•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

നിര്‍മിതബുദ്ധി തുറന്ന ചര്‍ച്ചയ്ക്ക്: ഇറ്റലിയിലെ ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പായും

   വികസിതരാജ്യങ്ങളുടെ ആഗോളകൂട്ടായ്മയായ ജി 7 ഉച്ചകോടി2024 ജൂണ്‍13 മുതല്‍ 15 വരെ ഇറ്റലിയുടെ ആതിഥേയത്വത്തില്‍ തെക്കന്‍ ഇറ്റാലിയന്‍ മേഖലയായ പുഗ്ലിയയില്‍ ചേരുന്നു.വത്തിക്കാന്റെ ഭരണാധിപന്‍ എന്നതിലുപരി ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പാ, ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ''ഗ്രൂപ്പ് ഓഫ് സെവന്‍'' രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സാന്നിധ്യമാകുന്നത് ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്കും. ശാസ്ത്രസാങ്കേതികരംഗത്തെ പുത്തന്‍ ചുവടുവയ്പുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കുവയ്ക്കുന്നതിനും ആധുനികകാലഘട്ടത്തിലെ ശാസ്ത്രസാങ്കേതികമാറ്റങ്ങള്‍ക്കു മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച ശരിയായ ദിശാബോധം വിവിധ രാഷ്ട്രത്തലവന്മാര്‍ക്കു നല്‍കുന്നതിനുമാണ് ഉച്ചകോടിയില്‍ മാര്‍പാപ്പാ പ്രധാനമായും പങ്കുചേരുന്നത്.

ജി 7 ഉച്ചകോടി
    ഫ്രാന്‍സ്, യുഎസ്എ, യുകെ,ജര്‍മനി, ജപ്പാന്‍, ഇറ്റലി, കാനഡഎന്നീ ഏഴു വികസിതരാജ്യങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയനും നിലവില്‍ ഈ രാജ്യാന്തര
ഫോറത്തില്‍ സജീവസാന്നിധ്യമാണ്. 2023 മേയ് 19 മുതല്‍ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ജി 7 ന്റെ അവസാന ഉച്ചകോടി നടന്നത്. അംഗരാജ്യ
ങ്ങളെക്കൂടാതെ ഇന്ത്യയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങള്‍ ഈ വര്‍ഷത്തെ നിര്‍ണായകസമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാക്കളാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  യാഥാര്‍ഥ്യങ്ങളും  സങ്കീര്‍ണതകളും ആശങ്കകളുമകറ്റിആഗോളധാരണയ്ക്കു രൂപം നല്‍കാന്‍ ഉച്ചകോടിയില്‍ പ്രത്യേകം
ചര്‍ച്ചകള്‍ ഇക്കുറി ക്രമീകരിച്ചിട്ടുണ്ട്. അണുബോംബ് വിതച്ചവിനാശകരമായ നാശനഷ്ടങ്ങളില്‍നിന്നു കരകയറി ലോകസമാധാനസന്ദേശം വിളിച്ചുപറ
ഞ്ഞാണ് 2023 ലെ ജി 7 ഉച്ചകോടിജപ്പാനിലെ ഹിരോഷിമയില്‍ സമാപിച്ചതെങ്കില്‍, ആര്‍ട്ടിഫി
ഷ്യല്‍ ഇന്റലിജന്‍സിലൂടെലോകം ഭാവിയില്‍ കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്ന നേട്ടങ്ങളും ദുരുപയോഗം ഉയര്‍ത്താവുന്ന ആശങ്കകളും പൊതുധാരണയിലൂടെ സദ്ഫലങ്ങളാക്കാന്‍ ജി 7 വികസിതരാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ സാധ്യമായേക്കാം.
സ്വാതന്ത്ര്യം, ജനാധിപത്യം,
    മനുഷ്യാവകാശം എന്നീ മുദ്രാവാക്യങ്ങളാണ് ജി 7 ഉയര്‍ത്തുന്നതെങ്കിലും ആഗോളവ്യാപാരവിപണി കീഴടക്കുന്ന തന്ത്രങ്ങളുംമാക്രോ ഇക്കോണമി, കറന്‍സി,
ഊര്‍ജം എന്നിവയുടെ ഏകോപനവും മുഖ്യ അജണ്ടയാണ്. സ്വതന്ത്രവ്യാപാരത്തിന്റെ ആഗോളസാധ്യതകള്‍ കൂടുതല്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള ചര്‍ച്ച
കളും ഉച്ചകോടിയിലെ പ്രധാന ഇനങ്ങളില്‍പ്പെടുന്നു. വികസിതരാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ജി 7 ല്‍ വ്യാവസായിക സാമ്പത്തികവളര്‍ച്ചകള്‍ക്കൊപ്പം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സാധ്യതകളും ത്രിദിനസമ്മേളനത്തിലെ മുഖ്യവിഷയങ്ങളില്‍പെടുന്നു.
