പത്തുവര്‍ഷത്തിനുശേഷം ലോകസഭ അതിന്റെ ജനാധിപത്യപ്രഭാവം വീണ്ടെടുത്തിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ജൂലൈ ഒന്നിന് ലോകസഭയില്‍ നടത്തിയ പ്രൗഢഗംഭീരമായ പ്രസംഗം ജനാധിപത്യത്തിന്റെ കരുത്തറിയിക്കുന്നതായിരുന്നു. ചരിത്രപരമായ ഒരു വിശുദ്ധനിയോഗം ചുമലിലേറ്റി വളരെ ഗൗരവത്തോടും ഉത്തരവാദിത്വത്തോടുംകൂടിയാണ് രാഹുല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള തന്റെ കന്നിപ്രസംഗം നടത്തിയത്.
രാഹുല്‍ഗാന്ധിയുടെ ഒരു മണിക്കൂര്‍ നാല്പതുമിനിറ്റു നീണ്ട അത്യുജ്ജ്വലമായ പ്രസംഗം പ്രതിപക്ഷനയപ്രഖ്യാപനമായി കരുതുന്നതിലും തെറ്റില്ല. പത്തുവര്‍ഷം ഇന്ത്യ എന്ന മഹത്തായ ആശയത്തിനും ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരേ ആസൂത്രിതമായി അരങ്ങേറിയ ആക്രമണത്തിന്റെ ആഘാതത്തില്‍നിന്നു രാജ്യത്തെ തിരിച്ചുപിടിക്കുക എന്ന ചരിത്രപരമായ ദൗത്യത്തെക്കുറിച്ച് തികഞ്ഞ അവഗാഹത്തോടെയാണ് രാഹുല്‍ സംസാരിച്ചത്. ഭയക്കരുത്, ഭയപ്പെടുത്തരുത്, അക്രമമരുത് എന്നിവ മൂന്നും ഇന്ത്യയുടെ അടിസ്ഥാനാശയങ്ങളാണെന്ന് രാഹുല്‍ അടിവരയിട്ടു പറഞ്ഞു.
എല്ലാ മതങ്ങളും മഹാന്മാരും സത്യത്തെയും അഹിംസയെയും ഭയരാഹിത്യത്തെയുംകുറിച്ചാണു പറഞ്ഞിട്ടുള്ളത്. പക്ഷേ, ഹിന്ദുവെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിക്കാര്‍ അക്രമത്തെയും വെറുപ്പിനെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് രാഹുല്‍ തുറന്നടിച്ചു. സത്യത്തിനൊപ്പം നില്‍ക്കണമെന്നും അഹിംസയാണു പ്രതീകമെന്നുമാണ് ഹിന്ദുധര്‍മത്തില്‍ പറഞ്ഞിട്ടുള്ളത്. ഭയവും വിദ്വേഷവും പരത്തുന്നതല്ല ഹിന്ദുമതം. ഹിന്ദുവെന്നാല്‍ നരേന്ദ്രമോദിയോ ബിജെപിയോ ആര്‍എസ്എസോ അല്ലെന്നും, ഭയമോ അക്രമമോ വെറുപ്പോ പ്രചരിപ്പിക്കാന്‍ യഥാര്‍ഥ ഹിന്ദുക്കള്‍ക്കാവില്ലെന്നും സഭയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശം മുഴുവന്‍ ഹിന്ദുക്കളെയും അപമാനിക്കുന്നതാണെന്നു പറഞ്ഞ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത് ചൂടേറിയ വാഗ്വാദങ്ങള്‍ക്കിടയാക്കി.
കുഴിബോംബുസ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിനു പെന്‍ഷനോ നഷ്ടപരിഹാരമോ കിട്ടുന്നില്ല. സാധാരണ സൈനികനു പെന്‍ഷനുണ്ട്; പക്ഷേ, അഗ്നിവീറിനില്ല. ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്നവരാണ് സര്‍ക്കാരിന് അഗ്നിവീര്‍. ചിലര്‍ക്കു പെന്‍ഷന്‍, രക്തസാക്ഷിപദവി; മറ്റുചിലര്‍ക്ക് ഒന്നുമില്ല. സേനാംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയതിനെ രാഹുല്‍ വിമര്‍ശിച്ചെന്നുമാത്രമല്ല, തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അഗ്നിവീര്‍ പദ്ധതി എടുത്തുകളയുമെന്നും രാഹുല്‍ തുറന്നുപറഞ്ഞു.
