•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ചക്രവര്‍ത്തിനി

''രണ്ടു വര്‍ഷത്തിലേറെയായി ഇവളെന്റെ ഭാര്യയാണ്.''
അയാള്‍ ഞരങ്ങിക്കരയാന്‍ തുടങ്ങി. മുറിവുകള്‍ വാര്‍ന്നൊലിക്കുകയാണ്.
''നിങ്ങളെന്തിനാ സൂസായിലേക്കു വന്നത്?''
ഹഗായി ചോദിച്ചു.
''ഷബാനിക്കു വലിയ നിര്‍ബന്ധം. രാജ്ഞിയെക്കാണണമെന്ന്. അവളെ രാജ്ഞിക്കറിയുമെന്ന്.''
ഷബാനി വേദനയ്ക്കിടയിലും കുമ്പിട്ടിരുന്നു ചിരിച്ചു.
''ആര്, എസ്‌തേര്‍ രാജ്ഞിയോ?''
ഹഗായി ചോദിച്ച സമയത്ത് പിന്നില്‍നിന്നും ഷബാനി കരഞ്ഞു.
അയ്യോ...
ഹഗായിയും അയാളും അറിയാതെ ചോദിച്ചുപോയി.
''എന്താ, എന്തുപറ്റി?''
''എന്റെ കൂട്ടുകാരിയുടെ പേര് ഹദസയെന്നാണ്. അഷൂറിയേ വാ, നമുക്കു തിരിച്ചുപോകാം.''
അവള്‍ വണ്ടിനിറുത്താന്‍ തിടുക്കപ്പെട്ടു.
വണ്ടിക്കാരന്‍ ദേഷ്യപ്പെട്ടു:
''അങ്ങനെ തോന്നുമ്പോള്‍ കയറാനും ഇറങ്ങാനുമുള്ള വണ്ടിയല്ല ഇത്.
ഞാന്‍ കൊണ്ടുപോയി നിര്‍ത്തും, അവിടെ ഇറങ്ങിയാല്‍ മതി.''
കുഞ്ഞ് പെട്ടെന്ന് ഞെട്ടിക്കാറിക്കരഞ്ഞു. അമ്മ അതിനെ ആശ്വസിപ്പിക്കുന്നു. കരച്ചില്‍ പതുക്കെനിന്നു.
അത് മുലകുടിക്കുകയാണെന്നു തോന്നുന്നു.
അഷൂറിന്റെ ഞരങ്ങലും മൂളലും കേള്‍ക്കാം.
ഒരു വൈദ്യന്റെ വീട്ടുമുറ്റത്താണ് കുതിരവണ്ടി നിറുത്തിയത്. ഹഗായ് അയാളെ വിളിച്ചു. അഷൂറി ബോധമില്ലാതെ കിടക്കുകയാണ്. അതുകണ്ട് ഷബാനി കരഞ്ഞു.
''മിണ്ടാതിരിക്ക്.''
ഹഗായ് ദേഷ്യപ്പെട്ടു. 
അയാള്‍ അഷൂറിയെ തോളിലേറ്റി. 
 മെല്ലെ വരാന്തയില്‍ കിടത്തിയിട്ട് വൈദ്യനെ വിളിച്ചു:
പരിശോധിച്ചപ്പോള്‍ മുറിവിന്റെ ആഴംകണ്ട് വൈദ്യന്‍പോലും അമ്പരന്നു.
അപ്പോഴാണ് അയാളുടെ തോളിലെ മുറിവു വ്യക്തമായി കാണുന്നത്. കൈ വേര്‍പെട്ടുപോകാന്‍ പാകത്തിലുള്ള  അത്രയ്ക്കും മാരകമായ ഒരുമുറിവ്. അതിനുപുറമേ പുറത്തും കാലിലും ഒക്കെയും മുറിവുണ്ട്. 
വൈദ്യര്‍ പറഞ്ഞു:
''ലേശം ബുദ്ധിമുട്ടാണ്. അത്രയധികം രക്തം വാര്‍ന്നുപോയിട്ടുണ്ട്.''
ഏറ്റവും നല്ല ചികിത്സ നല്കാന്‍ നിര്‍ദേശിച്ചശേഷം ഹാഗായ് കുതിരവണ്ടിക്കു സമീപമെത്തി.
''നമുക്കു പോവാം.''
''അഷൂറി?'' 
ഷബാനി തേങ്ങി.
