ഈശോയുടെ തിരുഹൃദയത്തിരുനാള്‍ - ജൂണ്‍ 7
മനുഷ്യരോടു ദൈവത്തിനുള്ള അപരിമേയസ്‌നേഹത്തിന്റെ പ്രതീകമായി ഈശോയുടെ തിരുഹൃദയത്തെ ആരാധിക്കുന്നതിനുള്ള തിരുനാളാണ് തിരുഹൃദയത്തിരുനാള്‍. വി. കുര്‍ബാനയുടെ തിരുനാളിന്റെ എട്ടാമിടം കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച തിരുഹൃദയത്തിരുനാള്‍ ആഘോഷിക്കുന്നു. 1856 ല്‍ 9-ാം പീയൂസ്പാപ്പായാണ് ഈശോയുടെ തിരുഹൃദയത്തിരുനാളാഘോഷം സഭയില്‍ സാര്‍വത്രികമായി ഏര്‍പ്പെടുത്തിയത്. ഇതിന്റെ നൂറാം വാര്‍ഷികത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ തിരുഹൃദയഭക്തിയുടെ ദൈവശാസ്ത്രപരമായ അടിസ്ഥാനം, സ്വഭാവം എന്നിവ വിശദീകരിച്ചുകൊണ്ട് ''നിങ്ങള്‍ ജലം കോരിയെടുക്കുവിന്‍''(Haurientis Aquas, May 15, 1956)എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു. തിരുഹൃദയഭക്തിയെ സംബന്ധിച്ച ഏറ്റവും ആധികാരികരേഖയാണിത്. തിരുഹൃദയഭക്തി ക്രിസ്തുമതത്തിന്റെ പൂര്‍ണമായ ഏറ്റുപറച്ചിലും എല്ലാ വിശ്വാസികള്‍ക്കുമുള്ള കര്‍ശനമായ കടമയുമാണെന്ന് മാര്‍പാപ്പാ ഇതില്‍ പ്രസ്താവിക്കുന്നു.
1899 ജൂണ്‍മാസത്തില്‍ പതിമ്മൂന്നാം പാപ്പാ മനുഷ്യവര്‍ഗം മുഴുവനെയും കര്‍ത്താവിന്റെ തിരുഹൃദയത്തിന് ഔദ്യോഗികമായി പ്രതിഷ്ഠിച്ചു. കേരള ക്രൈസ്തവരുടെയിടയില്‍ തിരുഹൃദയത്തോടുള്ള ജൂണ്‍മാസവണക്കം ഏറെ സജീവമാണ്. ക്രിസ്തീയപാരമ്പര്യത്തില്‍ വീടു വെഞ്ചരിക്കുമ്പോള്‍ മുതല്‍ ഈശോയുടെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചു വണങ്ങുന്നു. ഇന്നു നാം കാണുന്ന തിരുഹൃദയചിത്രം രൂപപ്പെട്ടത് പാരലമോണിയയിലെ വിസിറ്റേഷന്‍ മഠാംഗവും തിരുഹൃദയപ്രേഷിതയുമായ വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് മുഖാന്തരമാണ്.
