉദ്‌ബോധിപ്പിക്കുന്നു. റോമിന്റെ മെത്രാനും പത്രോസിന്റെ പിന്‍ഗാമിയുമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ആരംഭിച്ച വിശുദ്ധ അസ്സീസിയോടുള്ള സ്‌നേഹം തന്റെ മൂന്നാമത്തെ ചാക്രികലേഖനത്തിലും ഫ്രാന്‍സിസ് പാപ്പാ പ്രകടമാക്കുന്നു. ചാക്രികലേഖനത്തിനു തലക്കെട്ട് എടുത്തിരിക്കുന്നത് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി തന്റെ അനുയായികള്‍ക്കു നല്കുന്ന ഉദ്‌ബോധനത്തില്‍നിന്നാണ്. ''എല്ലാവരും സഹോദരര്‍'' എന്നര്‍ഥംവരുന്ന ഇറ്റാലിയന്‍ വാക്കായ ''ഫ്രത്തേല്ലി തൂത്തി'' എന്നാണ് തലക്കെട്ട്. ഒക്‌ടോബര്‍ മൂന്നാം തീയതി ശനിയാഴ്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ദേവാലയത്തിലേക്കു കാറില്‍ യാത്രചെയ്ത് അസ്സീസിയിലെത്തി അവിടെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടം സ്ഥിതിചെയ്യുന്ന കപ്പേളയില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷമാണ് ഈ ചാക്രികലേഖനം ഒപ്പുവച്ചത്. നാലാം തീയതി വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ''കര്‍ത്താവിന്റെ മാലാഖാ'' പ്രാര്‍ത്ഥനയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. 

തന്റെ മുന്‍ചാക്രികലേഖനമായ ''ലൗദാത്തോ സി'' -യില്‍ നമ്മുടെ പൊതുഭവനമായ ഭൂമിയെക്കുറിച്ചു പഠിപ്പിക്കുന്നതിന് പാപ്പായ്ക്ക് വി. അസ്സീസി പ്രചോദനമായതുപോലെ സാമൂഹികസാഹോദര്യത്തിന്റെ പാഠം പഠിപ്പിക്കുന്ന പുതിയ ചാക്രികലേഖനത്തിനും പ്രചോദനമായത് ഫ്രാന്‍സിസ്‌കന്‍ ചൈതന്യമാണ് എന്ന് പാപ്പാ വ്യക്തമാക്കുന്നു ലോകരാജ്യങ്ങളെല്ലാം വലിയ ഒരു കുടുംബത്തിന്റെ ഭാഗമായിത്തീരുന്ന ഒരു വിശ്വസാഹോദര്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടും അതിനുമുമ്പായി ഇന്നത്തെ ലോകത്തുള്ള സാമൂഹിക സാമ്പത്തികദുരവസ്ഥകളെ വരച്ചുകാട്ടിക്കൊണ്ടും കത്തോലിക്കാസഭയുടെ ഒരു സാമൂഹികപ്രബോധനമായിട്ടാണ് ഈ ചാക്രികലേഖനം വിഭാവനം ചെയ്തിരിക്കുന്നത്. 
നാല്പത്തയ്യായിരം വാക്കുകള്‍ കോര്‍ത്തിണക്കി ഇരുന്നൂറ്റി എണ്‍പത്തിയേഴു ഖണ്ഡികകളിലായി തയ്യാറാക്കിയിട്ടുള്ള ഈ ചാക്രികലേഖനത്തിന്റെ ആദ്യത്തെ എട്ടു ഖണ്ഡികകള്‍ ആമുഖമായും തുടര്‍ന്നുള്ള ഭാഗം എട്ട് അധ്യായങ്ങളായും ക്രമീകരിച്ചിരിക്കുന്നു. 

