ഈയിടെ അന്തരിച്ച 
മഹാകവി അക്കിത്തം അച്യുതന്‍ 
നമ്പൂതിരിയെക്കുറിച്ച്
മലയാളത്തില്‍ നവോത്ഥാനത്തിന്റെ കാവ്യവസന്തം വിരിയിച്ച വിപ്ലവകാരി! കണ്ണീരില്‍ വേദം ദര്‍ശിച്ച മഹാകവി! മലയാളകവിതയെ ആധുനികതയുടെ രത്‌നമണ്ഡപത്തിലേക്കാനയിച്ച് മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥ വിരചിച്ച മനീഷിയായ മഹാഗുരു! അക്കിത്തം! ഒക്‌ടോബര്‍ 14 ബുധനാഴ്ച രാവിലെ 94-ാം വയസ്സില്‍ നമ്മോടു വിടപറഞ്ഞു.
''വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം'' - ലോകപ്രസിദ്ധമായ ഈ വരികള്‍ നാവിലില്ലാത്ത മലയാളിയുണ്ടോ? പാരമ്പര്യത്തെ സമ്പൂര്‍ണ്ണമായി വിച്ഛേദിക്കാത്ത ആധുനികതയുടെ പ്രോത്സാഹകനായിരുന്നു മാറിയ അക്കിത്തം. ജീവിതത്തിന്റെ പൊള്ളിക്കുന്ന കനല്‍ക്കാഴ്ചകളിലേക്ക് നമ്മെ ആനയിച്ചുകൊണ്ട് പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങുന്ന അത്താണിയായി മാറുന്ന നിരവധി വരികള്‍; അതാണ് അക്കിത്തത്തെ മലയാളിമനസ്സിലേക്കടുപ്പിക്കുന്നത്. 
മറ്റുള്ളവര്‍ക്കായി ഒരു പുഞ്ചിരി ചെലവഴിക്കുമ്പോള്‍ തന്റെ ഹൃദയത്തില്‍ നിത്യനിര്‍മ്മലമായ പൗര്‍ണ്ണമി പൂത്തുലയുന്നു എന്നാണ് അദ്ദേഹത്തിന്റെ കവിമനസ്സ് പറഞ്ഞത്. മറ്റുള്ളവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ സ്വന്തം ആത്മാവില്‍ ആയിരം സൗരമണ്ഡലം ഉദിച്ചുയരുന്നതായും അദ്ദേഹം കണ്ടെത്തി. അങ്ങനെ ഏറെ വികാസം പ്രാപിച്ച ഒരു മനസ്സിന്റെ ഉടമയായിരുന്നു അക്കിത്തം. വായനക്കാരെ ഇരുളില്‍നിന്ന് അക്ഷരവെളിച്ചത്തിലേക്കു നയിച്ച ഇതുപോലൊരു കവി മലയാളത്തിലുണ്ടായിട്ടില്ല. ''മഹാകവി'' എന്നപേരിന് അര്‍ഹനായ അവസാനകവിയെന്ന് കണിശമായും അക്കിത്തത്തെച്ചൂണ്ടി പറയാം. 
1926 മാര്‍ച്ച് 18 ന് പാലക്കാട് കുമരനെല്ലൂരില്‍ ജനനം. പിതാവ് വാസുദേവന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ മന്ത്രശ്ലോകങ്ങള്‍ ചൊല്ലി തഴക്കംവന്ന നാവായിരുന്നു ബാല്യത്തില്‍ത്തന്നെ. ആ മന്ത്രങ്ങള്‍ ബാലമനസ്സിലെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്താന്‍ പര്യാപ്തമായി. ജ്യോത്സ്യനായിരുന്ന കൊടക്കാട്ട് ശങ്കുണ്ണി നമ്പീശന്റെ ശിഷ്യനായിരുന്നു കുറച്ചുകാലം. കവിതകളില്‍ തത്ത്വചിന്തകള്‍ നിറയാന്‍ കാരണം മറ്റൊന്നല്ല. മന്ത്രോച്ചാരണം ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നിട്ടും കാവ്യഭാഷ കവിയെപ്പോലെതന്നെ പ്രസാദമധുരമായിരുന്നു. എട്ടാം വയസ്സുമുതല്‍ തുടങ്ങിയ കാവ്യസപര്യയിലൂടെ പില്ക്കാലത്ത് ഋഷിയായ മഹാകവി എന്നപേരും ലഭിച്ചു. 