കലാപഭൂമിയായ മണിപ്പുരിന്റെ കണ്ണീരൊപ്പാനോ അവിടം സന്ദര്‍ശിക്കാന്‍പോലുമോ നാളിതുവരെ പ്രധാനമന്ത്രി തയ്യാറാകാത്തതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയാനോ കേള്‍ക്കാനോ അതു പരിഹരിക്കാനോ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. പകരം, കര്‍ഷകരെ ഭീകരവാദികളെന്നു മുദ്രകുത്തി ആക്ഷേപിക്കുകയാണു ചെയ്യുന്നത്. രക്തസാക്ഷികളായ എഴുന്നൂറു കര്‍ഷകര്‍ക്കുവേണ്ടി സഭയില്‍ ഒരു നിമിഷം മൗനാചരണം നടത്താന്‍പോലുമുള്ള മര്യാദ സര്‍ക്കാര്‍ കാണിച്ചില്ല. നോട്ടുനിരോധനം തൊഴിലില്ലാതാക്കി. ജിഎസ്ടിയിലൂടെ കച്ചവടക്കാരെ തകര്‍ത്തുകളഞ്ഞു. നീറ്റുള്‍പ്പെടെയുള്ള പ്രഫഷണല്‍ പരീക്ഷകളെ കച്ചവടപ്പരീക്ഷകളാക്കി മാറ്റി. ഏഴുവര്‍ഷത്തിനിടെ എഴുപതു തവണയാണ് ചോദ്യക്കടലാസു ചോര്‍ന്നത് എന്നു തുടങ്ങിയുള്ള രാജ്യത്തെ സംബന്ധിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ ഒന്നൊന്നായി നിര്‍ഭയം വിളിച്ചുപറഞ്ഞ രാഹുല്‍ഗാന്ധി പ്രതിപക്ഷകക്ഷികളുടെമാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രതീക്ഷയും ആവേശവുമായി മാറിയെന്നതു വാസ്തവം.
ചെറുപ്പക്കാരിലും കര്‍ഷകരിലും തൊഴിലാളികളിലും സ്ത്രീകളിലും സേനാംഗങ്ങളിലുമുള്‍പ്പെടെ എവിടെയും ഭയമാണു നിങ്ങള്‍ വിതച്ചതെന്നു ഭരണപക്ഷത്തോടു രാഹുല്‍ തുറന്നടിച്ചു. ബിജെപിയുടെ ആശയത്തെ എതിര്‍ത്തതിന്റെ പേരില്‍ ലക്ഷക്കണക്കിനു ജനങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. ചിലരൊക്കെ ജയിലില്‍ അടയ്ക്കപ്പെട്ടു. പ്രതിപക്ഷത്തെ ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അരവിന്ദ് കേജ്‌രിവാളും ഹേമന്ത് സോറനും ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അത് ഈ രാജ്യത്തെ ഓരോ പൗരനെയുമാണ് അസ്വസ്ഥമാക്കിയത്. അവര്‍ക്കു പ്രതിരോധമൊരുക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും പ്രതിപക്ഷനേതാവ് എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താനും അതിക്രമത്തിനിരയായെന്ന് രാഹുല്‍ പറഞ്ഞു. ഇരുപതിലേറെ കേസുകള്‍, രണ്ടുവര്‍ഷം തടവുശിക്ഷ, വീടുപോലും നഷ്ടപ്പെട്ട അവസ്ഥ, 55 മണിക്കൂര്‍ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ എന്നിങ്ങനെ രക്തസാക്ഷിത്വസമാനമായ സ്വജീവിതത്തിന്റെ കദനകഥയും രാഹുല്‍ വികാരാധീനനായി പറഞ്ഞു.
എന്തായാലും, ഒരു പതിറ്റാണ്ടോളം മൃഗീയഭൂരിപക്ഷത്തോ ടെ ഭരണത്തിലേറിയ ബി.ജെ.പി. സര്‍വസ്വാതന്ത്ര്യത്തോടെ അടക്കിവാണ ലോകസഭയില്‍ പ്രതിപക്ഷനേതാവുയര്‍ത്തിയ ഉജ്ജ്വലശബ്ദം ജനാധിപത്യത്തിന്റെ വസന്തകാലവരവ് അറിയിക്കുന്നു. ജനാധിപത്യത്തിന്റെ സൗന്ദര്യവും ശക്തിയും പൂത്തുലയുന്ന വരുംനാളുകളില്‍ ജനങ്ങളുടെ കൊടിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്ന ക്രിയാത്മകതയുള്ള ചര്‍ച്ചകളും സംവാദങ്ങളും രാജ്യത്തെ വികസനപന്ഥാവിലേക്കു നയിക്കട്ടെ എന്നാശംസിക്കാം.