''നിര്‍മിക്കപ്പെട്ടിട്ടുള്ളവയിലെ ഏറ്റവും മഹത്തരമായ യന്ത്രമാണ് മനുഷ്യശരീരം. പക്ഷേ, അതു പ്രവര്‍ത്തിക്കണമെങ്കില്‍ മനുഷ്യാത്മാവിന്റെ ശക്തിയുണ്ടായിരിക്കണം. ഏതാനും ദിവസം വെള്ളമില്ലാതെയും ഏതാനും ആഴ്ചകള്‍ ഭക്ഷണമില്ലാതെയും നമുക്കു ജീവിക്കാന്‍ കഴിയും. പക്ഷേ, പ്രത്യാശയില്ലാതെ, മറ്റു മനുഷ്യരില്‍ വിശ്വാസമില്ലാതെ എത്ര നാള്‍? നാം തകര്‍ന്നുപോകും.''
1933 ല്‍, പതിമ്മൂന്നാം വയസ്സില്‍ നാസികളുടെ പിടിയിലാകുകയും 1945 വരെ ഓഷ്‌വിറ്റ്‌സ് ഉള്‍പ്പെടെ വിവിധ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ നരകയാതനകള്‍ അനുഭവിക്കുകയും ചെയ്തിട്ട് 'ഇരുപത്തഞ്ചാംവയസ്സില്‍ ഇരുപത്തെട്ടുകിലോ' തൂക്കവുമായി മോചിതനായ എഡ്ഡി ജാക്ക് എന്ന വ്യക്തി നൂറാം വയസ്സില്‍ എഴുതിയ 'The Happiest Man on Earth' എന്ന പുസ്തകത്തിന്റെ ആദ്യഭാഗത്തുനിന്നുള്ള ഏതാനും വരികളാണ് മുകളില്‍ എഴുതിയത്. മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുള്‍ മൂടിയ കാലത്തിന്റെ എല്ലാ തിക്തതകളും അനുഭവിച്ച മനുഷ്യന്‍ സ്വയം വിശേഷിപ്പിക്കുകയാണ്, ''ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍.''
ഞാന്‍ കുറിക്കാന്‍ ഇഷ്ടപ്പെടുന്നത് ഈ പുസ്തകത്തിന്റെ വായനാനുഭവമാണ്. മനുഷ്യശരീരത്തിന്റെ സഹനശേഷിയും (endurance) അവന്റെ മനോധൈര്യവും (courage) ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ടത് നാസിവാഴ്ചക്കാലത്താണ്. ജീവനുള്ള മനുഷ്യശരീരം ഏറ്റവുമധികം വൈദ്യശാസ്ത്രപരീക്ഷണങ്ങള്‍ക്കു വിധേയമാക്കപ്പെട്ടതും അക്കാലത്തുതന്നെ. ആ പൈശാചികകാലത്തിന്റെ കൊടുംക്രൂരതകള്‍ മുഴുവന്‍ അനുഭവിച്ചിട്ടും അവയെ അതിജീവിക്കാന്‍ ഭാഗ്യമുണ്ടായ ആളുകളാണ് അതിനു തെളിവു നല്‍കുന്നത്. അവരെഴുതിയ പുസ്തകങ്ങളും അവര്‍ നല്‍കിയ അഭിമുഖങ്ങളും നമുക്കു ലാഘവത്തോടെ വായിക്കാനോ കണ്ടിരിക്കാനോ പറ്റില്ല. ഉള്ളുലയും. ഹൃദയമുരുകും. എണ്‍പത്തഞ്ചും തൊണ്ണൂറും നൂറും വയസ്സെത്തിയ അവരെ ഒന്ന് വാരിപ്പുണരാന്‍ നമുക്കു തോന്നിപ്പോകും. ഇതെല്ലാം അനുഭവിച്ചിട്ട് ഇത്രയും ക്ഷമയോടെ, സംയമനത്തോടെ ഈ പ്രായത്തില്‍ എല്ലാം കൃത്യമായി ഓര്‍ത്തെടുക്കാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു എന്നതും, ഈ പ്രായംവരെ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിഞ്ഞുവെന്നതും നമ്മെ അമ്പരപ്പിക്കുന്ന, എന്നാല്‍ വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ്.