എല്ലാവരും സഹോദരര്‍ (1-2)

ആമുഖമായി പ്രചോദനപരമായരണ്ടുകാര്യങ്ങളാണ് പാപ്പാ പറയുന്നത്: ഫ്രാന്‍സിസ് അസ്സീസി തന്റെ സഹോദരീസഹോദരന്മാരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍ തലവാചകമായി ഉപയോഗിച്ചുകൊണ്ടും സുവിശേഷാനുസൃതമായ ജീവിതത്തിന്റെ വഴി പഠിപ്പിച്ചുകൊണ്ടും നടത്തുന്ന ഉപദേശങ്ങളില്‍ എല്ലാ അതിര്‍വരമ്പുകളെയും ഉല്ലംഘിക്കുന്ന സ്‌നേഹത്തിലേക്കാണ് പാപ്പാ വിളിക്കുന്നത്. സാഹോദര്യത്തിന്റെയും ലാളിത്യത്തിന്റെയും ആനന്ദത്തിന്റെയും ഈ വിശുദ്ധന്‍ ''അങ്ങേക്കു സ്തുതി'' (ലൗദാത്തോ സി) എന്ന ചാക്രികലേഖനം എഴുതുവാന്‍ പ്രചോദിപ്പിച്ചതുപോലെ ഈ പുതിയ ചാക്രികലേഖനവും സാഹോദര്യത്തിനും സാമൂഹികസൗഹൃദത്തിനുംവേണ്ടി സമര്‍പ്പിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നു എന്ന് പാപ്പാ പറയുന്നു.  സൂര്യനെയും സമുദ്രത്തെയും കാറ്റിനെയുമെല്ലാം സഹോദരതുല്യം കണ്ടിരുന്ന വിശുദ്ധ ഫ്രാന്‍സിസ് മനുഷ്യവംശത്തോട് കൂടുതല്‍ അടുത്തുനിന്നിരുന്നു. പോകുന്നിടത്തെല്ലാം സമാധാനത്തിന്റെ വിത്തുകള്‍ വിതയ്ക്കുകയും ദരിദ്രന്റെയും അനാഥന്റെയും മുറിവേറ്റവന്റെയും പുറത്താക്കപ്പെട്ടവന്റെയും കൂടെ നടക്കുകയും ചെയ്തിരുന്നു. സ്ഥലങ്ങളുടെയും ദൂരത്തിന്റെയും അതിര്‍വരമ്പുകള്‍ക്കതീതമായ ഒരു സ്‌നേഹത്തിന്റെ സന്ദേശമായി അസ്സീസി തന്റെ സഹോദരങ്ങള്‍ക്കു നല്കുന്ന ഉപദേശങ്ങളിലെ 28-ാം ഉപദേശത്തെ പുനര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറയുന്നത്.
ഇരുന്നൂറ്റിയെണ്‍പത്തിയെട്ട് അടിക്കുറിപ്പുകളോടെ തയ്യാറാക്കിയിട്ടുളള ഈ ചാക്രികലേഖനത്തില്‍ തന്റെതന്നെ മുന്‍പ്രബോധനങ്ങളും സന്ദേശങ്ങളും കൗണ്‍സിലനന്തരപഠനങ്ങളും വി. തോമസ് അക്വീനാസിനെയും കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അല്‍ അസര്‍ സര്‍വകലാശാലയുടെ മുഖ്യ ഇമാം അഹമ്മദ് അല്‍ തയ്യേബുമായുള്ള സംഭാഷണാനന്തരം പുറപ്പടുവിച്ച പൊതുപ്രഖ്യാപനത്തിലെ കാര്യങ്ങളും ഉദ്ധരിക്കുന്നുണ്ട്. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള വ്യക്തികളും ഗ്രൂപ്പുകളുമായുള്ള സംഭാഷണങ്ങളിലൂടെയും കത്തുകളിലൂടെയും ലഭിച്ചിട്ടുള്ള ആശയങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. 
