കത്തോലിക്കാ കോണ്‍ഗ്രസിന്റെ നൂറ്റിയാറാം വാര്‍ഷികസമ്മേളനം അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനപ്പള്ളിയങ്കണത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തില്‍നിന്ന്:
അരുവിത്തുറ മാര്‍ ഗീവര്‍ഗീസ് സഹദായുടെ നാമധേയത്തിലുള്ള പള്ളിമുറ്റത്താണ് കത്തോലിക്കാ കോണ്‍ഗ്രസ് ഈ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഇത് ഒരു സമുദായസംഗമമാണ്. ജാതി, വംശം, കുലം, ഗോത്രം, പ്രദേശം, സംസ്‌കാരം, പാരമ്പര്യം എന്നീ യാഥാര്‍ഥ്യങ്ങളോടു ബന്ധപ്പെട്ടുനില്‍ക്കുന്നതാണു സമുദായം. പൊതുജനം, വ്യക്തി എന്നിവയുടെ മധ്യവര്‍ത്തിയായി നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളാണവ. സഭ ദൈവജനമാണ്, കാതോലികമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ വിളിക്കപ്പെട്ടവളാണ്. തന്മൂലം, സഭ സ്വഭാവത്താലേ പ്രേഷിതയാണ്. സഭ എപ്പോഴും ലോകത്തോടു തുറവുള്ളതും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതുമാണ്. സഭ സദാ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സമുദായമെന്നത് യാഥാസ്ഥിതികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതാണ്. പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ള മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് സമുദായത്തിന്റെ ലക്ഷ്യം. 
സഭയുടെ സാര്‍വത്രികമാനത്തെ പരിഗണിച്ചുകൊണ്ടുതന്നെയാണ് സമുദായപ്രവര്‍ത്തനവും സഭ നടത്തുന്നത്. വെളിപാടിലൂടെ ദൈവവചന, വിശ്വാസസത്യങ്ങള്‍ ലോകമെങ്ങും പ്രഘോഷിക്കുകയാണു സഭയുടെ ദൗത്യം. സുവിശേഷമൂല്യങ്ങളെ കൂട്ടുപിടിച്ചു പെരുമാറിയതിന്റെ നൂറ്റിയാറു വര്‍ഷങ്ങളിലെ ചരിത്രം കത്തോലിക്കാ കോണ്‍ഗ്രസിനു പറയാനുണ്ട്.
മതപരവും വിശ്വാസപരവും ആചാരപരവും അനുഷ്ഠാനപരവുമായ നിഷ്ഠകള്‍ മനുഷ്യസ്വഭാവത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. ഇവയുമായി മനുഷ്യന് അസ്തിത്വപരവും വൈകാരികവുമായ ബന്ധമുണ്ട്. മതം, ജാതി, വര്‍ഗം, വര്‍ണം എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ ചരിത്രാതീതകാലംമുതല്‍ രൂപപ്പെട്ടവയാണ്. യഹൂദര്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, മുസ്ലീംകള്‍, സുറിയാനിക്കത്തോലിക്കര്‍, ലത്തീന്‍ കത്തോലിക്കര്‍, ക്‌നാനായക്കത്തോലിക്കര്‍, ബ്രാഹ്‌മണര്‍, ഈഴവര്‍, തീയര്‍, നായര്‍, ദളിതര്‍, ആദിവാസിഗോത്രങ്ങള്‍ തുടങ്ങി മതപരവും സാംസ്‌കാരികവുമായ ഓരോ വിഭാഗത്തിനും തനതായ സ്വത്വമുണ്ട്. ഈ സ്വത്വം കാത്തുസൂക്ഷിക്കേണ്ടത് ഏതൊരു സമുദായത്തിന്റെയും  അടിസ്ഥാനപരമായ ഉത്തരവാദിത്വമാണ്. ജനാധിപത്യസംവിധാനത്തിന്റെ ചില സാമാന്യമര്യാദകള്‍  കുറെയെങ്കിലും അവശേഷിച്ചിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. സെക്കുലറിസവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ സ്വത്വവാദം. ഇന്ത്യയില്‍ സെക്കുലറിസം വൈവിധ്യത്തിന്റെ നേര്‍ക്കുള്ള ആദരവാണ്. പ്രോത്സാഹിപ്പിക്കപ്പെടേണ്ട വൈവിധ്യമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്.
