സംസ്ഥാനതലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തകഥയായിരുന്നു കഴിഞ്ഞ രണ്ടുമൂന്നുദിവസമായി കേരളത്തിലെ മാധ്യമലോകം പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യധാരാദൃശ്യമാധ്യമങ്ങളില്‍ പലതും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം മുഴുവന്‍സമയവും സംപ്രേഷണം ചെയ്തിരുന്നു. മാലിന്യക്കൂമ്പാരം നീക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെപോയത് കേരളത്തെ പൊള്ളിക്കുന്നുണ്ട്. ഒരു നഗരത്തിന്റെ മുഴുവന്‍ വിഴുപ്പുംപേറിയ മാലിന്യപ്പുഴയിലേക്ക് 1500 രൂപയ്ക്കുവേണ്ടി ജീവന്‍ പണയം വച്ചിറങ്ങിയ ജോയിയുടെ സമര്‍പ്പണവും രക്തസാക്ഷിത്വവും മറ്റാര്‍ക്കൊക്കെയോ പാഠമാകുന്നുണ്ട്.
ജീവന്റെ തുടിപ്പുതേടി രണ്ടുനാള്‍ മാലിന്യക്കൂമ്പാരത്തില്‍ മുങ്ങിത്തപ്പുകയായിരുന്ന അഗ്നിരക്ഷാസേനയുടെ മുപ്പതിലധികം വരുന്ന സ്‌കൂബാ ടീമിന് കേരളമിപ്പോള്‍ ഹൃദയാഭിവാദനം അര്‍പ്പിക്കുകയാണ്. അങ്ങേയറ്റത്തെ ആദരവോടെമാത്രമേ നമുക്കവരെയും അവരുടെ പ്രഫഷണലിസത്തെയും ഓര്‍ക്കാനാവൂ. ഭാരമേറിയ ഓക്‌സിജന്‍ സിലിണ്ടറും ഉപകരണങ്ങളും ചുമലിലേറ്റി ശുചിമുറിമാലിന്യമടക്കം കെട്ടിക്കിടന്ന് ഒഴുക്കുനിലച്ചുപോയ അഴുക്കുതോട്ടില്‍ അവര്‍ അതിസാഹസികമായി മുങ്ങിത്തപ്പിയതും, ഇടയ്ക്കു കരയ്ക്കു കയറി സാനിറ്റൈസര്‍ കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ചതും, ആരൊക്കെയോ വാരിക്കൊടുത്ത ഭക്ഷണം ഒരു തരത്തില്‍ കഴിച്ചിറക്കിയതും ടിവി ചാനലുകളില്‍ ലൈവായി കണ്ടത് ഓര്‍മകളില്‍നിന്ന് ഇറക്കിവിടാന്‍ കഴിയാത്തവിധം നൊമ്പരപ്പെടുത്തുന്നതാണ്. അതിലുപരി, അവരുടെ അതിസാഹസികമായ അധ്വാനത്തെയും സമര്‍പ്പണത്തെയും ഓര്‍ത്ത് അവരെ നമിക്കേണ്ടിയിരിക്കുന്നു. ചെറിയൊരു അഴുക്കുചാല്‍ കണ്ടാല്‍പോലും മൂക്കുപൊത്തിപ്പോകുന്ന നമുക്ക്, ഒരുപക്ഷേ, ടി.വി. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍പ്പോലും അറിയാതെ മൂക്കുപൊത്തിയ നമുക്ക് ചില തിരിച്ചറിവുകളും താക്കീതുകളും ആമയിഴഞ്ചാന്‍തോട്ടിലെ ദുരന്തം ബാക്കിവയ്ക്കുന്നുണ്ട്.
