•  25 Apr 2024
  •  ദീപം 57
  •  നാളം 7
ചരിത്രവും സംസ്‌കാരവും

ക്ലിയോപാട്രയുടെ മരണം വരെ

മെനെസ് അഥവാ നാര്‍മര്‍ ആയിരുന്നു 3100 ബി.സി. യില്‍ ഈജിപ്റ്റില്‍ ഫറവോമാരുടെ ഭരണം സ്ഥാപിച്ചത്. അത് ബി.സി. 30 ല്‍ ക്ലിയോപാട്രയുടെ മരണംവരെ തുടര്‍ന്നു.
ആഫ്രിക്കന്‍ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്തു കിടക്കുന്നതും മാനവസംസ്‌കാരത്തിന്റെ പിള്ളത്തൊട്ടിലുമായ ഈജിപ്റ്റിന് 1001450 ച.കി.മീ. വിസ്തൃതിയും 10 കോടിയോളം വരുന്ന ജനസംഖ്യയുമുണ്ട്. ഈജിപ്റ്റിന്റെ അതിര്‍ത്തി കാത്തുകൊണ്ട് വടക്ക് മെഡിറ്ററേനിയന്‍ കടലും വടക്കുകിഴക്ക് ഇസ്രായേലും തെക്കു സുഡാനും കിഴക്ക് ചെങ്കടലും അക്വാബാ ഉള്‍ക്കടലും കിടക്കുന്നു. രാജ്യത്തിന്റെ പ്രധാന മതം ഇസ്ലാം ആണ്. പ്രധാന ഭാഷ ഈജിപ്ഷ്യന്‍അറബിക്കും.  രാജ്യത്തെ ഒരു വന്‍ ഭൂപ്രദേശം സഹാറാ മരുഭൂമി കവര്‍ന്നെടുത്തിരിക്കുന്നു. ബാക്കിവരുന്ന ഭാഗം നൈലിന്റെ വരദാനമാണ്. കെയ്‌റോമുതല്‍ മെഡിറ്ററേനിയന്‍തീരംവരെയുള്ള നൈല്‍ നദീതീരങ്ങളും ഈര്‍പ്പമണിഞ്ഞ ഡല്‍റ്റാ പ്രദേശവുമാണ് ഈജിപ്റ്റിന്റെ കൃഷിയെയും ജനവാസത്തെയും വാണിജ്യമേഖലയെയും താങ്ങിനിര്‍ത്തുന്നത്. ആദ്യതലസ്ഥാനമായ മെംഫിസും പിന്നീടുയര്‍ന്നുവന്ന ചരിത്രനഗരവും സാംസ്‌കാരികകേന്ദ്രവുമായ അലക്‌സാണ്ട്രിയായും ഈ ഡല്‍റ്റയിലാണ്. നൈല്‍നദിയിലെ വെള്ളപ്പൊക്കവും അതില്‍നിന്നുള്ള ജലസേചനവും അതിലെ സഞ്ചാരപാതകളും വാണിജ്യവുമാണ് ഈജിപ്റ്റിനെ സമ്പല്‍സമൃദ്ധിയിലേക്കും ചരിത്രനേട്ടങ്ങളിലേക്കും നയിച്ചത്.
കെയ്‌റോ
ഒരു യാത്രയുടെ അന്ത്യത്തില്‍ ഇസ്രായേലില്‍നിന്ന് സീനായ്മരുഭൂമി പിന്നിട്ട് സൂയസ് കനാലിന് അടിയിലൂടെയുള്ള ഭൂഗര്‍ഭടണലിലൂടെയാണ് ഞങ്ങള്‍ കെയ്‌റോയിലെത്തിയത്. സമയം വൈകുന്നേരം നാലു മണി. സഹാറായില്‍നിന്നു വരുന്ന മണല്‍ക്കാറ്റ് നഗരത്തിലേക്ക് അടിക്കുന്നുണ്ട്. ഇന്ത്യയിലെ വന്‍നഗരങ്ങള്‍പോലെയുണ്ട് കെയ്‌റോ. തിരക്കേറിയ ഇന്ത്യന്‍ നഗരങ്ങള്‍പോലെ തോന്നുന്നു. ടാക്‌സികളും മറ്റു കാറുകളും ഓട്ടോറിക്ഷാപോലുള്ള വാഹനങ്ങളും സൈക്കിളുകളും തിങ്ങിനിറഞ്ഞ നിരത്തുകളിലൂടെ ഓടുന്നു.
