രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ ആകര്‍ഷകമായ ലക്ഷ്യത്തിനു ദീര്‍ഘായുസ്സുണ്ടായില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നല്ലോ കൊറോണ വൈറസുകളുടെ താണ്ഡവനൃത്തം. 14-ാം നൂറ്റാണ്ടിലെ പ്ലേഗ് എന്ന ബ്ലാക്ക് ഫീവര്‍, ആധുനികകാലത്തെ എയ്ഡ്‌സ് വൈറസ്, സാര്‍സ്, പക്ഷിപ്പനി തുടങ്ങിയവ തട്ടിയെടുത്തത് ദശലക്ഷങ്ങളുടെ ജീവനാണ്.
കൊറോണയുടെ തിക്തഫലങ്ങളനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ഇന്നും ദുരിതത്തിലാണ്. കൊറോണ സൃഷ്ടിച്ച പരിഭ്രമം പലര്‍ക്കും ഇന്നും വിട്ടുമാറിയിട്ടില്ല. ലോകം അവസാനിക്കുകയാണെന്നു പലരും ന്യായമായി ഭയപ്പെട്ടു. മരിച്ചവരെ സംസ്‌കരിക്കാനാളില്ലാത്ത അവസ്ഥവരെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായി. കൊവിഡ് മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം 1 മുതല്‍ 6 വര്‍ഷംവരെ കവര്‍ന്നെടുത്തുവെന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത വളരെ ഗൗരവത്തോടെ മാത്രമേ കാണാനാവൂ. രാജ്യാന്തരമായി ആരോഗ്യജാഗ്രത തുടരണമെന്ന് ഈ സൂചിക മനുഷ്യവംശത്തെ ഓര്‍മിപ്പിക്കുന്നു.
ചില രോഗങ്ങളുടെ കാരണങ്ങള്‍ ബാക്റ്റീരിയ, വൈറസുകള്‍, ഫംഗസ് എന്നിവയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവസരപരമായ ചില രോഗഹേതുക്കള്‍ ശരീരത്തിനകത്തേക്ക് (ഛജജഛഞഠഡചകടഠകഇ കചഎഋഇഠകഛചട) കടന്നുകൂടാനും ഇടയുണ്ട്. വ്യക്തിശുചിത്വം, സാമൂഹിക-പാരിസ്ഥിതിക-ലൈംഗിക ശുചിത്വം എന്നിവയുടെ അഭാവം പുതിയ രോഗങ്ങള്‍ സൃഷ്ടിക്കുകയും മുന്‍കാലരോഗങ്ങള്‍ തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നു. വസൂരി, മലേറിയ, കുഷ്ഠരോഗം, എയ്ഡ്‌സ് എന്നിവ ഒരു പരിധിവരെ നിര്‍മാര്‍ജനം ചെയ്തുവെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചെങ്കില്‍, ചിലതെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. ജീവിതശൈലിയും അജ്ഞതയും അലംഭാവവുമാണ് ഈ തിരിച്ചുവരവിന്റെ മുഖ്യകാരണങ്ങള്‍.
1948 ല്‍ ഐക്യരാഷ്ട്രസംഘടനയുടെ കീഴ്ഘടകമായി ലോകാരോഗ്യസംഘടന പ്രവര്‍ത്തനമാരംഭിച്ചു. 1950 ഏപ്രില്‍ ഏഴാം തീയതി ലോകാരോഗ്യദിനാചരണം ആരംഭിച്ചു. ഓരോ വര്‍ഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചുകൊണ്ടാണ് ദിനാചരണം നടത്തുന്നത്. 2023 ലെ പ്രമേയം 'എല്ലാവര്‍ക്കും ആരോഗ്യം' എന്നതായിരുന്നു. ഈ വര്‍ഷത്തെ പ്രമേയം 'എന്റെ ആരോഗ്യം എന്റെ അവകാശം' എന്നതാണ്. 2023 ലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ട പ്രമേയമാണെങ്കിലും ആരോഗ്യം എന്റെ അവകാശം എന്ന ആപ്തവാക്യത്തിന് കുറേക്കൂടി കരുത്തുണ്ട്. അവകാശം നിയമവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സര്‍ക്കാരില്‍നിന്നോ കുടുംബാംഗങ്ങളില്‍നിന്നോ ലഭിക്കേണ്ട അവകാശം. ബന്ധപ്പെട്ടവരില്‍നിന്നു ലഭിച്ചില്ലെങ്കില്‍ അവകാശലംഘനമാണ്. ഉദാ: പ്രായമുള്ള മാതാപിതാക്കള്‍ക്കു മരുന്നും മറ്റു സംരക്ഷണങ്ങളും നല്‍കുന്നില്ലെങ്കില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ധാര്‍മികനിയമത്തെക്കാള്‍ ഐപിസി പ്രകാരമുള്ള ശിക്ഷ സ്വീകരിക്കേണ്ടിവരും.