അനാദിയില്‍നിന്നാണ് തന്റെ കവിതകള്‍ ഉദയംകൊള്ളുന്നതെന്നാണ് അക്കിത്തത്തിന്റെ വിശ്വാസം. താന്‍തന്നെയാണോ ഇക്കണ്ട കവിതകളൊക്കെ രചിച്ചതെന്ന് അദ്ദേഹം വിസ്മയിച്ചിട്ടുണ്ട്. ഓരോ കവിതയെഴുതിക്കഴിയുമ്പോഴും എന്തോ ഒന്നു സംഭവിക്കുന്നതുപോലെ ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടാകും! അങ്ങനെ രചനയുടെ അനുഭൂതി തന്നത്താന്‍ ആസ്വദിച്ചിരുന്നതായി അക്കിത്തം പറഞ്ഞിട്ടുണ്ട്.
മനുഷ്യജീവിതമേഖലകളില്‍ എവിടെക്കുഴിച്ചാലും കണ്ണീരു കിട്ടും. അനുഭവങ്ങളുടെ മണ്ണടരുകള്‍ മാറ്റിനോക്കേണ്ടിവരും എന്നുമാത്രം. അങ്ങനെ ലഭിക്കുന്ന ദിവ്യജലം അക്ഷരക്കുമ്പിളില്‍ നിറച്ച് കാവ്യദേവതയ്ക്കു തര്‍പ്പണം ചെയ്ത് ആ തീര്‍ത്ഥജലം ജീവിതത്തെ വെറുക്കുന്ന, കണ്ണീരൊഴുക്കുന്നവര്‍ക്ക് തേന്‍തുള്ളിയായി മാറുന്ന മാസ്മരികവിദ്യയായിരുന്നു, അക്ഷരമാന്ത്രികനായ അക്കിത്തം ചെയ്തിരുന്നത്.
അക്കിത്തത്തിന്റെ രാഷ്ട്രീയമനസ് അളക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഏറെപ്പേര്‍ തെറ്റിദ്ധരിച്ചു. മറ്റുചിലര്‍ നിന്ദിച്ചു. നിന്ദിച്ചവര്‍ക്കു പിന്നീട് പശ്ചാത്തപിക്കേണ്ടിവന്നു. യഥാര്‍ത്ഥ കാവ്യാസ്വാദകര്‍ക്ക് ആ മനസ്സും രാഷ്ട്രീയമനസ്സും രണ്ടാണെന്നു മനസ്സിലായി. വൈദികപാരമ്പര്യം പിന്തുടര്‍ന്നിരുന്നെങ്കിലും നവോത്ഥാനത്തിന്റെ കാറ്റുവീശുന്ന നാളുകളില്‍ അതിനുമുന്നിലുണ്ടായിരുന്നു അക്കിത്തം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയകാലത്ത് അതിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അക്കിത്തം, നിരവധി കമ്മ്യൂണിസ്റ്റുനേതാക്കള്‍ക്ക് തന്റെ ഇല്ലം ഒളിത്താവളമാക്കാന്‍ മടിച്ചില്ല. കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭാഗമായി തന്റെ ഇല്ലത്ത് റെയ്ഡുകള്‍ നടന്നതും അര്‍ദ്ധരാത്രിവരെ ലോക്കപ്പില്‍ അടയ്ക്കപ്പെട്ടതും നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇ.എം.എസ്സിന്റെയും വി.ടി. ഭട്ടതിരിപ്പാടിന്റെയും ഒപ്പം യോഗക്ഷേമസഭയില്‍ അംഗമായതും പാലിയം സത്യഗ്രഹത്തില്‍ പങ്കെടുത്തതും വിധവാവിവാഹത്തില്‍ പങ്കെടുത്ത് സമുദായഭ്രഷ്ട് നേരിട്ടതും അയിത്തത്തിനെതിരേ മൂര്‍ച്ചയേറിയ തൂലികയുമായി മുന്നോട്ടിറങ്ങിയതും ആദ്യകാല കവിതയായ 'തമ്പുരാന്‍കുട്ടി' വായിക്കുന്ന മലയാളി മറക്കില്ല. വാക്കുകളാല്‍ കാവ്യസമുദ്രം സൃഷ്ടിക്കുമ്പോഴും മനസ്സുകൊണ്ട് അടുക്കാന്‍ കഴിയാത്തവയില്‍നിന്ന് അകലംപാലിച്ചുനിന്നു അക്കിത്തം. കടുത്ത ഇടതുപക്ഷചിന്താഗതി ഉണ്ടായിരുന്നെങ്കിലും ആരും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റെന്നു മുദ്രകുത്തിയില്ല.