സ്വത്വരാഷ്ട്രീയം പാടില്ല എന്ന നിലപാട് നാനാത്വത്തെ ഇല്ലാതാക്കുന്ന കാര്യമാണ്. ഒരു മതവിഭാഗത്തിനു സമൂഹത്തില്‍ അതിന്റെ സിദ്ധാന്തപരമായ കാര്യങ്ങള്‍ വിപുലീകരിക്കാം. പുതിയ കാഴ്ചപ്പാടുകള്‍ സമര്‍ഥിക്കാം. അത് സ്വത്വരാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ രചനാത്മകമായ സംഭാവനകളാണ്; അതിന്റെ മൗലികമാനങ്ങളാണ്. സ്വത്വങ്ങളെ - ജാതി, മതം, വംശം, ഗോത്രം - ഇല്ലായ്മ ചെയ്താല്‍ മൗലികമായതെല്ലാം നശിച്ചുപോവുകയാണ്.
സാര്‍വലൗകികമൂല്യങ്ങളുടെ സംഭരണികളാണ് സമുദായങ്ങള്‍. നമ്മുടെ വര്‍ഗബോധം അഥവാ സമുദായബോധം പല കാരണങ്ങള്‍കൊണ്ടു കുറഞ്ഞുപോകുന്നുണ്ട്. നമ്മുടെ ദേശത്ത് എല്ലാ സമുദായങ്ങള്‍ക്കും സൗഹാര്‍ദത്തോടെ ജീവിക്കാന്‍ കഴിയണം. വോള്‍ട്ടയറുടെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍, എന്നോടു വിയോജിക്കാനുള്ള നിങ്ങളുടെ അവകാശത്തെ സംരക്ഷിക്കാന്‍ ഞാന്‍ എന്റെ ജീവന്‍ ബലികഴിക്കാന്‍ തയ്യാറാണ്.''
ഏറെ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റുധാരണകള്‍ പരത്തിയ ഒരു വാക്കുതന്നെയാണ് സമുദായം. സമുദായം വിഭാഗീയതയോ സങ്കുചിതത്വമോ വര്‍ഗീയപക്ഷപാതചിന്തയോ അല്ല. പ്രകൃതിയിലെ സഹജവൈവിധ്യത്തിന്റെ സ്വാഭാവികപരിണാമഫലങ്ങളാണ് വിവിധ സമുദായങ്ങള്‍. അത് പൊതുസമൂഹത്തിനു ഭീഷണിയോ, ബാധ്യതയോ അല്ല. സമുദായശുദ്ധീകരണത്തിനുവേണ്ടി രൂപംകൊണ്ട നിരവധി സംഘടനകളുണ്ട്. അതില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നതാണ് കത്തോലിക്കാ  കോണ്‍ഗ്രസ്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിര്‍ണായകമായ ഇടപെടലുകള്‍കൊണ്ടുതന്നെയാണ് നമ്മുടെ സമുദായം വാസ്തവത്തില്‍ ഇന്നു പിടിച്ചുനില്‍ക്കുന്നത്. ഈ നാളുകളിലെല്ലാം എത്രയോ തീക്ഷ്ണതയോടെയാണ് അവര്‍ നമ്മുടെ  സഭയുടെ സമസ്തമേഖലകളിലും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ളത്. സീറോ മലബാര്‍ സഭയുടെ സമുദായസംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് ഈ സഭയുടെ തിളങ്ങുന്ന മാണിക്യം തന്നെയാണ്.
