•  18 Apr 2024
  •  ദീപം 57
  •  നാളം 6
പ്രണയ പാഠാവലി

പ്രവര്‍ത്തനനിരതമായ പ്രതിരോധതന്ത്രങ്ങള്‍

സ്ഥാനമാറ്റത്തിനെക്കാള്‍ അല്പംകൂടി സങ്കീര്‍ണ്ണമാണ് പ്രക്ഷേപണം. സ്വന്തം വീഴ്ചയോ കുറ്റമോ മറ്റൊരാളുടെമേല്‍ ആരോപിക്കലാണിത്.
ഭാര്യയുടെ പരാതി കേള്‍ക്കാം. ഭര്‍ത്താവിനു തീരെ സമയബോധമില്ല. എന്തെങ്കിലുമൊക്കെ ചെയ്ത് സമയം പാഴാക്കും. എത്ര കാര്യങ്ങള്‍ തീര്‍പ്പാക്കാതെ കിടപ്പുണ്ടെന്നോ? എത്ര പറഞ്ഞാലും തലയില്‍ കേറില്ല. ഞാനൊറ്റയ്ക്കു കഷ്ടപ്പെട്ടു മടുത്തു.
ഇനി ഭര്‍ത്താവിന്റെ ഭാഗം സത്യസന്ധമായി ഒന്നു പഠിക്കാം. ആള്‍ കഠിനാദ്ധ്വാനിയാണ്. ജോലിയൊക്കെ കൃത്യനിഷ്ഠയോടെ ചെയ്യും. ഉത്തരവാദിത്വബോധവുമുണ്ട്. വല്ലപ്പോഴുമല്പം വിശ്രമിക്കുകയോ പത്രം നോക്കുകയോ ചെയ്യുമെന്നതൊഴിച്ചാല്‍ ഇരുപത്തിനാലുമണിക്കൂറും കര്‍മ്മനിരതന്‍!
അപ്പോള്‍, അവള്‍ കളവു പറയുയാണോ? അല്ല, അതാണ് പ്രക്ഷേപണം എന്ന പ്രതിരോധതന്ത്രം.
യഥാര്‍ത്ഥത്തില്‍ സമയബന്ധിതമായി കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്തത് അവള്‍ക്കാണ്. പെട്ടെന്നു മടുക്കുന്ന പ്രകൃതവും. ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ഇടപെടേണ്ടിവരുമ്പോള്‍ ആധിയായി. വീട്ടമ്മയെന്ന നിലയില്‍ തന്റെ പ്രകടനം മോശമാകുന്നല്ലോ എന്നുള്ള പരിഭ്രമവും. ഈ മാനക്കേടിനെ തരണം ചെയ്യുന്നതിനുള്ള ശ്രമമാണ്, ഭര്‍ത്താവിന്റെ മേല്‍ സ്വന്തം കുറവുകളെ കെട്ടിവയ്ക്കുന്നതിന്റെ പിന്നില്‍. അതായത്, സമയബന്ധിതമായി പ്രവര്‍ത്തിക്കാനുള്ള തന്റെ കഴിവില്ലായ്മയെ, ഭര്‍ത്താവന്റെ വീഴ്ചയാക്കി ചിത്രീകരിക്കുന്നു...
അയാള്‍ എങ്ങനെയായിരിക്കും ഇതിനോടു പ്രതികരിക്കുക?
ചിലര്‍ക്കു കാര്യത്തിന്റെ കിടപ്പ് പെട്ടെന്ന് പിടികിട്ടും. ഭാര്യയുടെ വീഴ്ച തന്റെ തലയില്‍ വച്ചുകെട്ടുന്നത് അവന്‍ പൊറുക്കില്ല. അതയാളുടെ അഹത്തെ ദുര്‍ബലമാക്കും. അതുകൊണ്ട് വാദിച്ചു ജയിക്കാന്‍ നോക്കും. പക്ഷേ, പ്രതിരോധതന്ത്രങ്ങള്‍ അബോധമായതിനാല്‍ അയാളുടെ യുക്തിവാദങ്ങളൊന്നും ചെലവാകില്ല. അവള്‍ പ്രതിരോധം നടത്തും; അല്ലെങ്കില്‍ നിസ്സഹായയായി വിങ്ങിപ്പൊട്ടും.
