•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ബംഗ്ലാദേശിലെ രാഷ്ട്രീയമാറ്റം ഇന്ത്യയുടെ ഉറക്കംകെടുത്തുമോ?

  • അനില്‍ ജെ. തയ്യില്‍
  • 22 August , 2024

അശാന്തിയുടെ പെരുമഴക്കാലം വേരടര്‍ത്തിയ പടുമരം പോലെ ബംഗ്ലാദേശ് ജനാധിപത്യം നിലംപതിക്കവേ, രാഷ്ട്രപിതാവ് ബാംഗബന്ധു ഷേക്ക് മുജീബുര്‍ റഹ്‌മാന്റെ പുത്രിയും ബംഗ്ലാദേശ്പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീന സഹോദരി ഷെയ്ക്ക് രഹനയോടൊപ്പം അഭയം തേടി ഇന്ത്യയിലെത്തിയിരിക്കുന്നു. ഒളിഞ്ഞുംതെളിഞ്ഞുമുള്ള വിവിധ കാരണങ്ങളാല്‍ ബംഗ്ലാതെരുവുകളില്‍ കലാപം താണ്ഡവനൃത്തമാടുമ്പോള്‍ 560 ജീവനുകളാണു പൊലിഞ്ഞത്. ആയിരങ്ങളാണ് പരിക്കേറ്റു ചികിത്സയിലുള്ളത്. ജയിലുകളും റേഡിയോനിലയങ്ങളും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. യൂണിവേഴ്‌സിറ്റികളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു. പലായനം ചെയ്ത പ്രധാനമന്ത്രിയുടെ വസതി അക്രമികള്‍ കയ്യേറുകയും കൊള്ളയടിക്കുകയും ഹീനമായ പ്രവൃത്തികള്‍ അരങ്ങേറുകയും ചെയ്യുന്നിടത്തോളമാണ് കലാപത്തിന്റെ വന്യത വെളിവാക്കപ്പെട്ടത്. പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടതുപോലെ നൊബേല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടു. ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സന്‍, ബംഗ്ലാദേശ് ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് തലുക്ക്ദര്‍, രണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ തുടങ്ങി നിര്‍ണായക സ്ഥാനങ്ങളിലിരുന്ന പല പ്രമുഖരും രാജിവച്ചുകഴിഞ്ഞു. 
കലാപകാരണങ്ങള്‍
    പ്രക്ഷോഭത്തിലേക്കു നയിക്കാനിടയായ കാരണങ്ങള്‍ പലതുണ്ടെങ്കിലും, പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് സ്വാതന്ത്ര്യസമരസേനാനികള്‍ക്കും
അവരുടെ മൂന്നാം തലമുറവരെയുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണംനിലനില്‍ക്കുന്നതാണ്. ഇതടക്കം ആകെ 56 ശതമാനമാണ് സംവരണം നടപ്പാക്കിയിരിക്കുന്നത്. ബാക്കി 44 ശതമാനമാണ് പൊതുവിഭാഗത്തിനു ലഭ്യമാവുന്നത്. എന്തുകൊണ്ടാണ് 1971 മുതല്‍ നിലനിന്നിരുന്ന സംവരണം ഇപ്പോള്‍ വലിയ പ്രക്ഷോഭത്തിലേക്കു നീങ്ങിയത്? പാക്കിസ്ഥാനോടു പോരടിച്ച് 1971 ല്‍ ബംഗ്ലാദേശ് സ്വതന്ത്രമാവുകയും മുജീബുര്‍ റഹ്‌മാന്‍ അവാമി ലീഗ് എന്ന രാഷ്ട്രീയകക്ഷി രൂപീകരിച്ചു തിരഞ്ഞെടുപ്പുവിജയം നേടി ആദ്യ പ്രധാനമന്ത്രിയാവുകയുംചെയ്തു. സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ക്കുള്ള പരിഗണന എന്ന നിലയിലാണ് സര്‍ക്കാര്‍ജോലികളില്‍ അവര്‍ക്ക് 30 ശതമാനം സംവരണം അനുവദിച്ചത്. 