ദന്തചികിത്സ താരതമ്യേന സുരക്ഷിതമാണെങ്കിലും ദന്തചികിത്സയെത്തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതയും അപൂര്‍വമായി സംഭവിക്കുന്ന മരണങ്ങളും ദന്തചികിത്സാമേഖലയ്ക്കു മൊത്തത്തില്‍ ദുഷ്‌പേരുണ്ടാക്കുകയും കളങ്കംചാര്‍ത്തുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ദന്തചികിത്സയുമായി ബന്ധപ്പെട്ടു പത്രമാധ്യമങ്ങളില്‍ വന്ന രണ്ടു വാര്‍ത്തകളാണ് ഈ ലേഖനത്തിനാധാരം. ആദ്യത്തേതു കേരളത്തിലാണു സംഭവിച്ചത്. രണ്ടാമത്തേത് ഹൈദ്രബാദിലും. മൂന്നര വയസ്സുള്ള കുട്ടിക്കു ബോധം മയക്കിയുള്ള ദന്തചികിത്സയെത്തുടര്‍ന്ന് ശസ്ത്രക്രിയാനന്തരവേളയില്‍ നില വഷളാകുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്ത സംഭവമാണു കേരളത്തിലേത്. ഹൈദ്രബാദില്‍ നടന്ന സംഭവം, കല്യാണത്തിനുമുമ്പായി ദന്തചികിത്സയ്ക്കു പോയ യുവാവിനുണ്ടായ ദാരുണാന്ത്യമാണ്. ലോക്കല്‍ അനസ്തീഷ്യയ്ക്കുശേഷം (കുത്തിവച്ചു മരവിപ്പിച്ചിട്ടുള്ള ചികിത്സ). ഈ കേസുകളുടെ വിശദാംശങ്ങളിലേക്കു കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; മറിച്ച്, ദന്തചികിത്സകന്‍ മാത്രമാണോ ഇത്തരം ദുരന്തങ്ങള്‍ക്ക് ഉത്തരവാദി എന്നുമാത്രമേ ഇവിടെ വിശകലനം ചെയ്യുന്നുള്ളൂ.
ദന്തചികിത്സയ്ക്കു പോകുന്ന പലര്‍ക്കും ഡോക്ടറോടു തന്റെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ രോഗങ്ങളോ പറയേണ്ടാ എന്ന ചിന്താഗതിയാണ്. ദന്തഡോക്ടര്‍മാര്‍ മറ്റു രോഗവിവരങ്ങള്‍ അന്വേഷിച്ചാല്‍പ്പോലും മറച്ചുവയ്ക്കാനുള്ള പ്രവണതയാണ് സാധാരണ കാണാറുള്ളത്. ഇതുമൂലം ദന്തചികിത്സയ്ക്കിടയില്‍ പല സങ്കീര്‍ണതകളും മരുന്നുകള്‍മൂലമുള്ള പാര്‍ശ്വഫലങ്ങളും സംഭവിക്കാറുണ്ട്.
കുറച്ചുനാള്‍മുമ്പ്, അറുപതു വയസ്സു കഴിഞ്ഞ ജോസഫ് എന്നെ സമീപിച്ചത് മേല്‍ത്താടിയിലെ ഒരണപ്പല്ല് എടുത്തുകളയാനാണ്. പരിശോധനയില്‍ പല്ല് ഒടിഞ്ഞിരിക്കുന്നതായാണു കണ്ടത്. രോഗവിവരം തിരക്കിയപ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു തറപ്പിച്ചുപറഞ്ഞു. ഒടിഞ്ഞപല്ലിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ എക്‌സറേ പരിശോധനയും നടത്തുകയുണ്ടായി. തുടര്‍ന്ന് പല്ലെടുത്തതിനുശേഷം സ്റ്റിച്ചിട്ടു വേണ്ട മരുന്നുകളും കുറിച്ചു രോഗിയെ പറഞ്ഞയച്ചു. എല്ലാം ഭംഗിയായി കലാശിച്ചു എന്നാണു കരുതിയത്. എന്നാല്‍, പിറ്റേന്നു രാവിലെ ആശുപത്രിയില്‍പോകാന്‍ തയ്യാറായിക്കൊണ്ടിരുന്ന എനിക്ക് ഒരു ഫോണ്‍ കോള്‍.
''ഇതു ഞാനാണ് മോളി, ഇന്നലെ പല്ലെടുത്ത ജോസഫിന്റെ ഭാര്യ. ഡോക്ടറെ അടിയന്തരമായി ഞങ്ങള്‍ക്കു കാണണം''
''എന്തു പറ്റി, ജോസഫിന്?''
''ഇന്നലെ പല്ലെടുത്തതിനുശേഷം ഇതുവരെ രക്തം നിലച്ചിട്ടില്ല. കിടക്കാന്‍ പോകുന്ന സമയം മുതല്‍ തുടങ്ങിയ രക്തസ്രാവമാണ്. ഇപ്പോഴും കുറേശ്ശെ തുടരുന്നു.''
