•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വായന വെളിച്ചത്തിന്റെ വാതില്‍

ജൂണ്‍ 19 വായനദിനം

വായിച്ചു വളരുക; ചിന്തിച്ചു വിവേകം നേടുക എന്ന വിശുദ്ധസന്ദേശവുമായി കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരവീഥികളിലും ജനപഥങ്ങളിലും  സഞ്ചരിക്കുകയും കേരള ഗ്രന്ഥശാലാ പ്രസ്ഥാനം എന്ന ഉജ്ജ്വലമായ സാംസ്‌കാരികസ്ഥാപനം കെട്ടിപ്പടുക്കുകയും ചെയ്ത മഹാനായ പി.എന്‍. പണിക്കരുടെ ഓര്‍മ പുതുക്കുന്ന ദിനമാണ് ജൂണ്‍ 19. പി.എന്‍.പണിക്കരെമാത്രമല്ല, കേരളത്തിനു സാംസ്‌കാരികവിദ്യാഭ്യാസം നല്‍കിയ ചെറുതും വലുതുമായ അനേകം വായനശാലകളെയും അതിന്റെ ചാലകശക്തികളായ അസംഖ്യം പ്രവര്‍ത്തകരെയും ഈ ദിനത്തില്‍ നന്മള്‍ ഹൃദയപൂര്‍വം ഓര്‍മിക്കുന്നു. ആ ഓര്‍മ അര്‍ഥപൂര്‍ണമാകണമെങ്കില്‍ വായനയുടെ സ്വര്‍ഗത്തിലേക്കു നമ്മള്‍ സഞ്ചരിക്കേണ്ടതുണ്ട്. പുസ്തകം കണ്ണുപോലെയാണെന്നു കവി പറയുന്നു. അടച്ചാല്‍ അന്ധകാരം തുറന്നാല്‍ വെളിച്ചം. വായന വാതില്‍ തുറന്നിടുമ്പോള്‍ ആ വെളിച്ചത്തിന്റെ ലോകത്തിലേക്കു നമ്മള്‍ പതുക്കെ എത്തിച്ചേരുന്നു. മികച്ച ഓരോ പുസ്തകവും ഓരോ പ്രകാശഗോപുരമാണ്. അതു പ്രസരിപ്പിക്കുന്ന വെളിച്ചമുണ്ടല്ലോ; അതു നമുക്ക് ജീവിതത്തില്‍ എക്കാലത്തും വഴികാട്ടികളാവുന്നു. ആപല്‍ഘട്ടങ്ങളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുന്നു. അറിവിന്റെ ചക്രവാളാതിര്‍ത്തിക്കപ്പുറത്തേക്കു സ്വതന്ത്രമായി മേയാന്‍ മനസ്സിനെ പ്രേരിപ്പിക്കുന്നു. നമ്മുടെ ബുദ്ധിയെയും ചിന്തകളെയും പരിപോഷിപ്പിക്കുന്നവിധത്തില്‍ അവ മനുഷ്യനു പുതിയ ആകാശവും ഭൂമിയും നല്‍കുന്നു. ചിന്തകള്‍ക്കു ചിറകു നല്‍കുന്നു. വായനയുടെ മാന്ത്രികവിളക്കില്‍ തെളിഞ്ഞ അനുഭവങ്ങളാണ് പിന്നീട് ജീവിതത്തിലുടനീളം പ്രകാശം പരത്തുന്നത്. പുസ്തകം മനുഷ്യനെ പൂര്‍ണ മനുഷ്യനാക്കുമെന്നു പറഞ്ഞ ഫ്രാന്‍സിസ് ബേക്കണ്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്: കാലമെന്ന ആഴക്കടലില്‍ നീന്തുന്നവര്‍ക്ക് ലക്ഷ്യത്തുറമുഖത്തെത്താന്‍ സഹായിക്കുന്ന വിളക്കുമാടമായി മാറുന്നത് അമൂല്യഗ്രന്ഥങ്ങളാണ്.
