•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ചരിത്രമുറങ്ങുന്ന സ്വാതന്ത്ര്യവീഥികള്‍

  • ഡോ. കുര്യാസ് കുമ്പളക്കുഴി
  • 15 August , 2024

നമ്മള്‍ എങ്ങനെ ജീവിക്കണമെന്നു നമുക്കുതന്നെ തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥയാണു സ്വാതന്ത്ര്യം. മറിച്ച്, അതെങ്ങനെയായിരിക്കണമെന്നു മറ്റാരെങ്കിലും നിശ്ചയിക്കുന്ന അവസ്ഥയാണു പാരതന്ത്ര്യം. നമ്മള്‍ എന്തു സംസാരിക്കണം, എന്തു പ്രവര്‍ത്തിക്കണം, എവിടെമാത്രം സഞ്ചരിക്കണം, എന്തു പഠിക്കണം, എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം എന്നൊക്കെ മറ്റുള്ളവര്‍ നിശ്ചയിക്കുന്ന അവസ്ഥ എത്ര ഭയാനകമാണ്! അതുകൊണ്ടാവണം, ''പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം ''  എന്നു കവി നെടുവീര്‍പ്പിട്ടത്.
        ഒന്നോര്‍ത്താല്‍, നമ്മള്‍ ഭാഗ്യശാലികളാണ്. അസ്വാതന്ത്ര്യത്തിന്റെ പരാധീനതകളൊന്നും നമ്മളെ അലട്ടുന്നില്ല. അമിതസ്വാതന്ത്ര്യത്തിന്റെ ദുഷിപ്പുകള്‍മാത്രമേ ഇന്നു നമുക്കു സഹിക്കേണ്ടിവരുന്നുള്ളൂ.
      എന്നാല്‍, ഒരു നൂറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 77 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതായിരുന്നില്ല സ്ഥിതി. വിദേശശക്തിയായ ബ്രിട്ടന്റെ അധികാരത്തിലമര്‍ന്നുപോയ ഇന്ത്യന്‍ജനതയ്ക്കു സ്വാതന്ത്ര്യമെന്നത് ഒരു സങ്കല്പംമാത്രമായിരുന്നു. ജീവിതത്തിന്റെ സമസ്തമേഖലകളിലും അവരുടെആധിപത്യം നമ്മെ ശ്വാസംമുട്ടിച്ചിരുന്നു. ലളിതമായി പറഞ്ഞാല്‍, ഇന്ത്യന്‍ജനത ബ്രിട്ടീഷുകാരുടെ അടിമക്കൂട്ടമായിരുന്നു.
     ഇതില്‍നിന്നു മോചനം നേടാന്‍ നമ്മുടെ പൂര്‍വികര്‍ക്ക് യാതനകളുടെയും വേദനകളുടെയും നീണ്ട പാതകള്‍ പിന്നിടേണ്ടിവന്നു. ഒട്ടേറെ ദേശാഭിമാനികളുടെ ജീവന്‍ ബലി നല്‌കേണ്ടി വന്നു. ഈ പീഡനങ്ങളുടെയും ബലിദാനത്തിന്റെയും അനുഭവകാലഘട്ടത്തെയാണു ചരിത്രം സ്വാതന്ത്ര്യസമരമെന്നു വിളിക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഈ സമരം ലക്ഷ്യം കണ്ടു - 1947 ഓഗസ്റ്റ് 15 ന്. അന്നു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പുതിയൊരു രാഷ്‌ട്രോദയമുണ്ടായി - അതാണ് നമ്മുടെ ഇന്ത്യ.
    ധാരാളം രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം നടന്നിട്ടുണ്ട്. അമേരിക്കയില്‍, റഷ്യയില്‍, ഫ്രാന്‍സില്‍, ചൈനയില്‍, ബംഗ്ലാദേശില്‍ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്നാല്‍, അവയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും തമ്മില്‍ കാതലായ അന്തരമുണ്ട്. ശത്രുവിന്റെ ചോര ചിന്താതെയുള്ള സമരം. നമ്മള്‍ അധീശശക്തിയെ ശത്രുവായി കണ്ടില്ല. അവര്‍ക്കെതിരേ ആയുധമെടുത്തില്ല. ഹിംസയല്ല; അഹിംസയായിരുന്നു ആയുധം. ഇന്നും പലര്‍ക്കും അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ സമരമുറ രൂപപ്പെടുത്തിയ ചരിത്രപുരുഷനാണ് മഹാത്മാഗാന്ധി.
