വേനല്‍ച്ചൂടിനൊപ്പം രാജ്യം തിരഞ്ഞെടുപ്പിന്റെ ചൂടിലുമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യഭരണസംവിധാനമുള്ള രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യ ആരു ഭരിക്കണമെന്നുള്ള ജനങ്ങളുടെ തീരുമാനം വോട്ടായിമാറുമ്പോള്‍ പ്രതീക്ഷകളേറെ. ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും അടിച്ചേല്പിച്ചും കാലങ്ങളായിത്തുടരുന്ന രാഷ്ട്രീയനാടകം വീണ്ടും ആവര്‍ത്തിക്കുന്നു. ചേരിതിരിവുകളും കൂറുമാറ്റങ്ങളും രാഷ്ട്രീയപകപോക്കലുകളും നിത്യസംഭവങ്ങളായിരിക്കുമ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട പൗരന്മാര്‍ ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഒളിച്ചോട്ടം തുടരുന്നു.
കര്‍ഷകര്‍ സ്ഥിരനിക്ഷേപമല്ല
അസംഘടിതകര്‍ഷകര്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ അടിച്ചേല്പിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാനുള്ള ഗതികേടില്‍ എക്കാലത്തെയുംപോലെ വീണ്ടും ചെന്നെത്തിയിരിക്കുന്നു. കര്‍ഷകരെ സ്ഥിരനിക്ഷേപമാക്കി നേട്ടമുണ്ടാക്കിയ രാഷ്ട്രീയനേതൃത്വങ്ങളോട് കര്‍ഷകന് എന്തു നേടിത്തന്നുവെന്ന് ഈ തിരഞ്ഞെടുപ്പുവേളയിലെങ്കിലും നെഞ്ചുനിവര്‍ത്തിനിന്ന് വിരല്‍ചൂണ്ടി ചോദിക്കാന്‍ മടിക്കുന്നതെന്ത്? ജീവനും ജീവിതത്തിനും നിരന്തരം വെല്ലുവിളിയുയരുമ്പോഴും കര്‍ഷകരെയും കാര്‍ഷികമേഖലയെയും നടുക്കടലിലേക്കു തള്ളിവിട്ടവര്‍ക്കെതിരേ പ്രതികരിക്കാതെ ഓടിയൊളിക്കാന്‍ കൈവെള്ളയില്‍മാത്രമല്ല ഹൃദയ
ത്തിലും തഴമ്പുള്ളവര്‍ക്കാകുമോ? ഇവിടെയാണ് കാര്‍ഷികമേഖല അനുദിനം നേരിടുന്ന സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളുടെ കെട്ടഴിയുന്നത്. ആരെയും എതിര്‍ത്തു തോല്പിക്കാനോ അടച്ചാക്ഷേപിക്കാനോ ശ്രമിക്കാതെ, കണ്മുമ്പില്‍ കാണുന്ന നീതിനിഷേധങ്ങളും കടന്നാക്രമങ്ങളും കര്‍ഷകദ്രോഹങ്ങളും അക്കമിട്ട് അവതരിപ്പിക്കുന്നത് പിറന്നുവീണ മണ്ണില്‍ ജീവിക്കാനുള്ള കര്‍ഷകന്റെ അവകാശവും ആഗ്രഹവും ഒന്നുകൊണ്ടു മാത്രമാണ്.
ദരിദ്രരായ കര്‍ഷകര്‍
സംഘടിതവര്‍ഗത്തിന്റെ ചൂഷണത്തിനും അധികാരവര്‍ഗത്തിന്റെ നിഷേധനിലപാടുകള്‍ക്കും ഇരയായി അസമത്വത്തിന്റെ നീര്‍ക്കയത്തിലേക്കു കര്‍ഷകനെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു നാടുഭരിച്ചവര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. 1968 മുതല്‍ 2023 വരെയുള്ള 55 വര്‍ഷക്കാല
മെടുത്താല്‍ കാര്‍ഷികവിളകള്‍ക്കുണ്ടായ വിലവര്‍ധന 19 ഇരട്ടിയെങ്കില്‍ സംഘടിത ഉദ്യോഗസ്ഥരുടെ ശമ്പളവര്‍ധന 436 ഇരട്ടി.
