''എന്റെ കുഞ്ഞിനെ ഞാന്‍ സ്‌കൂളില്‍ വിടണത് നിനക്കു തട്ടിക്കളിക്കാനല്ല. നീ എന്താ വിചാരിച്ചത്? നിന്നെപ്പോലെ തോന്ന്യാസം കാണിക്കാനാ എല്ലാ പിള്ളേരും സ്‌കൂളില്‍ വരണതെന്നോ? നിന്നെ ചിലപ്പോള്‍ അതിനായിരിക്കും ഇങ്ങോട്ടു തള്ളിവിടണത്? എന്നാലേ, എന്റെ കുഞ്ഞിനെ ഞാന്‍ പഠിക്കാനാ പറഞ്ഞുവിടണത്.'' അമ്മയ്ക്കു ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. അവരുടെ പുരികം വിറച്ചു. മുഖം ചുവന്നു. കണ്ണുകളില്‍ തീ പാറി.
അജേഷ്മാഷ് തൊട്ടരികില്‍ കരുതലോടെ നിന്നു. അമ്മയുടെ അപ്പുറത്തായി നിമിഷ റ്റീച്ചറും. റ്റീച്ചറുടെ അഞ്ച് എ ക്ലാസിലെ അനന്തുവിന്റെ അമ്മയാണ് പൊട്ടിത്തെറിച്ചുനില്‍ക്കുന്നത്. അജീഷ് മാഷിനരികിലേക്കു റ്റീച്ചറാണ് അവരെ കൂട്ടിക്കൊണ്ടുവന്നത്. അഭിലാഷിന്റെ വികൃതിത്തരങ്ങള്‍ പ്രസിദ്ധമാണ്. ഏഴാംക്ലാസിന്റെ തരികിടയൊന്നുമല്ല അവന്റെ കൈയിലുള്ളത്.
''മാഷിന്റെ ക്ലാസിലാ ഇവന്‍ പഠിക്കണതെന്ന് അറിഞ്ഞിട്ടാ ഞാന്‍ ഇങ്ങോട്ടുവന്നത്. മാഷ് പറ. ആര്‍ക്കായാലും ഇതൊക്കെ സഹിക്കാന്‍ പറ്റ്വോ? റ്റീച്ചര്‍ക്ക് അറിയാം എന്റെ കുഞ്ഞിന്റെ കാര്യം. മരിച്ചിട്ടു ജീവിക്കണ കൊച്ചാ അവന്‍. അതിനെയാണ്........'' തികട്ടിവന്ന വാക്കുകള്‍ വിഴുങ്ങിയ അമ്മ കിതച്ചു. കണ്ണീരൊഴുക്കിനിന്നു.
''അമ്മ പറഞ്ഞതൊക്കെ നേരാ. എനിക്കറിയാം. റ്റീച്ചര്‍ പറഞ്ഞിട്ടുണ്ട്. അഭിലാഷിന്റെ അമ്മ രാവിലെ വന്നിരുന്നു. അവരു മാപ്പും പറഞ്ഞിട്ടാ പോയത്.'' അജീഷ്മാഷ് സാന്ത്വനമെന്നോണം പറഞ്ഞു.
''ആര്‍ക്കുവേണം അവരുടെ മാപ്പ്? എനിക്കു പേടിയാ. ഇനിയും ഇവന്‍ എന്റെ കുഞ്ഞിനെ.....'' അഭിലാഷിനെ കടുപ്പിച്ചുനോക്കിയിട്ടു താക്കീതിന്റെ മട്ടില്‍ പറഞ്ഞു: ''ഇനി നീ എന്റെ കുഞ്ഞിനെ എന്തെങ്കിലും ചെയ്യ്യോ? ചെയ്താല്‍.......''
''ഇല്ല. ഞാനൊന്നും ചെയ്യില്ല.''