അതിര്‍ത്തികളില്ലാതെ (3-8)
 ലൗദാത്തോ സി (അങ്ങേക്കു സ്തുതി) എന്ന ചാക്രികലേഖനം എഴുതുന്നതിന്, സൃഷ്ടപ്രപഞ്ചത്തിന്റെ സംരക്ഷണത്തെക്കുറിച്ചു ശക്തമായി പറഞ്ഞ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയായുമായുള്ള പൊതുസംഭാഷണം പ്രചോദനമായതുപോലെ ഈ ചാക്രികലേഖനത്തിന്റെ രചനയില്‍ അബുദാബിയില്‍ വച്ച് മുഖ്യ ഇമാം അഹമ്മദ് അല്‍ തയ്യേബുമായി നടത്തിയ സംഭാഷണവും പ്രചോദനമായിട്ടുണ്ട്. എല്ലാ മനുഷ്യരെയും ദൈവം തുല്യ അവകാശങ്ങളും കടമകളും മഹത്ത്വവുമുള്ളവരായാണ് സൃഷ്ടിച്ചതെന്നും എല്ലാവരും സഹോദരീസഹോദരന്മാരായി ജീവിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു. സഹോദരസ്‌നേഹത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഒരു പ്രബോധനം എന്നതിനെക്കാള്‍ അതിന്റെ സാര്‍വത്രികമാനവും എല്ലാ സ്ത്രീ-പുരുഷന്മാരിലേക്കുമുള്ള തുറവുമാണ് ചാക്രികലേഖനം ലക്ഷ്യംവയ്ക്കുന്നത്. സാഹോദര്യത്തിനായുള്ള സാര്‍വത്രികാഭിലാഷത്തിന്റെ പുനര്‍ജനനവും സകല സ്ത്രീപുരുഷന്മാരുംതമ്മിലുള്ള സൗഹാര്‍ദവും പാപ്പാ ആഗ്രഹിക്കുന്നു. ഒരു മനുഷ്യകുടുംബമെന്ന നിലയില്‍, സഹയാത്രികരെന്ന നിലയില്‍, പൊതുഭവനമായ ഭൂമിയുടെ മക്കളെന്ന നിലയില്‍ എല്ലാവരെയും സഹോദരീസഹോദരന്മാരായിക്കാണുന്നത് സ്വപ്നം കാണാം എന്ന് പാപ്പാ പറയുന്നു.
അടഞ്ഞ ലോകത്തിനുമേല്‍ ഇരുണ്ട മേഘങ്ങള്‍ (9-55) 
അടഞ്ഞ ലോകത്തിനുമേല്‍ ഇരുണ്ട മേഘങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ഒന്നാമത്തെ അധ്യായത്തില്‍ സാര്‍വ്വത്രികസാഹോദര്യത്തിന്റെ വളര്‍ച്ചയ്ക്കു തടസ്സങ്ങളായി നില്ക്കുന്ന ആധുനികകാലത്തെ പ്രവണതകളാണ് എടുത്തുപറയുന്നത്. നന്മയാഗ്രഹിച്ചുകൊണ്ടു നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന പല നല്ല പദ്ധതികളുടെയും സംയോജനം നടക്കാതെ തകര്‍ക്കപ്പെടുന്ന സ്വപ്നങ്ങളായി മാറിയിരിക്കുന്നു. പലവിധത്തിലുള്ള  മാന്ദ്യത്തിന്റെ അടയാളങ്ങള്‍, കേവലാശയങ്ങളുടെ പേരില്‍ ചില രാജ്യങ്ങളില്‍ രൂപംകൊണ്ടുവരുന്നതും ദേശീയതയുടെ പേരില്‍ നഷ്ടപ്പെടുന്നതുമായ സാമൂഹികതയുടെ സാര്‍വത്രികമാനം, ചരിത്രാവബോധത്തിന്റെ നഷ്ടപ്പെടല്‍, ആരോഗ്യകരമായ സംവാദങ്ങളില്ലാത്ത രാഷ്ട്രീയജീവിതം, എല്ലാവര്‍ക്കുംവേണ്ടിയുള്ള പദ്ധതികളുടെ അഭാവം, വലിച്ചെറിയപ്പെടുന്ന ലോകം, തൃപ്തികരമല്ലാത്ത സാര്‍വത്രിക മനുഷ്യാവകാശങ്ങള്‍, പലവിധത്തിലുള്ള അടിമത്തങ്ങള്‍, ഭിന്നതകളും ഭയവും, പങ്കുവയ്ക്കലിന്റെ ദിശയിലല്ലാതെയുള്ള ആഗോളവത്കരണവും പുരോഗതിയും, ചരിത്രത്തിലെ പകര്‍ച്ചവ്യാധികളും മറ്റു വിപത്തുകളും, അതിര്‍ത്തികളില്‍ മനുഷ്യന്റെ അന്തസ്സിന്റെ അഭാവം, ആശയവിനിമയത്തിന്റെ മിഥ്യ, ലജ്ജയില്ലാത്ത ആക്രമണം, വിധേയത്വത്തിന്റെയും സ്വയം അവഹേളനത്തിന്റെയും രൂപങ്ങള്‍, അപരനെ അവമതിക്കുന്ന വിധത്തിലുള്ള വിപണനതന്ത്രങ്ങള്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ.