ഉച്ചകോടിയില്‍ മാര്‍പാപ്പാ
    ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ നൈതികതയെക്കുറിച്ചു സംസാരിക്കാന്‍ ഫ്രാന്‍സീസ് പാപ്പാ പങ്കെടുക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സ്ഥിരീകരിച്ചിട്ടുണ്ട്. ഉച്ചകോടിയില്‍ മാര്‍പാപ്പായുടെ പങ്കാളിത്തംവത്തിക്കാനും സ്ഥിരീകരിച്ചു.
2016 ലും 2020 ലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെനൈതികതയെക്കുറിച്ച് ശാസ്ത്രജ്ഞരുമായും ടെക് എക്‌സിക്യൂട്ടീവുകളുമായും ഉന്നതതലത്തിലുള്ള ചര്‍ച്ചകള്‍ വത്തിക്കാന്‍ നടത്തിയിരുന്നത് ഇന്നും തുടരുന്നു. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, ഐബിഎം എക്‌സിക്യൂട്ടീവ് ജോണ്‍ കെല്ലി മൂന്നാമന്‍, സിസ്‌കോ സിസ്റ്റംസ് ചീഫ് എക്‌സിക്യൂട്ടീവ് ചക്ക് റോബിന്‍സ് എന്നിവര്‍ കഴിഞ്ഞ നാളുകളില്‍ റോമിലെത്തി മാര്‍പാപ്പായെസന്ദര്‍ശിക്കുകയും വത്തിക്കാന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതിജ്ഞയായ 'റോം കോള്‍ ഫോര്‍ എ.ഐ. എത്തിക്‌സി'ല്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിയന്ത്രണവും, ധാര്‍മികവും സാംസ്‌കാരികവുമായ ചട്ടക്കൂടിന്റെ നിര്‍വചനത്തില്‍ മാര്‍പാപ്പായുടെ നിര്‍ണായകസാന്നിധ്യവും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉച്ചകോടിയിലുണ്ടാകുമെന്നാണു പ്രതീക്ഷ.
ജി 7 ല്‍ പ്രതിഫലിക്കുന്നത്
    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രതീക്ഷകളും ആശങ്കകളും ഇവ സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലകളില്‍ വരുത്തുന്ന സ്വാധീനങ്ങളും മാറ്റങ്ങളും വികസിതരാഷ്ട്രത്തലവന്മാര്‍ക്കുമുമ്പില്‍ പങ്കുവയ്ക്കുമ്പോള്‍ ഉച്ചകോടിയുടെ ഈ വിഷയത്തിലുള്ള ഗൗരവമായ ചിന്തകളും നിലപാടുകളുംതുടര്‍പ്രഖ്യാപനങ്ങളും ലോകത്തിന്റെ ഭാവിയെ ഏറെ സ്വാധീനിക്കുമെന്നുറപ്പാണ്.
2024 ലെ ലോകസമാധാനദിനത്തോടനുബന്ധിച്ച് നിര്‍മിതബുദ്ധിയെക്കുറിച്ചും അതിന്റെ സംവിധാനങ്ങളുടെ വികാസത്തെക്കുറിച്ചുമാണ് ഫ്രാന്‍സീസ് പാപ്പാ ഊന്നിപ്പറഞ്ഞത്. 58-ാമത് ഗോളമാധ്യമദിനം സംബന്ധിച്ച് 2024 മേയ് 9 ന് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ സന്ദേശം 'നിര്‍മിതബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും സമ്പൂര്‍ണമായ മാനുഷിക ആശയവിനിമയത്തിലേക്ക്' എന്നതാണ്. നിര്‍മിതബുദ്ധിയുടെ അവസരങ്ങളും അപകടവും മനുഷ്യത്വത്തിലുള്ള വളര്‍ച്ചയും ഈ സന്ദേശത്തില്‍ അക്കമിട്ടുപറയുന്നു. ഇവയുടെ തുടര്‍ച്ചയായിരിക്കും ജി 7 ഉച്ചകോടിയിലും ഫ്രാന്‍സീസ് പാപ്പാ പങ്കുവയ്ക്കുന്നത്.