''എന്നാല്‍ നിനക്കു നല്ലത്. അല്ലെങ്കില്‍......'' നിമിഷ റ്റീച്ചര്‍ക്കുനേരേ തിരിഞ്ഞിട്ടു തുടര്‍ന്നു: ''എന്റെ കുഞ്ഞിനെ പുറത്തുവിടുമ്പോള്‍ എന്റെയുള്ളില്‍ തീയാ റ്റീച്ചറേ. വയ്യാത്ത കുഞ്ഞല്ലേ അവന്‍......''
''അനന്തു വയ്യാത്ത കുട്ടിയാന്ന് എനിക്കറിയില്ലായിരുന്നു ആന്റീ.'' അഭിലാഷ് വിങ്ങിപ്പൊട്ടിപ്പോയി. അവന്‍ കൈകള്‍കൂപ്പി പറഞ്ഞു: ''ഞാന്‍ അറിയാതെയാ. ക്ഷമിക്കണം.''
ആ നിമിഷം അമ്മ അലിഞ്ഞുപോയി. അവര്‍ അഭിലാഷിന്റെ കൂപ്പിയ കൈകള്‍ കൂട്ടിപ്പിടിച്ചു. അവനെ ചേര്‍ത്തുപിടിച്ചു. കണ്ണീരണിഞ്ഞ മുഖത്ത് ഉമ്മവച്ചു. ''മോനേ, സാരോല്യാ. അറിയാതെയല്ലേ. എന്റെ കുഞ്ഞ് വയ്യാത്തതാ. അതുകൊണ്ടാ...... മോന്‍ കരയല്ലേ.'' അനന്തുവിന്റെ അമ്മയും അഭിലാഷും ഒന്നിച്ചുകരഞ്ഞു. മാഷും റ്റീച്ചറും നിര്‍ന്നിമേഷരായി അതു നോക്കിനിന്നു. പിന്നെ റ്റീച്ചര്‍ അമ്മയുടെ ചുമലില്‍ തൊട്ടുപറഞ്ഞു: ''കരയാതെ.''
''ഇല്ല റ്റീച്ചര്‍, ഞാന്‍ കരയണില്ല.'' അവര്‍ മുഖം തുടച്ചു.
''അഭിലാഷ് പോയി മുഖം കഴുകിയിട്ടു വാ.'' മാഷ് അവനെ പറഞ്ഞയച്ചു.
''എല്ലാരും പിള്ളേരല്ലേ? എനിക്കറിയാം. അവനു വിഷമമായിക്കാണും. എന്റെ കുഞ്ഞും അവനെ അടിച്ചതാണല്ലോ.''
മാഷും റ്റീച്ചറും അവരെ സമാധാനിപ്പിച്ചു. അങ്ങനെയൊക്കെ സംഭവിച്ചുപോയി. അനന്തുവിനെ അഭിലാഷ് വട്ടപ്പേരിട്ടു വിളിച്ചു. അപ്പോള്‍ അവന്‍ ഒന്നടിച്ചു. പിന്നെ തിരിച്ചടിയായി. ഒടുവില്‍ കണ്‍തടം വീര്‍ത്തും മുഖം വീങ്ങിയുമൊക്കെയാണ് അനന്തു വീട്ടിലെത്തിയത്.
അഭിലാഷ് മുഖം കഴുകി തിരിച്ചെത്തിയപ്പോഴേക്കും അമ്മ ചിരിച്ചു വര്‍ത്തമാനം പറയാന്‍ തുടങ്ങിയിരുന്നു. അവര്‍ അവനെ അരികില്‍ വിളിച്ച് നെറുകയില്‍ ഉമ്മവച്ചു. തോളില്‍ സ്‌നേഹത്തോടെ തട്ടി. മാഷ് അവനെയുംകൂട്ടി ക്ലാസ്സിലേക്കു നടക്കുമ്പോഴും അമ്മ റ്റീച്ചറോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. മഴമാറി മാനംതെളിഞ്ഞ മുഖമായിരുന്നു അമ്മയ്ക്ക്. മലപോലെ വന്നത് എലിപോലെ പോയതിന്റെ റ്റീച്ചര്‍ പുഞ്ചിരിച്ചുനിന്നു.