•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

പോകുവിന്‍, എല്ലാവരെയും വിരുന്നിനു ക്ഷണിക്കുവിന്‍ (മത്താ. 22:9) : ഭൂമിയുടെ അതിര്‍ത്തികള്‍വരെ

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ 2024 ലെ ലോകപ്രേഷിതദിനത്തില്‍ നല്‍കുന്ന സന്ദേശം

    ഈ വര്‍ഷത്തെ ആഗോളപ്രേഷിതദിനത്തിന്റെ വിഷയമായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് സുവിശേഷത്തിലെ വിവാഹവിരുന്നിന്റെ ഉപമയാണ് (മത്താ. 22:1-14). അതിഥികള്‍ തന്റെ ക്ഷണം നിരസിച്ചതിനുശേഷം, കഥയിലെ മുഖ്യകഥാപാത്രമായ രാജാവ്, തന്റെ സേവകരോടു പറഞ്ഞു: ''അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍'' (22.9). ഉപമയുടെയും യേശുവിന്റെതന്നെ ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഈ നിര്‍ദേശം വിചിന്തനവിഷയമാക്കുന്നതുവഴി സുവിശേഷവത്കരണത്തെ സംബന്ധിച്ച പല പ്രധാനപ്പെട്ട ചിന്തകള്‍ നമുക്കു വിവേചിച്ചറിയാനാവും. അവ നമ്മെ എല്ലാവരെയും സംബന്ധിച്ച് കാലികപ്രസക്തി ഉള്ളതായിരിക്കുകയും ചെയ്യും; എന്തെന്നാല്‍, ക്രിസ്തുവിന്റെ പ്രേഷിതശിഷ്യര്‍ എന്ന നിലയ്ക്ക് എല്ലാവരും സിനഡാത്മകസഞ്ചാരത്തിന്റെ ഏതാï് അവസാനഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വേളയാണല്ലോ ഇത്! അതിന്റെ
മുഖ്യചിന്താവിഷയം, 'കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം' എന്നതുമാണല്ലോ! അതുവഴിയായി സഭ തന്റെ പ്രഥമദൗത്യത്തിനു പുനരൂ
ന്നല്‍കൊടുക്കാനാണു ശ്രമിക്കുന്നത്; അതായത്, ഇന്നത്തെ ലോകത്ത് സുവിശേഷം പ്രസംഗിക്കുക എന്ന ദൗത്യത്തിന്.
''പോയി ക്ഷണിക്കുവിന്‍''
   രാജാവ് തന്റെ സേവകരോടു കല്പിച്ച രണ്ടു വാക്കുകള്‍ പ്രേഷിതദൗത്യത്തിന്റെ മുഖ്യചിന്ത പ്രതിഫലിപ്പിക്കുന്നു: 'പുറത്തേക്കു പോകുക,' 'ക്ഷണിക്കുക' എന്നീ രണ്ടു ക്രിയകള്‍.
