അവസാന കണക്കെടുപ്പില്‍ ജീവിതത്തെ അളക്കുന്നത് വെട്ടിപ്പിടിച്ചവയുടെ ലിസ്റ്റു നോക്കിയാവില്ല, എത്ര മനുഷ്യരുടെ കണ്ണുനീരാണ് അവസാനയാത്രയില്‍ നിങ്ങള്‍ക്കു കൂട്ടായി മണ്ണിലെത്തിയത് എന്നതിനെ മുന്‍നിര്‍ത്തിയാകും. ജീവിതത്തിലെ ദുരന്തം മരണമല്ല; മറിച്ച്, ജീവിക്കാതെപോകുന്ന ജീവിതമാണ്.
Once you learn how to die, you learn how to live - Mitch Albom.
ഈ ഭൂമി മുഴുവന്‍ എന്റേതാണ് എന്നൊരു രാജശാസന ഒരിക്കല്‍ പുറപ്പെടുവിച്ചിരുന്നു അലക്‌സാണ്ടര്‍ ചക്രവര്‍ത്തി. അധികാരത്തോടുള്ള അന്തമില്ലാത്ത ആസക്തിയോടെ കുരിശിലേറ്റിയും കഴുത്തുവെട്ടിയും അനേകായിരങ്ങളെ കൊന്നൊടുക്കിയ പടയോട്ടങ്ങള്‍ക്കൊടുവില്‍ കേവലം മുപ്പത്തിരണ്ടാംവയസ്സില്‍ മലേറിയ ബാധിച്ച് അദ്ദേഹം മരണമടഞ്ഞു. പിടിച്ചടക്കിയ എണ്ണമില്ലാത്ത ദേശങ്ങളൊന്നും കണ്ണുനിറയെ കാണാന്‍പോലുമാകാതെ ആറടിമണ്ണില്‍ അന്ത്യവിശ്രമം. ആര്‍ത്തിയോടെ സ്വന്തമാക്കുന്നതിനൊക്കെ സ്വല്പനേരത്തെ ആയുസ്സേ ഉണ്ടാകൂ. ഗര്‍ഭപാത്രത്തില്‍നിന്നു കല്ലറയിലേക്കു നമ്മള്‍ കരുതുന്നത്ര ദൂരം ഉണ്ടാകണമെന്നില്ല. എന്നാല്‍, ക്ഷണികമെന്നതുകൊണ്ട് അര്‍ഥരഹിതമാണോ മര്‍ത്ത്യജീവിതം? ഒരിക്കലുമല്ല. സ്‌നേഹംകൊണ്ട്, സത്യംകൊണ്ട്, സത്കര്‍മങ്ങള്‍കൊണ്ട് നശ്വരമായ ജീവിതത്തെ അനശ്വരമാക്കാനും മനുഷ്യനു കഴിയും. അങ്ങനെ, മൃതിയെ കീഴടക്കുന്ന മനുഷ്യരുടെ സ്മൃതികുടീരങ്ങള്‍ക്കുമുന്നില്‍ കാലമെത്രകഴിഞ്ഞാലും ഇതളടരാത്ത പനിനീര്‍പൂക്കളും അണയാത്ത മെഴുകുതിരികളുമുണ്ടാകും. അങ്ങനെ മൃതിയുടെ കരങ്ങളിലൊതുങ്ങാത്ത അര്‍ഥപൂര്‍ണമായ, ആഴമുള്ള ജീവിതം നയിക്കാനാവശ്യമായ ഉള്‍ക്കാഴ്ചകളിലേക്കു വായനക്കാരനെ കൈപിടിച്ചുകൊണ്ടുപോവുകയാണ് ലോകപ്രശസ്ത പ്രചോദനാത്മകഗ്രന്ഥകാരനായ റോബിന്‍ ശര്‍മ തന്റെ ണവീ ംശഹഹ രൃ്യ ംവലി ്യീൗ റശല? എന്ന പുസ്തകത്തിലൂടെ.
'വീണ്ടും ആവര്‍ത്തിക്കില്ല എന്നതാണ് ജീവിതത്തെ മധുരതരമാക്കുന്നത്' എന്ന് എമിലി ഡിക്കന്‍സ് എഴുതുന്നുണ്ട്. ആവര്‍ത്തനമില്ലാത്ത ജീവിതത്തെ, അനന്തതയുമായി ബന്ധിപ്പിക്കാന്‍ സ്‌നേഹത്തിന്റെ സ്വര്‍ണനൂലുകള്‍ക്കുമാത്രമേ കഴിയൂ. നിരന്തരമായ സ്‌നേഹാന്വേഷണപരീക്ഷകളിലൂടെയാണ് ജീവിതത്തിനു സൗന്ദര്യവും സംതൃപ്തിയും കൈവരുന്നത്. സ്‌നേഹിക്കാത്തവര്‍ ശ്വസിക്കുന്നു എന്നേയുള്ളു, ജീവിക്കുന്നില്ല. ഒരു ഭാഗത്ത്, ബഹിരാകാശത്തും ചന്ദ്രനിലുംവരെ യാത്ര സാധ്യമാകുംവിധം നാം വളരുമ്പോഴും മറുഭാഗത്ത് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ ഹൃദയത്തിലേക്കുപോലും സഞ്ചാരം അസാധ്യമാകുംവിധം നാം തളരുകയാണെന്ന് റോബിന്‍ ശര്‍മ എഴുതുന്നുണ്ട്. അടുത്തിരിക്കുമ്പോഴും നമുക്കിടയില്‍ അനന്തമായ അകലങ്ങള്‍ രൂപപ്പെടുന്നു. അന്യന്റെ കണ്ണുനീര്‍ നമ്മുടെ ഉറക്കം കെടുത്താതെയാകുന്നു. ജീവിതത്തെ വിരസവും വിലകെട്ടതുമാക്കുന്ന ആത്മാവിന്റെ ഈ ഏകാന്തതയാണ് (ടുശൃശൗേമഹ ശീെഹമശേീി) ഇന്ന് ആധുനികമനുഷ്യന്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.