അറിവിനെക്കാളും വലുതാണ് ഭാവനാശേഷി എന്ന് ഐന്‍സ്റ്റൈന്‍ പറയുന്നുണ്ട്. മനുഷ്യന്‍ ഇന്നേവരെ ആര്‍ജിച്ച നേട്ടങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും അടിസ്ഥാനം ഭാവനയുടെ പ്രവര്‍ത്തനംതന്നെയാണ്. വായനയിലാണ് നമ്മുടെ ഭാവന പ്രചലിതമാവുന്നത്, പ്രവര്‍ത്തനസജ്ജമാവുന്നത്. ഭാവിയെ രൂപപ്പെടുത്തുന്നതാണ് ഭാവന എന്നു പറയാറുണ്ട്. ഇന്നത്തെ വായനക്കാരാണ് നാളത്തെ എല്ലാ രംഗത്തുമുള്ള ജേതാക്കളെന്നും നമുക്കറിയാം.
നല്ല ഗ്രന്ഥങ്ങള്‍ നല്ല ചങ്ങാതിമാരെപ്പോലെയാണ്. അറിവുകൊണ്ടും അനുഭൂതികൊണ്ടും ആഹ്ലാദംകൊണ്ടും എല്ലാക്കാലത്തും പുസ്തകങ്ങള്‍ നമ്മെ ചേര്‍ത്തുപിടിക്കുന്നു, തിരുത്തുന്നു, വളര്‍ത്തുന്നു. സൗഹൃദത്തിന്റെ പദവി നല്‍കി നമ്മള്‍ സമാദരിക്കുന്ന പുസ്തകങ്ങളുടെ വായന നമുക്ക് ആനന്ദമാണ്, ആശ്വാസമാണ്, ആശ്രയമാണ്. നമുക്ക് വീണ്ടും വീണ്ടും ചെല്ലാവുന്ന പ്രിയപ്പെട്ട ഇടമാണ് പുസ്തകങ്ങള്‍. വീണ്ടും വീണ്ടും തുറന്നുനോക്കാവുന്ന വിലപ്പെട്ട സമ്മാനമാണ് പുസ്തകങ്ങള്‍.
ജീവിതത്തിലെ എല്ലാറ്റിനെക്കുറിച്ചും എന്തെങ്കിലും ചിലത് നമ്മള്‍ വായിച്ചിരിക്കണം. ചിലതിനെക്കുറിച്ച് അറിയാവുന്നതെല്ലാം വായിച്ചിരിക്കുകയും വേണം. ഒരുപാടു വായിക്കുക മാത്രമല്ല, വായിച്ചതില്‍നിന്ന് ഒരുപാട് ഉള്‍ക്കൊള്ളുകയെന്നതാണ് സുപ്രധാനം. ആയിരം പേജ് അലസമായി വായിച്ചു പോകുന്നതിനെക്കാള്‍ എത്രയോ ഗുണമുണ്ടാവും അരപ്പേജ് അറിഞ്ഞുകൊണ്ടു വായിക്കുന്നതിന്. 