''ചികിത്സയ്ക്കുവേണ്ടി വൈദ്യന്റെ വീട്ടില്‍ കിടത്തിയിരിക്കയാണ്. ഞാന്‍ കൊട്ടാരത്തിലേക്കാണ്. തല്‍ക്കാലം ദാസികളുടെകൂടെ നിനക്കും അവിടെനില്ക്കാം.''
നിസ്സഹായയായ അവള്‍ സങ്കടം കടിച്ചമര്‍ത്തിയിരുന്നു. വണ്ടി കൊട്ടാരത്തിന്റെ പിന്നാമ്പുറത്തെത്തി.
അവനൊരു ദാസിയെ വിളിച്ച് ഷബാനിയെ ഏല്പിച്ചു.
ദാസിമാര്‍ മറ്റാരും അറിയാതെ കൊട്ടാരത്തിന്റെ വളപ്പില്‍ അവരുടെ താമസസ്ഥലത്തു സംരക്ഷിച്ചു. 
മൂന്നുനാലുദിവസം കഴിഞ്ഞ് ഷബാനിയെ അന്വേഷിച്ച് ഹഗായി എത്തി. ദാസിമാരുടെ താമസസ്ഥലത്തു സങ്കടപ്പെട്ടിരിക്കുന്ന അവളെക്കണ്ടു. അപ്പോഴും അവളുടെ കൈയില്‍ ആ കുഞ്ഞുണ്ട്.
ഹഗായിയെ അവള്‍ ആകാംക്ഷയോടെ നോക്കി.
അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു:
''അഷൂറി മരിച്ചുപോയി.''
അവള്‍ ഒന്നും മിണ്ടിയില്ല. വിദൂരതയില്‍ നോക്കിയിരുന്നു. കൈയില്‍നിന്നു കുഞ്ഞ് വഴുതിവീഴുന്നതുപോലുമറിയാതെ.
പെട്ടെന്നോടിയെത്തിയ ഒരു ദാസിയാണ് കുഞ്ഞിനെ വീഴാതെകാത്തത്. 
''ജഡം കാണണ്ടേ?''
ആ ചോദ്യത്തിനും അവള്‍ മറുപടി പറഞ്ഞില്ല. ഹഗായ് ദാസിമാരോട് അവളെ അകത്തേക്കു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.
അരമനരഹസ്യം അങ്ങാടിപ്പാട്ടായി.
കുഞ്ഞിന്റെ കരച്ചിലും ദാസിമാരുടെ അടക്കിപ്പിടിച്ച സംസാരവും അവര്‍ക്കിടയില്‍ താമസിക്കുന്ന യുവതിയെയും കുഞ്ഞിനെയുംകുറിച്ച് പുറത്തറിയാനിടയാക്കി.
എല്ലാം കുഴപ്പമാകുംമുമ്പ് ഹഗായ് പ്രധാനസചിവനെ സമീപിച്ചു.
''അടിയന് ഒരു കാര്യമുണര്‍ത്തിക്കാനുണ്ട്.''
മൊര്‍ദെക്കായി കാര്യമന്വേഷിച്ചു. എല്ലാക്കാര്യവും അവന്‍ വിശദീകരിച്ചു.
''യൂദയാസ്ത്രീയാണെന്നു തോന്നുന്നു. പേര് ഷബാനി.''
അയാള്‍ പറഞ്ഞുനിറുത്തി.
മൊര്‍ദെക്കായിയുടെ ഉള്ളിലൊരു കൊള്ളിയാന്‍മിന്നി. അയാള്‍ ഹഗായിയോടു നിര്‍ദേശിച്ചു:
''ഇന്നു രാത്രിതന്നെ അവരെ താമസസ്ഥലത്ത് എത്തിക്കുക.''
ഹഗായ് സമ്മതിച്ചു.
അയാള്‍ ഷബാനിയെ ആ രാത്രിയില്‍ കുതിരവണ്ടിയില്‍ മൊര്‍ദെക്കായിയുടെ വീട്ടിലെത്തിച്ചു. നേരത്തേ ഹാമാന്‍ താമസിച്ചിരുന്ന മാളിക രൂപമാറ്റംവരുത്തി അവിടെയാണ് മൊര്‍ദെക്കായിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.
കൃതിരവണ്ടിയില്‍നിന്ന് ഹാഗാന്‍ അവളെയും കുഞ്ഞിനെയും ഇറക്കി. അവള്‍ എമ്പാടും അമ്പരന്നുനോക്കി. ഇതേതു സ്ഥലമാണ്!
