പാരിസ് ഒളിമ്പിക്‌സിനുള്ള ദീപശിഖ ഏപ്രില്‍ 16 ന് ഗ്രീസിലെ ഒളിമ്പിയയില്‍ തെളിഞ്ഞു. ഇനി പതിനൊന്നു നാള്‍ ഗ്രീസിലെ ചരിത്രമുറങ്ങുന്ന നഗരങ്ങള്‍ ചുറ്റി ഏപ്രില്‍ 26 ന് പാരിസ് ഒളിമ്പിക്‌സ് സംഘാടകസമിതിക്കു കൈമാറി. ജൂലൈ 26 ന് പാരിസില്‍ ഒളിമ്പിക്‌സിനു ദീപം തെളിയും. ദീപശിഖാറാലിയില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രയും പങ്കെടുക്കുന്നുണ്ട്. ഒളിമ്പിക്‌സ് തുടങ്ങാന്‍ ഇനി നൂറു നാള്‍ തികച്ചില്ല. ടോക്കിയോയിലെ മെഡല്‍നേട്ടം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ദേശീയ ഒളിമ്പിക് സംഘടനയില്‍ ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയുടെ നടപടികളെ ഭരണസമിതിയായ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും എതിര്‍ക്കുകയാണ്. ഉഷ നിയമിക്കുന്നവരെ ഭരണസമിതി പുറത്താക്കുന്നു. നിയമനങ്ങള്‍ അനധികൃതമെന്നു ഭരണസമിതി ആരോപിക്കുന്നു. അനധികൃതമായി ആരും ഐ. ഒ. എ. ആസ്ഥാനത്തു പ്രവേശിക്കരുതെന്ന് ഭരണസമിതിയിലെ ഒന്‍പതംഗങ്ങള്‍ നോട്ടീസ് പതിപ്പിച്ചു. നോട്ടീസ് നീക്കാനും, താനും തന്റെ ഓഫീസും നിര്‍ദേശിക്കുന്നതു മാത്രം അനുസരിച്ചാല്‍ മതിയെന്നും പി.ടി. ഉഷ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി.
ഭരണതലപ്പത്തുള്ളവരുടെ ചേരിപ്പോര് ഇന്ത്യന്‍താരങ്ങളുടെ പരിശീലനത്തെ ബാധിക്കുകയില്ല. പ്രമുഖതാരങ്ങളൊക്കെ വിദേശത്തു തീവ്രപരിശീലനത്തിലാണ്. മറ്റുപലരും പരിശീലനത്തിനും മത്സരപരിചയത്തിനുമായി വിദേശയാത്രയ്‌ക്കൊരുങ്ങുന്നു. പക്ഷേ, പാരീസില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മേരി കോം തല്‍സ്ഥാനം (ചെഫ് ഡി മിഷന്‍) ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ ഒഴിവാക്കണമെന്നാണ് പി.ടി. ഉഷയ്ക്കു നല്‍കിയ കത്തില്‍ മേരി കോം അഭ്യര്‍ഥിച്ചത്. പാരീസിലെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ ദേശീയപതാക വഹിക്കാന്‍ ടേബിള്‍ടെന്നീസ്താരം ശരത് കമലിനെ ചുമതലപ്പെടുത്തിയതിനെ അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെ പലരും ചോദ്യം ചെയ്‌തെങ്കിലും ശരത് കമല്‍ പിന്മാറിയിട്ടില്ല. ഐ.ഒ.എയില്‍ പി.ടി. ഉഷയെ പിന്തുണച്ചുപോന്നവരാണ് മേരി കോമും ശരത് കമലും. ഒളിമ്പിക് മെഡല്‍ ജേതാക്കളും മെഡല്‍സാധ്യതയുള്ളവരും സംഘത്തില്‍ ഉള്‍പ്പെടുമ്പോള്‍ യാതൊരു സാധ്യതയുമില്ലാത്ത ടേബിള്‍ ടെന്നീസില്‍ മത്സരിക്കുന്നൊരാളെ എന്തിനു പതാകാവാഹകനാക്കുന്നു എന്നതാണു ചോദ്യം. പക്ഷേ, ശരത് കമലിന് ഇത് അഞ്ചാമത്തെ ഒളിമ്പിക്‌സാണ്. ആ സീനിയോരിറ്റിയെ മാനിച്ചതാണെന്നു പറയാം.