ഓരോ സമുദായത്തിനും ശക്തീകരണം നടക്കേണ്ട വിവിധ മേഖലകളുണ്ട്. ആ മേഖലകളെ അവഗണിക്കുമ്പോള്‍ സമുദായത്തിനു പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുന്നു. സമുദായശക്തീകരണത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം ദാരിദ്ര്യനിര്‍മാര്‍ജനമാണ്. ദരിദ്രന്റെ കണ്ണുനീരൊഴുകുന്ന ഒരു നാടായി നമ്മുടെ ദേശം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നും ഭക്ഷണത്തിനു വകയില്ലാതെ വലയുന്ന ഒട്ടേറെ ആളുകള്‍ ഇവിടെയുണ്ട്. വാസയോഗ്യമായ വീടില്ലാത്തവരുമുണ്ട്. അതുകൊണ്ട് സമുദായം ശക്തിപ്പെടണമെങ്കില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നമ്മുടെ അടിസ്ഥാനതത്ത്വമായി എടുക്കണം. 
സമുദായശക്തീകരണത്തിന്റെ രണ്ടാമത്തെ ഘടകം  വിദ്യാഭ്യാസമാണ്. എങ്ങനെയാണു നമ്മുടെ സ്ഥാപനങ്ങളിലൂടെ സമുദായത്തെ വളര്‍ത്തിയതെന്നു നാം അറിയണം. നമ്മുടെ സ്ഥാപനങ്ങളില്‍ പഠിച്ച്, പഠിപ്പിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയ ആയിരക്കണക്കിനാളുകള്‍ നമ്മുടെ ഇടയിലുണ്ട് എന്നു നമുക്കറിയാം. പക്ഷേ, വിമോചനം നേടാതെ വിഷമിച്ചുകഴിയുന്ന വളരെയേറെ ആളുകള്‍ ഇനിയും നമ്മുടെയിടയിലുണ്ട്.
ഒരു സമുദായം ശക്തിപ്പെടുന്നതിന് സംഘടന വളരെ പ്രധാനപ്പെട്ട കാര്യമാണ്.  സാമൂഹികമായ സ്ഥാപനങ്ങള്‍, ധനസമ്പാദനസാധ്യതയുള്ള തൊഴിലുകള്‍, സ്വാശ്രയകര്‍മപദ്ധതികള്‍, സമ്പാദ്യശീലം വളര്‍ത്താനുള്ള പരിശ്രമങ്ങള്‍, സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍, ആരോഗ്യപരിപാലനം, മാധ്യമങ്ങളുടെ ഉപയോഗം, ബോധവത്കരണം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ വളരെ ഗൗരവപൂര്‍വം ശ്രദ്ധയൂന്നേണ്ടതായിട്ടുണ്ട്.  സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. ക്ഷേമകരമായ വികസനമില്ലാത്ത ഒരു സമുദായത്തെക്കുറിച്ചു നമുക്കു ചിന്തിക്കാന്‍ സാധ്യമല്ല. ജനസംഖ്യാകണക്കില്‍ ക്രമാതീതമായ കുറവു സംഭവിക്കുന്നത് നമ്മുടെ സമുദായത്തിന്റെ ഏറ്റവും ബലഹീനമായ ഒരു മുഖമാണ്. അതുപോലെതന്നെ, നമ്മുടെ സമുദായാംഗങ്ങള്‍ അന്യരാജ്യങ്ങളിലേക്കു അധികമായി കുടിയേറുന്നതും നമ്മെ ദോഷകരമായി ബാധിക്കുന്നുണ്ട്.
സമുദായത്തിലെ ദളിതരെ വേണ്ടപോലെ സമുദ്ധരിക്കാന്‍ നമുക്കു പറ്റാതെ വന്നിട്ടുണ്ട്. ഇ.ഡബ്ല്യു.എസ്. കാറ്റഗറിയില്‍പ്പെട്ടവരുടെ എണ്ണം സമുദായത്തില്‍ വളരെയധികം കുറയുകയാണ്. മദ്യവും മയക്കുമരുന്നുംവഴി സമുദായം ബലഹീനമാകുന്നുണ്ട്. നമുക്കു സമുദായബോധം പകര്‍ന്നുതന്ന അല്മായര്‍, മേലധ്യക്ഷന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍ എന്നിവരെക്കുറിച്ചെല്ലാം നമ്മള്‍ സവിസ്തരം കുറിക്കേണ്ടതായിട്ടുണ്ട്. 