ബിംബങ്ങളുടെ വിളനിലമായിരുന്നു അക്കിത്തത്തിന്റെ കവിതകള്‍. ജീവിതത്തിന്റെ അനിശ്ചിതത്വവും അയനവും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒരു തഥാഗതജന്മം ആ കവിതാതട്ടകത്തിലുണ്ടാകും. മനുഷ്യന്‍ എന്ന അസ്തിത്വത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മറന്നുകൊണ്ടുള്ള ഒരു ആദര്‍ശത്തോടും അദ്ദേഹത്തിന് ആഭിമുഖ്യമില്ല. ഭാഷ ഒരു ഭാരമേയല്ല. പുതിയ വാക്കുകള്‍ പലതും മറനീക്കി പുറത്തുവന്നത് ''ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ''ത്തിലാണ്. 1950 കളില്‍ ആധുനികതയുടെ മുഖമുള്ള എം. ഗോവിന്ദന്‍, എം.എ. പാലൂര്‍, മാധവന്‍ അയ്യപ്പത്ത് തുടങ്ങിയവരുടെ രചനകള്‍ക്കു സമാനമായി അക്കിത്തത്തിന്റെ പുതുകവിതകള്‍ നിര്‍വ്വചിക്കപ്പെട്ടു. പുതിയ പദസംസാരവും ആശയബോധവും കാവ്യഭാഷയ്ക്കു നല്കപ്പെട്ടു. മനുഷ്യജന്മത്തിന്റെ വേദനകള്‍ക്ക് സൂര്യഗീതം തീര്‍ത്ത കവി, കന്നിനിലാവിന്റെ കൂര്‍മ്മ പകരുന്ന പ്രണയനൊമ്പരപ്പാടുകളിലും പ്രണയിനിയുടെ മുഗ്ധലാവണ്യത്തിലും മതിമറന്നു പാടിയിട്ടുണ്ട്. കാല്പനികതയുടെ നിത്യഭാസുരമുഖമായിരുന്നു ആ രചനകളില്‍.
ആകാശവാണിയാണ് അദ്ദേഹത്തെ ആകാശത്തോളമുയര്‍ത്തിയത്. 1956 ജൂണ്‍ 18 മുതല്‍ തൃശൂരിലും പിന്നീട് കോഴിക്കോട്ടും നിലയങ്ങളില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് കുട്ടിക്കവിതകളില്‍ അധികവും പിറക്കുന്നത്. 1973 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു കിട്ടിയപ്പോള്‍ അതുവരെ ഡിഗ്രിയില്ലാത്ത അദ്ദേഹത്തില്‍നിന്ന് അകന്നുനിന്ന സ്ഥാനക്കയറ്റം, എഡിറ്റര്‍ പോസ്റ്റോടുകൂടി ലഭിച്ചു. പ്രശസ്തമായ ''ഗാന്ധിമാര്‍ഗ്ഗം'' തുടര്‍ച്ചയായി 18 വര്‍ഷം അദ്ദേഹം അവതരിപ്പിച്ചു. ആകാശവാണിയില്‍നിന്ന് പൂര്‍ണ്ണ ആനുകൂല്യങ്ങളോടെ പിരിഞ്ഞ ആദ്യ ഉദ്യോഗസ്ഥനും അക്കിത്തമാണ്.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില വരികള്‍ ശ്രദ്ധിക്കുക-
''നിരത്തില്‍ കാക്കകൊത്തുന്നു ചത്തപെണ്ണിന്റെ കണ്ണുകള്‍
മുലചപ്പിവലിക്കുന്നു നരവര്‍ഗ്ഗനവാതിഥി.''
''തോക്കിനും വാളിനുംവേണ്ടി
ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കിവാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍.''
''ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം.''
അന്‍പത്തഞ്ചു കൃതികള്‍ രചിച്ചതില്‍ നാല്പത്തഞ്ചും കവിതാസമാഹാരങ്ങളാണ്. അനേകം രാജ്യാന്തരയാത്രകള്‍ നടത്തിയിട്ടുള്ള കവി, ഒരു യാത്രാവിവരണവും എന്തുകൊണ്ടോ എഴുതിയിട്ടില്ല എന്നത് നിരാശയ്ക്കു വകനല്കുന്നു. ''വെളിച്ചം ദുഃഖമാണുണ്ണി'' എന്ന ഒറ്റവരിയില്‍ അദ്ദേഹത്തെ ഊടുപാടു വിമര്‍ശിച്ചവര്‍പോലുമുണ്ട്.ഇരുട്ടിന്റെ കവിയെന്ന് അവര്‍ ഒരു വേള വിളിച്ചത് കഥയറിയാതെയുള്ള ആട്ടം കാണലായിരുന്നു; കവിതയുടെ അന്തഃസത്ത  മനസ്സിലാക്കാതെയായിരുന്നു.
							
 ളാക്കാട്ടൂര്‍ പൊന്നപ്പന്
                    
									
									
									
									
									
                    