''അവന്‍ വായ പൊളിച്ചാ നൊണേ പറയൂ!''
''പെണ്ണിത്തിരി ഭേദായിരുന്നു. ഇപ്പൊ അവളും തൊടങ്ങീ കള്ളത്തരം!''
ഇത്, കേരളത്തിലെ പല വീടുകളിലെയും അച്ഛനമ്മമാരുടെ ഒരു പരിഭവമാണ്.
വിളക്കുവെച്ച് രണ്ടു നേരം പ്രാര്‍ഥിക്കും. നല്ല നല്ല ഉപദേശങ്ങള്‍ കൊടുക്കും. ലോകത്തിലെ സത്യസന്ധരായ ആള്‍ക്കാരുടെ കഥകള്‍ പറഞ്ഞുകൊടുക്കും. സത്യത്തിന്റെ മഹത്ത്വം മനസ്സിലാക്കിക്കൊടുക്കാവുന്നിടത്തോളം കൊടുത്തിട്ടും; ഒരു പ്രായം കഴിയുമ്പോള്‍, മക്കള്‍ കള്ളം പറഞ്ഞുതുടങ്ങുന്നു!
കള്ളത്തരം കാട്ടിത്തുടങ്ങുന്നു!
പെട്ടെന്നു ദേഷ്യപ്പെടുന്നു!
അനാവശ്യമായി തര്‍ക്കിക്കുന്നു!
ദേഷ്യം വരുമ്പോള്‍; കൈയിലുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞു തകര്‍ക്കുന്നു!
ഓരോ വീട്ടിലും എപ്പോള്‍ വേണമെങ്കിലും സ്വയം പൊട്ടാന്‍ തയ്യാറായ ബോംബുകളായി മക്കള്‍ വളര്‍ന്നുവരുന്നു!
ആരാണിവരെ കള്ളം പറയാന്‍ പഠിപ്പിച്ചത്?
അവനവനിലേക്കു സത്യസന്ധമായി ഒന്നു നോക്കിയാല്‍ മാത്രമേ ഉത്തരം കിട്ടൂ.
നമ്മളുടെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ ഏറ്റവും നല്ല കള്ളനാക്കാന്‍; ഏറ്റവും നന്നായി നുണ പറയിക്കാന്‍, നമ്മളെക്കാള്‍ നന്നായി മറ്റാര്‍ക്കും പറ്റില്ല.
അതായത്, സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും; ദുര്‍വാസനകള്‍ നിറച്ച് അവരെ സംഹരിക്കുന്നതും നമ്മള്‍തന്നെ!
പല വീടുകളിലും നടക്കുന്ന നിത്യാചാരങ്ങളെപ്പറ്റി ഒന്നോര്‍ത്തുനോക്കാം.
രാത്രി കുട്ടികള്‍ ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് എന്താണു സംഭവിക്കുന്നത്?
അച്ഛനോ അമ്മയോ കടുപ്പിച്ച ഗൗരവത്തില്‍ കുട്ടികളോടു പറയുന്നു.
'പോയിക്കിടക്ക്. നാളെ പരീക്ഷ ഉള്ളതല്ലേ?'
'ഇനി വല്ല കഥാപുസ്തകവും വായിച്ച് ഉറങ്ങാതെ കിടന്നാലുണ്ടല്ലോ.....!'
'ലൈറ്റ് ഓഫാക്കിക്കോ... ഇനി വല്ല വര്‍ത്താനൂം കേട്ടാ....!'
'പഠിച്ചു കഴിഞ്ഞിട്ട് ഒറങ്ങ്യാ മതി! പുസ്തകം എട്ത്താ അപ്പൊ തൊടങ്ങും കോട്ടുവായ...!'