കെയ്‌റോ എന്ന പദത്തിന്റെ അര്‍ത്ഥം 'വിജയി' എന്നാണ്. എ.ഡി. 969 ല്‍ അറബികള്‍  സ്ഥാപിച്ചതും ആഫ്രിക്കയിലെ ഏറ്റവും വലുതുമായ നഗരമാണ്. 3085 ച.കി.മീ. വിസ്തൃതിയുള്ള നഗരത്തില്‍ രണ്ടുകോടിയോളം ജനങ്ങള്‍ വസിക്കുന്നു. മെഡിറ്ററേനിയന്‍കടലില്‍നിന്ന് 165 കി.മീ. അകലത്തില്‍കിടക്കുന്ന ഇവിടെനിന്ന് സൂയസ് കനാലിലേക്ക് 120 കി.മീ. ദൂരമേയുള്ളൂ.
കെയ്‌റോ ഈജിപ്ഷ്യന്‍ ടൂറിസത്തിന്റെ സിരാകേന്ദ്രമാണ്. പ്രാചീനലോകത്തിലെ അഞ്ച് അദ്ഭുതങ്ങളില്‍ ഒന്നും ഇന്നും നിലനില്ക്കുന്നതും മേഘങ്ങളെ തൊട്ടുരുമ്മി ആകാശത്തിലേക്കു തലയുയര്‍ത്തിനില്ക്കുന്നതും 5000 വര്‍ഷം പഴക്കമുള്ളതുമായ സര്‍വ്വകാലവിസ്മയമായ ഗിസയിലെ പിരമിഡ് കെയ്‌റോയ്ക്കു തൊട്ടടുത്താണ്. മറ്റൊരു ലോകാദ്ഭുതമെന്നു പറയാവുന്നതും 240 അടി നീളവും 60 അടി പൊക്കവും മനുഷ്യന്റെ മുഖവും സിംഹത്തിന്റെ ശരീരഘടനയുമുള്ള ഭീമന്‍ കരിങ്കല്‍വിഗ്രഹം (സ്ഫിങ്ക്‌സ്) പിരമിഡിന് കാവല്‍ നില്ക്കുന്നു. ഇത് ഒറ്റക്കല്ലില്‍ തീര്‍ത്തിട്ടുള്ളതാണ്.  കാഫ്‌റേ (2575-2465 ബിസി) എന്ന ഫറവോയുടെ കാലത്തു നിര്‍മ്മിക്കപ്പെട്ടതാണിതെന്നു വിശ്വസിക്കപ്പെടുന്നു. കെയ്‌റോയുടെ ഏറ്റവും വലിയ സമ്പത്ത് എന്നു പറയാവുന്നതാണ് കെയ്‌റോ മ്യൂസിയം. ബ്രിട്ടീഷ് മ്യൂസിയത്തെ വെല്ലുന്ന പ്രാചീനചരിത്രവസ്തുക്കളും മമ്മികളും പിരമിഡുകളില്‍നിന്നുള്ള അമൂല്യശേഖരങ്ങളും കെയ്‌റോ മ്യൂസിയത്തെ അതുല്യമാക്കുന്നു. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം ടൂറിസമാണ്. എല്ലാ വര്‍ഷവും ലക്ഷോപലക്ഷം സഞ്ചാരികളും ചരിത്രാന്വേഷികളും കെയ്‌റോയിലെത്തുന്നു.
നൈല്‍ നദീതീരത്തു കിടക്കുന്നതുമൂലവും മെഡിറ്ററേനിയന്‍ കടലിന്റെ സാമീപ്യമുള്ളതുകൊണ്ടും നൈല്‍ ഡെല്‍റ്റായുടെ സംരക്ഷണവലയത്തിലായതുകൊണ്ടും കെയ്‌റോയില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയാണ്. കെയ്‌റോ രാജ്യത്തിന്റെ സാമ്പത്തികരാഷ്ട്രീയ തലസ്ഥാനവും വിദ്യാഭ്യാസവ്യാപാരകേന്ദ്രവുമാണ്. പ്രസിദ്ധങ്ങളായ പല യൂണിവേഴ്‌സിറ്റികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫറവോമാര്‍ നടന്ന വഴികള്‍
മെനസ് എന്ന ആദ്യ ഫറവോ ഈജിപ്റ്റിനെ യോജിപ്പിച്ചുകൊണ്ട് അതിനു നല്ല ഒരു അടിത്തറയിട്ടു. പിരമിഡുകളുള്‍പ്പെടെയുള്ള ലോകാദ്ഭുതങ്ങള്‍ ലോകത്തിനു കാഴ്ചവച്ചുകൊണ്ട് സഹസ്രാബ്ദങ്ങളെ അമ്പരപ്പിച്ച ഈ കാലഘട്ടം നീതിയുടെയും സമാധാനത്തിന്റെയും സുവര്‍ണകാലംകൂടിയായിരുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ സമ്പത്തും സ്വര്‍ണ്ണനിക്ഷേപങ്ങളും രാജ്യത്തിന്റെ യശസ്സിന് മകുടം ചാര്‍ത്തി. ഇക്കാലത്ത് ഫറവോമാര്‍ മറ്റു രാജ്യങ്ങളുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു.