    പക്ഷേ, സമരത്തിന്റെ ആദ്യ ഘട്ടം അങ്ങനെയായിരുന്നില്ല.അത് 1857 ലായിരുന്നു. അന്ന് ആയുധമെടുക്കലും ചോര ചൊരിയലുമുണ്ടായി. ഒരു നൂറ്റാണ്ടുകാലം അനുഭവിച്ച പാരതന്ത്ര്യത്തിനെതിരേയുണ്ടായ ആദ്യത്തെ പൊട്ടിത്തെറിക്കല്‍. 1857 മേയ് 10 ന് ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു തുടക്കം. അതിനുതൊട്ടുമുമ്പു മറ്റൊരു സംഭവമുണ്ടായി. പശ്ചിമബംഗാളിലെ ബാരക്പൂര്‍ റെജിമെന്റില്‍ മംഗള്‍ പാണ്ഡെ എന്ന ഇന്ത്യന്‍ സൈനികന്‍ രണ്ടു ബ്രിട്ടീഷ് സൈനികരെ വെടിവച്ചുകൊന്നു. ബ്രിട്ടീഷ്‌സൈനികമേധാവികളില്‍നിന്ന് ഇന്ത്യന്‍സൈനികര്‍ അനുഭവിച്ചുപോന്ന അവഗണനയുടെയും അപമാനത്തിന്റെയും മുറിവുകളില്‍നിന്നാണ് ആ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞത്. അതൊരു കലാപത്തിന്റെ തുടക്കമായിരുന്നു. പക്ഷേ, തോക്കേന്തിയ ആ കരങ്ങളെല്ലാം ബ്രിട്ടീഷ് അധീശശക്തിയുടെ വിലങ്ങുകളില്‍ പരതന്ത്രമായി. മാര്‍ച്ച് 25 ന് മംഗള്‍ പാണ്ഡെയെ തൂക്കിലേറ്റി. അങ്ങനെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യരക്തസാക്ഷിയായി മംഗള്‍ പാണ്ഡെ ചരിത്രത്തില്‍ ഇടംനേടി.
       1857 ലെ സ്വാതന്ത്ര്യസമരം ദയനീയമായി പരാജയപ്പെട്ടു. അത് അനിവാര്യമായിരുന്നു. സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കാന്‍ ഇന്ത്യ ഏറെ ഹോംവര്‍ക്ക്
ചെയ്യേണ്ടതുണ്ടായിരുന്നു. അതിനു പറ്റിയ ഒരു നേതാവും നമുക്കാവശ്യമുണ്ടായിരുന്നു. സമയമായപ്പോള്‍ അദ്ദേഹം വാതില്‍ തുറന്നെത്തി - മഹാത്മാഗാന്ധി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണഗോഖലെയാണ് ആ കണ്ടെത്തല്‍ നടത്തിയത്. അദ്ദേഹം ഗാന്ധിയോടു ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങിവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ രണ്ടു പതിറ്റാണ്ടുകാലത്തെ ദക്ഷിണാഫ്രിക്കന്‍സമരാനുഭവങ്ങളുടെ സമ്പത്തുമായി 1915 ജനുവരി ഒമ്പതിന് ഗാന്ധി ബോംബെയില്‍ കപ്പലിറങ്ങി. സുദീര്‍ഘമായ ഒരു സ്വാതന്ത്ര്യസമരത്തിനുവേണ്ട അണിയറയൊരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്.