സമുദായബോധം സഭയുടെ അവിഭക്തപാരമ്പര്യത്തില്‍നിന്നു വരേണ്ടതാണ്. അവിഭക്തനസ്രാണിപാരമ്പര്യത്തെ മുറുകെപ്പിടിക്കുമ്പോഴാണ് കത്തോലിക്കാ കോണ്‍ഗ്രസ് ആഴമുള്ള ഒരു സമുദായസംഘടനയായി മാറുന്നത്. 
സഭാചരിത്രവും സഭാവിജ്ഞാനീയവും മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു സമുദായം എന്ന നിലയില്‍ വളരാന്‍ നമുക്കു സാധിക്കുകയില്ല. സമുദായവും സഭയും ഒന്നിച്ചുപോകേണ്ട കാര്യങ്ങളാണ്. സമുദായബോധം അല്മായര്‍ക്കുമാത്രം പോരാ; നേതൃത്വം നല്‍കുന്ന വൈദികര്‍ക്കും മേലധ്യക്ഷന്മാര്‍ക്കും ഇതര വ്യക്തികള്‍ക്കും കൂടിയേ തീരൂ. സുറിയാനിഭാഷയും ലിറ്റര്‍ജിയും സഭാചരിത്രവും അറിയാവുന്ന നേതൃത്വത്തിലൂടെ മാത്രമേ ഈ സമുദായത്തെ വീണ്ടെടുക്കാനും ശക്തീകരിക്കാനും സാധിക്കൂ. സമുദായബോധവത്കരണം തീവ്രമായ നിലയില്‍ നമ്മള്‍ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതായിട്ടുണ്ട്. ന്യൂനപക്ഷാവകാശം എന്നു പറയുന്നത്; ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നതു മാത്രമല്ല, നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കണ്ടെത്തുന്നതുകൂടിയാണ്. 
ചിലപ്പോഴെല്ലാം നമ്മുടെ സഭയുടെ അടിസ്ഥാനപരമായ പാരമ്പര്യം ഉറങ്ങിപ്പോകുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടതുണ്ട്. സ്ലീപ്പിങ് ട്രെഡീഷന്‍ എന്നു വിദേശത്തുള്ളവര്‍ ചിലപ്പോഴെല്ലാം നമ്മുടെ സഭയുടെ പാരമ്പര്യത്തെക്കുറിച്ചു പറയാറുണ്ട്. അതിനെല്ലാം ഒരു ഉണര്‍വ് നല്‍കിയത് വാസ്തവത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസാണ്. അവര്‍ സഭയുടെ അടിസ്ഥാനപരമായ പ്രതിസന്ധികളിലെല്ലാം ഇറങ്ങിപ്രവര്‍ത്തിക്കുകയും വലിയ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ജോണ്‍ കച്ചിറമറ്റം സാറിന്റെ സാന്നിധ്യംതന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പാരമ്പര്യം നഷ്ടപ്പെടുമ്പോള്‍ ആമകളെപ്പോലെ നമ്മളും പുറംതോടു സൃഷ്ടിച്ച് ഉള്ളിലേക്കു വലിയുകയും വളയുകയുമാണ്. അപ്പോള്‍ നമുക്കു നട്ടെല്ലില്ലാതെ പോവുകയാണ്. അമിതമായ നീക്കുപോക്കുകളിലേക്കു പോകുമ്പോഴും നമ്മുടെ ഉള്ള നട്ടെല്ലും നഷ്ടപ്പെടുകയാണ്. അതുകൊണ്ട്, ഉത്തരവാദിത്വബോധത്തോടെയുള്ള നല്ല പഠനങ്ങളിലൂടെ നമ്മുടെ സമുദായത്തിന്റെ അടിസ്ഥാനബോധ്യങ്ങള്‍ നമ്മള്‍ കണ്ടെത്തണം.