ഈ വിവരം എന്നെ അദ്ഭുതപ്പെടുത്തി.
അരമണിക്കൂറിനുള്ളില്‍ ജോസഫും ഭാര്യയും ഒരു യുവാവും ക്ലിനിക്കിലെത്തി.
ജോസഫിന്റെ വായ്തുറന്നു പരിശോധിച്ചു. കുറേശ്ശെ രക്തം വരുന്നുണ്ട്. സ്റ്റിച്ചിട്ടതിന്റെ തകരാറൊന്നുമില്ല. മറ്റ് അസുഖങ്ങളൊന്നുമില്ലെന്നാണു പറഞ്ഞിരുന്നതെങ്കിലും ഒന്നുകൂടി സ്ഥിരീകരിക്കാനായി ഞാന്‍ ചോദിച്ചു:
''രക്തസമ്മര്‍ദത്തിന്റെ അസുഖമുണ്ടോ?''
''ഉണ്ട്.''
''എന്താണു നേരത്തേ അത് എന്നോടു പറയാതിരുന്നത്?''
''മരുന്നു കഴിക്കുന്നുണ്ട്. ബി.പി. ഇപ്പോള്‍ നോര്‍മല്‍ ആയതുകൊണ്ടാണു പറയാതിരുന്നത്.''
വിശദമായ സംസാരത്തില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് അദ്ദേഹത്തിനു ബൈപ്പാസ് സര്‍ജറി നടത്തിയിരുന്നുവെന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍ ഉള്‍പ്പെടെ എട്ടോളം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും മനസ്സിലായി.
തുടര്‍ന്ന്, അവര്‍ തന്ന ഫോണ്‍നമ്പറില്‍ ജോസഫിനെ ചികിത്സിക്കുന്ന കാര്‍ഡിയോളജിസ്റ്റുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ആസ്പിരിന്‍ഗുളിക നാലു ദിവസത്തേക്കു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കൂടാതെ, രക്തം വരാതിരിക്കാന്‍ പഞ്ഞിയില്‍ ഒഴിച്ചു കടിച്ചുപിടിക്കാനുള്ള മരുന്നും കുറിച്ചുകൊടുത്തു. പിന്നീടു രക്തസ്രാവം ഒന്നുമുണ്ടായില്ലെന്ന് ഒരാഴ്ച കഴിഞ്ഞു സ്റ്റിച്ചു നീക്കംചെയ്യാന്‍ വന്നപ്പോള്‍ അവരെന്നോടു പറഞ്ഞു.
ശാരീരികരോഗവിവരങ്ങള്‍ നേരത്തേതന്നെ ദന്തഡോക്ടറെ ധരിപ്പിച്ചാല്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ ഡോക്ടര്‍ സ്വീകരിക്കും. ചിലപ്പോള്‍ ചികിത്സിക്കുന്ന മെഡിക്കല്‍ഡോക്‌റുടെ 'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്' ദന്തചികിത്സയ്ക്കുമുമ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഇതെല്ലം രോഗിയുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്.
താഴെപ്പറയുന്ന രോഗമുള്ളവര്‍ ചികിത്സയ്ക്കുമുമ്പായി തന്റെ രോഗവിവരങ്ങള്‍ ദന്തചികിത്സകനെ ധരിപ്പിക്കണം.
• ഹൃദ്രോഗമുള്ളവര്‍: ഹാര്‍ട്ട്അറ്റാക്ക്, ബൈപ്പാസ്സ്‌സര്‍ജറി, ആന്‍ജിയോപ്ലാസ്റ്റി മുതലായവ കഴിഞ്ഞവര്‍. ഇവര്‍ 6 മാസം കഴിഞ്ഞുമാത്രമേ പല്ലെടുക്കാവൂ.
• ഹൃദയത്തിന്റെ വാല്‍വില്‍ തകരാറുള്ളവരും വാല്‍വു മാറ്റിവച്ചവരും.
• വാതപ്പനി(റുമാറ്റിക്ഫീവര്‍) വന്നിട്ടുള്ളവര്‍
• രക്തസമ്മര്‍ദമുള്ളവര്‍, പ്രമേഹരോഗികള്‍
• മരുന്നിനോട് അലര്‍ജിയുള്ളവര്‍
• ഗര്‍ഭിണികള്‍
• മുറിവുണ്ടായാല്‍ രക്തം നിലയ്ക്കാന്‍ താമസമുള്ള അസുഖമുള്ളവര്‍ ഉദാ. ഹീമോഫീലിയ, ക്രിസ്മസ് ഡിസീസ്.