നമുക്കറിയാം, വായിക്കുന്നതിനനുസരിച്ച് നമ്മുടെ ചിന്താശേഷി വര്‍ദ്ധിക്കുമെന്ന്. ചിന്താശേഷി വര്‍ദ്ധിക്കുന്നതിനനുസരിച്ച് നമ്മുടെ വായനയുടെ  നിലവാരവും  മാറിവരും. പുസ്തകത്തില്‍നിന്ന് അകന്നുകഴിയുന്നവര്‍ ഇന്ധനമില്ലാത്ത വാഹനംപോലെ ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ നിശ്ചലമായിപ്പോകും. എപ്പോള്‍ നമ്മള്‍ വായന നിര്‍ത്തുന്നോ അപ്പോള്‍ നാം മരിക്കാന്‍ തുടങ്ങുന്നു എന്ന വചനം നാമോര്‍ക്കണം. ആ ഓര്‍മ പതുക്കെ നമ്മെ വായനശീലത്തിലേക്ക് എത്തിക്കുമെന്നുറപ്പാണ്. വായനയാണ് ഏറ്റവും നല്ല ശീലം. ബാക്കി ശീലങ്ങളെല്ലാം തനിയെ വന്നോളും. വ്യക്തിത്വത്തെ സമഗ്രമായി ഉയര്‍ത്തുന്നതു പുസ്തകവായനയാണ്. ഒരു ക്ലാസിക്കൃതി വായിക്കുന്നതിനു മുമ്പുള്ള നമ്മളായിരിക്കില്ല, അതു വായിച്ചതിനുശേഷം. അടിമുടി ആന്തരികമായി നമ്മള്‍ പുതുക്കപ്പെടും, നവീകരിക്കപ്പെടും. അദ്ഭുതലോകത്തിലെ ആലീസും അദ്ഭുതവാനരന്‍മാരും മാണിക്യക്കല്ലും ഒരു കുടയും കുഞ്ഞുപെങ്ങളും ഉണ്ണിക്കുട്ടന്റെ ലോകവുമെല്ലാം കുഞ്ഞുങ്ങളുടെ ഭാവനയെ സമ്പല്‍സമൃദ്ധമാക്കും. രാമായണവും മഹാഭാരതവും ഇലിയഡും ഒഡീസിയും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളുടെ വായന നമ്മുടെ ചിന്തയുടെയും മനസ്സിന്റെയും ചക്രവാളങ്ങളെ വികസിപ്പിക്കും.
എല്ലാ പുസ്തകങ്ങളും ഒരു ജീവിതകാലംകൊണ്ടു വായിക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. എന്നാല്‍, മികച്ച പുസ്തകങ്ങള്‍ മിക്കതും നമ്മുടെ വായനയുടെ ഭാഗമാക്കി മാറ്റാന്‍ നമുക്കു കഴിയണം. ലോകത്തെ നിര്‍ണായകമായി സ്വാധീനിച്ച പുസ്തകങ്ങള്‍, വലിയ മാറ്റങ്ങള്‍ക്ക് ഇന്ധനമായ പുസ്തകങ്ങള്‍, ക്ലാസിക്‌സ്വഭാവമുള്ള ഗ്രന്ഥങ്ങള്‍,  ഓരോ രാജ്യത്തിന്റെയും മികച്ച സംഭാവനകളായ കൃതികള്‍  തുടങ്ങിയവ വായിക്കാന്‍ നമ്മള്‍ സമയം കണ്ടെത്തണം.
നല്ല പുസ്തകങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തും. നാം ഭക്ഷിക്കുന്നതെന്തോ അതാണ് നമ്മള്‍ എന്നു പറയാറുണ്ട്. അതുപോലെ, നാം വായിക്കുന്നതെന്തോ അതാണ് നമ്മള്‍. മക്കള്‍ ഒരു നേരം ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍ വേവലാതിപ്പെടുന്ന ഒരമ്മ, അവര്‍ പുസ്തകം വായിച്ചിട്ടില്ലെങ്കില്‍ അതുപോലെ തന്നെ വേവലാതിപ്പെടണം. മക്കള്‍ നല്ല വസ്ത്രം ധരിച്ച് അന്തസ്സോടെ പെരുമാറാന്‍ കൊതിക്കുന്ന ഒരച്ഛന്‍, അവര്‍ നല്ല പുസ്തകങ്ങള്‍ വായിച്ച് ആന്തരികചൈതന്യമുള്ളവരായി മാറാനും ആഗ്രഹിക്കണം. പാഠപുസ്തകത്തിലെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് തന്റെ വിദ്യാര്‍ഥികളുടെ കണ്ണുകള്‍ തിളങ്ങുമ്പോള്‍മാത്രമല്ല, ഒരധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക അഭിമാനിയാകേണ്ടത്; മറിച്ച്, പാഠങ്ങള്‍ക്കപ്പുറത്തുള്ള പുസ്തകങ്ങള്‍ വായിച്ച് വിദ്യാര്‍ഥികള്‍ അവരുടെ ഉള്‍ക്കണ്ണ് തെളിയിക്കുമ്പോള്‍കൂടിയാണ്.  പുസ്തകങ്ങളെപ്പോലെ ആനന്ദപ്രദമായ ഒരു ഗൃഹോപകരണമില്ല എന്നു സാധാരണ പറയാറുണ്ട്.  പുസ്തകങ്ങള്‍ ധാരാളമുള്ള വീട് പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ആരാമംപോലെയാണെന്നും പുസ്തകമില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരംപോലെയാണെന്നും മഹാന്മാര്‍ പറയുന്നുണ്ട്.