ഇ.ഡബ്ല്യു.എസിനെക്കുറിച്ചു വളരെയേറെ പഠനങ്ങള്‍  കത്തോലിക്കാ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഇ.ഡബ്ല്യു.എസ്. സംവരണമാനദണ്ഡം  പഞ്ചായത്തുപ്രദേശത്ത് രണ്ടര ഏക്കര്‍ സ്ഥലം എന്നുള്ളത് അഞ്ച് ഏക്കറെങ്കിലുമാക്കി മാറ്റേണ്ടതാണ്. വാര്‍ഷികവരുമാനം എട്ടു ലക്ഷമായി ഉയര്‍ത്തണം. അല്ലാത്തപക്ഷം നമ്മുടെ ആളുകള്‍ വളരെയധികം അതില്‍നിന്നു പുറന്തള്ളപ്പെടും എന്ന വസ്തുത നാമറിഞ്ഞിരിക്കണം. 
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുകൊണ്ടുവരണം എന്നുള്ള തീരുമാനം നമ്മള്‍ ഈ വലിയ സമ്മേളനത്തില്‍ ആവര്‍ത്തിക്കുകയാണ്. അതുപോലെ തന്നെ, കേരളത്തില്‍  ക്രൈസ്തവസമുദായത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് എയ്ഡഡ് മേഖലയില്‍ അനേകം സ്‌കൂളുകള്‍ സ്ഥാപിക്കാനും നിരവധിപേര്‍ക്ക് ജോലി നല്കാനും സാധിച്ചത്. എങ്കിലും നമുക്കു പോരായ്മകളുണ്ട്. ന്യൂനപക്ഷസ്‌കോളര്‍ഷിപ്പുകള്‍ പലതും സര്‍ക്കാര്‍ റദ്ദു ചെയ്തുകളഞ്ഞു. നമ്മുടെ സമുദായത്തിനു കിട്ടേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും സര്‍ക്കാര്‍ ബോധപൂര്‍വം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനെല്ലാം എതിരായി ശക്തമായ സ്വരം സര്‍ക്കാരിന്റെ മുമ്പില്‍ നമുക്ക് കേള്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഈ സമ്മേളനം വളരെ വലിയ മുന്നേറ്റത്തിന്റെ അടയാളമായി മാറുമെന്ന് എനിക്കുറപ്പുണ്ട്. സമുദായബോധം സൈക്കോ സൊമാറ്റിക് ആണ്. അവിടെ ശരീരവും ആത്മാവും ഒന്നിച്ചുചേരണം. അങ്ങനെ ഒരു സൈക്കോ സൊമാറ്റിക് ആയിട്ടുള്ള ആഴപ്പെട്ട ഒരു പ്രസ്ഥാനമായി കത്തോലിക്കാ കോണ്‍ഗ്രസ് ഇനിയും മുമ്പോട്ടു പോകുമ്പോഴാണ് നസ്രാണികളുടെ സമുദായബലം എന്താണെന്ന് ഈ രാജ്യത്തിന് തിരിച്ചറിയാന്‍ സാധിക്കുന്നത്. നമ്മള്‍ നസ്രാണികള്‍ വലിയൊരു ശക്തിയാണ്. We remain bigger than our numbers - നമ്മുടെ എണ്ണത്തെക്കാള്‍ വലിയ മഹത്ത്വവും സ്വാധീനവും ഈ രാജ്യത്തു നമുക്കുണ്ട്. വ്യക്തിപരമായിമാത്രം അതിജീവിച്ചാല്‍ പോരാ, നമുക്ക് സാമുദായികമായി, സഭയായി നിലനില്‍ക്കണം. അതിനുവേണ്ട നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മുടെ ഈ സമ്മേളനത്തിനു കഴിയട്ടെ.
							
 മാര്‍ ജോസഫ് കല്ലറങ്ങാട്ട് 
                    
									
									
									
									
									
                    