       ഇന്ത്യയിലെത്തിയ ഗാന്ധി, ഗോപാലകൃഷ്ണഗോഖലെയുടെ ഉപദേശമനുസരിച്ച്, ഒരു വര്‍ഷം നീണ്ട ഒരു ഭാരതപര്യടനമാരംഭിച്ചു. ഇന്ത്യന്‍ജനതയുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. അതിനുശേഷമേ അദ്ദേഹം ദേശീയപ്രസ്ഥാനവുമായി കൈകോര്‍ത്തുള്ളൂ. പിന്നാലെ, സ്വാഭാവികമായിത്തന്നെ കോണ്‍ഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും നേതൃത്വം ഗാന്ധിജിയുടെ ചുമലിലായി. അതോടെ, ബ്രിട്ടീഷ്‌വിരുദ്ധപ്രക്ഷോഭങ്ങള്‍ക്കുപുതിയ രൂപഭാവങ്ങള്‍ കൈവന്നു. അഹിംസാധിഷ്ഠിതമായ ഒരു സമരപരിപാടി, ആയുധമെടുക്കാതെയും ചോര ചൊരിയായെയും ശത്രുവിനെ നേരിടുന്ന അത്യപൂര്‍വയുദ്ധതന്ത്രം ഇന്ത്യന്‍ ജനതയ്ക്ക് അദ്ദേഹം ഉപദേശിച്ചുകൊടുത്തു. ബ്രിട്ടീഷ്ശക്തിയുടെ സൈനികപരാജയമല്ല, ഇന്ത്യയ്ക്കനുകൂലമായ മാനസികപരിവര്‍ത്തനമാണു ഗാന്ധിജി ലക്ഷ്യം വച്ചത്. ശത്രുവിനെ വേദനിപ്പിച്ചുകൊണ്ടല്ല, സ്വയം വേദനിച്ചുകൊണ്ടു സമരം ചെയ്യുക. അങ്ങനെയാണു ഗാന്ധി സത്യാഗ്രഹസമരത്തിലേക്കെത്തിയത്.
     അതു വിഡ്ഢിത്തമാണെന്നും ഒരിക്കലും ലക്ഷ്യം നേടുകയില്ലെന്നും വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. സുഭാഷ്ചന്ദ്രബോസിനെപ്പോലെ ചില നേതാക്കന്മാര്‍ ബ്രിട്ടനെതിരേ സായുധസമരം നടത്താനും ഇറങ്ങിത്തിരിച്ചു. പക്ഷേ, ഗാന്ധിജി കുലുങ്ങിയില്ല. സത്യാഗ്രഹങ്ങളിലൂടെയും ജയില്‍വാസങ്ങളിലൂടെയും സന്ധിസംഭാഷണങ്ങളിലൂടെയും ഒപ്പം അക്രമരഹിതപ്രക്ഷോഭങ്ങളിലൂടെയും അദ്ദേഹം ഇന്ത്യന്‍ജനതയെ മുന്നോട്ടുനയിച്ചു.
      അതൊരു ധര്‍മസമരമായിരുന്നു. ഒരിക്കലും ഗാന്ധിജിക്കു കാലിടറിയില്ല. ഏതാണ്ടു മൂന്നു പതിറ്റാണ്ടു നീണ്ട പ്രക്ഷോഭങ്ങളിലൂടെ ഗാന്ധിജി ലക്ഷ്യം കാണുകതന്നെ ചെയ്തു. ലോകംതന്നെ അമ്പരന്നുപോയി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന സമരനായകന്‍ ഇന്ത്യയ്ക്കുമാത്രമല്ല, ലോകത്തിനു മുഴുവന്‍ മഹാത്മാഗാന്ധിയായി മാറി.
      പിന്നെയുമുണ്ടായി മഹാദ്ഭുതം. സ്വാതന്ത്ര്യസമരം നടന്ന മറ്റു രാഷ്ട്രങ്ങളിലൊക്കെ സമരത്തിനു നേതൃത്വം നല്കിയ നേതാവുതന്നെ പിന്നീടു ഭരണനേതൃത്വം ഏറ്റെടുക്കുന്നതായിട്ടാണ് നമ്മള്‍ കാണുന്നത്. എന്നാല്‍, ഇന്ത്യയിലെ അനുഭവം മറിച്ചായിരുന്നു. ഏതു പദവിയും ഏറ്റെടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും, അതിനൊക്കെ സമ്മര്‍ദങ്ങളുണ്ടായിട്ടും  മഹാത്മാഗാന്ധി അധികാരമണ്ഡലത്തില്‍നിന്നു ദൂരെ നിലകൊണ്ടു. ഇക്കാര്യത്തില്‍ എന്തായിരുന്നു ഗാന്ധിജിയുടെ മനോഭാവം? അതു വ്യക്തമാക്കുന്ന ഒരു സംഭവമുണ്ട്.