എക്കാലത്തെക്കാളുമധികമായി അപരനില്‍നിന്നുള്ള അകലം വളര്‍ന്നുകൊണ്ടിരിക്കുന്നു. ജനിക്കാത്തവരെയും പ്രായമായവരെയും ആവശ്യമില്ല എന്നവിധത്തിലുള്ള മനോഭാവം, വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികാസമത്വങ്ങള്‍, പുരുഷനോടൊപ്പമുള്ള തുല്യതയും അവകാശങ്ങളും നഷ്ടപ്പെടുന്ന സ്ത്രീസമൂഹങ്ങള്‍,  യുദ്ധങ്ങള്‍, ഭീകരാക്രമണങ്ങള്‍, വംശീയവും മതപരവുമായ പീഡനങ്ങള്‍  ഇപ്രകാരമുള്ള അതിക്രമങ്ങള്‍ ഒരു ലോകമഹായുദ്ധത്തിന്റെ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നു. 
മതിലുകള്‍ നിര്‍മിക്കുന്ന സംസ്‌കാരത്തിനെതിരേ മുന്നയറിയിപ്പു നല്കുന്ന പാപ്പാ 'മനുഷ്യകുലം ഒരു കുടുംബ'മെന്ന ആശയത്തിനു മങ്ങലേല്ക്കുന്നതില്‍ ആശങ്കപ്പെടുന്നു. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പരിശ്രമങ്ങള്‍ കാലഹരണപ്പെട്ട ഉട്ടോപ്യന്‍ ആശയമായിക്കണ്ട്, ആഗോളവത്കരിക്കപ്പെട്ട നിസംഗതയിലേക്കു പോകുന്നത് പാപ്പാ ചൂണ്ടികാണിക്കുന്നു. കൊവിഡ് - 19 ലേക്കു തിരിഞ്ഞുകൊണ്ട് പാപ്പാ പറയുന്നു: ഈ പകര്‍ച്ചവ്യാധി ഒരുവിധത്തില്‍ അപരനോടുള്ള കരുതലിന്റെ ആവശ്യകത കണ്ടെത്തുന്നതിനു പ്രേരിപ്പിക്കുന്നു. എന്നാല്‍, എല്ലാറ്റിനും സ്വാതന്ത്ര്യമെന്ന മനോഭാവം പകര്‍ച്ചവ്യാധിയെക്കാള്‍ മാരകമായിരിക്കുമെന്നു മുന്നറിയിപ്പ് നല്കുന്നു. ഏതുവിധത്തിലും കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുകയില്ല എന്ന മനോഭാവം പാപ്പാ വിമര്‍ശിക്കുന്നു. ഒന്നാം അധ്യായത്തില്‍ ഇരുണ്ട ഭാഗങ്ങള്‍ എടുത്തുകാണിച്ചിട്ട് അവസാനം പ്രത്യാശയുടെ വാക്കുകളോടെയാണ് എല്ലാവരെയും പ്രത്യാശയുടെ പുതുക്കലിലേക്ക് ഫ്രാന്‍സിസ് പാപ്പാ വിളിക്കുന്നത്.
ആ വഴിയില്‍ ഒരപരിചിതന്‍ (56-86)
''ആ വഴിയില്‍ ഒരപരിചിതന്‍'' എന്നു പേരിട്ടിരിക്കുന്ന രണ്ടാമത്തെ അധ്യായത്തില്‍ (56-86) പാപ്പാ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍നിന്നുുള്ള നല്ല സമരിയാക്കാരന്റെ ഉപമയ്ക്കു വ്യാഖ്യാനം നല്കിക്കൊണ്ട് നല്ല സമറായന്റെ പാതയാണ് ഇരുളടഞ്ഞ ലോകത്തില്‍ പ്രകാശം പകരുവാന്‍ സാധിക്കുന്നതെന്നു പ്രതിപാദിക്കുന്നു. അനാരോഗ്യകരമായ ഒരു സമൂഹമാണ് സഹിക്കുന്നവര്‍ക്കുനേരേ പുറം തിരിക്കുന്നതും മുറിവേറ്റവരുടെയും ബലഹീനരുടെയും കാര്യത്തില്‍ അജ്ഞരായിരിക്കുന്നതും. നാം ഓരോരുത്തരും നല്ല സമറായനെപ്പോലെ മറ്റുള്ളവര്‍ക്ക് അയല്‍ക്കാരാകാന്‍ വിളിക്കപ്പെട്ടവരാണ്. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകളും വ്യക്തിതാത്പര്യങ്ങളും മുന്‍വിധികളും അതിജീവിച്ചും അവഗണിച്ചും നമ്മുടെ വസ്തുക്കളും സമയവും അപരനുവേണ്ടി പങ്കുവയ്ക്കുന്ന അയല്‍ക്കാരായി മാറേണ്ടിയിരിക്കുന്നു. ദൈവാരാധനമാത്രം മതിയെന്നു വിചാരിച്ച് അത് ആവശ്യപ്പെടുന്നവരോട് അകന്നുനില്ക്കുന്നതിനെ പാപ്പ വിമര്‍ശിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ടവരിലും അവഗണിക്കപ്പെട്ടവരിലും ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ സാധിക്കണം എന്ന് പ്രബോധിപ്പിക്കുന്നു.