ക്രിസ്തുവിന്റെ മുറിവേല്പിക്കപ്പെട്ട പാര്‍ശ്വത്തോടുള്ള ഭക്തിയാണ് തിരുഹൃദയഭക്തിയുടെ അടിസ്ഥാനം. അതു വി. ഗ്രന്ഥാധിഷ്ഠിതവുമാണ്. ''തങ്ങള്‍ കുത്തി മുറിവേല്പിച്ചവനെ അവര്‍ നോക്കി നില്ക്കും'' (യോഹ. 19:37). പരിശുദ്ധാത്മാവാകുന്ന ജീവജലം പുറപ്പെടുന്നതും സഭയുടെ കൂദാശകളുടെയും കൃപാവരത്തിന്റെയും പ്രഭവസ്ഥാനവുമായ 'ജീവന്റെ ഉറവ' (യോഹ. 7:37-39) ക്രിസ്തുവിന്റെ ഹൃദയമാണ്. ആദിമക്രിസ്ത്യാനികള്‍ ധ്യാനിച്ചിരുന്ന ഈശോയുടെ തിരുമുറിവിനെക്കുറിച്ച് വി. ക്രിസോസ്‌തോം, വി. ആഗസ്തീനോസ് തുടങ്ങിയ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നു. വി. ബനദിക്കോസും സഭാംഗങ്ങളും വി. മെക്റ്റില്‍ഡും വി. ജല്‍ത്രൂദും ഈശോയുടെ തിരുഹൃദയത്തോട് അസാധാരണ ഭക്തിയുള്ളവരായിരുന്നു. വിശുദ്ധ ളൂയീസ് ഗൊണ്‍സാഗോയ്ക്ക് 'തിരുഹൃദയത്തിന്റെ പുണ്യവാന്‍' എന്ന അപരനാമം ഉണ്ടായിരുന്നു. തിരുഹൃദയഭക്തിയാല്‍ നിറയപ്പെട്ട വി. ഫ്രാന്‍സിസ് ദെ സാലസിന്റെ ആത്മീയശിക്ഷണത്തിലായിരുന്നു വിസിറ്റേഷന്‍ സഭാംഗങ്ങള്‍ വളര്‍ന്നത്. ഈ സഭാംഗങ്ങള്‍വഴിയായും ഈശോ സഭാവൈദികര്‍വഴിയായും തിരുഹൃദയഭക്തി ലോകമെങ്ങും പ്രചരിച്ചു. ''തിരുഹൃദയപ്രതിഷ്ഠയുടെ അപ്പസ്‌തോലന്‍' എന്ന അപരനാമത്തില്‍ വിശ്വവിഖ്യാതനായ ഫാ. മത്തയോക്രൗളി തിരുഹൃദയഭക്തിയെക്കുറിച്ച് കേരളത്തിലും പ്രസംഗിച്ചു.
'തിരുഹൃദയദാസന്‍' എന്നു സ്വയം വിശേഷിപ്പിച്ച ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍ പാലായിലും പരിസരപ്രദേശങ്ങളിലും തിരുഹൃദയഭക്തി പ്രചരിപ്പിച്ചു. കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചും തിരുമണിക്കൂര്‍ ആരാധന നടത്തിയും തിരുഹൃദയസന്ന്യാസിനീസമൂഹത്തെ സ്ഥാപിച്ചും തിരുഹൃദയഭക്തിപ്രചാരണത്തിനായി, അദ്ദേഹം കഠിനപ്രയത്‌നം ചെയ്തു. തിരുഹൃദയമഹത്ത്വത്തിനായി 1911 ല്‍ മത്തായിയച്ചന്‍ പാലായില്‍ സ്ഥാപിച്ച തിരുഹൃദയസമൂഹത്തില്‍ (എസ്.എച്ച്.കോണ്‍ഗ്രിഗേഷന്‍) ഇന്ന് മൂവായിരത്തിലധികം സഹോദരികള്‍ ഉണ്ട്.
ഈശോയുടെ തിരുഹൃദയത്തെ ആരാധിക്കുക, അവിടുത്തെ ഹൃദയത്തോടു സ്‌നേഹവും കൃതജ്ഞതയും പ്രകാശിപ്പിക്കുക, പരിശുദ്ധകുര്‍ബാനയില്‍ അവിടുത്തെ ഹൃദയം അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരമനുഷ്ഠിക്കുക എന്നതാണ് തിരുഹൃദയഭക്തിയുടെ അന്തഃസത്ത.
ഈശോയുടെ തിരുഹൃദയം ഈശോ മുഴുവനുമാകുന്നു. തിരുഹൃദയഭക്തിയുടെ പരമകാഷ്ഠ ഈശോയും നാമും തമ്മിലുള്ള ഹൃദയസംയോജനമാണ്. വി. ക്രിസോസ്‌തോം വി. പൗലോസിനെക്കുറിച്ചു പറയുന്നു: ''പൗലോസിന്റെ ഹൃദയം ക്രിസ്തുവിന്റെ ഹൃദയമാകുന്നു.'' യഥാര്‍ഥ തിരുഹൃദയഭക്തി മനുഷ്യഹൃദയങ്ങളെ മിശിഹായുടെ ഹൃദയമാക്കി രൂപാന്തരപ്പെടുത്തും. സുവിശേഷപ്രബോധനങ്ങളിന്മേല്‍ കെട്ടുറപ്പോടെ പടുത്തുയര്‍ത്തപ്പെട്ടതും സഭാപാരമ്പര്യവും ആരാധനാക്രമവും പരിപോഷിപ്പിക്കുന്നതും സഭയില്‍ പുരുഷാന്തരങ്ങളിലൂടെ നിലനിന്നുപോരുന്നതുമായ തിരുഹൃദയഭക്തിയെ ഈ കാലഘട്ടത്തില്‍ നാം അങ്ങേയറ്റം പരിപോഷിപ്പിക്കണം.