വാക്കില്‍നിന്നുമാത്രമല്ല, വാക്കിനിടയിലെ മൗനത്തില്‍നിന്നും മിണ്ടാതെ മിണ്ടുന്ന മിഴികളില്‍ നിന്നും മനുഷ്യരെ വായിക്കാനാവണം നമുക്ക്. പുറംലോകത്തിനു കേള്‍ക്കാനാവാത്ത എത്രയോ നിലവിളികളാണ് ഓരോ മനുഷ്യന്റെയും മനോലോകങ്ങളില്‍! അവയെ കേള്‍ക്കാന്‍ ഭൗതികമായ സമ്പത്തല്ല; സമ്പന്നമായ ഹൃദയമാണ് ആവശ്യം. 'സമ്പന്നമായ ഒരു ഹൃദയമില്ലെങ്കില്‍ സമ്പത്ത് ഒരു ഭിക്ഷാപാത്രംമാത്രമാണ്' എന്ന് എമേഴ്‌സണ്‍ പറഞ്ഞിട്ടുണ്ട്.
സമ്പന്നമായൊരു ഹൃദയമുണ്ടാവാന്‍ ശ്രേഷ്ഠരായ മനുഷ്യരെ നമ്മുടെ ആത്മാവിന്റെ അയല്‍ക്കാരാക്കി മാറ്റണമെന്നും ഗ്രന്ഥകാരന്‍ എഴുതുന്നുണ്ട്. വാള്‍ഡന്‍ എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ അനശ്വര കീര്‍ത്തി നേടിയ ഹെന്റി ഡേവിഡ് തോറോ, പ്രചോദനാത്മകചിന്തകളുടെ തലതൊട്ടപ്പനായ നോര്‍മന്‍ വിന്‍സന്റ് പീല്‍, മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃകയായ മദര്‍ തെരേസ, സാഹസിക സഞ്ചാരിയായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, സംഗീത ഇതിഹാസം ബില്ലി ഹോളിഡേ, വിഖ്യാത ബോക്‌സിങ് താരം മുഹമ്മദ് അലി എന്നിങ്ങനെ ജീവിതത്തെ കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ സഹായിക്കുന്ന, മൃതിയില്‍ അലിഞ്ഞുതീരാത്ത മഹാമനുഷ്യരുടെ നിരയെ റോബിന്‍ ശര്‍മ തന്റെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു.
വാക്കിനെ കളിവാക്കാക്കരുത് എന്ന വലിയ പാഠവും ഈ പുസ്തകം പകരുന്നുണ്ട്. നിങ്ങളുടെ വാക്കില്‍ നിങ്ങള്‍ വിശ്വസ്തനല്ലെങ്കില്‍ സ്വാഭാവികമായും നിങ്ങളുടെ വിശ്വാസ്യത നഷ്ടമാകും. നഷ്ടമായ വിശ്വാസം ബന്ധങ്ങളെ തകര്‍ക്കും. തകര്‍ന്ന ബന്ധങ്ങളെ മുമ്പുണ്ടായിരുന്ന ഊഷ്മളതയോടെ പുനര്‍നിര്‍മിക്കുക എളുപ്പവുമല്ല. 'അവന്‍ /അവള്‍ വാക്കു പറഞ്ഞാല്‍ വാക്കാണ്' എന്ന് മറ്റൊരാള്‍ക്ക് ആത്മവിശ്വാസത്തോടെ പറയാനാകുംവിധം സുദൃഢമാകണം നിങ്ങളുടെ വ്യക്തിത്വം.
അനല്പമായ മത്സരങ്ങളുടെയും അതു സമ്മാനിക്കുന്ന കഠിനമായ മാനസികസംഘര്‍ഷങ്ങളുടെയും ലോകത്തില്‍ ഒന്നും ചെയ്യാത്ത സാബത്തുദിനങ്ങളും അനിവാര്യമെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് ഗ്രന്ഥകാരന്‍.  ശാന്തമായൊന്നു ശ്വസിക്കാന്‍, സമയം പോകുമെന്നു ഭയക്കാതെ കടല്‍ത്തീരത്തുകൂടി നടക്കാന്‍, നഴ്‌സറിയില്‍ പഠിക്കുന്ന നിങ്ങളുടെ കുഞ്ഞിനൊപ്പം കളിക്കാന്‍ ഒക്കെയും സമയം കണ്ടെത്തിയേ തീരൂ.