എഡ്ഡിജാക്കിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍മാത്രമാണ് ഞാന്‍ ഇവിടെ പകര്‍ത്തുന്നത്:
- ഇന്നു നിങ്ങള്‍ ജീവിച്ചിരുന്നെങ്കിലേ നാളെ എന്നൊന്നുള്ളൂ.
- നിങ്ങള്‍ക്കെവിടെയും കാരുണ്യം കണ്ടെത്താം, അപരിചിതരില്‍നിന്നുപോലും.
- അദ്ദേഹം എന്നോടു കാണിച്ച കരുണ എന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ മതിയാകുമായിരുന്നില്ല. കാരണം, ഞാന്‍ അത്രയ്ക്ക് അവശനായിരുന്നു. പക്ഷേ, എല്ലാവരും ഞങ്ങളെ വെറുക്കുന്നില്ല എന്ന് അതെനിക്കു കാണിച്ചുതന്നു. അതു വളരെ വിലപ്പെട്ടതായിരുന്നു. 'എഡ്ഡി, കീഴടങ്ങരുത്' എന്ന് അത് എന്നെക്കൊണ്ടു പറയിച്ചു. കാരണം, ഞാന്‍ കീഴടങ്ങിയാല്‍ ഞാന്‍ തീര്‍ന്നു. നീ കീഴടങ്ങിയാല്‍, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് നിനക്കു തോന്നിയാല്‍, നീ അധികനാള്‍ ജീവിച്ചിരിക്കില്ല. എവിടെ ജീവനുണ്ടോ അവിടെ പ്രത്യാശയുണ്ട്, എവിടെ പ്രത്യാശയുണ്ടോ അവിടെ ജീവിതമുണ്ട്.
- അവരെന്നെ വലിച്ചിഴച്ച് തെരുവിലെത്തിച്ചിട്ട് ഞങ്ങളുടെ വീടു നശിപ്പിക്കുന്നതിനു സാക്ഷിയാക്കി. ഞങ്ങളുടെ പല തലമുറകള്‍ പിറന്നുവളര്‍ന്ന ഇരുന്നൂറു വര്‍ഷം പഴക്കമുള്ള വീട് കത്തിയമരുന്നതു നോക്കി നിലവിളിക്കാന്‍പോലുമാകാതെ ഞാന്‍ നിന്നു. ആ നിമിഷത്തില്‍ എനിക്കെന്റെ അന്തസ്സും സ്വാതന്ത്ര്യവും മാനവികതയിലുള്ള വിശ്വാസവും നഷ്ടമായി. എന്തിനുവേണ്ടിയൊക്കെ ഞാന്‍ ജീവിച്ചോ അതു മുഴുവന്‍ നഷ്ടമായി. ഒരു മനുഷ്യനില്‍നിന്ന് ഒന്നുമില്ലായ്മയിലേക്ക് ഞാന്‍ കൂപ്പുകുത്തി.
- ബുക്ന്‍വാള്‍ഡിലെ ജീവിതത്തിനു പകരമായി പലരും മരണം ഇഷ്ടപ്പെട്ടു.
- മോചിതനായി തിരിച്ചെത്തിയപ്പോള്‍ കുടുംബത്തിലൊരാളെയും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. യുദ്ധത്തിനുമുമ്പ് എനിക്ക് നൂറിലധികം ബന്ധുക്കളുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ആരുമില്ല, എനിക്ക് ഞാന്‍ മാത്രം.
- മോചനം കിട്ടിയപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നിയില്ല. മോചനമെന്നാല്‍ സ്വാതന്ത്ര്യം എന്നാണ്, പക്ഷേ, എന്തിനുള്ള സ്വാതന്ത്ര്യം? ഏകനായിരിക്കുന്നതിനോ?