1960 കളില്‍ കാര്‍ഷികവൃത്തിയിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കി കൃഷിയുടെ അന്തസ്സും മാന്യതയും ഉയര്‍ത്തിപ്പിടി ക്കാനും വളര്‍ച്ച നേടാനും കര്‍ഷകര്‍ക്കായെങ്കില്‍ പിന്നീട് സംഘടിത ഉദ്യോഗസ്ഥരും തൊഴിലാളിവര്‍ഗവും കര്‍ഷകനെകശക്കിയെറിയാന്‍ തുടങ്ങി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന
മാഫിയസംഘത്തിനുമുമ്പില്‍ ഭരണനേതൃത്വങ്ങള്‍ മുട്ടുമടക്കിയപ്പോള്‍ ഇക്കൂട്ടരുടെ നിരന്തരദ്രോഹത്തിനിരയായത് അസംഘടിതകര്‍ഷകരാണ്. വിലത്തകര്‍ച്ചയും വിപണിയുമില്ലാതെ പ്രകൃതിക്ഷോഭങ്ങളും വന്യജീവി ആക്രമണങ്ങളുമേറ്റ് കൃഷി നഷ്ടക്കച്ചവടമായപ്പോള്‍ ഇന്നലെകളില്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ കര്‍ഷകന്റെ കഷ്ടദിനങ്ങളാരംഭിച്ചു. സഹായിക്കാന്‍ ആരുമില്ലാത്ത നിസ്സഹായാവസ്ഥയില്‍ ഗതികിട്ടാതെ, മുട്ടാന്‍ വാതിലുകളില്ലാതെ വഴിയാധാരമായി കര്‍ഷകനിന്നു വിങ്ങിപ്പൊട്ടുമ്പോള്‍ പുതുതലമുറ കൃഷി ഉപേക്ഷിച്ച് നാടുവിട്ടോടുന്ന ദുര്‍വിധിയിലാണ്.
കര്‍ഷകന്റെ കടബാധ്യത
കാലാകാലങ്ങളായി ഉത്പാദനച്ചെലവുപോലും ലഭിക്കാത്ത, വര്‍ഷാവര്‍ഷം കൃഷി ഇറക്കുന്നതിനായി എടുത്ത വായ്പാഭാരം താങ്ങാനാവാതെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നു. കേരളത്തിലെ കര്‍ഷകരുടെ ആളോഹരിക്കടത്തെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകള്‍പ്രകാരം (നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ സ്ഥിതി വിലയിരുത്തല്‍ സര്‍വേ 2021, ദേശീയവായ്പ നിക്ഷേപ താരതമ്യസര്‍വേ) കേരളത്തിലെ ഒരു കര്‍ഷകന്റെ ശരാശരി കടബാധ്യത 5.46 ലക്ഷം രൂപയാണ്. ദേശീയതലത്തില്‍ ഇത് 1.82 ലക്ഷം രൂപമാത്രം. ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിലെ കര്‍ഷകന്റെ കടബാധ്യതയെന്നതു ഞെട്ടിക്കുന്നതാണ്.
കൃഷിവകുപ്പിനു കൃഷിയുണ്ടോ?
കേരളത്തിലെ കൃഷിമന്ത്രിയോ കൃഷിവകുപ്പോ നേരിട്ടു കൃഷി ചെയ്യാറില്ല. കാര്‍ഷികമേഖലയിലെ ഉത്പാദനം മുഴുവന്‍ കൃഷിക്കാരുടെ അധ്വാനമാണ്. കാലാവസ്ഥയാണു കൃഷിയെ നിയന്ത്രിക്കുന്നത്. കാലാവസ്ഥ മോശമായി കൃഷി നശിച്ചാല്‍ സര്‍ക്കാരും ജനപ്രതിനിധികളും പ്രസ്താവനയും വാചകമടിയും തുടരുന്നതല്ലാതെ കൃഷിക്കാരനെ സഹായിക്കില്ല. വിള ഇന്‍ഷുറന്‍സ് എന്നതൊക്കെ പുസ്തകങ്ങളിലും ഫയലിലും മന്ത്രിമാരുടെ പൊള്ളയായ വാഗ്ദാനങ്ങളിലും ഒതുങ്ങുന്നു. ഇനി കൃഷിയിറക്കി വിളവെടുത്താലോ? അരിയാഹാരം കഴിക്കുന്ന മലയാളിയുടെ മണ്ണില്‍ എത്രയോ ദിവസങ്ങളാണ് കൊയ്തിട്ട നെല്ലുസംഭരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരാതെ വഴിയോരങ്ങളിലും പാടത്തും പൊടിയും വെയിലുമേറ്റ് ആര്‍ക്കും വേണ്ടാതെ കിടന്നത്. ഇതില്‍പ്പരം കര്‍ഷകദ്രോഹമെന്ത്?