അവനവനോടുതന്നെയും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സമൂഹത്തോടും പിന്നെ പുല്‍ച്ചെടിയും പൂക്കളും പൂച്ചക്കുഞ്ഞുങ്ങളും ഒക്കെയുള്‍പ്പെടുന്ന പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളോടുമുള്ള കളങ്കമില്ലാത്ത സ്‌നേഹമാണ് ജീവിതത്തിന്റെ സാരസത്ത. തിരക്കുകള്‍ എല്ലാം കഴിഞ്ഞിട്ട്, കടമകള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ട് സ്‌നേഹിക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍! അങ്ങനെ ഒരുനേരം ഒരിക്കലും ഉണ്ടാവില്ല എന്നതാണ് യാഥാര്‍ഥ്യം. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കാലം കണ്‍മുന്നിലൂടെ കടന്നുപോകും.
ക്ഷണികമായ ജീവിതത്തെ അലസനേരങ്ങളാല്‍ വീണ്ടും ക്ഷണികമാക്കരുത് എന്നും ഓര്‍മിപ്പിക്കുന്നുണ്ട് ഈ പുസ്തകം. സമയത്തെക്കുറിച്ച് കൃത്യമായ ബോധമുണ്ടായിരിക്കുക. എന്തു ചെയ്യുമ്പോഴും അത് ആത്മാര്‍ഥമായി, കഴിവിന്റെ പരമാവധി ഉപയോഗിച്ചുതന്നെ ചെയ്യാന്‍ ശ്രമിക്കുക. അപ്പോള്‍, വെറുതെ പൊയ്‌പ്പോയി ജീവിതം എന്നൊരു നിരാശ നാളെ നിങ്ങളെ ബാധിക്കില്ല. ഇപ്രകാരം സമയത്തെ,  ജീവിതത്തെത്തന്നെയും അര്‍ഥപൂര്‍ണമാക്കാന്‍ ഏറ്റവും ആവശ്യം അച്ചടക്കവും ആത്മനിയന്ത്രണവുമാണെന്നും ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. ഉയരങ്ങളില്‍ എത്തണമെങ്കില്‍ അച്ചടക്കം എന്ന ഉളികൊണ്ട് അലസതയെ വെട്ടിമാറ്റിയേ തീരൂ. അതല്പം വേദനനിറഞ്ഞ പ്രക്രിയതന്നെയാണ്. മഹാന്മാരുടെ ജീവചരിത്രം വായിക്കുന്നത്ര എളുപ്പമല്ല ലോകം വായിക്കുന്നൊരു ജീവചരിത്രത്തിലെ നായകനാവാന്‍. അക്ഷീണമായ പരിശ്രമമില്ലാതെ അമൂല്യമായതൊന്നും സ്വന്തമാവില്ല. എന്നാല്‍, ഈ പരിശ്രമം നിങ്ങളിലെ സ്‌നേഹത്തെ, സഹാനുഭൂതിയെ, മനുഷ്യബന്ധങ്ങളെ ഒന്നും ഒഴിവാക്കിക്കൊണ്ടാവാനും പാടില്ല. അവസാന കണക്കെടുപ്പില്‍ ജീവിതത്തെ അളക്കുന്നത് വെട്ടിപ്പിടിച്ചവയുടെ ലിസ്റ്റ് നോക്കിയാവില്ല, എത്ര മനുഷ്യരുടെ കണ്ണുനീരാണ് അവസാനയാത്രയില്‍ നിങ്ങള്‍ക്കു കൂട്ടായി മണ്ണിലെത്തിയത് എന്നതിനെ മുന്‍നിര്‍ത്തിയാകും. 'ജീവിതത്തിലെ ദുരന്തം മരണമല്ല; മറിച്ച്, ജീവിക്കാതെപോകുന്ന ജീവിതമാണ്' എന്ന് നോര്‍മന്‍ കസിന്‍സ്. ജീവിതം ജീവിക്കാതെ പോകരുത് എന്ന് ഓര്‍മിപ്പിക്കുന്നു, പേജുകളുടെ എണ്ണംകൊണ്ടു ചെറുതെങ്കിലും ആശയങ്ങളാല്‍ ബൃഹത്തായ ഈ പുസ്തകം. ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസാധകര്‍.
							
 ജിന്‍സ് കാവാലി
                    
									
									
									
									
									
									
									
									
									
									
                    