•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കോപ്പ അര്‍ജന്റീനയില്‍ത്തന്നെ; യൂറോപ്പില്‍ സ്പാനിഷ് വസന്തം

തിനേഴാം പിറന്നാള്‍ ആഘോഷിച്ച ലാമിന്‍ യമാലിന്റെ പിറന്നാള്‍സമ്മാനമായി സ്‌പെയിനിന് യൂറോകപ്പ്. വിടവാങ്ങല്‍ പ്രഖ്യാപിച്ച ഏയ്ഞ്ചല്‍ ഡി മരിയയ്ക്ക് യാത്രയയപ്പുസമ്മാനമായി അര്‍ജന്റീനയ്ക്കു കോപ്പ. ലോകകപ്പ് കഴിഞ്ഞാല്‍ ഫുട്‌ബോള്‍ലോകം ഏറ്റവും ആവേശത്തോടെ കാണുന്ന യൂറോ കപ്പ്, കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ സീസണ് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കലാശക്കൊട്ട്.
ഇരട്ടക്കലാശം കഴിഞ്ഞപ്പോള്‍ എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീന കൊളംബിയയെ പരാജയപ്പെടുത്തി (1-0) കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി. സ്‌പെയിന്‍ ഇംഗ്ലണ്ടിനെ തോല്പിച്ചത് ഒന്നിനെതിരേ രണ്ടു ഗോളിന്. ഹാരി കെയ്‌നിന്റെ  ടീമിനു കലാശപ്പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. 1966 ലെ ലോകകപ്പ് വിജയത്തിനുശേഷം ഒരു കിരീടനേട്ടത്തിനായി ഇംഗ്ലണ്ടിന്റെ കാത്തിരിപ്പു നീളുന്നു. സ്‌പെയ്‌നിന് ഇത് നാലാം യൂറോപ്യന്‍ ചാമ്പ്യന്‍പട്ടം. അര്‍ജന്റീനയുടേത് പതിനാറാം കപ്പ്. ഇതോടെ കോപ്പ അമേരിക്കയില്‍ ഏറ്റവും അധികം തവണ വിജയിച്ച ടീം എന്ന നേട്ടം അര്‍ജന്റീനയ്ക്കു സ്വന്തം. ഇതുവരെ അവര്‍ യുറുഗ്വേയ്‌ക്കൊപ്പം 15 തവണയായിരുന്നു ചാമ്പ്യന്‍മാരായിരുന്നത്. അര്‍ജന്റീനയുടെ മുപ്പതാം ഫൈനലാണു നടന്നത്.
ലയണല്‍ മെസ്സിക്ക് ഇത് അവസാന കോപ്പ അമേരിക്ക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അവസാന യൂറോ കപ്പും. എഞ്ചല്‍ ഡി മരിയ രാജ്യാന്തരഫുട്‌ബോളില്‍നിന്നുതന്നെ വിരമിക്കുന്നു. ഹാരി കെയ്ന്‍ ഇനിയെത്രനാള്‍ എന്ന് അറിയില്ല. തലമുറമാറ്റം പക്ഷേ, നടന്നുകഴിഞ്ഞു. സ്‌പെയിന്റെ കൗമാരവിസ്മയം ലാമിന്‍ യമാല്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. യൂറോ കപ്പിലെ പ്രായംകുറഞ്ഞ കളിക്കാരനായും ഗോള്‍ നേടിയ പ്രായംകുറഞ്ഞ താരമായും മാറി. നായകനും സ്‌ട്രൈക്കറുമായ അല്‍വാരോ മൊറാട്ടയ്ക്ക് മറ്റൊരു യുവതാരത്തെക്കൂടി ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞു - നിക്കോ വില്യംസ്.
തുടരെ രണ്ടു തവണ കോപ്പ അമേരിക്ക ജയിച്ച അര്‍ജന്റീന നിലവില്‍ ലോകകപ്പ് ജേതാക്കളുമാണ്. സ്‌പെയിനിന്റെ 2008, 2012 ലെ യൂറോപ്യന്‍ കിരീടവും ഒപ്പം, 2010 ലെ ലോകകപ്പ് നേട്ടവും ഓര്‍മപ്പെടുത്തുന്നതായി അര്‍ജന്റീനയുടെ ഇത്തവണത്തെ കോപ്പവിജയം. വ്യത്യസ്തമായ ശൈലികളുടെ ഉടമകളായ അര്‍ജന്റീനയും കൊളംബിയയും കലാശപ്പോരിനിറങ്ങിയപ്പോള്‍ കാണികള്‍ പ്രവേശനകവാടം തകര്‍ത്തതും കളിതുടങ്ങാന്‍ വൈകിയതും സ്വാഭാവികം. അറുപത്താറാം മിനിറ്റില്‍ നായകന്‍ ലയണല്‍ മെസ്സി പരുക്കേറ്റു പുറത്തുപോകുന്നു. നിശ്ചിതസമയത്തും ഗോള്‍രഹിതസമനില. ഒടുവില്‍ എക്‌സ്ട്രാ ടൈം എട്ടുമിനിറ്റ് ബാക്കിനില്‍ക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് ലക്ഷ്യം കാണുന്നു (1-0). ലൗറ്റാറോ മാര്‍ട്ടിനെസ് ടോപ് സ്‌കോറര്‍ ആയപ്പോള്‍ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോളിയുമായി.
