സ്വപ്നങ്ങളുടെ തേരിലേറി നേട്ടങ്ങള്‍ കൊയ്യുവാന്‍ കഠിനപരിശ്രമം നടത്തിയ ഒരു കായികതാരമായിരുന്നു ഞാന്‍. പതിമ്മൂന്നാം വയസ്സ് മുതല്‍ നാലു കിലോമീറ്റര്‍ നടന്ന് രാവിലെയും വൈകിട്ടും രണ്ടു മണിക്കൂറോളം ഞാന്‍ കഠിനപരിശീലനം നടത്തിയിരുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നേട്ടങ്ങള്‍ കൊയ്തപ്പോഴും ചങ്കോടു ചേര്‍ത്തു നിര്‍ത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു: ദൈവപുത്രനായ ക്രിസ്തു. ആ ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയുള്ള യാതൊരു നേട്ടവും ഇന്നുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
വിജയങ്ങളും പരാജയങ്ങളും ദുഃഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ഏറ്റവുമാദ്യം പങ്കുവച്ചിരുന്നതും ആ ക്രിസ്തുവിനോടു തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തത്രപ്പാടിനിടയില്‍ ഒരു ദൈവികസ്വപ്നം എന്റെ സ്വപ്നങ്ങളെ തകിടം മറിച്ചപ്പോള്‍ ലോകത്തിന്റെ നേട്ടങ്ങളെല്ലാം വെറും നശ്വരമാണെന്ന ബോധ്യം ഉള്ളിലുദിച്ചത്. ദൈവവചനവും വിശുദ്ധ കുര്‍ബാനയും അനുദിനം ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീര്‍ന്നപ്പോള്‍ ക്രിസ്തുവിനോടുള്ള എന്റെ സ്‌നേഹത്തിന്റെ ആഴവും വര്‍ദ്ധിച്ചു. എന്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധംതന്നെ നടത്തേണ്ടി വന്നു എനിക്ക് സന്ന്യാസം സ്വീകരിക്കാന്‍.
മഠത്തില്‍ ചേരണമെന്ന ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഏതാനും നിമിഷം എന്റെ പ്രിയപ്പെട്ടവര്‍ നിശ്ചലരായി. എത്രയും പെട്ടെന്ന് എന്റെ വിവാഹം നടത്താനാണ് പപ്പയുടെ തീരുമാനമെന്നറിഞ്ഞ് ആദ്യമായി പപ്പയോടു മറുത്തു സംസാരിച്ചത് ഇങ്ങനെയായിരുന്നു: ''പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയാണ് ഞാന്‍, എന്റെ ജീവിതാന്തസ്സു തിരഞ്ഞെടുക്കേണ്ടതു ഞാനാണ്. എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്നെ കെട്ടിച്ചുവിടാന്‍ പരിശ്രമിച്ചാല്‍ ഞാന്‍ പള്ളിയില്‍ വച്ച് അച്ചനോട് എനിക്കു വിവാഹത്തിനു സമ്മതം അല്ല എന്നു തുറന്നുപറയും.''
എന്റെ ഈ സംസാരം എന്റെ വീടിനെ ഒരു മരണവീടിനു തുല്യമാക്കി. കുടുംബാംഗങ്ങളുടെയും മറ്റു ബന്ധുക്കളുടെയും പിന്തിരിപ്പിക്കലുകള്‍ക്കൊന്നും എന്റെ ഉള്ളിലെ തീക്ഷ്ണതയെ കെടുത്തുവാന്‍ കഴിഞ്ഞില്ല.
മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു വഴിയായതിനാല്‍ അവരുടെ മുമ്പില്‍ കൈകള്‍ നീട്ടാന്‍ എന്നിലെ അഹം അനുവദിച്ചില്ല. ഒരുദിവസം അനുജത്തിയെ കൂട്ടിക്കൊണ്ട് കട്ടപ്പനയിലുള്ള ഒരു സ്വര്‍ണക്കടയില്‍ എന്റെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ട് മഠത്തിലേക്കു കൊണ്ടുപോകുവാനുള്ള വസ്ത്രങ്ങളും പെട്ടിയും മറ്റു സാധനങ്ങളും വാങ്ങി.
2004 ജൂലൈ 5ന് കോണ്‍വെന്റില്‍ എന്നെ കൊണ്ടുചെന്നാക്കുമ്പോഴും ഞാന്‍ വേഗം മടങ്ങിവരും എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഒരു വര്‍ഷവും രണ്ടുവര്‍ഷവും വേഗം കടന്നുപോയി. പക്ഷേ, എന്റെ തീരുമാനത്തിനു മാറ്റമില്ലാതായപ്പോള്‍ പ്രിയപ്പെട്ടവരില്‍ ചിലര്‍ എന്നെ പിന്തിരിപ്പിക്കുവാന്‍ കഠിനപരിശ്രമം നടത്തി. അന്നുവരെ ദൈവവചനത്തിനു ജീവിതത്തില്‍ അധികമൊന്നും പ്രാധാന്യം നല്‍കാതിരുന്ന എന്റെ പപ്പാ ബൈബിള്‍ ആദ്യം മുതല്‍ വായിക്കുവാന്‍ തുടങ്ങി. 'തലതിരിഞ്ഞു' പോയ മകളെ പിന്തിരിപ്പിച്ചു കൊണ്ടുവരുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അന്വേഷിച്ചായിരുന്നു പപ്പായുടെ ബൈബിള്‍ വായന. ഓരോ പ്രാവശ്യവും അവധിക്കു ഞാന്‍ വീട്ടില്‍ വരുമ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ എന്നെ പിന്തിരിപ്പിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
16 വര്‍ഷത്തിനുശേഷം ഇന്ന് എന്റെ പ്രിയപ്പെട്ടവര്‍ സി. സോണിയ തെരേസ് എന്ന യാഥാര്‍ത്ഥ്യത്തെ പതിയെ അംഗീകരിച്ചു തുടങ്ങി. കെട്ടിച്ചുവിടാന്‍ കാശില്ലാഞ്ഞിട്ടോ കല്യാണപ്രായം കഴിഞ്ഞിട്ട് ചെറുക്കനെ കിട്ടാഞ്ഞിട്ടോ അല്ല ഞാന്‍ മഠത്തില്‍ പോയത്.
ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍നിന്ന് ആര് നിങ്ങളെ വേര്‍പെടുത്തുമെന്ന് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പൗലോസ് ശ്ലീഹാ എഴുതിയിരിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം വ്യക്തമായി അനുഭവിച്ചറിഞ്ഞ ഒരു യഥാര്‍ത്ഥ സന്ന്യാസിനി ഈ സമൂഹത്തില്‍നിന്നുയരുന്ന നിന്ദനങ്ങളോ അപവാദങ്ങളോ ക്ലേശങ്ങളോ കണ്ടു ഭയപ്പെടില്ല. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ഇവയൊന്നും അവളെ വേര്‍പെടുത്തില്ല. വ്യാജവാര്‍ത്തകള്‍കൊണ്ട് സന്ന്യസ്തരെ അപമാനിക്കുന്ന, മനഃസാക്ഷി മരവിച്ചുപോയ വ്യക്തികളുടെ മാനസാന്തരത്തിനുവേണ്ടി നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നു.