•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ആയിരങ്ങള്‍ക്കു പ്രത്യാശയായി ആന്‍സണ്‍

ത്മഹത്യ ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടത്തി, കൂട്ടുകാര്‍ക്ക് അവസാനസന്ദേശമയയ്ക്കാന്‍ ഫോണ്‍ എടുത്തപ്പോഴാണ് ആ യുവതി പതിവായുള്ള എന്റെ സന്ദേശം ഫോണില്‍ യാദൃച്ഛികമായി കണ്ടത്.  ആത്മഹത്യ എന്ന തീരുമാനത്തില്‍നിന്നു പിന്തിരിഞ്ഞ അവള്‍ അപ്പോള്‍ത്തന്നെ എന്നെ വിളിച്ചു; നന്ദിയുണ്ട് സാര്‍, എനിക്ക് ജീവിതം തുടരാന്‍ നല്ല വാക്കുകള്‍ നല്‍കിയതിന്...  
ഇതു പറയുന്നത് ആന്‍സന്‍ കുറുമ്പത്തുരുത്ത്. പുഞ്ചിരിയുടെ ശബ്ദവും എഴുത്തുമായി സമൂഹമാധ്യമരംഗത്ത് ആറാം വര്‍ഷത്തിലേക്കു കടക്കുന്ന അദ്ധ്യാപകന്‍. എന്നും രാവിലെ ഒരു ലക്ഷത്തോളം പേരുടെ വാട്‌സാപ്പിലേക്ക് ''വോയ്‌സ് ഓഫ് സ്‌മൈല്‍'' എന്ന പേരില്‍ ആന്‍സന്റെ  ശബ്ദസന്ദേശമെത്തും. രാത്രി അത്രതന്നെയാളുകളുടെ വാട്‌സാപ്പില്‍ ''വേര്‍ഡ്‌സ് ഓഫ് സ്‌മൈല്‍'' എന്ന എഴുത്തുസന്ദേശവും. ജീവിതത്തെ പ്രതീക്ഷയോടെ കാണുന്നതിനുള്ള പ്രചോദനാത്മകസന്ദേശങ്ങളാണ് ഈ അദ്ധ്യാപകന്‍ നിത്യവും സമൂഹത്തിനു കൈമാറുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായുള്ള ദിനചര്യയാണിത്.  ''ആന്‍സന്‍ കുറുമ്പത്തുരുത്ത്'' എന്ന പേരില്‍  ഒരിക്കലെങ്കിലും നിങ്ങളുടെ വാട്‌സാപ്പിലും ജീവിതവിജയകഥകളുടെ ഈ നുറുങ്ങുസന്ദേശങ്ങളെത്താതിരിക്കില്ല; അത്രമേല്‍ പ്രസിദ്ധമായിട്ടുണ്ട്  ഈ മധുരവാക്കുകള്‍.  
എറണാകുളം ചേന്ദമംഗലം പഞ്ചായത്തിലെ കുറുമ്പത്തുരുത്ത് എന്ന ഗ്രാമത്തില്‍ ജനിച്ച ആന്‍സന്റെ സന്ദേശങ്ങള്‍ക്കു കാതോര്‍ക്കുന്നത് നാട്ടിലും വിദേശത്തുമായി ഒരു ലക്ഷത്തോളം പേരാണ്. കോട്ടയം, ഇടുക്കി, കൊല്ലം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പ്രേക്ഷകര്‍. നൂറോളം വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ആന്‍സന്‍ നേരിട്ടാണ് ഈ ശബ്ദ-എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. 2007 മുതല്‍ സര്‍ക്കാര്‍വിദ്യാലയത്തില്‍ അധ്യാപകനായി സേവനം ചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ അങ്കമാലി ഉപജില്ലയിലെ പീച്ചാനിക്കാട് ഗവ. യു.പി. സ്‌കൂളിലാണ്. ആറു വര്‍ഷത്തോളം അധ്യാപകരുടെ പരിശീലകനായി സേവനം ചെയ്തിരുന്നു. 16 വര്‍ഷമായി ചവിട്ടുനാടകരംഗത്തും  പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സംഗീതനാടക അക്കാദമി ഉള്‍പ്പെടെ 300 ല്‍ പരം വേദികളില്‍ ചവിട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 1800-ല്‍ പരം  ദിവസങ്ങളായി മുടങ്ങാതെ  ദിനവും ശുഭദിനപ്രഭാഷണങ്ങള്‍ -  സന്ദേശങ്ങള്‍ നല്‍കിവരുന്ന ആന്‍സന്  വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 
സ്വന്തം വായന നിലനിര്‍ത്തുവാന്‍വേണ്ടി തുടങ്ങിയ ഉദ്യമമാണിത്. എല്ലാദിവസവും രാവിലെ അല്പസമയം വായിക്കുകയും വായിച്ചുകിട്ടിയ ആശയം പ്രചോദനമേകുന്ന സന്ദേശമായി വാട്‌സാപ്പിലൂടെ വോയ്‌സ് ഓഫ് സ്‌മൈല്‍ എന്ന പേരിലും, ഓരോ ദിവസത്തെയും അനുഭവങ്ങള്‍, കാഴ്ചകള്‍ എല്ലാം ഉള്‍പ്പെടുത്തി ചുരുങ്ങിയ വാക്കുകളില്‍ പ്രചോദനമേകുന്ന സന്ദേശമായി വേര്‍ഡ്‌സ് ഓഫ് സ്‌മൈല്‍  എന്ന പേരിലും പങ്കുവയ്ക്കുന്നു. വേര്‍ഡ്‌സ് ഓഫ്  സ്‌മൈലിലൂടെ ഒരു ദിവസം കുറിച്ച ഒരു വാചകം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന അനുഭവമാണ് മുകളില്‍ സൂചിപ്പിച്ചത്.   
നിരവധി ജീവിതങ്ങളില്‍ വെളിച്ചമായും പ്രതീക്ഷയായും ഇവ നിലകൊള്ളുന്നു. ഇതുവരെ  ഒരു ദിവസംപോലും മുടങ്ങിയിട്ടില്ല എന്നതാണ് ഈ നന്മനിറഞ്ഞ ഉദ്യമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആശുപത്രിവാസം ഉള്‍പ്പെടെ  ജീവിതത്തില്‍ പ്രതികൂലമായ നിരവധി  സാഹചര്യങ്ങള്‍  തേടിയെത്തിയിട്ടും  -  കുടുംബത്തില്‍ മരണം ഉണ്ടായിട്ടുപോലും ഈ ഉദ്യമം നിര്‍ത്താതെ തുടര്‍ന്നു എന്നത് ആന്‍സന്റെ സാമൂഹികപ്രതിബദ്ധത.  
ഒക്‌ടോബര്‍ 24 ന് ഈ ശബ്ദ-എഴുത്ത്, സന്ദേശങ്ങള്‍ ആറാം വര്‍ഷത്തിലേക്കു കടക്കുകയാണ്.  വിവിധ വിഷയങ്ങളില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വൃദ്ധരായവര്‍ക്കും ക്ലാസുകളുമെടുക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രചോദനാത്മകസന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആന്‍സന്‍. ഭാര്യ സബിത സിവില്‍ പോലീസ് ഓഫീസറാണ്. മകള്‍ ആന്‍സലീന അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)