''വിവേകം താനേ വരില്ല. 
യത്‌നിക്കണം, ധാരാളം വായിക്കണം.''  - ശ്രീനാരായണഗുരു
   നിരൂപണത്തിന് നിലാവിന്റെ ഭംഗിയും ആഴിയുടെ ആഴവും പകരുന്ന എഴുത്തുകാരനാണ് സജയ് കെ വി. അര്‍ഥരഹിതമായ ഒരു വാക്കോ വാചകമോ ഈ നിരൂപകന്‍ എഴുതാറില്ല. ഇന്നിന്റെ എഴുത്തിനെ, സമകാലഭാഷാവഴികളെ കഴിഞ്ഞ കാലത്തോടും  കാത്തിരിക്കുന്ന കാലത്തോടും ചേര്‍ത്തുവച്ചുകൊണ്ട് കാവ്യഭംഗിയോടെ സജയ്  വിവരിക്കുമ്പോള്‍ വായനക്കാരനത് അറിവും അനുഭൂതിയും സമാസമം ചാലിച്ച അക്ഷരവിരുന്നായിത്തീരുന്നു. ഭാഷയില്‍ രമിച്ചും ലയിച്ചും അദ്ദേഹം എഴുതിയ നിരൂപണലേഖനങ്ങളുടെ സമാഹാരമാണ് 'അടക്കവും അനക്കവും'.
   കുമാരനാശാന്‍മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുവരെയുള്ള കവികളും എം.ടി. വാസുദേവന്‍നായര്‍ മുതല്‍ പി.എഫ്. മാത്യൂസും എസ്. ഹരീഷുംവരെയുള്ള കഥാകാരന്മാരും ഇദ്ദേഹത്തിന്റെ നിരൂപണവഴികളില്‍ കടന്നുവരുന്നുണ്ട്. ഇവരുടെയെല്ലാം രചനാലോകങ്ങളെക്കുറിച്ച് അകക്കാമ്പുള്ളതും അകംപൊള്ളയായതുമായ ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ടെന്നു നമുക്കറിയാം. എന്നാല്‍, അവയുടെയൊന്നും പകര്‍ത്തെഴുത്തോ പുനരാവിഷ്‌കാരമോ ആകുന്നില്ല എന്നതാണ് സജയ് കെ.വിയുടെ രചനകള്‍ സമകാലികനിരൂപണലോകത്ത് അനവധി അംഗീകാരങ്ങള്‍ നേടുന്നതിനുള്ള പ്രധാന കാരണം. മറ്റാരും എഴുതിയതല്ല അയാള്‍ എഴുതുന്നത്, അയാള്‍ എഴുതുന്നതാവട്ടെ മറ്റാര്‍ക്കും എളുപ്പത്തില്‍ എഴുതാനാവുന്നതുമല്ല.
   'നിങ്ങളല്ലാതെ മറ്റാരെങ്കിലും പറഞ്ഞിരിക്കാന്‍ ഇടയുള്ളതു പറയാതിരിക്കൂ. നിങ്ങളല്ലാതെ മറ്റാരെങ്കിലും ചെയ്തിരിക്കാനിടയുള്ളത് ചെയ്യാതിരിക്കൂ. നിങ്ങളിലല്ലാതെ മറ്റാരിലുമില്ലാത്ത അംശങ്ങളില്‍മാത്രം താത്പര്യം കാണിക്കൂ. ക്ഷമയോടുകൂടിയോ അക്ഷമയോടുകൂടിയോ നിങ്ങളിലുള്ള അനാദൃശങ്ങളായ സത്തകളെ സൃഷ്ടിച്ചെടുക്കൂ. മറ്റെങ്ങോട്ടും വഴിതെറ്റാതിരിക്കൂ.' ആന്ദ്രേ ഷീദിന്റെ ഈ വാക്കുകളെ തന്റെ രചനാലോകത്തു കൃത്യമായി പിന്തുടരുന്നു സജയ് കെ.വി.
ആശാന്റെ കവിതകളുടെ കടലാഴം അറിഞ്ഞിട്ടുള്ള ഈ നിരൂപകന്‍  ഒരു നേര്‍ത്ത നെടുവീര്‍പ്പില്‍ ആരംഭിച്ച് ഭൂചലനംപോലെ ഭീമമായ ഒരു ആന്തരികചലനത്തിലാണ് നളിനീകാവ്യം അവസാനിക്കുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്. മനുഷ്യവൈകാരികതയുടെ അഗോചരതലങ്ങളില്‍ സംഭവിക്കുന്ന ശലഭപ്രഭാവത്തിന്റെ (ആൗേേലൃളഹ്യ ലളളലര)േ അതിസൂക്ഷ്മചലനമായും അദ്ദേഹം നളിനിയെ വായിച്ചെടുക്കുന്നു.
   വൈലോപ്പിള്ളിയുടെ കാവ്യലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സജയ് ആ കവിതകളുടെ അടിസ്ഥാനരസം കയ്പാണെന്നു കണ്ടെത്തുന്നുണ്ട്. 
'മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ മഞ്ജിമ വിടരും പുലര്‍കാലങ്ങളും', 'നീലാരണ്യനിചോളനിവേഷ്ടിത നീഹാരാര്‍ദ്രമഹാദ്രികളും' നിറഞ്ഞ കവിത, 'തുംഗമാം മീനച്ചൂടിനും', 'ചൂളയില്‍നിന്നെന്നപോലടിക്കും പൊടിക്കാറ്റിനും' വഴിമാറിയത് വൈലോപ്പിള്ളിയുടെ കടന്നുവരവോടെയാണ്. അദ്ദേഹത്തില്‍ സ്വപ്നാത്മകതയുടെ മൂടല്‍മഞ്ഞ് ഒഴിഞ്ഞുപോയി. അതോടെ ജീവിതദൃശ്യങ്ങള്‍ കൂടുതല്‍ നഗ്‌നവും നിശിതവും തീക്ഷ്ണവുമായി മാറി. കവിയെന്നാല്‍ മന്ദോഷ്ണമായ ജീവിതഋതുക്കളില്‍മാത്രം പുലരുന്ന പക്ഷിയാണെന്ന ധാരണ ഭഞ്ജിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ ജീവിതത്തെ കൂരിരുട്ടായിക്കാണുന്ന കവിയല്ല വൈലോപ്പിള്ളിയെന്നും വൈരൂപ്യത്തില്‍നിന്നു സൗന്ദര്യത്തിലേക്കും വിഷാദത്തില്‍നിന്നു പ്രസാദത്തിലേക്കുമുള്ള വിസ്മയകരമായ ആകസ്മികപരിണാമം ആ കവിതകളില്‍ കാണാമെന്നും സജയ് ഓര്‍മിപ്പിക്കുന്നുമുണ്ട്. ഇരുളിന്റെ ഇടനാഴിയിലൂടെ നടന്ന് ക്രമേണ വെളിച്ചത്തിലേക്ക് എത്തുന്ന, കഠിനമായ നിരാശയിലും ഏകാന്തതയിലും പ്രത്യാശയുടെ ദീപനാളം ജ്വലിപ്പിച്ചുനിര്‍ത്തുന്ന ജീവിതസമീപനം വൈലോപ്പിള്ളിയില്‍ കാണാം. ആ ജീവിതസമീപനത്തിന്റെ രൂപകഭാഷയിലുള്ള ആവിഷ്‌കാരമായി അദ്ദേഹം 'വിഷുക്കണി'യെ ഉദാഹരിക്കുന്നു.
    ജീവിതംതന്നെ ഒരു നിരന്തരയാതനയായിരിക്കുന്ന കേവലമനുഷ്യന്റെ വേവലാതിയെക്കുറിച്ചെഴുതാനാണ് തന്റെ കാവ്യജീവിതത്തില്‍ ഉടനീളം അക്കിത്തം ശ്രമിച്ചതെന്ന് ആ കാവ്യലോകത്തെ മുന്‍നിര്‍ത്തി സജയ് നിരീക്ഷിക്കുന്നുണ്ട്. ചുറ്റുമുള്ളവരുടെ ദുഃഖം ആത്മദുഖംതന്നെയായിരുന്നു അദ്ദേഹത്തിന്. അതിനാല്‍, അക്കിത്തത്തിന്റെ കവിതകളില്‍ മറ്റൊരു കവിയിലും ഇല്ലാത്തതുപോലെ മനുഷ്യന്റെ വിയര്‍പ്പ് എന്ന അകാല്പനികരൂപകം നിറഞ്ഞുനില്‍ക്കുന്നു. തീരെ പകിട്ടുകുറഞ്ഞതാണ് അക്കിത്തം കവിതയുടെ ഭാഷാശരീരം. ചര്‍ക്കയില്‍ നൂറ്റെടുത്ത ഖദര്‍ത്തുണിയുടെ പരുക്കന്‍മേനിയാണതിന്. എന്നാല്‍, മലയാളകവിതയുടെ ചരിത്രത്തിലെതന്നെ മുന്തിയ ഈടുവയ്പ്പുകളില്‍ ഒന്നാണ് പരുക്കന്‍മേനിയുള്ള ഈ പവിത്രവസ്ത്രം എന്നും സജയ് എഴുതുന്നു.
ഭാഷയെ വൈദ്യുതീകരിച്ച കവി എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഈ നിരൂപകന്‍ വിശേഷിപ്പിക്കുന്നത്. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കാല്പനികകാലത്തിനുശേഷം പരാജിതന്റെയും ഭ്രഷ്ടന്റെയും ഭഗ്‌നവാഗ്മയമായി മലയാളകവിത മാറുന്നത് ചുള്ളിക്കാടിലാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തീവ്രവൈകാരികതയുടെ വൈദ്യുതി പായുന്ന ഒരു കാവ്യഭാഷയും അതിനൊത്ത പദയോജനകളും സൃഷ്ടിക്കാന്‍ ചുള്ളിക്കാടിനായി; അതിവൈകാരികതയും അതിനാടകീയതയും ആത്മകേന്ദ്രിതത്വവും അതിന് അകമ്പടി സേവിക്കുമ്പോഴും.