ഏറ്റവും പ്രഗല്ഭരായ ഫറവോമാരെ ലോകത്തിനു സമ്മാനിച്ചത് പുതിയ കാലഘട്ടത്തിലായിരുന്നു. കാര്‍നാക്കും ലക്‌സറുംപോലുള്ള, ഇന്നും ആകാശത്തിലേക്കു തലയുയര്‍ത്തിനില്ക്കുന്ന ക്ഷേത്രസമുച്ചയങ്ങള്‍ പണിതുയര്‍ത്തിയ റംസെസ് രണ്ടാമനും തൂത്തന്‍കമോനും ഇക്കാലത്താണ് ജീവിച്ചിരുന്നത്. 
റാംസെസ് രണ്ടാമന്റെ മമ്മി ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ ഞാന്‍ കാണുകയുണ്ടായി. പിന്നീട് ബി.സി. 332 ലെ അലക്‌സാണ്ടറുടെ ആക്രമണം കഴിഞ്ഞ് ഗ്രീസിലെ മാസിഡോണിയയില്‍നിന്നുള്ള ടോളമിമാര്‍ ഈജിപ്റ്റില്‍ ഫറവോമാരായി. ഇതില്‍ ഒരു ടോളമിയുടെ നിര്‍ദ്ദേശപ്രകാരം ബൈബിളിലെ പഴയനിയമം ഹീബ്രുഭാഷയില്‍ നിന്ന് ആദ്യമായി ഗ്രീക്കുഭാഷയിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടു. ഈ കാലഘട്ടത്തിന്റെ അന്ത്യത്തിലാണ് ക്ലിയോപാട്ര അവസാനത്തെ ഫറവോ ആയി ബിസി 30 വരെ ഭരണം നടത്തിയത്. ഈജിപ്ഷ്യന്‍ ഫറവോമാരില്‍ സ്ത്രീകളായിരുന്ന രണ്ടുപേരില്‍ ഒരാളാണ് ക്ലിയോപാട്ര. ബുദ്ധിമതിയും നയതന്ത്രജ്ഞയും ധീരയും സമാകര്‍ഷണീയമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു ക്ലിയോപാട്ര. അന്ന് ഈജിപ്റ്റിന്റെ തലസ്ഥാനം അലക്‌സാണ്ടര്‍ സ്ഥാപിച്ച അലക്‌സാണ്ട്രിയായിലേക്കു മാറ്റിയിരുന്നു. അവരും റോമന്‍ ജനറലായിരുന്ന മാര്‍ക്ക് ആന്റണിയും ചേര്‍ന്നുണ്ടാക്കിയ സഖ്യം റോമിനു ഭീഷണിയാണ് എന്നു തോന്നിയ റോമിലെ ഒക്‌ടോവിയന്‍ (അഗസ്റ്റസ് സീസര്‍) ഈജിപ്റ്റിനെ ആക്രമിച്ചു കീഴടക്കുകയും തുടര്‍ന്ന് റോമാക്കാര്‍ എ.ഡി. 395 വരെ ഈജിപ്റ്റിനെ ഭരിക്കുകയും ചെയ്തു. പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമായി (ഇപ്പോഴത്തെ ഈസ്റ്റാംബുള്‍) നിലനിന്നിരുന്ന ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെ കീഴിലായി ഈജിപ്റ്റ്. റോമന്‍ ചക്രവര്‍ത്തി ഡയോക്ലീഷന്‍ റോമന്‍ യഹൂദക്രൈസ്തവമതങ്ങളുടേതല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നത് നിരോധിച്ചു. അതോടെ ഈജിപ്ഷ്യന്‍ദൈവങ്ങളും, സംസ്‌കാരവും ഭാഷയും പൂര്‍ണമായി വിസ്മൃതിയിലാണ്ടു.
(തുടരും)

 

Login log record inserted successfully!