• ക്യാന്‍സര്‍ ബാധിച്ചവര്‍: കീമോതെറാപ്പിയോ, റേഡിയേഷന്‍ ചികിത്സയോ ലഭിച്ചവര്‍
• തൈറോയ്ഡ് രോഗമുള്ളവര്‍
• അവയവങ്ങള്‍ മാറ്റിവച്ചവര്‍. ഉദാ: ഹൃദയം, കിഡ്‌നി, കരള്‍ എന്നിവ മാറ്റിവച്ചവര്‍
• ചുഴലിദീനമുള്ളവര്‍
• ദീര്‍ഘനാളുകളായി 'സ്റ്റീറോയ്ഡ്' മരുന്നുകള്‍ കഴിച്ചവര്‍. ഉദാ: വിട്ടുമാറാത്ത ത്വഗ്രോഗത്തിനു ചികിത്സിച്ചവര്‍.
• മാനസികരോഗമുള്ളവര്‍
• 'സ്‌ട്രോക്' വന്നിട്ടുള്ളവര്‍. ഉദാ: തളര്‍വാതരോഗികള്‍
ദന്തചികിത്സയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയും, സാധാരണ കണ്ടുവരുന്നതുമായ രോഗങ്ങള്‍മാത്രമേ മുകളിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ലിസ്റ്റു പൂര്‍ണമല്ല.
ഏതെല്ലാം ശാരീരികരോഗമുള്ളവര്‍ക്കാണ് ദന്തല്‍ക്ലിനിക്കില്‍ ചികിത്സിക്കാവുന്നത്?
1. നല്ല ആരോഗ്യമുള്ളവര്‍ (മറ്റ് ഒരു രോഗവും ഇല്ലാത്തവര്‍). ചികിത്സയ്ക്കിടയില്‍ സങ്കീര്‍ണതകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്.
2. നേരിയ ആരോഗ്യപ്രശ്‌നമുള്ളവര്‍ - ഉദാ. മരുന്നുകൊണ്ട് പ്രമേഹം, രക്തസമ്മര്‍ദം മുതലായവനിയന്ത്രിക്കാന്‍ സാധിച്ചവര്‍. ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം മുടങ്ങാതെ മരുന്നു കഴിക്കുന്നവര്‍. ചികിത്സയോടനുബന്ധിച്ച് സങ്കീര്‍ണതകള്‍ വരാന്‍ സാധ്യത അല്പമുണ്ട്.
3. ഗുരുതരരോഗമുള്ളവര്‍. ഉദാ: ആഴ്ചയില്‍ മൂന്നു വീതം ഡയാലിസിസ് നടത്തുന്നവര്‍, കിഡ്‌നി /കരള്‍ മുതലായവ മാറ്റിവച്ചവര്‍, മറ്റു ഗുരുതരരോഗമുള്ളവര്‍. ചികിത്സയുമായി ബന്ധപ്പെട്ട് ഇവരില്‍ സങ്കീര്‍ണതകള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ ഒ.പി. രോഗികളായി എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയില്‍ ചികിത്സ തേടുന്നതാണു നല്ലത്. അത്യാവശ്യമുണ്ടെങ്കില്‍മാത്രം അഡ്മിറ്റായാല്‍മതി.
4. അതീവ ഗുരുതരരോഗമുള്ളവര്‍. ഇവര്‍ ആശുപത്രില്‍ കിടക്കുന്നവരായിരിക്കും. വളരെ അത്യാവശ്യസാഹചര്യങ്ങളില്‍മാത്രം, ചികിത്സിക്കുന്ന ഡോക്ടറുടെ അനുവാദത്തോടെ ~ഒ.പിയില്‍വച്ചോ, ഓപ്പറേഷന്‍ തിയറ്ററില്‍വച്ചോ ഏറ്റവും എമര്‍ജന്‍സിയുള്ള ദന്തചികിത്സമാത്രം നല്‍കാം.
5. മരണാസന്നരായി കിടക്കുന്നവര്‍
നേരത്തേ സൂചിപ്പിച്ചതുപോലെ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികള്‍ക്ക് സാധാരണ ദന്തല്‍ ക്ലിനിക്കുകളില്‍ ദന്തചികിത്സ സ്വീകരിക്കാം. അവര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള എല്ലാ എമര്‍ജന്‍സികളെയും നേരിടാന്‍ ദന്തഡോക്ടറും സഹായികളും പരിശീലനം ലഭിച്ചവരാണ്. എന്നാല്‍, അല്ലാത്തവര്‍ ആശുപത്രിയിലെ ദന്തവിഭാഗത്തില്‍ ചികിത്സ തേടുന്നതാണ് ഉത്തമം. കാരണം, എന്തെങ്കിലും എമര്‍ജന്‍സി വന്നാല്‍ ദന്തല്‍ ക്ലിനിക്കുകളെ അപേക്ഷിച്ച് കുറേക്കൂടി വിപുലമായ സജ്ജീകരണങ്ങള്‍ അവിടെയുണ്ടാകും.