1975 ല്‍ പട്ടാളം അട്ടിമറി നടത്തുകയും ജര്‍മനിയിലായിരുന്നഷെയ്ക്ക് ഹസീനയെയും സഹോദരി ഷെയ്ക്ക് രഹനെയെയും ഒഴികെ മുജീബുര്‍ റഹ്മാനെയും മറ്റു കുടുംബാംഗങ്ങളെയും നിഷ്‌കരുണം കൊലചെയ്യുകയുമാണുണ്ടായത്. പട്ടാളഭരണം വന്നതോടെ സംവരണവും നിലച്ചു. തുടര്‍ന്ന് 1996 ല്‍ ഷെയ്ക്ക് ഹസീനയുടെനേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ സംവരണ
പദ്ധതി നടപ്പില്‍ വരുത്തിയെങ്കിലും 2009 വരെ വിവിധ ഗവണ്‍മെന്റുകള്‍ രാജ്യം ഭരിച്ചതിനാല്‍ സംവരണം വീണ്ടും ദുര്‍ബലമായി തുടര്‍ന്നു. 2009 മുതല്‍ ഷെയ്ക്ക് ഹസീന തുടര്‍ച്ചയായി വിജയം നേടി ഭരിച്ചുതുടങ്ങിയതോടെ സംവരണം കര്‍ശനമായി നടപ്പാക്കപ്പെട്ടു. എങ്കിലും 2018 മുതലാണ് എതിര്‍പ്പുകള്‍ ആരംഭിച്ചത്.
ശക്തമാകുന്ന സംവരണപ്രക്ഷോഭം
    ഭരണകക്ഷിയായ അവാമി ലീഗിന്റെ ആളുകള്‍ക്കുമാത്രമാണ് സംവരണത്തിലൂടെ സര്‍ക്കാര്‍ജോലികള്‍ ലഭിക്കുന്നതെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആരോപണം. അവരാണു സ്വാതന്ത്ര്യസമരസേനാനികളെന്നിരിക്കേ അതു സത്യമാണുതാനും. അതേസമയം, ഓരോ വര്‍ഷവും 1.9 മില്യന്‍ ആളുകളാണ് ബംഗ്ലാദേശില്‍ വിദ്യാഭ്യാസം കഴിഞ്ഞ് തൊഴില്‍കമ്പോളത്തിലെത്തുന്നത്. 2019-2023 കാലഘട്ടത്തില്‍ ലഭ്യമായ സര്‍ക്കാര്‍ ജോലിയാവട്ടെ മൂന്നര ലക്ഷം
മാത്രവും; അതില്‍ത്തന്നെ 56 ശതമാനം സംവരണവും. 170 മില്യണ്‍ ജനസംഖ്യയുള്ള ബംഗ്ലാദേശിലെ 67 ശതമാനം പേരും തൊഴിലെടുക്കാന്‍ പ്രായത്തിലുള്ളവരാണ്. അതില്‍ത്തന്നെ 25 ശതമാനവും പതിനഞ്ചിനും ഇരുപത്തിയഞ്ചിനുമിടയില്‍
പ്രായമുള്ളവര്‍. അങ്ങനെ, തൊഴില്‍ക്ഷാമത്തിന്റെ രൂക്ഷത സംവരണത്തിനെതിരായ ജനവികാരമായി അലയടിച്ചു.
അടിതെറ്റിയ സാമ്പത്തികമേഖല
   പ്രശംസനീയമാംവിധം ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്കു കാണിച്ചിരുന്ന രാജ്യം കൊവിഡ് പ്രഹരത്താല്‍ ആടിയുലഞ്ഞതോടെ ധാക്കാ മസ്‌ലിന്‍ അടക്കം പുകള്‍പെറ്റ, രാജ്യത്തിന്റെ സാമ്പത്തികനട്ടെല്ലായിരുന്ന ടെക്‌സ്‌റ്റൈല്‍മേഖല തകര്‍ന്നടിഞ്ഞു. 4.7 ബില്യണ്‍ ഡോളര്‍ 2023 ല്‍ ലോകബാങ്കില്‍നിന്നു വായ്പയെടുത്ത ബംഗ്ലാദേശിന്റെ വിദേശകടം 100 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഡോളറിനെതിരേ ബംഗ്ലാദേശ് കറന്‍സിയായ ടാക്ക 40 ശതമാനം ഇടിവു രേഖപ്പെടു
ത്തുകയും രാജ്യത്തെ പണപ്പെരുപ്പം 10 ശതമാനത്തിനടുത്താവുകയും ചെയ്തു. രാജ്യമാവട്ടെ, ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്താനും തുടങ്ങി.