നല്ല പുസ്തകം വായിച്ചാലേ വിദ്യാഭ്യാസം പരിപൂര്‍ണമാവൂ  എന്നും, നല്ല പുസ്തകം വായിച്ചിട്ടില്ലെങ്കില്‍ വിദ്യാഭ്യാസം അര്‍ഥപൂര്‍ണമാകില്ല എന്നും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബുദ്ധികൊണ്ടുമാത്രം നേടുന്ന വിദ്യാഭ്യാസം  വിദ്യാഭ്യാസമേയല്ല. വായനയിലൂടെ, പ്രത്യേകിച്ച് സാഹിത്യവായനയിലൂടെ ഹൃദയത്തെക്കൂടി സംസ്‌കരിക്കാന്‍ കഴിയുമ്പോഴാണ് വിവേകപൂര്‍ണമായി വിദ്യാഭ്യാസം മാറുന്നത്.
നാടോടിക്കഥകള്‍ കേള്‍ക്കുന്ന കുഞ്ഞുങ്ങള്‍ കഥയുള്ളവരായിത്തീരുന്നു. ബാലസാഹിത്യകൃതികള്‍ വായിച്ചു വിസ്മയിക്കുന്ന കുഞ്ഞുങ്ങള്‍ വിവേകമുള്ളവരാകുന്നു. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തും ടോട്ടോച്ചാനും ഒലിവര്‍ ട്വിസ്റ്റും ഗളിവറുടെ യാത്രകളും അറബിക്കഥകളും ഗോസായി പറഞ്ഞ കഥയും ഉള്‍ക്കൊണ്ട വിദ്യാര്‍ഥികള്‍ ചിന്തയിലും സാമൂഹികബോധത്തിലും മുന്‍പന്തിയിലെത്തുന്നു. കാരൂരിനെയും ബഷീറിനെയും എംടിയെയും മാധവിക്കുട്ടിയെയും വായിച്ച്, ഇന്ദുലേഖയും ചെമ്മീനും ഓടയില്‍നിന്നും അഗ്‌നിസാക്ഷിയും രമണനും തുടങ്ങി മലയാളികളെ അകമേ പുതുക്കിപ്പണിത് ആധുനികരാക്കിയ കൃതികള്‍ ഉള്‍ക്കൊണ്ട്, എഴുത്തച്ഛനെയും കുമാരനാശാനെയും വൈലോപ്പിള്ളിയെയും സച്ചിദാനന്ദനെയും കുരീപ്പുഴയെയും അറിഞ്ഞ് വിദ്യാഭ്യാസം കഴിയുന്നവര്‍ക്ക് ആന്തരികമായ വെളിച്ചവും ഹൃദയവിശാലതയും ഉണ്ടാവും. വായിച്ചു വായിച്ച് വസന്തമായി വളര്‍ന്നവര്‍ സമൂഹജീവിതത്തെ സുഗന്ധമുള്ളതാക്കും. 