   ഇതിഹാസഗരിമയും കാവ്യഭംഗിയുമുള്ള എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന ഇതിഹാസം എപ്രകാരമാണ് ഒരു കുഗ്രാമബാലന്റെ വായനയുടെ തൃഷ്ണകളെ ഗൂഢമായും ഗാഢമായും സ്വാധീനിച്ചതെന്ന് ആത്മവിചാരങ്ങളുടെ വെളിച്ചത്തില്‍ നിരൂപകന്‍ എഴുതുന്നുണ്ട്. ഗദ്യത്തില്‍ കവിത രചിക്കുക എന്ന ഗൂഢമോഹത്തെ എന്നും തന്റെ സര്‍ഗാത്മകവ്യക്തിത്വത്തിന്റെ അടിസ്ഥാനപ്രേരണകളില്‍ ഒന്നായി തിരിച്ചറിയുകയും അതിനെ രഹസ്യമായി ലാളിച്ചുപോരുകയും ചെയ്തിട്ടുള്ള എഴുത്തുകാരനാണ് എം.ടി. ആ രഹസ്യ അഭിലാഷത്തിന്റെ പ്രച്ഛന്നമായ നിറവേറലാവണം രണ്ടാമൂഴത്തിന്റെ രചനയിലൂടെ എം.ടി. സാക്ഷാത്കരിച്ചത് എന്ന് സജയ് കരുതുന്നു.
പി.എഫ്. മാത്യൂസിന്റെ 'ചാവുനിലം' എന്ന നോവലിനെ ഇരുട്ടിന്റെ പുസ്തകം എന്നാണ് ഈ  നിരൂപകന്‍ വിശേഷിപ്പിക്കുന്നത്. 'കറുത്തു കൊഴുത്ത പശിമയുള്ള ഒരു വിഷദ്രാവകം മെല്ലെ ഒഴുകിപ്പരക്കുന്നതുപോലെയാണ് നോവലിന്റെ ആഖ്യാനം മുന്നോട്ടു നീങ്ങുന്നത്. പാപവും തിന്മയുമാണ് പ്രമേയകേന്ദ്രം എന്നതുകൊണ്ടുമാത്രമല്ല അങ്ങനെ തോന്നുന്നത്. ആഖ്യാനാംശങ്ങള്‍തമ്മിലുള്ള ഇഴുകലിന്റെയും  ആഖ്യാനസന്ദര്‍ഭങ്ങള്‍ക്കിടയിലെ വഴുതലിന്റെയും ഭാഷാനുഭവം സൃഷ്ടിച്ചുകൊണ്ടാണ് നോവലിസ്റ്റ് ഈ പ്രതീതി സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
   എസ്. ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം, മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്നീ കഥകളെ മുന്‍നിര്‍ത്തിക്കൊണ്ട്, ഇരുകഥകളിലുമുള്ള ശ്രീനാരായണഗുരുവിന്റെ ദീപ്തസാന്നിധ്യത്തെ വിമര്‍ശാനാത്മകമായി വിശകലനം ചെയ്യുന്നുണ്ട് സജയ് കെ.വി. നവോത്ഥാനത്തിന്റെ ദീപ്തവര്‍ഷങ്ങളിലേക്ക് മലയാളി ആകുലതയോടെ തിരിഞ്ഞുനോക്കുന്ന സവിശേഷചരിത്രസന്ദര്‍ഭത്തില്‍ ഈ കഥകള്‍ക്ക് മുഴുവന്‍മലയാളിയുടെയും ആത്മഗതമായിത്തീരാനുള്ള അധികശേഷിയുണ്ടെന്നും അദ്ദേഹം  ചൂണ്ടിക്കാണിക്കുന്നു. സമകാലസാഹിത്യത്തില്‍ വിശേഷിച്ചും നിരൂപണത്തില്‍ താത്പര്യമുള്ളവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട കൃതിയാണ് അടക്കവും അനക്കവും. ഡി സി ബുക്‌സാണ് പ്രസാധകര്‍.
                
							
 ജിന്‍സ് കാവാലി
                    
									
									
									
									
									
									
									
									
									
									
                    