നെല്‍ക്കൃഷി ആദായകരമായി നടത്തിക്കൊണ്ടുപോകാനുള്ള താങ്ങുവില കാലാകാലങ്ങളില്‍ പ്രഖ്യാപിച്ച് താങ്ങുവിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി സംഭരിച്ചാല്‍മാത്രമേ നെല്‍ക്കര്‍ഷകപ്രതിസന്ധിക്കു പരിഹാരമാകൂ. അതിനുപകരം, നിരന്തരം കേന്ദ്രത്തെ പഴിചാരി മാറിനില്‍ക്കാന്‍ എത്രകാലം സംസ്ഥാനസര്‍ക്കാരിനാകും? 2024-25 ലേക്കുള്ള ബജറ്റില്‍ സംസ്ഥാനത്തിന്റെ മൊത്തം വാര്‍ഷിക ച്ചെലവ് 2,55,386 കോടി രൂപയാണ്.
കേരളത്തിലെ മൊത്തം നെല്ലുത്പാദനം 5,92,684 മെട്രിക് ടണ്ണായിരുന്നു. 28.20 രൂപ നിരക്കില്‍ മൊത്തം നെല്ലുവാങ്ങാന്‍ സംസ്ഥാനത്തിനു വേണ്ടത് 1,671 കോടി രൂപ. നെല്ല് അരിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സംഭരണവില സര്‍ക്കാരിന്റെ ഖജനാവിലെത്തും. അപ്പോള്‍ നയാപൈസ പണം മുടക്കേïതില്ല. രണ്ടാഴ്ച അല്ലെങ്കില്‍ ഒരു മാസം 1,671 കോടി രൂപ കൈവായ്പ നല്‍കിയാല്‍ മാത്രം മതി. പലിശയിനത്തില്‍ ചെലവാകുന്നതോ 11 കോടി രൂപ മാത്രം. 1,671 കോടി രൂപയ്ക്ക് എട്ടു ശതമാനം പലിശനിരക്കില്‍ ഒരു മാസത്തെ പലിശ. 2,55,386 കോടി രൂപ കൈകാര്യം ചെയ്യുന്ന സംസ്ഥാനസര്‍ക്കാരിന് 1,671 കോടിരൂപ വെറും ഒരു മാസത്തേക്ക് കൈവായ്പയായി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാടുഭരിക്കുന്ന കര്‍ഷകവിരുദ്ധരും ദ്രോഹികളുമായ രാഷ്ട്രീയനേതാക്കളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുപ്പില്‍ ചൂണ്ടിക്കാണിക്കാതെ പിന്നെ ജനം എന്തു ചെയ്യണം?
വന്യജീവികള്‍ കടിച്ചുകീറുമ്പോള്‍
വന്യജീവിയാക്രമണങ്ങള്‍മാത്രമല്ല ഇതുമൂലം നഷ്ടപ്പെടുന്ന മനുഷ്യജീവനുകളുടെ എണ്ണവും അനുദിനം പെരുകുന്നു. കാടിറങ്ങി ജനവാസകേന്ദ്രങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടായിട്ടും അതു ചെയ്യാന്‍ സഹായിക്കാതെ, ജനങ്ങളെ കൊല്ലുന്ന വന്യജീവികളെ സംരക്ഷിക്കുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നേരിടുകതന്നെവേണം.
വന്യജീവിയാക്രമണം തടയാന്‍ തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ പാസ്സാക്കിയ ജല്ലിക്കെട്ട് നിയമമാതൃകയില്‍ സംസ്ഥാനതല നിയമനിര്‍മാണം നടത്തണം. 1972 ലെ വന്യജീവി സംരക്ഷണനിയമത്തിലെ 11(2) വകുപ്പുപ്രകാരം ജീവനു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്ന അധികാരം ഉപയോഗിക്കാന്‍ മലയോരമേഖലയിലെ ജനങ്ങളെ സര്‍ക്കാര്‍ ബോധവത്കരിക്കണം. മലയോരമേഖലയില്‍ ആവശ്യപ്പെടുന്നവര്‍ക്കൊക്കെ കാലതാമസമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ തോക്ക് ലൈസന്‍സ് നല്‍കണം. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കണം. വനം ട്രൈബ്യൂണല്‍ കോടതികള്‍ സ്ഥാപിക്കണം. നഷ്ടപരിഹാരം 'സ്‌കെയില്‍ ഓഫ് ഫിനാന്‍സ് ഫോര്‍ ഗ്രോയിങ് ക്രോപ്‌സ്' അടിസ്ഥാനമാക്കി നിശ്ചയിക്കണം. ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്ര നിയമത്തിനു സമാന്തരമായി മറ്റു സംസ്ഥാനങ്ങള്‍ സ്വതന്ത്രനിയമനിര്‍മാണം നടത്തിയ മാതൃകയില്‍ കേരളത്തിലെ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ സ്വതന്ത്ര സംസ്ഥാനനിയമം രൂപീകരിക്കുക തുടങ്ങിയ സാമാന്യബോധംമാത്രം ആവശ്യമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍പോലും കഴിവില്ലാത്ത ഒരു രാഷ്ട്രീയഭരണകൂടം. ജനങ്ങളുടെ ഭാഗത്തുനിന്നു പ്രവര്‍ത്തിക്കുന്നതിനുപകരം അന്താരാഷ്ട്ര സ്ഥാപിത താത്പര്യക്കാരായ ആഗോളഭീമന്മാര്‍ക്കുവേണ്ടിയും അന്താരാഷ്ട്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 'മലയാളികളായ ചില വിദഗ്ധരുടെ' സ്വകാര്യതാത്പര്യങ്ങള്‍ക്കുമായി ആഗോള പരിസ്ഥിതി പ്രവര്‍ത്തകരുമായി കൈകോര്‍ത്ത് നാല്പതു ലക്ഷത്തിലധികം മലയോരജനങ്ങളെ വന്യമൃഗശല്യം ചൂണ്ടിക്കാട്ടി കുടിയിറക്കാനുള്ള നീക്കം പാര്‍ലമെന്റുതിരഞ്ഞെടുപ്പില്‍ സജീവരാഷ്ട്രീയചര്‍ച്ചാവിഷയമാകുന്നതിനെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഭയക്കേണ്ടതില്ല.
ഇറക്കുമതിച്ചുങ്കം കര്‍ഷകന്
കാര്‍ഷികവിളകളില്‍നിന്ന് ഏറ്റവും കൂടുതല്‍ സംസ്ഥാനവരുമാനം നേടിത്തരുന്ന റബര്‍കൃഷി സംസ്ഥാനത്തിനുള്ളില്‍തന്നെ അവഗണിക്കപ്പെടുകയാണ്. ഇറക്കുമതിച്ചുങ്കം എന്നു പറയുന്നത് കര്‍ഷകനെ തീറെഴുതിവിറ്റതിന്റെ വിലയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 8,985 കോടി രൂപയാണ് റബര്‍ ഇറക്കുമതി ചുങ്കത്തിലൂടെ കേന്ദ്രസര്‍ക്കാരിനു ലഭിച്ച വരുമാനം. ഇതില്‍ 6,739 കോടി രൂപ (75%) കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. റബര്‍ ഉത്പാദക ഉത്തേജകപദ്ധതിയിലൂടെ റബറിന്റെ ഇറക്കുമതിച്ചുങ്കം റബര്‍ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തണമെന്ന ഉച്ചകോടി നിലപാടിനെ ആര്‍ക്ക് എങ്ങനെ രാഷ്ട്രീയമായി എതിര്‍ക്കാനാകും. 2016 നുശേഷം റബര്‍ കര്‍ഷക ഉത്തേജകപദ്ധതിക്കായി 3,000 കോടി രൂപയാണ് ഇടതുസര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചതെങ്കിലും നാളിതുവരെ വിതരണം ചെയ്തത് 1,989 കോടി രൂപമാത്രമാണ്. അവിടെയും നടക്കുന്നത് കര്‍ഷകവഞ്ചനതന്നെ. അത് ചൂണ്ടിക്കാണിക്കുന്ന കര്‍ഷകരെ എന്തിനു പഴിക്കണം.