അതുകൊണ്ട്, എനിക്കു തീരുമാനിക്കേണ്ടിയിരുന്നു, ജീവിക്കണോ, ഒരു വിഷഗുളികയില്‍ ഒടുങ്ങണോ? പക്ഷേ, ഞാന്‍ ദൈവത്തിന് ഒരു വാക്കു കൊടുത്തിരുന്നു, എനിക്കു കഴിയുന്ന ഏറ്റവും നല്ല ജീവിതം ജീവിക്കാമെന്ന്. അല്ലെങ്കില്‍ എന്റെ മാതാപിതാക്കളുടെ സഹനങ്ങളും ദാരുണമരണവും വെറുതെയാകും. അതുകൊണ്ട്, ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചു.
- ഉള്ളതുകൊണ്ടു സംതൃപ്തരാകാന്‍ നാം ശ്രമിച്ചേ പറ്റൂ. നിങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ ജീവിതം മനോഹരമാണ്. അപരനെ നോക്കി അസൂയപ്പെട്ടാല്‍ നിങ്ങള്‍ രോഗിയാകും.
- ഭയവും വേദനയും വെറുപ്പും ഉള്ളിലുള്ള കാലത്തോളം ഞാന്‍ ശരിക്കും സ്വതന്ത്രനാകില്ല എന്നു തിരിച്ചറിയാന്‍ എനിക്ക് ഏറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു.
- എന്റെ മക്കളോടു ഞാന്‍ പറയും, നിങ്ങളെ സ്‌നേഹിക്കാന്‍വേണ്ടിയാണ് ഞാന്‍ നിങ്ങളെ ഈ ലോകത്തിലേക്കു കൊണ്ടുവന്നത്. അതല്ലാതെ നിങ്ങള്‍ക്കെന്നോട് ഒരു കടപ്പാടുമില്ല. നിങ്ങളുടെ സ്‌നേഹവും ബഹുമാനവുംമാത്രം മതി എനിക്ക്. എന്റെ കുടുംബമാണ് എന്റെ നേട്ടം.
- കരുണയാണ് എല്ലാറ്റിലും വലിയ സ്വത്ത്. കാരുണ്യത്തിന്റെ കൊച്ചുകൊച്ചു പ്രവൃത്തികള്‍ ഒരു മനുഷ്യായുസ്സിനപ്പുറവും ജീവിക്കും. ഇതാണ് എന്റെ പിതാവ് എനിക്കു തന്ന ഏറ്റവും വലിയ പാഠം.
- എന്റെ മകനോടു സംസാരിക്കുമ്പോള്‍ ഞാന്‍ അവന്റെ മുഖത്ത് എന്റെ പിതാവിനെ കാണും. അതെനിക്കു താങ്ങാന്‍ വയ്യ.
- ഈ ഭൂമിയെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാന്‍ കഴിയുമായിരുന്ന ഒരു തലമുറയെ ലോകത്തിനു നഷ്ടമായല്ലോ എന്നു ഞാന്‍ സങ്കടപ്പെടും.
- അമ്മയോടു നിങ്ങള്‍ ഒരിക്കലും തര്‍ക്കിക്കരുത്, വഴക്കിടരുത്. അതിനു നിങ്ങള്‍ക്കു ദശലക്ഷക്കണക്കിന് ആളുകള്‍ വേറേയുണ്ടല്ലോ.
- ഒരു പ്രദേശം പാഴ്‌നിലമായിരിക്കാം. പക്ഷേ, അവിടെ എന്തെങ്കിലും വളര്‍ത്താന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കൊരു പൂന്തോട്ടം ഉണ്ടായേക്കാം. എന്തെങ്കിലും കൊടുത്താല്‍ എന്തെങ്കിലും തിരിച്ചുകിട്ടും. ഒന്നും കൊടുത്തില്ലെങ്കില്‍ ഒന്നും കിട്ടില്ല.
- ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലത്തുനിന്ന് പുറത്തുകടന്നപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു, ഇനിയുള്ള കാലം ഞാന്‍ സന്തോഷവാനായിരിക്കും, പുഞ്ചിരിക്കും. കാരണം, ഞാന്‍ ചിരിക്കുമ്പോള്‍ ലോകവും എന്നോടൊപ്പം ചിരിക്കും.
- സന്തോഷമെന്നത് ആകാശത്തുനിന്നു വീണുകിട്ടുന്നതല്ല. അതു നമ്മുടെ ഉള്ളിലുണ്ട്. ജീവിതം എപ്പോഴും സന്തോഷം നിറഞ്ഞതല്ല. പക്ഷേ, ഇപ്പോള്‍ ജീവിക്കാന്‍ കഴിയുന്നതു ഭാഗ്യമാണെന്ന് ഓര്‍ക്കുക. ഓരോ ശ്വാസവും ഒരു ദാനമാണ്.
- എന്നും സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ശ്രമിക്കുക. നിങ്ങളെത്തന്നെ ഈ ലോകത്തിന്റെ സ്‌നേഹിതനാക്കുക.
- ഒരു ദിനംകൂടി, ഒരു മണിക്കൂര്‍കൂടി, ഒരു മിനിറ്റുകൂടി ജീവിക്കാന്‍ കഴിഞ്ഞാല്‍ വേദന അവസാനിക്കുമെന്നും നാളെയെന്നതു വരുമെന്നും ഞാന്‍ എന്നും എന്നെത്തന്നെ ഓര്‍മിപ്പിക്കും.
- സ്‌നേഹവും സൗഹൃദവും സഹകരണവും പ്രത്യാശയുംകൊണ്ടാണ് ഞങ്ങള്‍ ആ ദുരിതകാലത്തെ അതിജീവിച്ചത്.
- എനിക്ക് എല്ലാം തരുകയും എനിക്കുള്ളതെല്ലാം പിടിച്ചെടുക്കുകയും ചെയ്ത ജര്‍മനിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ നാസികള്‍ ലോകത്തിന് ഏല്പിച്ച മുറിവുകള്‍ ഉണക്കാന്‍ എനിക്കാവുന്നതൊക്കെ ചെയ്യാന്‍ ജീവിതം സമര്‍പ്പിക്കുമെന്നു ഞാന്‍ നിശ്ചയിച്ചു.
- നിങ്ങള്‍ക്ക് നല്ല മാനസികോര്‍ജം ഉണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തിന് അദ്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. നിങ്ങള്‍ മരിക്കുമ്പോള്‍ എല്ലാം അവസാനിച്ചു. പക്ഷേ, പ്രത്യാശയുണ്ടെങ്കില്‍ ജീവിതമുണ്ട്. പ്രത്യാശയ്ക്ക് ഒരു അവസരം കൊടുത്തുകൂടേ? അതിനു ചെലവൊന്നുമില്ലല്ലോ.
- എല്ലാം തകര്‍ന്നെന്നു തോന്നുമ്പോഴും അദ്ഭുതങ്ങള്‍ സംഭവിക്കും. അദ്ഭുതങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു സംഭവിപ്പിക്കാം. ചെറിയൊരു കാരുണ്യപ്രവൃത്തികൊണ്ടു നിങ്ങള്‍ക്കൊരു മനുഷ്യനെ നിരാശയില്‍നിന്നു രക്ഷപ്പെടുത്താം, അതൊരു ജീവനെ രക്ഷപ്പെടുത്തിയേക്കാം. അതാണ് ഏറ്റവും വലിയ അദ്ഭുതം.
- അയാള്‍ക്കൊരു ബെന്‍സ് കാറുണ്ട്, അവള്‍ക്കൊരു കോടിയുടെ ഡയമണ്ട് മോതിരമുണ്ട്.. അതുകൊണ്ടെന്ത്? എനിക്കതിന്റെ ആവശ്യമില്ല.