  പ്രേഷിതദൗത്യം എന്നുപറയുന്നത്, എല്ലാ സ്ത്രീപുരുഷന്മാരുടെയും മുമ്പിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് എന്നു നാം മനസ്സിലാക്കുന്നു; അവര്‍ 
ദൈവവുമായി കണ്ടുമുട്ടി അവിടുന്നുമായി സംസര്‍ഗത്തില്‍ ആയിരിക്കുന്നതിനുവേണ്ടിയാണത്. അത് അക്ഷീണമായ പ്രയത്‌നമാണ്. സ്‌നേഹസമ്പന്നനും കരുണാര്‍ദ്രനുമായ ദൈവം എല്ലാ സ്ത്രീപുരുഷന്മാരെയും കണ്ടുമുട്ടാനായി നിരന്തരം ഇറങ്ങിപ്പുറപ്പെടുന്നു; അവര്‍ നിസ്സംഗത പുലര്‍ത്തിയാലും നിരാകരി
ച്ചാലും, ദൈവം തന്റെ രാജ്യത്തിന്റെ സന്തോഷത്തിലേക്ക് അവരെ സ്ഥിരമായി ക്ഷണിച്ചുകൊണ്ടിരിക്കുന്നു. നല്ല ഇടയനും പിതാവിന്റെ സന്ദേശവാഹകനുമായ യേശുക്രിസ്തു ഇസ്രായേല്‍ജനത്തിലെ നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചുപുറപ്പെട്ടു; അവിടുന്ന് അതില്‍ക്കൂടുതല്‍ പോകാന്‍ ആഗ്രഹിച്ചു;  അതായത്, വളരെ ദൂരെയുള്ള ആടിനെപ്പോലും അന്വേഷിച്ചുകണ്ടെത്താന്‍ (യോഹ. 10:16). തന്റെ ഉത്ഥാനത്തിനുമുമ്പും പിമ്പും അവിടുന്ന് തന്റെ ശിഷ്യരോടു പറഞ്ഞു, ''പോകുവിന്‍'; അങ്ങനെ അവിടുന്ന് അവരെ തന്റെ ദൗത്യത്തില്‍ പങ്കാളികളാക്കി (ലൂക്കാ 10:3; മര്‍ക്കോ. 16:15). സഭയാകട്ടെ, തന്റെ നാഥനില്‍നിന്നു ലഭിച്ച ദൗത്യത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്, ഭൂമിയുടെ അതിര്‍ത്തികള്‍വരെ പോകുന്നത് തുടര്‍ന്നുകൊണ്ടിരിക്കും; അത് അവള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചെയ്യുന്ന പ്രവൃത്തിയായിരിക്കും; പ്രതിസന്ധികളുടെയും തടസ്സങ്ങളുടെയും മുമ്പില്‍ ക്ഷീണിതയാകാതെയും അടിപതറാതെയും അവള്‍ മുന്നേറും.
    ക്രിസ്തുവിന്റെ വിളിക്കു പ്രത്യുത്തരം നല്‍കിക്കൊണ്ട്  മാതൃരാജ്യങ്ങള്‍വിട്ട് വിദൂരദേശങ്ങളിലേക്കുപോയി സദ്‌വാര്‍ത്ത ഇതുവരെ കേട്ടിട്ടില്ലാത്തവരോ ഈ അടുത്തകാലത്തുമാത്രം കേട്ടവരോ ആയവരെ അത് അറിയിക്കാനായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള എല്ലാ പ്രേഷിതരെയും നന്ദിയോടെ ഓര്‍ക്കാന്‍  ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. പ്രിയസ്‌നേഹിതരേ, 'നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍' (മത്താ. 18:19) എന്ന്  യേശു തന്റെ ശിഷ്യരെ  ഭരമേല്പിച്ച  ജനതകളോടുള്ള (Ad Gentes) പ്രേഷിതദൗത്യത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ പ്രകടമായ പ്രകാശനമാണ് നിങ്ങളുടെ ഉദാരമായ സമര്‍പ്പണം. ഭൂമിയുടെ അതിര്‍ത്തികള്‍വരെ സുവിശേഷവത്കരണത്തിന്റെ പ്രവൃത്തി നടപ്പാക്കാനായി പുതിയതും ധാരാളവുമായ പ്രേഷിതദൈവവിളികള്‍ ഉണ്ടാകാനായി നാം തുടര്‍ന്നു പ്രാര്‍ഥിക്കുകയും അതോടൊപ്പം ദൈവവിളികള്‍ക്കു ദൈവത്തിനു നന്ദിപറയുകയും ചെയ്യുന്നു.