മൊര്‍ദെക്കായുടെ അടിമകള്‍ ഓടിയെത്തി.
ആരോ ഒരാള്‍ വിവരം അകത്തുചെന്നറിയിച്ചു.
ഹന്നയാണ് ഇറങ്ങിവന്നത്.
ഹഗായ് അമ്മയെയും കുഞ്ഞിനെയും മുന്നിലേക്കു നീക്കി നിറുത്തിയിട്ട് അറിയിച്ചു.
''ഇങ്ങോട്ടെത്തിക്കാന്‍ യജമാനന്‍ പറഞ്ഞു.''
''ആരാ?''
ഹന്നയുടെ പതിഞ്ഞ ചോദ്യം. 
ഹന്നയുടെ ശബ്ദം വേഗത്തില്‍ തിരിച്ചറിഞ്ഞ ഷബാനി കണ്ണുകള്‍ വിടര്‍ത്തിനോക്കി.
''ഞാനാ അമ്മേ... ഷബാനി.''
''മോളേ...!''
''നീയെവിടെയായിരുന്നു ഇതുവരെ? നിന്നെ ഞങ്ങള്‍ അന്നെവിടെയെല്ലാം തിരക്കിയെന്നോ?''
എല്ലാം ഒറ്റയടിക്ക് പറഞ്ഞും കരഞ്ഞുംകൊണ്ട് ഹന്ന അവളെ തന്നോടുചേര്‍ത്തു. അവളുടെ കുഞ്ഞിനെ കോരിയെടുത്തു.
''വാ മോളേ...''
അവളെ ഹന്ന അകത്തേക്കു കൂട്ടി. 
മഴനനഞ്ഞ പൂവുപോലെ സങ്കടങ്ങള്‍ക്കിടയിലും അവള്‍ ചിരിച്ചു. 
ഹദസയെപ്പോലെ ഷബാനിയും ഹന്നയെ അമ്മയെന്നും മൊര്‍ദെക്കായിയെ അബ്ബയെന്നുമാണ് വിളിച്ചിരുന്നത്. അവര്‍ എല്ലാ കാര്യങ്ങളും നിമിഷനേരത്തിനുള്ളില്‍ പരസ്പരം കൈമാറി.
 അപ്പോഴാണ് മൊര്‍ദെക്കായി കടന്നുവന്നത്.
''നിങ്ങള് കണ്ടില്ലേ, നമ്മുടെ ഷബാനിമോള്.''
ഹന്ന പരിചയപ്പെടുത്തി.
മലവെള്ളംപോലെ പാഞ്ഞുവന്ന് അവള്‍ മൊര്‍ദെക്കായിയുടെ നെഞ്ചോടുചേര്‍ന്നു.
തുലാമഴപോലെ പെയ്തു. 
മൊര്‍ദെക്കായി അവളെ ആശ്വസിപ്പിച്ചു.
''കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി മോള് കരയണ്ട...''
''ഹദസ എവിടെയാണബ്ബാ?''
ഷബാനി കൂട്ടുകാരിയെ അന്വേഷിച്ചു.
''അതൊക്കെ പറയാം മോളേ. നീയിപ്പോള്‍ വിശ്രമിക്ക്. ക്ഷീണം മാറട്ടെ.''
ഹന്ന അവളെയും കുഞ്ഞിനെയും അകമുറിയിലേക്കു കൊണ്ടുപോയി.
മൊര്‍ദെക്കായി മുകളിലേക്കുനോക്കി സര്‍വശക്തനോടു നന്ദിപറഞ്ഞു.
കുതിരവണ്ടിയിലിരുന്ന് അന്നിവര്‍ പറഞ്ഞത് സത്യമാണല്ലോ എന്ന് ഹഗായ് ഓര്‍മിച്ചെടുത്തു.
ഇക്കാര്യം എസ്‌തേര്‍മഹാരാജ്ഞിയെ താന്‍തന്നെ ആദ്യമറിയിക്കും. അവന്‍ നിശ്ചയിച്ചു.
അതിരാവിലെ മൊര്‍ദെക്കായിയും വീട്ടുകാരും ഉണര്‍ന്നത് രാജ്ഞിയെ കണികണ്ടാണ്. പല്ലക്കില്‍നിന്നു ചാടിയിറങ്ങിയ രാജ്ഞി തോഴിമാരോടൊപ്പം അകത്തേക്ക് ഓടിക്കയറി.