പുസ്തകവായന നമ്മെ അന്തസ്സുള്ളവരും വിലയുള്ളവരുമാക്കും. അകമേ സമ്പന്നരാക്കും. വായനയിലൂടെ പരിചയപ്പെടുന്ന ഓരോ കഥാപാത്രത്തിലൂടെയും സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ദേശങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ വായനക്കാര്‍ സമ്പന്നരാവുകയാണ്. അറിയാതെ അനേകരുമായി സാഹോദര്യത്തിലാവുകയാണ്. മാനവികതയുടെ അതിരില്ലാത്ത ലോകത്തേക്കു സഞ്ചരിക്കുകയാണ്. കാലില്ലാത്ത ലോകസഞ്ചാരമാണ് പുസ്തകവായന എന്ന് ജുംബാ ലാഹിരി പറയുന്നത് ഈ അര്‍ഥത്തിലാണ്. കെട്ടിക്കിടക്കുന്ന ജലാശയമാകാതെ നമ്മുടെ മനസ്സിനെ ഒഴുകുന്ന നദിയാക്കുന്നു പുസ്തകവായന. 
ആദര്‍ശമില്ലാത്ത മനുഷ്യന്‍ വഴിതെറ്റിയ കപ്പല്‍പോലെയാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. നമ്മെ വീണ്ടടുക്കാനും നമുക്ക്  ജീവിതാദര്‍ശം കണ്ടെത്താനും പുസ്തകം സഹായിക്കുന്നു. നമ്മുടെ മുഖത്തും മനസ്സിലും ആനന്ദത്തിന്റെ പുഞ്ചിരി വിടര്‍ത്തുന്ന മഹത്തായ പ്രവൃത്തിയുടെ പേരാണ് വായന. പദസമ്പത്ത് തെഴുക്കുന്ന ആശയവിനിമയശേഷി പൂക്കുന്ന ഭാഷയുടെ താഴ്‌വരയിലൂടെയുള്ള തീര്‍ഥാടനത്തിന്റെ പേരാണ് വായന. അറിവിനും കേവലവിവരത്തിനുമപ്പുറം അനേകം സംസ്‌കാരങ്ങളിലേക്കും ചരിത്രത്തിലേക്കുമുള്ള അവബോധത്തിന്റെയും അന്വേഷണത്തിന്റെയും പേരാണു വായന. നിരാശ നിറഞ്ഞ മനസ്സിനു പ്രത്യാശയുടെ നക്ഷത്രങ്ങള്‍ നല്‍കുന്ന ആനന്ദത്തിന്റെ പേരാണ് വായന. അനുഭവദാരിദ്ര്യംകൊണ്ട് വരണ്ടുപോകുന്ന ഹൃദയത്തെ വസന്തകാലത്തിലേക്കു കൊണ്ടുപോകുന്ന സ്‌നേഹയാത്രയുടെ പേരാണ് വായന. ഒരു ജന്മത്തില്‍ത്തന്നെ അനേകജന്മം സമ്മാനമായി ലഭിക്കുന്നതിന്റെ പേരാണ് വായന. നമ്മുടെ ചെറിയ ജീവിതത്തെ പച്ചയിലേക്കും പടര്‍പ്പിലേക്കും ഇച്ഛാശക്തിയോടെ ആനയിക്കുന്ന പ്രചോദനത്തിന്റെ പേരാണ് വായന. ഉള്‍ക്കാഴ്ചയുടെയും ഹൃദയവിശാലതയുടെയും മധുരിക്കുന്ന ഫലം തരുന്ന തേന്‍മാവാണ് വായന. മറക്കരുത് മനുഷ്യരാണ് നാം എന്ന് ഏറെ സാഹോദര്യത്തോടെ സര്‍വ ചരാചരങ്ങളെയും നെഞ്ചോടു ചേര്‍ക്കാനുള്ള സൗന്ദര്യബോധത്തിന്റെ പേരാണ് വായന. പ്രിയപ്പെട്ട എല്ലാവര്‍ക്കും എന്റെ വായനദിന ആശംസകള്‍.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)