'അവകാശം' എന്ന പദത്തിനു നിരവധി വ്യാഖ്യാനങ്ങളുണ്ട്. ആരോഗ്യസംലഭ്യത, സ്വീകാര്യത, ഉയര്‍ന്ന ഗുണനിലവാരം, മനുഷ്യാവകാശം, തുല്യത ഇതെല്ലാം 'അവകാശം' എന്ന വാക്കില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ ഘടകങ്ങളിലെ നിഷേധം ആരോഗ്യവിതരണത്തിന്റെ ഗൗരവമായ നിഷേധമാണെന്നു കൊറോണപോലുള്ള രോഗങ്ങള്‍ക്കുശേഷം ആഗതമാകുന്ന ഈ വര്‍ഷത്തെ ലോകാരോഗ്യദിനം മനുഷ്യവര്‍ഗത്തെ ഓര്‍മപ്പെടുത്തുന്നു. ഈ വര്‍ഷം ലോകാരോഗ്യദിനാചരണത്തിന്റെ സുവര്‍ണജൂബിലിവര്‍ഷംകൂടിയാണ് എന്നതു ശ്രദ്ധേയമാണ്.
സാഹിത്യകലാമാധ്യമങ്ങളിലൂടെ ആരോഗ്യസുരക്ഷിതത്വം പ്രചരിപ്പിക്കാനാണ് 2024 ഏപ്രില്‍ ഏഴ് പ്രയോജനപ്പെടുത്തുക. പ്രസംഗങ്ങളെക്കാള്‍ ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കാം.
ഏതായാലും, ഇനിയൊരു മഹാമാരി നേരിടാനുള്ള കരുത്ത് മനുഷ്യരാശിക്കില്ലെന്ന സത്യം മറക്കാതെ, ആരോഗ്യ അച്ചടക്കത്തോടെ സഹജീവിതം നയിക്കാന്‍ നമുക്കാകട്ടെ. അപകടമാണെന്നറിഞ്ഞിട്ടും മദ്യപാനം മനുഷ്യന്റെ ഉറ്റമിത്രമായിത്തുടരുന്നു!
അനുബന്ധം: കൊവിഡ്കാലത്ത് ലോകത്തില്‍ 13 കോടി മരണങ്ങളുണ്ടായി. ഇതില്‍ 1.6 കോടി കൊവിഡ് മൂലമുള്ള മരണങ്ങള്‍ ഒരു പ്രത്യേക ചിന്ത ക്ഷണിച്ചുവരുത്തുന്നു. 15 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണനിരക്ക് യഥാക്രമം പതിനേഴും ഇരുപത്തിരണ്ടും ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍, 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണം 2019 നെക്കാള്‍ അഞ്ചുലക്ഷത്തോളം കുറഞ്ഞു. രോഗപ്രതിരോധകുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ രക്ഷപ്പെട്ടത് ഈ പ്രതിരോധകുത്തിവയ്പു ദോഷകരമായിരുന്നു എന്ന ചിന്തയ്ക്ക് ആക്കം കൂട്ടുന്നുണ്ടോ?
(ഭിഷഗ്വരനായ ലേഖകന്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സ്ഥാപക ഡയറക്ടറാണ്)