എന്തായാലും ഐ.ഒ.എയില്‍ പ്രതിസന്ധി രൂക്ഷമാണ്. മറ്റുള്ളവര്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ഉഷ ആരോപിക്കുന്നു. ഉഷ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നു മറ്റുള്ളവരും. പി.ടി. ഉഷയ്ക്കു പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്നും എതിരാളികള്‍ സ്‌പോര്‍ട്‌സ്മന്ത്രിയുടെ ആളുകളാണെന്നുമാണ് ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് വൃത്തങ്ങളിലെ സംസാരം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നതിനാല്‍ സര്‍ക്കാരിനു പരസ്യമായി ഇടപെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഒത്തുതീര്‍പ്പിന് പി.ടി. ഉഷതന്നെ മുന്‍കൈയെടുക്കണം. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സസ്‌പെന്‍ഡു ചെയ്താല്‍ പാരീസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ത്രിവര്‍ണപതാകയുടെ കീഴില്‍ മത്സരിക്കാന്‍ കഴിയാതെവരും. അത്രത്തോളം എത്തില്ലെന്നു പ്രതീക്ഷിക്കാം.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടന 2022 നവംബറില്‍ പരിഷ്‌കരിച്ചപ്പോള്‍ സെക്രട്ടറി ജനറലിനു പകരം വോട്ടവകാശം ഇല്ലാത്ത സി.ഇ.ഒ. വേണമെന്നായി. ഈ നിയമനം വൈകിയപ്പോള്‍ ഐ.ഒ.സി. താക്കീതു ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി ആറിന് രഘുറാം അയ്യരെ സി.ഇ.ഒ. ആയി നിയമിച്ചു. രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബിന്റെ തലപ്പത്തുണ്ടായിരുന്നയാളാണ് രഘുറാം അയ്യര്‍. അദ്ദേഹത്തിനു നിശ്ചയിച്ച ശമ്പളമാകട്ടെ പ്രതിവര്‍ഷം രണ്ടു കോടിയോളം രൂപ. ഭരണസമിതിയംഗങ്ങള്‍ ഇതിനെ ചോദ്യം ചെയ്തു. പതിനഞ്ചംഗഭരണസമിതിയില്‍ 12 പേരും പി.ടി. ഉഷയ്ക്ക് എതിരായി. മേരി കോമും ശരത്കമലുംമാത്രമാണ് പ്രസിഡന്റിനൊപ്പം നിന്നത്. പക്ഷേ, അയ്യര്‍ ചുമതലയേറ്റു.
അതിന്റെ തുടര്‍ച്ചയായിട്ടാണ് പി.ടി. ഉഷയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി നിയമിക്കപ്പെട്ട അജയ് നാരങ്ങിനെ പുറത്താക്കിക്കൊണ്ട് ഭരണസമിതിയിലെ ഭൂരിപക്ഷം രംഗത്തെത്തിയത്. അജയ് നാരങ്ങ് ആകട്ടെ 2023 ജൂണ്‍ ഏഴുമുതല്‍ ചുമതല നിര്‍വഹിക്കുന്ന ആളാണ്. നിയമനവും പിരിച്ചുവിടലും എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അധികാരത്തില്‍പ്പെട്ടതല്ലെന്ന് പി.ടി. ഉഷ പരസ്യമായി പറഞ്ഞു. എന്നാല്‍ മറിച്ചാണെന്ന്, ഉഷയ്ക്കു തൊട്ടുമുമ്പ് ഐ.ഒ.എ. പ്രസിഡന്റായിരുന്ന നരീന്ദര്‍ ബത്ര പറയുന്നു.
ഒരു വ്യവസായസ്ഥാപനമായ ഐ.ഒ.എയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന ആരോപണത്തില്‍ ഉഷ വിശദീകരണം നല്‍കണമെന്ന ബത്രയുടെ ആവശ്യം ഇനിയുള്ള നാളുകളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും. റിലയന്‍സിനെയും നിത അംബാനിയെയുമാണ് ബത്ര ഉദ്ദേശിച്ചതെന്നു വാദിക്കാം. രാജ്യാന്തര ഒളിമ്പിക് സമിതിയംഗമായിരിക്കേ ദേശീയസംഘടനയില്‍ പ്രശ്‌നമുണ്ടാകാന്‍ നിത അംബാനി ശ്രമിക്കില്ല എന്നു തത്കാലം നമുക്കു വിശ്വസിക്കാം.
ലോക്‌സഭാതിരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും ഐ.ഒ.എയിലെ പ്രശ്‌നങ്ങളുടെ പരിഹാരവും. ദേശീയതിരഞ്ഞെടുപ്പുകാരണം ഒട്ടേറെ ദേശീയകായികസംഘടനകളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ ഹമിര്‍പൂര്‍ മണ്ഡലത്തില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിക്കുന്ന അനുരാഗ് ഠാക്കൂറിന് ഇത്തവണ മത്സരം കടുപ്പമാണ്. 2008 മേയില്‍ പിതാവിന്റെ തുടര്‍ച്ചയായി ലോക്‌സഭയിലെത്തിയ അനുരാഗ് ഠാക്കൂര്‍ 2009 ലും 14 ലും 19 ലും തുടര്‍ച്ചയായി വിജയിച്ചു. ഇത്തവണത്തെ മത്സരഫലം അനുരാഗ് ഠാക്കൂറിന്റെ രാഷ്ട്രീയഭാവിയെ മാത്രമല്ല, സ്‌പോര്‍ട്‌സ് സംഘടനാരംഗത്തെ സ്വാധീനത്തെയും ബാധിക്കും.
കൂടുതല്‍ കായികതാരങ്ങള്‍ക്ക് അവസരം നല്‍കി ഐ.ഒ.എ. ഭരണഘടന പരിഷ്‌കരിച്ചെങ്കിലും പല താരങ്ങളെയും സ്വാധീനിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ക്കു കഴിയുന്നു. കായികതാരമെന്ന ലേബലുണ്ടെങ്കിലും പി.ടി. ഉഷയുടെ തിരഞ്ഞെടുപ്പില്‍പോലും ബി.ജെ.പി. സ്വാധീനമില്ലെന്നു പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പുഫലവും പുതിയ സര്‍ക്കാര്‍ രൂപീകരണവുംവരെ ഐ.ഒ.എ.യിലെ തര്‍ക്കം നീട്ടിക്കൊണ്ടുപോകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഇതൊന്നും ശ്രദ്ധിക്കാതെ താരങ്ങള്‍ പരിശീലനം തുടരുക. പാരിസ് ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുക, രാജ്യത്തെ കായികപ്രേമികള്‍ നിങ്ങള്‍ക്കൊപ്പം കാണും.