തുറവുള്ള ഒരു ലോകം  വിഭാവനചെയ്യുകയും 
വികസിപ്പിക്കുകയും ചെയ്യുക (87-127)
''തുറവുള്ള ഒരു ലോകം വിഭാവനചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക'' എന്ന തലവാചകത്തോടെയുള്ള മൂന്നാം അധ്യായം (87-127)  പ്രതിപാദിക്കുന്നത് അപരനിലേക്കു പോകുന്നതിനെക്കുറിച്ചാണ്. രണ്ടാമധ്യായത്തില്‍ അവതരിപ്പിക്കപ്പെട്ട നല്ല സമറായന്‍ ഇന്നത്തെ സാഹചര്യത്തില്‍ എപ്രകാരമാണ് അനുവര്‍ത്തിതമാകേണ്ടത് എന്ന് മൂന്നാം അധ്യായത്തില്‍ വിവരിക്കുന്നു. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഒരു നിഷ്‌കളങ്കസമ്മാനമായി ജീവിക്കാനും വളരാനും പൂര്‍ണത പ്രാപിക്കാനും കഴിയുന്നവിധമാണ്. അവന്‍ തന്നെത്തന്നെ പൂര്‍ണമായി അറിയുന്നത് അപരനുമായുള്ള കണ്ടുമുട്ടലുകളിലൂടെയാണ്.  ഗബ്രിയേല്‍ മാര്‍സലിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറയുന്നു: ഒരുവന്‍ തന്നോടുതന്നെ കൂടുതല്‍ സംവദിക്കുന്നത് (87) അപരനുമായുള്ള സംവാദത്തിലൂടെയാണ്. ആധികാരികവും പക്വതയുള്ളതുമായ സ്‌നേഹവും യഥാര്‍ഥമായ സൗഹൃദവും മറ്റുള്ളവരുമായുള്ള ബന്ധത്തിലൂടെയാണ് രൂപപ്പെട്ടുവരുന്നത് (89). യഥാര്‍ഥസ്‌നേഹത്തിന്റെ വിവിധ തലങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. നമ്മുക്കപ്പുറത്തേക്കു കടന്നുചെല്ലുന്ന സ്‌നേഹത്തിന്റെ അനന്യമായ പ്രാധാന്യം, കൂടുതല്‍ തുറവുള്ള സ്‌നേഹം, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സമൂഹം, ഇത്തരുണത്തില്‍ പാപ്പാ  ഒരു വൈറസ്‌പോലെ പ്രവര്‍ത്തിക്കുന്ന വംശീയത എന്ന വിപത്തിനെതിരേ മുന്നറിയിപ്പു നല്കുന്നുണ്ട് (97). സാര്‍വത്രികതയെക്കുറിച്ചു പറയുമ്പോഴും പാപ്പാ പറയുന്നുണ്ട് താന്‍ നിര്‍ദേശിക്കുന്ന സാര്‍വത്രികത ഏതെങ്കിലും ചെറിയ അധികാരത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതോ അമൂര്‍ത്തമായതോ ആയ ഒരു സാര്‍വത്രികതയല്ല പ്രതിപാദിക്കുന്നത് (100). സാര്‍വത്രികത എല്ലാം ഒരേപോലെ ആക്കുന്നതല്ല വ്യത്യസ്തങ്ങളെ വ്യത്യസ്തങ്ങളായിക്കണ്ട് അംഗീകരിച്ചു ചേര്‍ത്തുനിര്‍ത്തുന്നതാകണം.  സഹകാരികളുടെ ലോകത്തുമാത്രം ഒതുങ്ങിനില്ക്കുന്നതാകരുത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഏതെങ്കിലും ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങുന്നതാകരുത്. വരമ്പുകള്‍ സൃഷ്ടിക്കാതെ എല്ലാവര്‍ക്കും അനുഭവിക്കുവാന്‍ സാധിക്കുന്നതാകണം.  