ജൈവശാസ്ത്രപരമായി പുരുഷബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുന്ന നിമിഷം മുതല്‍ ''വ്യക്തി'' എന്ന സത്ത രൂപീകൃതമായിക്കഴിഞ്ഞു. ഇതിനുള്ള ഏറ്റവും വലിയ നിയമപരമായ തെളിവ് ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രഫഷന്‍ ആരംഭിക്കുന്ന ദിവസം നെഞ്ചില്‍ വലതുകരം ചേര്‍ത്തുവച്ച് ഇടതുകരം നീട്ടിപ്പിടിച്ച് എടുക്കുന്ന ഹിപ്പോക്രാറ്റസ് ഓത്ത് - OATH OF HIPPO-CRATES - എന്ന പ്രതിജ്ഞയാണ്. ഹിപ്പോക്രാറ്റസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനാണ് ആധുനികവൈദ്യശാസ്ത്രത്തിന്റെ പിതാവ്. മാര്‍ച്ച് 25 ന് ജനിക്കാന്‍ അനുവദിക്കാത്ത ശിശുക്കളെ അനുസ്മരിക്കാന്‍ കാരണം, അഹിംസയുടെ നാടായ ഭാരതത്തില്‍പ്പോലും നടന്നുകൊണ്ടിരിക്കുന്ന ഗര്‍ഭപാത്രത്തിലെ കൊല എന്ന ഗര്‍ഭച്ഛിദ്രമാണ്. പിറന്ന ഒരു കുഞ്ഞ് എന്തെങ്കിലും കാരണവശാല്‍ മരണപ്പെട്ടാല്‍ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ ഉണ്ടാകും. എന്നാല്‍, ഗര്‍ഭപാത്രത്തിലെ നിശ്ശബ്ദകൊല പുറംലോകം അറിയുന്നുപോലുമില്ല. വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍കൊണ്ടൊന്നുമല്ല ചിലര്‍ ഗര്‍ഭം അലസിപ്പിക്കുന്നത്. വിദേശയാത്ര, കുഞ്ഞുങ്ങള്‍ അസൗകര്യമാണെന്നു കരുതുന്നവര്‍ തുടങ്ങിയവരാണ് ദൈവദാനമായ പിഞ്ചുശിശുക്കളെ പിച്ചിച്ചീന്തുന്നവര്‍. അസൂയ മൂത്ത് ആബേലിനെ വധിച്ച സ്വസഹോദരന്‍ കായേലിനെ ശിക്ഷിച്ച ജീവദാതാവ് തന്റെ ഓരോ മക്കളെയും ജാഗ്രതയോടെ വീക്ഷിക്കുന്നു. സംരക്ഷിക്കാന്‍ ദൈവദൂതന്മാരെ കാവല്‍മാലാഖയായി നിയമിച്ചിട്ടുമുണ്ട്.
അണ്ഡവും ബീജവും സംയോജിച്ചശേഷം ഗര്‍ഭപാത്രത്തില്‍ ഓരോ ഘട്ടത്തിലും നടക്കുന്നത് പൂര്‍ണവളര്‍ച്ചയെത്തിയ പിഞ്ചോമനയിലേക്കുള്ള ചവിട്ടുപടികളാണ്. അഞ്ചാമത്തെ ആഴ്ചയോടെ ഹൃദയമിടിപ്പ് ആരംഭിക്കുന്നു. അതോടൊപ്പംതന്നെ മറ്റു പ്രധാന അവയവങ്ങളായ മസ്തിഷ്‌കം, സുഷുമ്‌ന spinal cord) എന്നിവയുടെ ആദ്യരൂപവും കാണപ്പെടുന്നു. പത്താമത്തെ ആഴ്ചയോടെ മാംസപിണ്ഡമായി വളര്‍ച്ച ആരംഭിച്ച ജീവന്റെ ആദ്യരൂപം ഫീറ്റസ് (foetus) എന്ന നാമത്തില്‍ അറിയപ്പെടുന്നു. ഒരു കുഞ്ഞ് ഉണ്ണി എന്ന നിലയില്‍ അതിനെ കാണണം. 14-ാം ആഴ്ചയില്‍ ഉണ്ണിയുടെ ലിംഗനിര്‍ണയവും നടന്നുകഴിഞ്ഞിരിക്കും. 16-20 ആഴ്ചകളില്‍ ഗര്‍ഭസ്ഥശിശുവിന്റെ ചലനം ഗര്‍ഭപാത്രത്തിനുമേലേ കാണാനും തൊട്ടനുഭവിക്കാനും കഴിയും. 24-ാമത്തെ ആഴ്ചയില്‍ ഗര്‍ഭപാത്രത്തിനു പുറമേയും അനുയോജ്യമായ സാഹചര്യത്തില്‍ ഫീറ്റസിനു പൂര്‍ണവളര്‍ച്ചയിലെത്താനുള്ള സാഹചര്യമായി. പിന്നെ, ദമ്പതികള്‍ കാത്തുകാത്തിരുന്ന ഉണ്ണിപ്പിറവി സംഭവിക്കുന്നു. കേരളത്തില്‍ പ്രസവപൂര്‍വ ചെക്കപ്പ് നല്ല നിലയില്‍ നടക്കുന്നതിനാല്‍ വികസിതരാജ്യങ്ങളെപ്പോലെതന്നെ ശിശുമരണനിരക്ക് വളരെ കുറവാണ് എന്നതില്‍ നമുക്കഭിമാനിക്കാം.
ഇനി, വിഷയത്തിന്റെ മറുപുറം: പലവിധ കാരണങ്ങളാല്‍ ഒരു കുഞ്ഞുകാല്‍ കാണാന്‍ ഭാഗ്യം ലഭിക്കാന്‍ സാധിക്കാത്തവര്‍ക്കേ ഒരു കുഞ്ഞിന്റെ സാന്നിധ്യത്തിന്റെ സായുജ്യം മനസ്സിലാകൂ. വിലയേറിയ ചികിത്സകള്‍ നടത്തിയിട്ടും ഫലമില്ലാതെ കണ്ണീര്‍ വാര്‍ക്കുന്ന ദമ്പതികളുടെ വേദന മനസ്സിലാക്കാനൊന്നും ആരുമില്ല. മനസ്സിലാക്കിയിരുന്നെങ്കില്‍ 'പിറക്കാന്‍ ശിശുവിന് അവകാശമുണ്ട്' എന്ന സംജ്ഞയില്‍ ലേഖനം ആവശ്യമായി വരുമായിരുന്നില്ല!
ശിശുസൗഹൃദരാജ്യങ്ങള്‍ മനുഷ്യത്വത്തില്‍ പുരോഗമിക്കും. ശിശുക്കളെ ഇഷ്ടപ്പെടാത്ത സമൂഹത്തില്‍ വളരുക ക്രിമിനലുകളായിരിക്കും. ഉണ്ണി ച്ചേഷ്ടകള്‍ കണ്ട് സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും അനുഗ്രഹമുണ്ടാകട്ടെ.