      സ്വാതന്ത്ര്യസമരത്തിന്റെ പരിസമാപ്തിഘട്ടം. 1947 ഓഗസ്റ്റ് 14 അര്‍ധരാത്രിയിലാണ് അധികാരക്കൈമാറ്റം. ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴേക്കിറങ്ങുന്നു. ഇന്ത്യയുടെ ദേശീയപതാക ഉയരുന്നു. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും ഒരു കാര്യം ശ്രദ്ധിച്ചത്. മഹാത്മാഗാന്ധി സ്ഥലത്തില്ല! അദ്ദേഹം ബംഗാളിലെ നവ്ഖലിയില്‍ വര്‍ഗീയകലാപകാരികളെ സാന്ത്വനപ്പെടുത്തുകയാണ്. നെഹ്‌റുവും പട്ടേലുംചേര്‍ന്ന് ഒരു ദൂതനെ ബംഗാളിലേക്കയച്ചു. ദൂതന്‍ ദീര്‍ഘസമയം ട്രെയിന്‍യാത്ര ചെയ്ത് സായന്തനത്തില്‍ നവ്ഖാലിയിലെത്തി. ഗാന്ധിജിയെ കണ്ടു വിവരമറിയിച്ചു. ഗാന്ധിജിയുടെ മറുചോദ്യം: നിങ്ങള്‍ ഭക്ഷണം കഴിച്ചോ, വിശ്രമിച്ചോ? ഇല്ല, ദൂതന്‍ പറഞ്ഞു. എങ്കില്‍പോയി കുളിച്ച് ഭക്ഷണം കഴിച്ചു വിശ്രമിക്കൂ. നമുക്കു നാളെ രാവിലെ കാണാം.
     ഒരു തിടുക്കവുമുണ്ടായില്ല ഗാന്ധിജിക്ക്, പട്ടേലും നെഹ്‌റുവും പറഞ്ഞയച്ച സന്ദേശമെന്തെന്നറിയാന്‍. അദ്ദേഹത്തിന്റെ ഉത്കണ്ഠ നീണ്ട യാത്ര ചെയ്തു ക്ഷീണിച്ചെത്തിയ ദൂതന്റെ കാര്യത്തിലായിരുന്നു. അതാണ് മഹാത്മാഗാന്ധി.
    പിറ്റേന്നു രാവിലെ ഗാന്ധിജിയുടെ വാസസ്ഥലത്തിന്റെ മുറ്റത്ത് ഒരു മരച്ചുവട്ടിലായിരുന്നു ദൂതന്റെയും മഹാത്മജിയുടെയും കൂടിക്കാഴ്ച. വിവരമറിഞ്ഞപ്പോള്‍ ഒരു വാക്കുപോലും മറുപടി പറയാതെയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊരുങ്ങാതെയും  മഹാത്മജി കുനിഞ്ഞു മുറ്റത്തുകിടന്ന ഒരു കരിയിലയെടുത്തു ദൂതന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: ''ഇതു കൊണ്ടുപോയി നെഹ്‌റുവിന്റെയും പട്ടേലിന്റെയും കൈയില്‍ കൊടുത്തേക്കൂ.''
      കരിയില കൈയില്‍പിടിച്ചുനിന്ന ദൂതന്റെ കണ്ണില്‍നിന്നു കണ്ണീരൊഴുകി. അതു കരിയിലയില്‍ വീണതു കണ്ടു മഹാത്മജി പിന്നെയും പറഞ്ഞു: ''ഞാനൊരു കരിഞ്ഞ ഇല അവര്‍ക്കു കൊടുക്കാനല്ലേ ഉദ്ദേശിച്ചത്. അതു നിങ്ങള്‍ നനച്ചുകളഞ്ഞല്ലോ!''
     ദൂതനില്‍നിന്ന് ഏങ്ങലടികള്‍ ഉയര്‍ന്നു. പുറത്തുതട്ടി ആശ്വസിപ്പിച്ചുകൊണ്ടു മഹാത്മജി പറഞ്ഞു: ''സാരമില്ല, പൊയ്‌ക്കോളൂ.''
പിന്നെന്തുണ്ടായി എന്നു ചരിത്രം പറയുന്നില്ല. കരിയില കൈയില്‍പിടിച്ചു നെഹ്‌റുവും പട്ടേലും വിങ്ങിപ്പൊട്ടിയിട്ടുണ്ടാകും.