ഏകാധിപത്യമെന്ന്ആരോപണം
    എതിര്‍ക്കുന്നവരെ തുറുങ്കിലടച്ച് ഷെയ്ക്ക് ഹസീന രാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കുന്നുവെന്നതാണ് മറ്റൊരു ആരോപണം. മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ് സിയ അടക്കമുള്ള പല പ്രതിപക്ഷനേതാക്കളും നൊേബല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് അടക്കം പല പ്രമുഖരും തടവറയിലായിരുന്നു. ഹസീന രാജ്യം വിട്ടതോടെയാണ് ഇവര്‍ മോചിതരായത്. സര്‍ക്കാരിനെതിരേ വിധി പറഞ്ഞ പല ന്യായാധിപന്മാരും വിവിധ പ്രതികാരനടപടികള്‍ നേരിടുന്നുവെന്നും ആരോപണമുണ്ട്. 
    2014 മുതല്‍ 2024 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിച്ചാണ് ഹസീന അധികാരത്തില്‍ തുടര്‍ന്നതെന്നാണ് മറ്റൊരു  ആരോപണം. 2024 ല്‍ നടന്ന അവസാനതിരഞ്ഞെടുപ്പില്‍ സുതാര്യതയില്ലായ്മ ആരോപിച്ച് പ്രതിപക്ഷപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുകയുണ്ടായി. ആകെയുള്ള 300 സീറ്റുകളില്‍ 224 എണ്ണവും നേടി അവാമി ലീഗ് അധികാരത്തിലെത്തി. വിജയിച്ച 62 സ്വതന്ത്രര്‍ പ്രതിപക്ഷമായി തുടരുന്നെങ്കിലും അവര്‍ അവാമി ലീഗിന്റെ ആളുകള്‍ തന്നെയെന്ന ആരോപണം നിലനില്‍ക്കുന്നു. ഇതിനുംപുറമേ, പൊലീസിനും പട്ടാളത്തിനുമൊപ്പം അവാമി ലീഗ് പ്രവര്‍ത്തകര്‍ പ്രക്ഷോഭകരെ തെരുവില്‍ നേരിടുന്നതും പ്രശ്‌നമായി മാറി.
പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യശുദ്ധി 
    2018 ല്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ക്ക് ഹസീന സര്‍ക്കാര്‍ നിരവധി സംവരണാനുകൂല്യങ്ങള്‍ റദ്ദു ചെയ്തിരുന്നു. എന്നാല്‍, സ്വാതന്ത്ര്യസമരപോരാളികള്‍ ഹൈക്കോടതിയില്‍നിന്നു സംവരണം പുനഃസ്ഥാപിക്കാനുള്ള വിധി നേടിയെടുത്തു. വീണ്ടും ആരംഭിച്ച പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ പോവുകയും ആകെ സംവരണം 56 ശതമാനത്തില്‍നിന്നു വെറും ഏഴു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കനുകൂലമായ നിലപാടെടുത്തിട്ടും പ്രക്ഷോഭം കത്തിപ്പടര്‍ന്നതാണ് അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിന്റെ നിഴലിലാക്കുന്നത്. പ്രക്ഷോഭകരുടെ ആവശ്യപ്രകാരം പ്രധാനമന്ത്രി രാജ്യംതന്നെ വിട്ടുപോയിട്ടും കലാപം അടങ്ങിയില്ല. ഷേക്ക് ഹസീന രാജ്യം വിട്ടതിനുശേഷംമാത്രം കൊല്ലപ്പെട്ടത് 230 പേരാണ് എന്നു