അധികാരകേന്ദ്രങ്ങളുടെ മൂക്കിനു താഴെ സംഭവിച്ച ദുരന്തത്തില്‍ അവരുടെ നടപടികളും പ്രതികരണങ്ങളും കണ്ടുംകേട്ടും കേരളം മൂക്കുപൊത്തുകയാണിപ്പോള്‍. നിഷ്‌ക്രിയത്വത്തിന്റെയും നിരുത്തരവാദിത്വത്തിന്റെയും ഭാരം ചുമലിലേല്ക്കാന്‍ കഴിയാതെ മന്ത്രിമാരും മേയറും റെയില്‍വേയും പരസ്പരം പഴിചാരി സ്വയം രക്ഷാപ്രവര്‍ത്തനത്തിനു മത്സരിക്കുന്നതു കാണുമ്പോള്‍ കേരളം ലജ്ജിച്ചുപോകുന്നു! ആമയിഴഞ്ചാന്‍തോട്ടില്‍ മാലിന്യക്കൂമ്പാരം സൃഷ്ടിച്ചതില്‍ എല്ലാവരുടെയും ഭാഗത്തു വീഴ്ചകളുണ്ട്. മാലിന്യനിര്‍മാര്‍ജനം കൃത്യമായി നടക്കാത്തതാണു കാരണം. കോര്‍പ്പറേഷന്‍ പരിധിയില്‍ അതു ചെയ്യേണ്ടതു കോര്‍പ്പറേഷനും, റെയില്‍വേയുടെ ഭാഗത്ത് റെയില്‍വേയുമാണ്. 13 വര്‍ഷത്തിനിടയില്‍ 12 കോടിയിലധികം രൂപ ആമയിഴയഞ്ചാന്‍തോടു ശുചീകരണത്തിനുമാത്രം ചെലവഴിച്ചിട്ടും ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷനു കഴിഞ്ഞില്ല എന്നത് ഭരണാധികാരികളുടെ പരാജയം തന്നെയാണ്. ദുരന്തസാധ്യതാപ്രദേശങ്ങളില്‍ ആരുടെയും അനുമതിയില്ലാതെ ഇടപെടാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരമുണ്ടെങ്കിലും അതും തിരുവനന്തപുരം നഗരത്തില്‍ നടന്നിട്ടില്ല. 2015 ല്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടത്തിയ മാതൃകാപ്രവര്‍ത്തനങ്ങള്‍ മുമ്പിലുണ്ടായിട്ടും ആ അധികാരങ്ങളൊന്നും പിന്നീടുപയോഗിക്കാതെപോയതും ഭരിക്കുന്നവരുടെ വീഴ്ചയാണ്.
1993 ല്‍ ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിക്കുകയും 2013 ല്‍ ഓടയും സെപ്റ്റിക്ടാങ്കുകളും മനുഷ്യരെ ഇറക്കി വൃത്തിയാക്കുന്നതു നിരോധിച്ചു ഭേദഗതി വരുത്തുകയും ചെയ്തിട്ടുള്ളതാണ്. മാന്‍ഹോളുകളിലുള്‍പ്പെടെ മാലിന്യം നീക്കുന്നവരുടെ സുരക്ഷയ്ക്ക് 43 തരം സുരക്ഷാ ഉപകരണങ്ങളുടെ പട്ടികയാണുള്ളത്. ജോയിയും കൂട്ടരും ആമയിഴഞ്ചാനിലിറങ്ങിയത് ഇതിലൊന്നുപോലും ഇല്ലാതെയാണെന്നു പറയുമ്പോള്‍ ഈ മനുഷ്യത്വമില്ലായ്മയുടെ നടത്തിപ്പുകാര്‍ ആരാണോ അവരാണ് നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ട യഥാര്‍ഥപ്രതികളെന്നു പറയാതെ വയ്യ.
നഗരങ്ങളിലെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും, സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ത്തന്നെ മൂന്നോനാലോ സെന്റില്‍ വീടുവയ്‌ക്കേണ്ടി വരുന്നവര്‍ക്കും മാലിന്യനിര്‍മാര്‍ജനം ഇന്നു കീറാമുട്ടിയാണ്. ഇത്തരം ഇടങ്ങളിലെത്തി ഹരിതകര്‍മസേനകള്‍ ജൈവമാലിന്യമുള്‍പ്പെടെ ശേഖരിക്കാനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ ആവിഷ്‌കരിക്കേണ്ടതാണ്. മാലിന്യം തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ നഗരസഭാപരിധിക്കുള്ളിലെ പ്രധാനകേന്ദ്രങ്ങളിലെങ്കിലും സ്ഥാപിച്ചാല്‍ മാലിന്യം വലിച്ചെറിയുന്ന മലയാളികളുടെ തഴക്കദോഷത്തിനു കുറെയൊക്കെ മാറ്റമുണ്ടാകും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാനും സംസ്‌കരിക്കാനും സര്‍ക്കാര്‍സംവിധാനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ മാലിന്യമുക്തമായ കേരളം യാഥാര്‍ഥ്യമാകും. മാലിന്യസംസ്‌കരണത്തില്‍ ശാസ്ത്രീയതയും പ്രഫഷണലിസവും നടപ്പില്‍ വരുത്താന്‍ വൈകിപ്പോയത് ഈ മേഖലയില്‍ കേരളത്തിനുണ്ടായ പരാജയമാണെന്നു സമ്മതിക്കേണ്ടിവരും. അതിതീവ്രമഴയും മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തില്‍ ഗുരുതരമായിരിക്കുമ്പോള്‍, ആരോഗ്യവിചാരവും ശുചീകരണപ്രവര്‍ത്തനങ്ങളും നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും സര്‍വോപരി മനുഷ്യത്വത്തിന്റെയും ഭാഗമാകട്ടെ.