ഇങ്ങനെ ആക്ഷേപിച്ചും അധിക്ഷേപിച്ചും; ഹോം വര്‍ക്കിനെക്കുറിച്ചും പരീക്ഷയെക്കുറിച്ചും ഓര്‍മിപ്പിച്ചും പേടിപ്പിച്ചുമാണ് നമ്മള്‍ മിക്കവരും കുട്ടികളെ നിത്യം ഉറങ്ങാന്‍ വിടുന്നത്.
എല്ലാം മറന്നു വിശ്രമിക്കേണ്ടതായ സമയത്ത്, ശരീരത്തിനുള്ളില്‍ കലുഷമായൊരു മനസ്സുമായാണ് കുട്ടികള്‍ എന്നും ഉറക്കത്തെ തൊടുന്നത്.
ഇതിന്റെ തുടര്‍ച്ചയായാണ് അവര്‍ ഉണര്‍ന്നുവരിക.
പേടിച്ചും ഭീഷണി കേട്ടും തല്ലുകൊണ്ടും കരഞ്ഞും ഉറങ്ങിയവര്‍, അതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം തുടങ്ങുകയാണ്.
'നശിച്ച ഈ ലോകത്തേക്ക് കാലത്ത് എണീല്‍ക്കാന്‍' ഇഷ്ടമില്ലാതെ കിടക്കുന്ന കുട്ടികളെ അടിച്ചുണര്‍ത്തുകയായി നമ്മള്‍!
അവരുടെ, നല്ലതോ കെട്ടതോ ആയ സ്വപ്നത്തിലെ യാത്രകള്‍ക്കിടയിലേക്കാണ് നമ്മളുടെ അട്ടഹാസം ചെന്നുവീഴുന്നത്.
'ഡാ!'
'ഡീ!'
ഈ അലര്‍ച്ചയില്‍ കുട്ടികള്‍ ഒന്നു ഞെട്ടും.
ഓരോ ഞെട്ടലിനും അവരുടെ തലച്ചോറില്‍ ഒരു ബ്ലാക്ക് സ്‌പോട്ട് മാര്‍ക്ക് ചെയ്യപ്പെടും.
ഇഷ്ടമില്ലാത്തൊരു ശബ്ദം കുട്ടിയുടെ തലച്ചോറില്‍ സൃഷ്ടിച്ച ഈ മോശം ഊര്‍ജം ഉടന്‍ സേവ് ചെയ്ത് വയ്ക്കുകയായി!
ആവശ്യം വരുന്ന നേരത്ത്, ഇതേ കറുത്ത ചെപ്പ് തുറന്ന്, തിരിച്ചൊന്നലറിയാല്‍ അപ്പുറവും ഭയക്കും എന്നറിയുന്ന പ്രകൃതി എല്ലാം എടുത്തുവയ്ക്കുകയാണ്!
ആദ്യഞെട്ടലില്‍ ഭയന്ന് ഉണര്‍ന്ന്, പിന്നെ, 'ഇത് സ്ഥിരം പരിപാടിയാണല്ലോ.' എന്ന നിസ്സംഗത സൃഷ്ടിച്ച്, കുട്ടി വീണ്ടും ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ്, നെഞ്ചിലോ മുതുകത്തോ തുടയിലോ അടി വീഴുന്നത്!
'പഠിക്കാനില്ലേടാ.....!'
'എണീറ്റു പഠിക്കെഡീ...'
ആ ഞെട്ടലും എടുത്തുവയ്ക്കുന്ന കുട്ടി ഉറപ്പിക്കുന്നു;
'എന്നെ ഒന്നു സമാധാനത്തോടെ ഉറങ്ങാന്‍ സമ്മതിക്കാത്ത ഈ പഠിപ്പ്, എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.
അതിനു പറ്റിയില്ലെങ്കില്‍; ഇവരെയും ഇതൊക്കെ പഠിപ്പിക്കുന്നവരെയും ഒരു പാഠം പഠിപ്പിക്കണം.'