സ്വതന്ത്രവ്യാപാരം - ഭീകരവാദം
   ലോകവ്യാപാരസംഘടന, ബ്രിക്സ്, ക്വാഡ്, ജി 7, ജി 20, ആസിയാന്‍, ആര്‍സിഇപി, ഏഷ്യാപസഫിക് എന്നിങ്ങനെ വിവിധങ്ങളായ രാജ്യാരകൂട്ടായ്മകളും അവയുടെ മന്ത്രിതല ഉദ്യോഗസ്ഥസമ്മേളനങ്ങളും രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടികളും ത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് സ്വതന്ത്രവ്യാപാരമാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അതിര്‍വരമ്പുകളും നിയന്ത്രണങ്ങളുമില്ലാത്ത രാജ്യാന്തരവിപണി നേടിയെടുക്കാനും സാമ്പത്തികവളര്‍ച്ച കരഗതമാാനുമുള്ള തന്ത്രങ്ങളും വഴികളുമാണ് ഉച്ചകോടിപ്രഖ്യാപനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജി 7 ലെ അംഗരാജ്യങ്ങളും പ്രധാനമായും ആഗോളവ്യാപാരം വിപണികേന്ദ്രീകൃതമായ ലക്ഷ്യങ്ങളോടെയാണു നടത്തുന്നത്.
വികസനക്കുതിപ്പിനോടൊപ്പം സമാധാനവും സൗഹൃദവും പങ്കുവച്ച് മനുഷ്യരാശിയുടെ വിവിധ തലങ്ങളിലുള്ള വളര്‍ച്ചയ്ക്കും മാനുഷികതയ്ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള ഹൃദ്യസമീപനത്തിനും ദാരിദ്രേ്യാച്ചാടനത്തിനും ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം, കുടിയേറ്റങ്ങള്‍ തുടങ്ങി വിവിധങ്ങളായ സാമൂഹികവിഷയങ്ങള്‍ക്കും ഇത്തരം കൂട്ടായ്മകള്‍ ക്രിയാത്മകപങ്കുവയ്ക്കലുകളും നടപടികളുമെടുക്കുന്നത് പ്രതീക്ഷയേകുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ ജനജീവിതത്തെ വെല്ലുവിളിച്ച് ശക്തിപ്രാപിക്കുന്ന ഭീകരവാദത്തിനെതിരേയും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമുഖങ്ങള്‍ക്കെതിരേയും ജി 7 ല്‍ ചിന്തകളും ചര്‍ച്ചകളുമുണ്ടാകും. പശ്ചിമേഷ്യന്‍രാജ്യങ്ങളില്‍ നാളുകളായിത്തുടരുന്ന യുദ്ധഭീഷണിയും ഭീകരവാദ അക്രമങ്ങളും അഭയാര്‍ഥിപലായനവും അഭയാര്‍ഥികളെ സ്വീകരിച്ചു സംരക്ഷിച്ച യൂറോപ്യന്‍രാജ്യങ്ങള്‍ നേരിടുന്ന ഭീകരവാദഭീഷണികളും ഉച്ചകോടികളില്‍ ചര്‍ച്ചകള്‍ക്കു വരുന്നത് ഏറെ പ്രതീക്ഷാനിര്‍ഭരവും ഭാവിയെക്കുറിച്ചു പ്രത്യാശ പകരുന്നതുമാണ്.
യുക്രെയ്നും കല്‍ക്കരിയും
   യുക്രെയ്ന്‍ - റഷ്യ യുദ്ധവും 2035 നോടെ കല്‍ക്കരി ഉപേക്ഷിക്കാനുള്ള കരാറും ജി 7 ന്റെ ജൂണ്‍ ഉച്ചകോടിയിലെ വിഷയങ്ങളാണ്. മരവിപ്പിച്ച റഷ്യന്‍ ആസ്തികളെക്കുറിച്ച് ഉച്ചകോടി ചര്‍ച്ചചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ പിടിച്ചെടുക്കാന്‍ യുക്രെയ്ന്‍ പാശ്ചാത്യരാജ്യങ്ങളോടാവശ്യപ്പെട്ടെങ്കിലും പല രാജ്യങ്ങളും വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബില്യണ്‍കണക്കിനു യുഎസ് ഡോളറുകളും റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്തികളും യൂറോയും വിവിധ പാശ്ചാത്യബാങ്കുകളില്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതു പ്രധാനമായും ജി 7 അംഗരാജ്യങ്ങളിലും ബെല്‍ജിയം, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലുമാണ്. പിടിച്ചെടുക്കലല്ല; മറിച്ച്, മരവിപ്പിച്ച ആസ്തികളില്‍നിന്നു ധനസഹായം കണ്ടെത്താനുള്ള മാര്‍ഗങ്ങളും അതുവഴി 50 ബില്യണ്‍ ഡോളര്‍ യുക്രെയ്‌നു കൈമാറാനുള്ള നിര്‍ദേശവും ഉച്ചകോടി മുന്നോട്ടുവയ്ക്കാന്‍ സാധ്യതകളുണ്ട്.