കണ്ടില്ലന്നു നടിക്കരുത്
ഓരോ ദിവസവും കൂടുതല്‍ സങ്കീര്‍ണമാകുന്ന ഭൂപ്രശ്‌നങ്ങള്‍, അണിയറയിലിരിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമവിജ്ഞാപനം സൃഷ്ടിക്കാവുന്ന ആഘാതങ്ങള്‍, വനമേഖലയ്ക്കു പുറത്ത് കൃഷിയിടങ്ങളിലേക്ക് ബഫര്‍സോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, മനുഷ്യനെ കുരുതികൊടുത്തു മൃഗങ്ങള്‍ക്കു സുരക്ഷയൊരുക്കുന്ന 'ഭരണസംവിധാനങ്ങളുടെ ക്രൂരത ഇവയൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല. നിയമങ്ങള്‍ സൃഷ്ടിക്കുന്ന സംസ്ഥാന കേന്ദ്രസര്‍ക്കാരുകളിലെ, ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ മനുഷ്യമൃഗങ്ങളാണോയെന്നു പൊതുസമൂഹമിന്നു ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ വന്‍കിട രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷികമേഖല തുറന്നുകൊടുത്തിരിക്കുന്നു. കര്‍ഷകവിരുദ്ധകരിനിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ തുനിഞ്ഞപ്പോള്‍ രാജ്യത്ത് കരുത്താര്‍ജിച്ച കര്‍ഷകപ്രതിഷേധത്തിന്റെ അലകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില എവിടെ? പ്രകടനപത്രികകളില്‍ പ്രഖ്യാപിച്ച കാര്‍ഷികബജറ്റ് എവിടെ? സമയബന്ധിത കാര്‍ഷികോത്പന്ന സംഭരണമെവിടെ? ഖജനാവിലെ കോടികള്‍ തട്ടിയെടുക്കുന്ന കൃഷിവകുപ്പിന്റെ പ്രവര്‍ത്തനപരാജയത്തിനുമുമ്പില്‍ അടയിരിക്കുന്നവരായി ജനപ്രതിനിധികള്‍ അധഃപതിച്ചുവോ? മേല്‍സൂചിപ്പിച്ചവയൊക്കെ കണ്ടില്ലെന്നു നടിക്കുന്നവരുടെ തിരഞ്ഞെടുപ്പുകാലത്തെ കള്ളച്ചിരിയില്‍ കര്‍ഷകന്‍ വീണുപോയാല്‍ സ്വയം ആഴങ്ങളിലേക്കു നിപതിക്കുകയാണെന്നുള്ളത് മറക്കരുത്.
ഭരണനേതൃത്വം കണ്ണുതുറക്കുമോ?
ഭരണസംവിധാനത്തിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും സൃഷ്ടിച്ചിരിക്കുന്ന കടക്കെണിയുടെ ആഘാതം ഓരോ മലയാളിയുടെയും തലയ്ക്കുമുകളില്‍ ഡെമോക്ലീസന്റെ വാളുപോലെ ഭീതിപ്പെടുത്തിയാടുന്നു. കാലങ്ങളായി സ്തംഭിച്ചിരിക്കുന്ന വ്യവസായമേഖല, കലാലയരാഷ്ട്രീയ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ടു രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകുന്ന ഉദ്യോഗസ്ഥര്‍, അടിച്ചേല്പിക്കുന്ന നിയമങ്ങളും നികുതികളും, ഭീകരവാദപ്രസ്ഥാനങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ നാട്ടിലുടനീളം, മദ്യവും മയക്കുമരുന്നും ലോട്ടറിയും സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കുമ്പോള്‍ ഒരു തലമുറയെ നാശത്തിന്റെ വഴിയിലേക്കു ബോധപൂര്‍വം ഭരണനേതൃത്വങ്ങള്‍ തള്ളിവിടുകയാണ്. നാടുവിട്ടോടിപ്പോകുന്ന യുവത്വം, ഭീതിപ്പെടുത്തുന്ന ജീവിതസാഹചര്യങ്ങളും ഭരണവൈകല്യങ്ങളും ദ്രോഹസമീപനങ്ങളും കര്‍ഷകന്റെമാത്രമല്ല പൊതുസമൂഹത്തിന്റെയൊന്നാകെ ജീവിതത്തെ വഴിമുടക്കുന്നു.
ഇടപ്രഭുക്കന്മാരായ രാഷ്ട്രീയ സമാന്തരരാജാക്കന്മാര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. മാറ്റങ്ങള്‍ക്കു വിധേയമാകുന്നില്ലെങ്കില്‍ കാര്‍ഷികമേഖലമാത്രമല്ല കേരളത്തിന്റെ സമസ്തമേഖലകളും തകര്‍ന്നടിയുന്ന ദിനങ്ങള്‍ വിദൂരമല്ല. അന്നംതരുന്ന കര്‍ഷകനെ സംരക്ഷിക്കാത്ത ഭരണസംവിധാനങ്ങള്‍ ഒരു രാജ്യത്തും നിലനിന്ന ചരിത്രമല്ല. ജീവിതം പെരുവഴിയിലായി നിലനില്പിനായി പോരാടുന്ന കര്‍ഷകന്‍ കണ്ണുതുറന്ന് പൊതുതിരഞ്ഞെടുപ്പില്‍ പ്രതികരിക്കുവാന്‍ ആര്‍ജവം കാണിക്കണം. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമല്ല തങ്ങളെ സംരക്ഷിക്കുന്നവര്‍ക്കും തങ്ങളോടൊപ്പം ഉണ്ടാകുമെന്നുറപ്പുള്ളവര്‍ക്കുംമാത്രമായിരിക്കണം വിലയേറിയ സമ്മതിദാനാവകാശം.