വൃക്കരോഗങ്ങള്‍ പ്രായഭേദമെന്യേ സാര്‍വത്രികവും സര്‍വസാധാരണവുമായ കാലഘട്ടമാണിത്. മൂര്‍ധന്യാവസ്ഥയില്‍ എത്തിക്കഴിയുമ്പോഴാണ് മിക്കവരിലും രോഗം കണ്ടുപിടിക്കുന്നത്.  രോഗം മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കുന്ന വളരെ ചെലവുകുറഞ്ഞ പരിശോധനകള്‍ ഇപ്പോഴുണ്ട്. രക്തത്തിലെ ക്രിയാറ്റിന്‍ പരിശോധനയും യൂറിന്‍ റുട്ടീന്‍ പരിശോധനയുമാണിത്. ഈ രണ്ടു പരിശോധനകള്‍ എല്ലാവരും ചെയ്തു നോക്കുന്നതു നല്ലതാണ്. മറ്റുള്ളവരെക്കാള്‍ വൃക്കരോഗം വരാന്‍ പതിന്മടങ്ങ് സാധ്യത കൂടുതല്‍ കുടുംബത്തില്‍ പാരമ്പര്യമായി വൃക്കരോഗമുള്ളവര്‍, പ്രമേഹരോഗംപോലുള്ള ജീവിതശൈലീരോഗമുള്ളവര്‍, മറ്റുള്ള രോഗങ്ങള്‍ക്കു ചികിത്സയിലുള്ളവര്‍, സ്ഥിരമായി എന്തെങ്കിലും മരുന്നു കഴിക്കുന്നവര്‍, അടിക്കടി യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നവര്‍, മൂത്രത്തില്‍കല്ല് ഉള്ളവര്‍ എന്നിവരിലാണ്. ഇത്തരത്തിലുള്ളവര്‍ നിര്‍ബന്ധമായും ക്രിയാറ്റിന്‍ പരിശോധനയും യൂറിന്‍ റുട്ടീന്‍ പരിശോധനയും എല്ലാ ആറുമാസം കൂടുമ്പോഴും നടത്തണം. സാധാരണ നിലയില്‍നിന്ന്  എന്തെങ്കിലും വ്യത്യാസം ഈ പരിശോധനയില്‍ കണ്ടാല്‍ ഉടന്‍തന്നെ വിദഗ്ധ ഡോക്ടറെ കാണണം. വൃക്കരോഗം ആരംഭത്തിലേ കണ്ടുപിടിക്കുകയാണെങ്കില്‍ ഭേദമാക്കാനോ അല്ലെങ്കില്‍  പിടിച്ചുനിര്‍ത്താനോ സാധിക്കും. കൂടാതെ, ചൂടുകാലം വൃക്കകള്‍ക്ക് അത്യധ്വാനത്തിന്റെ നാളുകള്‍കൂടിയാണ് എന്നതും ഓര്‍മ വേണം. കനത്ത ചൂടില്‍ ആവശ്യത്തിനു വെള്ളം കുടിക്കാതെ വൃക്കയുടെ അധ്വാനം കൂട്ടരുത്. 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 വൃക്കരോഗത്തിന്റെ പാരമ്പര്യസാധ്യതയുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക
  പുകവലി, മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവ പാടില്ല
 കൊഴുപ്പുകുറഞ്ഞ ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും പതിവാക്കുക
 അമിതവണ്ണം കുറയ്ക്കുക
 അമിതരക്തസമ്മര്‍ദം, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിര്‍ത്തുക
 ഡോക്ടറുടെ  നിര്‍ദേശമില്ലാതെ വേദനസംഹാരികള്‍ ഉള്‍പ്പെടെ യാതൊരു മരുന്നും വാങ്ങി കഴിക്കരുത്.
ഡോ.മഞ്ജുള രാമചന്ദ്രന്‍
(സീനിയര്‍ കണ്‍സള്‍ട്ടന്റ്, നെഫ്രോളജി വിഭാഗം 
മാര്‍ സ്ലീവാ മെഡിസിറ്റി, പാലാ) 
							
 ഡോ. മഞ്ജുള രാമചന്ദ്രന്‍
                    
									
									
									
									
									
									
									
									
									
									
                    