വീണ്ടും തിരിഞ്ഞുകിടന്ന് ഉറങ്ങാന്‍ ശ്രമിക്കുന്ന കുട്ടികളോടു നമ്മള്‍ പറയുന്നു:
'ഡാ..., അഞ്ചു മണിക്കു വിളിക്കാനല്ലേ നീ പറഞ്ഞേല്പിച്ചത്? 'സമയം ആറായി!'
'ഡീ...., നിനക്ക് ആറരയ്ക്കല്ലേ ട്യൂഷന്‍? സമയം ആറായി!'
ഇതുകേട്ട് കുട്ടികള്‍ വല്ലാത്തൊരു ഞെട്ടല്‍ ഞെട്ടുന്നു.
പറ്റിച്ചു!
ഇന്ന് എല്ലാം കുളമായി! ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് സമയം നോക്കുമ്പോള്‍, സമയം അഞ്ചായിട്ടേ ഉള്ളൂ!
അമ്മയും അച്ഛനും കള്ളം പറഞ്ഞതാണ്.
ഇതു പലപ്പോഴായി ആവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ ഉറപ്പിക്കുന്നു: 'കള്ളമാണ് ഈ ലോകം.'
ദിവസത്തില്‍ ആദ്യം കേട്ടത് കള്ളമാണെങ്കില്‍; ആദ്യം പറയേണ്ടതും കള്ളമാണ്.'
ഇതു പഠിപ്പിച്ചത് കള്ളന്‍മാരല്ല.
കുട്ടികളുടെ നല്ലതുമാത്രം കൊതിക്കുന്ന അച്ഛനുമമ്മയും!
കുട്ടികള്‍ വളര്‍ന്നുവരികയാണ്.
സേവ് ചെയ്തു വച്ചത് ഓരോന്നോരോന്നായി അവര്‍ എടുത്തു പ്രയോഗിക്കാന്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കള്‍ കരച്ചിലായി.
അന്നു രാത്രി കരഞ്ഞുറങ്ങിയത് കുട്ടികളെങ്കില്‍; ഇന്ന് രക്ഷിതാക്കളാണ് എന്നുമാത്രം.
ഇടയ്ക്കിടയ്ക്ക് മക്കള്‍ ഞെട്ടിക്കുന്ന വാര്‍ത്തകളുമായി വീടു കുലുക്കും.
പണ്ട് ഉറക്കത്തില്‍, പുറത്തുവീണ അടിയുടെ റിയാക്ഷനായി, റിമോട്ടും ഫോണുമെല്ലാം വീണലറി ശബ്ദമുണ്ടാക്കിയൊടുങ്ങാന്‍ തുടങ്ങും.
കളിച്ചുചിരിച്ച് ഉറങ്ങി, നല്ലനല്ല സ്വപ്നംകണ്ട് ചിരിച്ചെതിരേല്‍ക്കേണ്ടതായ പുതുപ്രഭാതമില്ലാതാക്കിയവര്‍ക്കും 'ഇനി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലാ' എന്ന അവസ്ഥ വന്നു.
കള്ളം പഠിച്ചു വളര്‍ന്നവര്‍ കള്ളംമാത്രം പറയാനും ചെയ്യാനും തുടങ്ങി.
കുട്ടികളെ പേടിപ്പിക്കാതിരിക്കണം.
നിത്യം നല്ല കഥകള്‍ പറഞ്ഞു ചിരിപ്പിച്ചും ചിന്തിപ്പിച്ചും താളംതട്ടിയുറക്കണം. കാലത്ത്, മൃദുവായി തട്ടി, തലമുടി തലോടിയൊതുക്കി, ഉമ്മ നല്‍കി ഉണര്‍ത്തണം. അവരോടു സത്യമേ പറയാവൂ.
കുട്ടികള്‍ പാഠപുസ്തകങ്ങള്‍ മാത്രമല്ല; എല്ലാം പഠിക്കുന്നുണ്ട്.