      എന്താവാം മഹാത്മജി ആ കരിയില ക്കൈമാറ്റത്തിലൂടെ അര്‍ഥമാക്കിയത്? അധികാരത്തിനു താന്‍ അത്രയേ വില കല്പിക്കുന്നുള്ളൂ എന്നാണോ? അല്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ വിട്ടൊഴിഞ്ഞുപോകുന്ന ഇന്ത്യയുടെ അവസ്ഥ കരിയിലയ്ക്കു തുല്യമാണെന്നോ? എന്തുമാകാം. നമ്മള്‍ മനസ്സിലാക്കേണ്ടത് ഇത്രയേയുള്ളൂ: സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ലക്ഷ്യം. സ്വതേന്ത്രന്ത്യയെ തന്റെ ഇഷ്ടാനുസരണം ഭരിക്കുക എന്നതായിരുന്നില്ല. അധികാരത്തിന്റെ ആരവങ്ങളൊന്നും അദ്ദേഹത്തെ ഒട്ടും പ്രലോഭിപ്പിച്ചില്ല. ഇതാണ് മഹാത്മാഗാന്ധിയെ  ലോകാരാധ്യനാക്കിയത്. 
      ഇത്തരത്തില്‍ അന്യാദൃശവും സമാനതകളില്ലാത്തതുമാണ് ഇന്ത്യന്‍സ്വാതന്ത്ര്യത്തിന്റെ കഥ. കൈക്കരുത്തിലും ആയുധബലത്തിലുംമാത്രം വിശ്വസിക്കുന്ന അവിവേകികള്‍ക്ക് അതിന്റെ പൊരുള്‍ മനസ്സിലാവണമെന്നില്ല. അന്യരാജ്യങ്ങളുടെയും ജനതകളുടെയും കാര്യം നില്ക്കട്ടെ. നമ്മള്‍ ഇന്ത്യക്കാര്‍ക്കെങ്കിലും ആ മഹത്ത്വം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടോ, കഴിയുന്നുണ്ടോ?
    ഇല്ലെന്നാണുത്തരം. അല്ലായിരുന്നെങ്കില്‍, ജനുവരി 30 നമുക്കൊരു രക്തസാക്ഷിദിനമാകുമായിരുന്നില്ല. സ്വാതന്ത്ര്യം കിട്ടി ആറുമാസംപോലും തികയുന്നതിനുമുമ്പേ നമ്മള്‍ ആ മഹാത്മാവിനെ വെടിയുണ്ടയ്ക്കിരയാക്കി. ഇത്രയ്ക്കു ദാരുണമായ ഒരു നന്ദികേട് ലോകചരിത്രത്തില്‍ വേറേയുണ്ടാവില്ല.
      സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും മഹാത്മാഗാന്ധി ഇന്ത്യന്‍ജനതയെ ഓര്‍മിപ്പിച്ചിരുന്നു: നമ്മള്‍ രാഷ്ട്രീയസ്വാതന്ത്ര്യം മാത്രമേ നേടിയെടുത്തിട്ടുള്ളൂ. വിദ്യാഭ്യാസസ്വാതന്ത്ര്യവും സാമ്പത്തികസ്വാതന്ത്ര്യവും സാംസ്‌കാരികസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവുമൊക്കെ ഇനിയും നേടിയെടുക്കേണ്ടിയിരിക്കുന്നു. അതിനായി നമ്മളിനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു.
      രാഷ്ട്രീയസ്വാതന്ത്ര്യം കൈമോശം വരാതെ സൂക്ഷിക്കാനും ജനാധിപത്യവ്യവസ്ഥിതിക്കു കോട്ടംതട്ടാതെ സംരക്ഷിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട് എന്നതിനപ്പുറത്ത് മഹാത്മാഗാന്ധി ഓര്‍മിപ്പിച്ച ഇതരമേഖലാസ്വാതന്ത്ര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. ഇത്രയേറെ വിഭവശേഷിയുണ്ടായിട്ടും കയറ്റുമതിെയക്കാള്‍ കൂടുതല്‍ ഇറക്കുമതി വേണ്ടിവരുന്നുവെന്നതും പദ്ധതിനടത്തിപ്പുകള്‍ക്ക് അന്താരാഷ്ട്ര ഏജന്‍സികളുടെ സാമ്പത്തികസഹായം വേണ്ടിവരുന്നുവെന്നതും അഭിമാനകരമായ വസ്തുതകളല്ല. 