യൂറോ കപ്പില്‍ സ്‌പെയിന്‍ നിക്കോ വില്യംസിലൂടെ ലീഡ് നേടി. കോളോ പാമര്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ എത്തിച്ചു. ഒടുവില്‍ എണ്‍പത്താറാം മിനിറ്റില്‍ മിഖേല്‍ ഓയാര്‍സബാല്‍ സ്‌പെയിനിനെ മുന്നിലെത്തിച്ചു. പക്ഷേ, അവസാനനിമിഷം ഡാനി ഒല്‍മോ നടത്തിയ ഗോള്‍ ലൈന്‍സേവ് ആണ് സ്‌പെയിനിനെ ചാമ്പ്യന്മാരാക്കിയത്. സ്‌പെയിനിന്റെ റോഡ്‌റി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായപ്പോള്‍ മൂന്നുഗോള്‍ വീതം നേടി ആറുപേര്‍ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹരായി - കോഡി ഗാക്ക്‌പോ (നെതര്‍ലന്‍ഡ്‌സ്), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ഡാനി ഒല്‍മോ (സ്‌പെയിന്‍), ജമാല്‍ മുസിയാല (ജര്‍മനി), ഇവാന്‍ ഷ്രാന്‍സ് (സ്ലോവാക്യ), ജോര്‍ജ്‌സ് മിഖാതുട്‌സെ(ജോര്‍ജിയ). നിക്കോ വില്യംസ് കലാശപ്പോരിലെ മികച്ച താരമായി; യമാല്‍ ഭാവിയുടെ താരവും. 
ഒരു മാസം നീണ്ട ഫുട്‌ബോള്‍ മാമാങ്കമാണ് അവസാനിച്ചത്. ഇതിനിടയില്‍ വിംബിള്‍ഡണ്‍ ടെന്നീസും പൂര്‍ത്തിയായി. കായികപ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ തത്കാലം അവസാനിച്ചു. ഒരാഴ്ച കഴിഞ്ഞാല്‍ പാരിസ് ഒളിമ്പിക്‌സിന് ആരവമുയരും. അതുവരെ കോപ്പ അമേരിക്കയിലെയും യൂറോ കപ്പിലെയും അട്ടിമറികളും പരാജയങ്ങളും വിലയിരുത്തപ്പെടും. കോപ്പയില്‍ ബ്രസീല്‍ സെമി കാണാതെ മടങ്ങി. കാനഡ സെമിയില്‍ കടക്കുകയും ചെയ്തു. കാനഡയെയും ചിലിയെയും പെറുവിനെയും മറികടന്ന് ക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന ഇക്വഡോറിനെ തോല്പിച്ച് സെമിയില്‍ എത്തി. സെമിയില്‍ വീണ്ടും കാനഡയ്‌ക്കെതിരെ വിജയം. കൊളംബിയയാകട്ടെ പരാഗ്വെയെയും കോസ്റ്ററിക്കയെയും തോല്പിച്ച്, ബ്രസീലിനെ  സമനിലയില്‍ തളച്ച് ക്വാര്‍ട്ടറില്‍ കടന്നു. പിന്നെ വിജയം പനാമയ്ക്കും യുറുഗ്വേയ്ക്കുമെതിരേ.
യൂറോ കപ്പില്‍ ഇംഗ്ലണ്ട് സെര്‍ബിയ, ഡെന്‍മാര്‍ക്ക്, സ്ലോ വേനിയ, സ്ലോവാക്യ ടീമുകളെ കീഴടക്കി ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പിന്‍തള്ളി. സെമിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ വിജയം (2-1). സ്‌പെയിന്‍ ആകട്ടെ, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ, ജോര്‍ജിയ ടീമുകളെ പിന്‍തള്ളി ക്വാര്‍ട്ടറില്‍. കരുത്തരായ ജര്‍മനിയെയും (2-1) ഫ്രാന്‍സിനെയും (2-1) പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബെര്‍ത്ത് നേടിയത്. പോര്‍ച്ചുഗല്‍ ടീം സെമി കണ്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരാജയത്തോടെ മടക്കം.
കേരളത്തില്‍ യൂറോപ്യന്‍ ടീമുകളെക്കാള്‍ ആരാധകര്‍ കൂടുതല്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കുമാണ്. പക്ഷേ, യൂറോ കപ്പ് നടക്കുമ്പോള്‍ ശ്രദ്ധ മാറും. ഒരുപക്ഷേ, അതുകൊണ്ടാവാം കഴിഞ്ഞ ഒരു മാസം, കൂടുതല്‍ കേട്ടത് യൂറോപ്യന്‍ ഫുട്‌ബോള്‍ ടീമുകളെക്കുറിച്ചാണ്. ഇനി 2026 ല്‍ അമേരിക്കയില്‍ ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങുംവരെ കാത്തിരിക്കാം.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)