ചിന്തിക്കുമ്പോഴാണ് പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യചിഹ്നമാകുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ, ഒമ്പതുശതമാനംമാത്രമുള്ള ഹിന്ദുക്കളും മറ്റു മതസ്ഥരും ഇസ്ലാമികപ്രക്ഷോഭകരാല്‍ ആക്രമിക്കപ്പെടുകയാണ്. നിരവധി ഹൈന്ദവക്ഷേത്രങ്ങളാണു തകര്‍ക്കപ്പെട്ടത്. ഹിന്ദു അവാമി ലീഗ് നേതാവ് ഭരതന്‍ റോയിയെയും അനന്തരവനെയും തെരുവില്‍ പട്ടിയെപ്പോലെ തല്ലിക്കൊന്നു. ക്രിസ്ത്യാനികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ജനസംഖ്യയില്‍ വെറും 0.30 ശതമാനംമാത്രം വരുന്ന ക്രിസ്ത്യാനികള്‍ തെരുവില്‍ വേട്ടയാടപ്പെടുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം എന്നിരിക്കേ, സംവരണകലാപത്തില്‍ അന്യമതസ്ഥരെ കൊല്ലുകയും അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് എന്തിനാണ് എന്നൊരു ചോദ്യം ബാക്കിനില്‍ക്കുന്നു.
ജമാ അത്തെ ഇസ്ലാമി
    സ്വാതന്ത്ര്യസമരസേനാനികള്‍ക്കല്ലാതെ പിന്നെ റസാക്കരുടെ കൊച്ചുമക്കള്‍ക്കാണോ സംവരണം നല്‍കേണ്ടതെന്ന ചോദ്യമാണ് ജമാ അത്തെ ഇസ്ലാമിയെ ചൊടിപ്പിച്ചത്. ആരെയാണ് 'റസാക്കര്‍മാര്‍' എന്ന് ഹസീന വിശേഷിപ്പിച്ചത്? ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് രക്തദാഹികളും ക്രൂരന്മാരുമായ പാക് കൂലിപ്പട്ടാളത്തിനൊപ്പം നിന്ന് സ്വന്തം ജനത്തിനെതിരേ യുദ്ധം ചെയ്ത് അവരെ കൊന്നുതള്ളുകയും ഹിന്ദു ന്യൂനപക്ഷവംശഹത്യ നടത്തുകയും ചെയ്ത ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരെയാണ് 'റസാക്കര്‍മാര്‍' എന്നു വിശേഷിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഇസ്ലാമികരാഷ്ട്രമാണ് ജമാ അത്തെ ഇസ്ലാമിയുടെ സ്വപ്നം.
എന്നാല്‍, തന്റെ തിരഞ്ഞെടുപ്പുവാഗ്ദാനമനുസരിച്ച് ഷെയ്ക്ക് ഹസീന 2009 ല്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ 1971 ലെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്തു ശിക്ഷ വിധിച്ചുതുടങ്ങി. 2013 - 15 കാലഘട്ടത്തില്‍ നിരവധി ജമാ അത്തെ ഇസ്ലാമിപ്രവര്‍ത്തകരെ തൂക്കിലേറ്റുകയുണ്ടായി. ഈ കാലഘട്ടത്തില്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി ജമാ അത്തെ ഇസ്ലാമിയെ  വിലക്കുകയും 2018 ല്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു. 2024 ല്‍ അവരുടെ വിദ്യാര്‍ഥിപ്രസ്ഥാനത്തെയും വിലക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതെല്ലാം, ഷെയ്ക്ക് ഹസീനയോടുള്ള ജമാ അത്തെ ഇസ്ലാമിയുടെ വൈരം കൂട്ടുന്നതിനിടയാക്കി.