മനുഷ്യാവകാശങ്ങള്‍ നിശ്ചയിക്കേണ്ടത് ജനിച്ച സ്ഥലമോ സാഹചര്യമോ സമ്പത്തോ ദാരിദ്ര്യമോ ഒന്നും അടിസ്ഥാനപ്പെടുത്തിയാകരുത്. മനുഷ്യാവകാശങ്ങള്‍ക്ക് അതിര്‍ത്തികള്‍ ഉണ്ടാവാന്‍ പാടില്ല (121-123). സാര്‍വത്രികസാഹോദര്യത്തിന്റെ ആഘോഷം നടത്തണമെങ്കില്‍ സാമൂഹിക-സാമ്പത്തികസംവിധാനത്തിന്റെ പേരില്‍ ഒരുവന്‍പോലും ഇരയാക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യാതെ എല്ലാവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന അവസ്ഥ സംജാതമാകണം. ദൈവം ഭൂമിയെ നല്കിയത് മനുഷ്യകുലംമുഴുവനുംവേണ്ടിയാണ്. അതിനാല്‍, എല്ലാ മനുഷ്യര്‍ക്കും അത് അവകാശപ്പെട്ടതാണ് എന്ന ബോധ്യത്തോടെവേണം സ്വകാര്യസ്വത്തവകാശം വിനിയോഗിക്കുവാന്‍ (118-119).
ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം (128-153) 
''ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം'' എന്ന് പേരിട്ടിരിക്കുന്ന നാലാം അധ്യായം ഫ്രാന്‍സിസ് പാപ്പാ പ്രത്യേകമായി കുടിയേറ്റക്കാര്‍ക്കുവേണ്ടി നീക്കിവെച്ചിരിക്കുകയാണ്. ആശയപരമായി അനാവശ്യമായ കുടിയേറ്റങ്ങള്‍ ഒഴിവാക്കേണ്ടതുതെന്നയാണ്. എന്നാല്‍, ഇത് വിഭാവന ചെയ്യണമെങ്കില്‍ ഓരോരുത്തര്‍ക്കും താന്‍ ജനിക്കുന്ന രാജ്യങ്ങളില്‍ മാന്യമായ ജീവിതത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും സാഹചര്യമുണ്ടാകണം. എന്നാല്‍, ഇനിയും ആ സ്ഥിതി യാഥാര്‍ഥ്യമാകാത്തിടത്തോളം കാലം ഒരുവന് തനിക്കും കുടുംബത്തിനും മാന്യമായ ഒരു ജീവിതം നയിക്കുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശത്തെ മാനിക്കുന്നതിനു കടമയുണ്ട് (129). നാലു വാക്കുകളില്‍ കുടിയേറ്റക്കാരുടെ വരവിനോടുള്ള പ്രതികരണം ചുരുക്കാം എന്നു പറയുന്നു: സ്വാഗതം, സംരക്ഷണം, പ്രോത്സാഹനം, സംയോജിപ്പിക്കല്‍. ഇത് അതിന്റെ പൂര്‍ണതയില്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ വിവേചനത്തെ നിരസിക്കാന്‍ സഹായിക്കുന്ന പൂര്‍ണപൗരത്വം നല്‌കേണ്ടിയിരിക്കുന്നു. നമ്മളില്‍നിന്നു വ്യത്യസ്തമായുള്ളവരെ ഒരു സമ്മാനമായി കാണുവാന്‍ സാധിക്കണം. കുടിയേറ്റക്കാരും തദ്ദേശീയരും പരസ്പരം സമ്മാനങ്ങളായി കരുതണം, വ്യത്യസ്തമായ സംസ്‌കാരങ്ങളുടെയും ജീവിതശൈലികളുടെയും കണ്ടുമുട്ടലുകളുടെ വേദികളാക്കി മാറ്റിക്കൊണ്ട് മനുഷ്യകുലത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുള്ള വേദിയായി മാറ്റപ്പെടണം (133).


(രണ്ടാംഭാഗം അടുത്തലക്കത്തില്‍)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)