2024 ഏപ്രില്‍ 29 ന് ഇറ്റലിയിലെ ടൂറിനില്‍ ജി 7 അംഗരാജ്യങ്ങളുടെ പരിസ്ഥിതിമന്ത്രിമാരുടെ സമ്മേളനം കാലാവസ്ഥ, ഊര്‍ജം, പരിസ്ഥിതി എന്നിവ സംബന്ധിച്ച് ചില സുപ്രധാന നിര്‍ദേശങ്ങള്‍ രാഷ്ട്രത്തലവന്മാര്‍ക്കു സമര്‍പ്പിച്ചിരുന്നു. അതില്‍ പ്രധാനമായത് 2035 നോടുകൂടി കല്‍ക്കരി ഉപേക്ഷിക്കുമെന്നതാണ്. കല്‍ക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ മൊത്തം വൈദ്യുതിയുടെ നാലിലൊന്നില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജര്‍മനിക്കും ജപ്പാനും ഈ നിര്‍ദേശം ഒരു മുന്നറിയിപ്പാണ്. പക്ഷേ, 2038 നോടുകൂടി കല്‍ക്കരിപ്ലാന്റുകള്‍ അടച്ചുപൂട്ടുമെന്ന് ജര്‍മനി ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ നെറ്റ്-സീറോ പാത്ത്‌വേകള്‍ക്ക് അനുസൃതമായി 1.5 ഡിഗ്രി സെല്‍ഷ്യസ് താപനിലവര്‍ധനയുടെ പരിധി നിലനിര്‍ത്തുന്നതിന് അനുയോജ്യമായ സമയപരിധിയില്‍ കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള പ്രഖ്യാപനം ജി 7 ന്റെ ഇറ്റലി ഉച്ചകോടിയില്‍ ഉയര്‍ന്നുവരാം.
ഇന്ത്യയുടെ സാന്നിധ്യം
    ഇന്ത്യയ്ക്ക് ജി 7 ഉച്ചകോടിയിലേക്കു ക്ഷണമുണ്ട്. പ്രത്യേകിച്ച്, ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനുകളില്‍ ഇന്ത്യയുടെ സാന്നിധ്യമുണ്ടാകണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നേരിട്ട് അഭ്യര്‍ത്ഥിച്ചു. 2024 ജൂണ്‍ 15-16 തീയതികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസെര്‍ണില്‍ നടക്കുന്ന യുക്രെയ്ന്‍ സമാധാനസമ്മേളനത്തിലേക്കും ഇന്ത്യയ്ക്കു ക്ഷണമുണ്ട്. 2023 സെപ്തംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയുടെ സുപ്രധാനഫലങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ച് ജി 7 രാഷ്ട്രങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്നത് ഇന്ത്യയ്ക്കു നേട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ വികസിതരാജ്യങ്ങള്‍ അംഗങ്ങളായ ജി 7 ല്‍ അംഗമല്ലാതിരുന്നിട്ടും ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന പ്രത്യേക ക്ഷണം രാജ്യാന്തരസമൂഹത്തിലുള്ള അംഗീകാരവും ഭാവിയിലേക്കുള്ള വലിയസാധ്യതകളുമാണ്. കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയുള്ള ജനാധിപത്യരാജ്യത്തിന് ഇന്നുള്ള ആഗോളസ്വീകാര്യതയും ചൈനയെ മറികടക്കാന്‍ സാധ്യതയുള്ള രാജ്യാന്തരവിപണിയും ഇന്ത്യയുടെ സ്വീകാര്യതയുടെ  മറുവശങ്ങളാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)