അമേരിക്ക - പാക് താത്പര്യങ്ങള്‍ 
   നിത്യശത്രുവായ ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാമണ്ണില്‍ തീവ്രവാദത്തെ വളര്‍ത്താന്‍ വേണ്ടതെല്ലാം പാക്കിസ്ഥാന്‍ ചെയ്തുകൊടുക്കുന്നു. പണവും ആയുധങ്ങളും ഐഎസ്‌ഐ വഴി നിര്‍ലോപം നല്‍കിവരുന്നു. അമേരിക്കയ്ക്കാവട്ടെ, ഇവിടെ ഏറെ താത്പര്യങ്ങളുണ്ട്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന് ഔദ്യോഗികപ്രസ്താവനയില്‍ ആവശ്യപ്പെട്ട അവര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വിസ നല്‍കില്ല എന്നു പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ല എന്ന് അവാമി ലീഗിന്റെ വിജയശേഷം അവര്‍ പറയുകയുണ്ടായി. മറ്റൊരു രാജ്യത്തെ തിരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ഇടപെടലിനെ സൂചിപ്പിക്കുന്നതാണ് ഇതെല്ലാം.
   പാക് ജമാ അത്തെ ഇസ്ലാമിക്കു ഫണ്ട് നല്‍കുന്ന യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (ഡടഅകഉ) തന്നെയാണ് ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. ബംഗ്ലാദേശിലെ ബില്‍ഡിങ് റിസോഴ്‌സസ് എക്രോസ് കമ്മ്യൂണിറ്റി (ആഞഅഇ)യുമായി സംയുക്തപദ്ധതികള്‍ ഇവര്‍ നടപ്പാക്കിവരുന്നു. ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ ബി.ആര്‍.എ.സി. കാമ്പസ് ആയിരുന്നുവെന്നത് ഇവിടെ കൂട്ടിവായിക്കണം. ബംഗ്ലാദേശിലോ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിലോ ഒരു സൈനികതാവളം വര്‍ഷങ്ങളായി അമേരിക്കയുടെ ആഗ്രഹമാണ്. ഇന്ത്യയെയും ചൈനയെയും അനായാസം തങ്ങളുടെ ആയുധപരിധിയിലാക്കാമെന്നതും ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാധീനം ഉറപ്പിക്കാമെന്നതുമാണ് അവരുടെ ലക്ഷ്യം. സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് അമേരിക്കയ്ക്കു വിട്ടുനല്‍കാത്തതിന്റെ പ്രതികാരമാണ് ഈ പ്രക്ഷോഭമെന്ന ഹസീനയുടെ വാക്കുകള്‍ ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന അവരുടെ മകന്‍ നിഷേധിച്ചിട്ടുണ്ട്. എങ്കിലും, ഇതേകാര്യങ്ങള്‍ 2024 മേയ് മാസത്തിലും ഹസീന പറഞ്ഞിട്ടുള്ളതാണ്. അല്‍ ഖ്വയ്ദയെയും താലിബാനെയും പാലൂട്ടി വളര്‍ത്തി തിരിച്ചു കടികിട്ടിയതു മറന്നുകൊണ്ടാണ് അമേരിക്ക ഇപ്പോള്‍ ചില സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ജമാ അത്തെ ഇസ്ലാമിയെ സഹായിക്കുന്നത്. അതിന്റെ ഫലം കാത്തിരുന്നുതന്നെ കാണണം.