- പങ്കുവയ്ക്കുമ്പോഴൊക്കെ ഇരട്ടിക്കുന്നതായി ഒരേയൊരു കാര്യമേയുള്ളു... സന്തോഷം. പങ്കുവയ്ക്കുമ്പോഴൊക്കെ പകുതിയാകുന്നതായി ഒന്നേയുള്ളു.. സങ്കടം.
- ഞങ്ങള്‍ ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്തു. ഒരു ഭ്രാന്തനുവേണ്ടി, ഒരു കാരണവുമില്ലാതെ. അയാള്‍ കൊന്നൊടുക്കിയ അറുപതുലക്ഷം ജൂതരില്‍ എത്രയോ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ശില്പികളും കലാകാരന്മാരും എഴുത്തുകാരും അധ്യാപകരും ഉണ്ടായിരുന്നു! അവരൊക്കെ ജീവിച്ചിരുന്നെങ്കില്‍ ഈ ലോകത്തിന് എത്രമാത്രം സംഭാവനകള്‍ നല്‍കേണ്ടവരായിരുന്നുവെന്ന ചിന്ത എന്നെ അസ്വസ്ഥനാക്കുന്നു.
- എന്റെ കഥ വിവരിക്കുക എളുപ്പമല്ല. അത് വേദനിപ്പിക്കുന്നതാണ്. പക്ഷേ, ഞാന്‍, ഞങ്ങള്‍ അതിജീവിതര്‍, എല്ലാവരും പോയിക്കഴിയുമ്പോള്‍ ഇതൊക്കെ പറയാന്‍ ആരുണ്ടാകും? ഇത് ലോകത്തെ അറിയിക്കേണ്ടത് എന്റെ ചുമതലയാണെന്നു തോന്നുന്നതുകൊണ്ടാണ് എഴുതുന്നതും പറയുന്നതും.
- ഞാന്‍ ഒത്തിരി ദുരിതം അനുഭവിച്ചെങ്കിലും നാസികള്‍ തെറ്റായിരുന്നുവെന്ന് എനിക്ക് അവരെ കാണിച്ചുകൊടുക്കണം. വെറുപ്പ് ഒരു തിന്മയാണെന്ന് എനിക്ക് ലോകത്തോടു പറയണം. എങ്കിലും എനിക്കാരോടും വെറുപ്പില്ല, ഹിറ്റ്‌ലറോടുപോലും.
ഒരിക്കലും പ്രത്യാശ കൈവെടിയരുതെന്നാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്. കരുണയും സ്‌നേഹവും എളിമയുമുള്ള ഒരു മനുഷ്യനാകാന്‍ ഇനിയും വൈകിയിട്ടില്ല.
നിങ്ങളുടെ സ്‌നേഹിതന്‍ എഡ്ഡി.
ഇത്തരം അനേകം പുസ്തകങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്തിട്ട് എന്തു നേടി എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ഒരു ജലദോഷം, ചെറിയൊരു മുറിവ്, സാമ്പത്തികഞെരുക്കം, നഷ്ടങ്ങള്‍ വേദനകള്‍, പ്രതിസന്ധികള്‍ എന്നിവയൊക്കെ സംഭവിക്കുമ്പോള്‍ നമ്മളൊക്കെ എത്ര അസ്വസ്ഥരാകാറുണ്ട്! അങ്ങനെയുള്ള ഓരോ സന്ദര്‍ഭത്തിലും ഞാന്‍ എന്നെത്തന്നെ ഓര്‍പ്പിക്കും, സാരമില്ല, അവരുടെ വേദനകളുമായി തുലനം ചെയ്യുമ്പോള്‍ ഇതൊന്നും ഒന്നുമല്ല. ജീവിതം ഇനിയും ബാക്കിയുണ്ട്. ഉള്ള സൗകര്യങ്ങളില്‍, പരിമിതികളില്‍, വിഷമങ്ങളില്‍ സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കുക.
ആ ഇരുണ്ട കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍, ഞാനറിയാതെ ഒരാന്തലുയരും, ദൈവമേ!
ലേഖനം
എവിടെ പ്രത്യാശയുണ്ടോ അവിടെ ജീവിതമുണ്ട്