      ജനാധിപത്യസംവിധാനം വലിയ പരുക്കില്ലാതെ തുടരുന്നുണ്ടെങ്കിലും നേതാക്കളുടെ അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രത്തെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്. അഴിമതിഗണനാസൂചികയില്‍ 180 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 93 ആണെന്നതും 2022 ല്‍ അത് 85 ആയിരുന്നുവെന്നതും നമ്മളെ വല്ലാതെ ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്. നമുക്കു ലഭിച്ച സ്വാതന്ത്ര്യം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണിതു സൂചിപ്പിക്കുന്നത്.
     സന്തുഷ്ടമായ ജനജീവിതത്തിന്റെ പരിഗണനയിലും ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. 143 രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ 126-ാം സ്ഥാനത്തേ വരുന്നുള്ളൂ. നമ്മുടെ അയല്‍രാജ്യങ്ങളായ ചൈനയും നേപ്പാളും പാക്കിസ്ഥാനും മ്യാന്‍മറുമൊക്കെ  സന്തുഷ്ടിയുടെ കാര്യത്തില്‍ നമ്മളെക്കാള്‍ ബഹുദൂരം മുന്നിലാണ്.
     വിദ്യാസമ്പന്നരായ ജനങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ നില അത്ര അഭിമാനകരമല്ല. 2020 ലെ ഒരു ആഗോളസര്‍വേയില്‍ നമ്മുടെ സ്ഥാനം 33 മാത്രമായിരുന്നു. സ്വാതന്ത്ര്യം കിട്ടി 77 വര്‍ഷമായിട്ടും വിദ്യാഭ്യാസരംഗത്തു നമുക്കു വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞിട്ടില്ല. ഏറെത്താമസിയാതെ ഈ നേട്ടം സ്വന്തമാക്കാന്‍ നമുക്കു കഴിഞ്ഞേക്കും.
     സാക്ഷരതാനിലവാരത്തില്‍ നമ്മള്‍ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിയിട്ടുണ്ടെന്നു നമുക്കഭിമാനിക്കാം. വികസിതരാഷ്ട്രങ്ങള്‍ 99 ശതമാനം സാക്ഷരതയുമായി മുന്നോട്ടു നീങ്ങുമ്പോള്‍ നമ്മുടെ ശരാശരിയും 90 നു മുകളിലാണെന്നത് അഭിമാനാവഹംതന്നെയാണ്. ഇന്ത്യയില്‍ത്തന്നെ കേരളവും മണിപ്പുരുമാണ് ഇക്കാര്യത്തില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്.
     ജനസംഖ്യയുടെ കാര്യത്തില്‍മാത്രം നമ്മള്‍ ഒന്നാംസ്ഥാനത്താണ്. ഇത്രയുംകാലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന സ്ഥാനമേ നമുക്കുണ്ടായിരുന്നുള്ളൂ. ചൈനയ്ക്കായിരുന്നു ജനസംഖ്യയില്‍ ഒന്നാം സ്ഥാനം. ഇപ്പോള്‍ നമ്മള്‍ ചൈനയെയും പിന്നിലാക്കിയിരിക്കുന്നു. 2024 ലെ കണക്കനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യ 144 കോടി 17 ലക്ഷമാണ്. ചൈനയ്ക്ക് 142 കോടി 51 ലക്ഷമേയുള്ളൂ.
      മാനവവിഭവശേഷി വികസനരംഗത്തു നമ്മള്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നിലാണെന്നതു നിസ്സാരകാര്യമല്ല. അതു ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഭരണാധികാരികള്‍ കരുതലെടുക്കുമെങ്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ തിളങ്ങിനില്ക്കുന്ന കാലം ഏറെ വിദൂരമല്ല. ഈ വികസനക്കുതിപ്പിനു പ്രതിബന്ധം സൃഷ്ടിക്കാവുന്നതു മഹാത്മജി സൂചിപ്പിച്ചതുപോലെ രാഷ്ട്രീയേതരമേഖലകളിലുള്ള സമ്പൂര്‍ണസ്വാതന്ത്ര്യത്തിന്റെ അഭാവമാണ്. അതുകൂടി കൈവരിക്കാന്‍ നമുക്കു കഴിയേണ്ടിയിരിക്കുന്നു.
     ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ വിഴുങ്ങുന്ന വമ്പന്‍സ്രാവുകളുടെ എണ്ണം പെരുകിവരുന്നതു ചെറുകിടക്കാരുടെയും സാധാരണക്കാരുടെയും നിലനില്പിനു ഭീഷണിയാണ്. അവരുടെ അതിജീവനശേഷി വര്‍ധിപ്പിക്കാനുള്ള കരുതലുകളെടുക്കാന്‍ ഭരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണം. അല്ലെങ്കില്‍ പരിമിതപ്പെടാവുന്നതു പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യമാണ്.
     മറ്റൊരു ഭീഷണിയാണു വര്‍ഗപരമായ ചേരിതിരിവുകള്‍. ഇതു പ്രോത്സാഹിപ്പിക്കാന്‍ ചില രാഷ്ട്രീയകക്ഷികള്‍തന്നെ ആത്മഹത്യാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ആപത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഒരു പരിഷ്‌കൃതസമൂഹത്തില്‍ വര്‍ഗഭേദങ്ങള്‍ക്കെന്തു പ്രസക്തി? അതും ഒരു മതേതരരാഷ്ട്രത്തില്‍? നമ്മുടെ വികസനക്കുതിപ്പിനുമാത്രമല്ല രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവരെ ഭീഷണിയാണ് വര്‍ഗീയപ്രശ്‌നം.
     രാഷ്ട്രവികസനത്തില്‍ ഓരോ ചുവടു വയ്ക്കുമ്പോഴും, മംഗള്‍ പാണ്ഡെ മുതലുള്ള രക്തസാക്ഷികളുടെ ആത്മബലി നമ്മുടെ ഓര്‍മയിലുണ്ടായിരിക്കണം. അതു നമ്മുടെ ചുവടുകള്‍ക്കു കരുത്തുപകരും. രാഷ്ട്രത്തിനുവേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ നമുക്കു പ്രചോദനം നല്കും. നമ്മുടെ കര്‍മങ്ങളെ          അഴിമതിയുടെയും ഉദാസീനതയുടെയും കറപുരളാതെ സംരക്ഷിക്കുകയും ചെയ്യും.
    മഹാഭാരതത്തില്‍ ഒരു സന്ദര്‍ഭമുണ്ട്. പാണ്ഡവര്‍ വനവാസത്തിനിറങ്ങിയപ്പോള്‍ അവര്‍ക്കു മുമ്പില്‍ കുലഗുരുവായ ധൗമ്യമഹര്‍ഷിയും ശിഷ്യന്മാരും നടന്നുതുടങ്ങി. അവരെ തടഞ്ഞു മടങ്ങിപ്പോകണമെന്നു യുധിഷ്ഠിരന്‍ അപേക്ഷിച്ചു. അപ്പോള്‍ ധൗമ്യമഹര്‍ഷി പറഞ്ഞു: ''അങ്ങനെയല്ല യുധിഷ്ഠിരാ, ഞങ്ങള്‍ സാമഗാനം ആലപിച്ചുകൊണ്ടു നിങ്ങള്‍ക്കു മുമ്പില്‍ നടക്കും. ആ വിശുദ്ധഗാനാലാപനം നിങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കും. നിങ്ങളെ തിന്മ ചെയ്യുന്നതില്‍നിന്നു പിന്തിരിപ്പിക്കും.''
    ഇവിടെ സ്വാതന്ത്ര്യവീഥിയില്‍ നമുക്കു മുമ്പേ നടക്കുന്നതു മഹാത്മജിയാണ്. അദ്ദേഹത്തിന്റെ സാമഗാനാലാപത്തിനു നമ്മള്‍ ചെവിയോര്‍ക്കുക. അദ്ദേഹം നേടിത്തന്ന സ്വാതന്ത്ര്യം അഭംഗുരം പരിരക്ഷിക്കാന്‍ അതു നമ്മെ ശക്തരാക്കും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)