ഹസീനയുടെ പതനം ഭീകരതയ്ക്കു നേട്ടം
    ഒരു മതേതരദേശീയവാദി എന്ന നിലയിലുള്ള പിതാവ് മുജീബുര്‍ റഹ്‌മാന്റെ പാരമ്പര്യം അണുവിട വ്യതിചലിക്കാതെ പിന്തുടര്‍ന്ന ഷെയ്ക്ക് ഹസീന  ഇസ്ലാമിക തീവ്രവാദത്തിനെതിരേ ഒരു ശക്തിദുര്‍ഗമായിരുന്നു. മതരാഷ്ട്രത്തില്‍നിന്നു വേറിട്ടൊരു മൂല്യബോധത്തിലേക്കു രാജ്യത്തെ നയിക്കുകയായിരുന്നു അവര്‍. ഇസ്ലാമികതീവ്രവാദ പ്രത്യയശാസ്ത്രത്തെയും പ്രവര്‍ത്തനങ്ങളെയും നഖശിഖാന്തം എതിര്‍ത്തിരുന്ന അവര്‍ അക്കാര്യത്തില്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുകതന്നെ ചെയ്തിരുന്നു. ഷെയ്ക്ക് ഹസീനയ്ക്ക് ബംഗ്ലാദേശ് ഭരണത്തില്‍ നിര്‍ണായകസ്വാധീനമുണ്ടായിരുന്ന 1991-2022 കാലഘട്ടത്തിലാണ് ഏതാണ്ട് സമ്പൂര്‍ണ മുസ്ലീംരാഷ്ട്രമായ ഇവിടെ ക്രൈസ്തവരുടെ വളര്‍ച്ചയില്‍ 43.2  ശതമാനം വര്‍ധന രേഖപ്പെടുത്തിയത്! അഞ്ചു ലക്ഷത്തോളം  ക്രൈസ്തവരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. സമരക്കാര്‍ക്കിടയില്‍ ജമാ അത്തെ ഇസ്ലാമികളുടെ നുഴഞ്ഞുകയറ്റം ചൂണ്ടിക്കാട്ടിയ ഹസീന പക്ഷേ, അവര്‍ ഒരുക്കിയ കെണിയില്‍ വീണതു ദൗര്‍ഭാഗ്യകരമായി. ജമാ അത്തെ ഇസ്ലാമിയും ബിഎന്‍പിയും ചേര്‍ന്നൊരു ഭരണമാവും സംഭവിക്കുന്നതെങ്കില്‍ ബംഗ്ലാദേശില്‍ താലിബാനിസം വേരുപിടിക്കുമെന്നതില്‍ തര്‍ക്കമില്ല. ഷെയ്ക്ക് ഹസീന ഇംഗ്ലണ്ടിലോ ഫിന്‍ലന്‍ഡിലോ രാഷ്ട്രീയാഭയം തേടുമെന്നു പറയുന്നെങ്കിലും ചര്‍ച്ചകള്‍ വലിയ രീതിയില്‍ നടക്കുന്നില്ല. അവര്‍ ബംഗ്ലാദേശിലേക്കു തിരികെപ്പോയേക്കാമെന്ന് മകന്‍ സാജിദ് വാസിദ് സൂചിപ്പിച്ചു. തിരികെയെത്തിയാല്‍ കാത്തിരിക്കുന്ന തടവറയിലേക്ക് അവര്‍ സധൈര്യം കാലെടുത്തുവയ്ക്കുമോ? അവാമി ലീഗ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമോ? കണ്ടറിയണം.
ഇന്ത്യയുടെ നിലപാട്
   ഇന്ത്യ ഷെയ്ക്ക് ഹസീനയുമായി എന്നും മികച്ച ബന്ധം പുലര്‍ത്തിപ്പോന്നു. 2024 ലെ തിരഞ്ഞെടുപ്പില്‍ അവരെ അധികാരത്തിലെത്തിച്ചത് ഇന്ത്യയാണെന്നു പരക്കെ ആരോപണമുണ്ട്.  രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് ഭീകരവാദഭീഷണി നേരിടുകയെന്നത് നമ്മുടെ ആവശ്യവുമാണ്. ഹസീന കളമൊഴിഞ്ഞതോടെ ആ മേഖലയില്‍ ഇസ്‌ലാമികഭീകരത തഴച്ചുവളര്‍ന്നേക്കാമെന്നത് ഇന്ത്യയ്ക്കു ഭീഷണിയാണ്. കടുത്ത അഭയാര്‍ഥിപ്രവാഹവും അതിലൂടെയുള്ള നുഴഞ്ഞുകയറ്റവും ഏറെ ശ്രദ്ധിക്കേണ്ട അവസ്ഥയിലാണിപ്പോള്‍. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കു സുരക്ഷിതതാവളമായി ബംഗ്ലാദേശ് മാറുമോ എന്ന് ഇന്ത്യ ഉറ്റുനോക്കുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)