വലിയ ആലോചനയ്‌ക്കോ വിശകലനത്തിനോ ഒരുമ്പെടാത്ത ഭര്‍ത്താവാണെങ്കില്‍ സ്ഥിതി വേറേയായിരിക്കും. അടിസ്ഥാനരഹിതമായ ആരോപണം അയാളെ പ്രകോപിപ്പിക്കും. ചീത്തവിളിയും കൈയാങ്കളിയുംവരെ സംഭവിച്ചെന്നിരിക്കും.
ഭാര്യയെ എന്താണിതിനു പ്രേരിപ്പിക്കുക? 
സ്വസമൂഹത്തില്‍ തന്റെ ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുത്തുക വലിയ മാനഹാനിയുണ്ടാക്കുന്ന കാര്യമാണ്. കണ്ടവരൊക്കെ കുറ്റംപറയും. അതു മാത്രവുമല്ല, അവളിലെ അമ്മയാകുന്ന സ്ത്രീത്വത്തിനുമുണ്ട് ആശങ്കകള്‍. താന്‍ വളര്‍ത്തിക്കൊണ്ടു വരേണ്ട കുടുംബം, വേണ്ടവിധമെത്തുന്നില്ലല്ലോ എന്ന കുറ്റബോധം - അതാണവളുടെ നീറുന്ന പ്രശ്‌നം...
ഇവിടെ ഭര്‍ത്താവിനു വിവേകത്തോടെ ചെയ്യാവുന്ന കാര്യം, അവളെ സമയബന്ധിതയാക്കുന്ന കാര്യത്തില്‍ സഹായിക്കുക എന്നതാണ്. അവളുടെ ഭാരത്തെ, സ്വന്തം ചുമലിലേക്കുകൂടി പകുത്തെടുക്കുക. മറ്റെന്താണ് കരണീയമായിട്ടുള്ളത്?
'നിന്റെ കുറ്റം എന്റെമേല്‍ ചാര്‍ത്തുന്നോ?' എന്നു മാത്രമുള്ള പ്രത്യാക്രമണങ്ങള്‍ നിഷ്ഫലമായിത്തീരുന്നു. കുറ്റബോധവും അരക്ഷിതാവസ്ഥയും കൂടിവരികയും ചെയ്യും.
അടുക്കും ചിട്ടയുമില്ലാത്ത, ശുചിത്വബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഭര്‍ത്താവ് ഭാര്യയെ കുറ്റപ്പെടുത്താം. വൃത്തിയും മെനയുമില്ലാത്തവള്‍ എന്ന്! ഇവിടെയും സ്വന്തം അപചയത്തെ പങ്കാളിയിലേക്കു പ്രക്ഷേപണം ചെയ്യുന്നു. അത്രമാത്രം. മദ്യാസക്തനായ ഭര്‍ത്താവ് തന്റെ ദുശ്ശീലത്തിനു കാരണമായി ഭാര്യയുടെ സ്വഭാവദൂഷ്യത്തെ പഴിചാരാം. കുട്ടികളുടെ പഠനത്തിലെ പിന്നാക്കാവസ്ഥയെപ്പറ്റി പരസ്പരം ചെളിവാരിയെറിയാം. പഴിചാരുന്ന വ്യക്തിക്ക്, പലവിധ കാരണങ്ങളാല്‍, മക്കളുടെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതാണ് പങ്കാളിയിലേക്കു ചുമത്തിയത്. 
പങ്കാളിയുടെ അഹത്തിന് ഒരിക്കലും താനൊരു ഭീഷണിയാവില്ല എന്ന ഉറപ്പു നല്‍കാന്‍ സാധിച്ചാല്‍, അതൊരു വലിയ കാര്യമാണ്. അവിടെ പ്രതിരോധതന്ത്രങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നു. കുടുംബത്ത് എന്തെങ്കിലുമൊരു ന്യൂനതയുണ്ടായാല്‍, പങ്കാളി തന്നെ കടിച്ചുകീറുമെന്ന് ആശങ്കപ്പെടുന്നിടത്താണ് പ്രതിരോധം രൂപംകൊള്ളുക. അഹത്തെ പരസ്പരം ഭദ്രമാക്കുക. അതിന് പ്രണയമല്ലാതെ മറ്റെന്താണുള്ളത്?

 

Login log record inserted successfully!