''ഷബാനീ... ഷബാനീ...!''
അവള്‍ നീട്ടിവിളിച്ച് മുറികളിലൂടെ ഓടിനടന്നു. പരിചാരകരും മറ്റും ഭയന്നുമാറി. 
അകത്തെ മുറിയില്‍നിന്നു ക്ഷീണിച്ചുമെല്ലിച്ചൊരു യുവതി ഓടിയെത്തി.
രണ്ടുപേരും പരസ്പരം അല്പനേരം നോക്കിനിന്നു. പിന്നെ ഗാഢമായി കെട്ടിപ്പിടിച്ചു.
''നീ എവിടെയായിരുന്നെടീ പെണ്ണേ?''
രാജ്ഞി ചോദിച്ചു.
മൊര്‍ദെക്കായിയും ഹന്നയും എഴുന്നേറ്റുവന്നു.
''നീയെന്തിനാണ് എസ്‌തേര്‍ ഇങ്ങോട്ടു വന്നത്?''
''എസ്‌തേറോ?''
ഷബാനി സംശയിച്ചു.
''അതേടി. ഹദസയും എസ്‌തേറുമൊക്കെ ഞാന്‍തന്നെ.''
രാജ്ഞി ചിരിച്ചു.
ഞാനിവളെ കെട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോവുയാണ് അബ്ബാ. ഇവളെന്റെ കൂട്ടുകാരിയാണ്. ഇനിമുതല്‍ എന്റെ പ്രധാനതോഴിയാണ്.
''അതുവേണ്ട. ഷബാനി ഇവിടെ നിന്നോട്ടെ.''
മൊര്‍ദെക്കായി തടസ്സമുന്നയിച്ചു.
''ഇവിടെ നിന്നാല്‍ ശരിയാവില്ല, ഞങ്ങള്‍ക്ക് എത്രകാലത്തെ വിശേഷങ്ങള്‍ പങ്കിടാനുള്ളതാണ്.''
എസ്‌തേര്‍ ഷബാനിയെ ചേര്‍ത്തുനിറുത്തി.
''വേണ്ടാ... ഹദസേ അബ്ബ പറഞ്ഞതാ ശരി.''
ഷബാനി സ്‌നേഹപൂര്‍വം തടഞ്ഞെങ്കിലും എസ്‌തേര്‍ അതംഗീകരിച്ചില്ല. 
''മോളേ, നീയാ കുഞ്ഞിന്റെ കാര്യമോര്‍ക്ക്.''
ഹന്ന ഇടപട്ടു.
''കുഞ്ഞിനെന്താ കുഴപ്പം? എന്റെ ഷബാനിയുടെ കുഞ്ഞല്ലേ?''
എസ്‌തേര്‍ എതിര്‍ത്തു.
''ഇവളെപ്പോലെ കുഞ്ഞും കൊട്ടാരത്തില്‍ത്തന്നെ വളരും.''
''അതല്ല മോളേ. മുലകുടിപ്രായം കഴിഞ്ഞിട്ടില്ല. അവിടെ ആരാ അതിനെ നോക്കാനുള്ളത്?''
ഹന്ന ബുദ്ധിമുട്ടുകള്‍ നിരത്തി.
''അതൊന്നും സാരമില്ലമ്മേ.''
എസ്‌തേര്‍ അമ്മയുടെ തടസ്സവാദങ്ങളെ സൗമ്യമായി മുറിച്ചുകളഞ്ഞു.
പിന്നെ തിരിഞ്ഞുനിന്ന് ഹഗായിയോടു കല്പിച്ചു:
''കുട്ടിയെ നോക്കാനും മുലകുടിപ്പിക്കാനുമായി സ്ത്രീകളെ വേഗത്തില്‍ ഏര്‍പ്പാടാക്കണം.''
അവന്‍ രാജ്ഞിയെ അനുസരണയോടെ വണങ്ങി.
തോഴിമാര്‍ ഷബാനിയെ കൊട്ടാരത്തില്‍നിന്നു കൊണ്ടുവന്നിരുന്ന വസ്ത്രങ്ങള്‍ അണിയിച്ചു. കുഞ്ഞിനെ തോഴിമാരെ ഏല്പിച്ചു.
വളരെവേഗത്തില്‍ എസ്‌തേര്‍ ഷബാനിയോടും കുഞ്ഞിനോടുമൊപ്പം കൊട്ടാരത്തിലേക്കു മടങ്ങി.

(തുടരും)

Login log record inserted successfully!