കെ. റാനര്‍ പ്രസ്താവിച്ചിരിക്കുന്നു: ''ഈശോയുടെ മുറിവേല്പിക്കപ്പെട്ട ഹൃദയം ലോകത്തിന്റെ കേന്ദ്രമാണ്. അതില്‍ ലോകചരിത്രത്തിലെ എല്ലാ ശക്തികളും ചിന്താഗതികളും ഒന്നിക്കുന്നു.'' വി. ബൊനവഞ്ചര്‍ എഴുതി: ''മുറിവേറ്റ ഈ ഹൃദയത്തെ ആരാണു സ്‌നേഹിക്കാതിരിക്കുക? നമ്മെ ഇത്രമാത്രം സ്‌നേഹിക്കുന്ന അവനെ ആരാണ് തിരിച്ചു സ്‌നേഹിക്കാതിരിക്കുക?
സഭാപിതാക്കന്മാര്‍ വ്യാഖ്യാനിച്ചതും മാര്‍പാപ്പാമാര്‍ ആധികാരികപ്രബോധനങ്ങളിലൂടെ പഠിപ്പിച്ചതുമായ തിരുഹൃദയഭക്തി നമ്മുടെ കാലഘട്ടത്തിന്റെ അടിയന്തരാവശ്യങ്ങള്‍ക്കുള്ള അസാധാരണമായ പരിഹാരമാര്‍ഗമാണ്. ലോകത്തിന്റെ മായികപ്രപഞ്ചത്തില്‍ മയങ്ങിപ്പോകുന്നവര്‍ക്കുള്ള മറുമരുന്നാണിത്. നട്ടുച്ചയ്ക്ക് യാക്കോബിന്റെ കിണറ്റിന്‍കരയിലെത്തിയ സമരിയാക്കാരിയെപ്പോലെ ഈശോയുടെ തിരുഹൃദയസരിത്തില്‍ അണഞ്ഞ് ആ ദിവ്യജലം പാനം ചെയ്ത് ആധുനികലോകം ദാഹം ശമിപ്പിച്ചിരുന്നെങ്കില്‍! ഈശോ നമ്മെ ക്ഷണിക്കുന്നു: ''ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ''(യോഹ. 7:37). സമരിയാക്കാരിയോട് അവിടുന്നു പറഞ്ഞു: ''ഞാന്‍ നല്കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും'' (യോഹ. 4:14). ഈശോയുടെ തിരുഹൃദയമാധുരിയും അതിന്റെ സ്‌നേഹസ്പന്ദനവും അറിയുന്നതിന് സമരിയാക്കാരിയേപ്പോലെ അവിടുത്തോടു സംവദിക്കണം. വി. യോഹന്നാന്‍ ശ്ലീഹായെപ്പോലെ അവിടുത്തെ വക്ഷസ്സിലേക്കു നാം ചേര്‍ന്നിരിക്കണം. ശാന്തശീലനും വിനീതഹൃദയനുമായ അവിടുത്തെ നുകം വഹിച്ച് അവിടുന്നില്‍നിന്നു പഠിക്കണം. പിതാവിനോടും മനുഷ്യരോടുമുള്ള നിസ്സീമമായ സ്‌നേഹത്തിന്റെ അടയാളമാണ് അവിടുത്തെ പിളര്‍ക്കപ്പെട്ട ഹൃദയം. ചങ്കുതുറന്നു സ്‌നേഹിച്ചവനെ ചങ്കുകൊടുത്തു സ്‌നേഹിക്കാനും സ്വീകരിക്കാനും നമുക്കു സാധിക്കട്ടെ. തിരുഹൃദയത്തിരുനാള്‍ അതിനു പ്രേരകമാകട്ടെ!