    ഉപമയിലെ  രാജാവിന്റെ ആജ്ഞയിലേക്കു  തിരികെവന്നാല്‍, സേവകരോട് ആജ്ഞാപിച്ചത് 'പോകാന്‍' മാത്രമായിരുന്നില്ല; മറിച്ച്, 'ക്ഷണിക്കാനും' ആയിരുന്നു: 'വിവാഹവിരുന്നിനു വരുക' (മത്താ. 22:4). ഇവിടെ നമുക്ക് ദൈവം ഭരമേല്പിച്ച പ്രേഷിതദൗത്യത്തില്‍ പ്രാധാന്യം ഒട്ടും കുറവില്ലാത്ത മറ്റൊരുവശം കാണാനാകും. അതായത്, നമുക്കു സങ്കല്പിക്കാവുന്നതുപോലെ, അടിയന്തരപ്രാധാന്യത്തോടെയാണ് സേവകര്‍ രാജാവിന്റെ ക്ഷണം കൈമാറിയത്;  അതോടൊപ്പം, വലിയ ആദരവോടും ദയയോടുംകൂടിയും. അത്  സമ്മര്‍ദം  ചെലുത്തിയോ  നിര്‍ബന്ധിച്ചോ മതംമാറ്റപ്രക്രിയകളിലൂടെയോ ആകാന്‍ പാടില്ല; അത് അടുപ്പംകൊണ്ടും അനുകമ്പകൊണ്ടും ആര്‍ദ്രതകൊണ്ടും ആവണം; അപ്പോള്‍ അത് ദൈവം ആയിരിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും പ്രതിഫലനമായി മാറും.
വിവാഹാഘോഷത്തിലേക്ക്
    തന്റെ പുത്രന്റെ വിവാഹവിരുന്നിലേക്കുള്ള ക്ഷണമാണ് ഈ ഉപമയില്‍ രാജാവ് സേവകര്‍വഴി നല്‍കുന്നത്. ഈ വിരുന്ന് യുഗാന്ത്യത്തിലെ വിരുന്നിന്റെ ഒരു പ്രതിഫലനമാണ്. ദൈവരാജ്യത്തിലുള്ള ആത്യന്തികമായ രക്ഷയുടെ ചിത്രമാണ് അത് അവതരിപ്പിക്കുന്നത്. മിശിഹായും ദൈവപുത്രനുമായ യേശുവിന്റെ വരവോടെ അതിപ്പോള്‍ത്തന്നെ  സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. 
    ആദിമക്രിസ്ത്യാനികളുടെ ഇടയില്‍ പ്രേഷിതതീക്ഷ്ണതയ്ക്കു യുഗാന്ത്യപരതയുടെ ശക്തമായ ഒരു മാനം   ഉണ്ടായിരുന്നെന്നു നമുക്കറിയാം. സുവിശേഷം പ്രസംഗിക്കുന്നതിന്റെ അടിയന്തരഭാവം അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്നും ഈ കാഴ്ചപ്പാട് നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, 'കര്‍ത്താവ്
അടുത്തെത്തിയിരിക്കുന്നു' എന്ന് അറിയുന്നവരുടെ സന്തോഷത്തോടുകൂടി സുവിശേഷവത്കരണപ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ അത് നമ്മെ സഹായിക്കും; മാത്ര
മല്ല, ലക്ഷ്യത്തിലേക്കു മുന്നേറിക്കൊണ്ടിരിക്കുന്നവരുടെപ്രത്യാശയോടെ അതു ചെയ്യാനും നമുക്കു സാധിക്കും; അങ്ങനെ നാം എല്ലാവരും ക്രിസ്തുവിനോടൊപ്പം 
ദൈവരാജ്യത്തില്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കുന്നവരായിത്തീരും. ലോകം നമ്മുടെ മുമ്പില്‍ ഉപഭോക്തൃഭാവം, സ്വാര്‍ഥപരമായ സുഖലോലുപത, ധനമാര്‍ജിക്കല്‍, വ്യക്തിമഹിമ എന്നീ വ്യത്യസ്തങ്ങളായ 'വിരുന്നുകള്‍' വിളമ്പുമ്പോള്‍ത്തന്നെ, സുവിശേഷം എല്ലാവരെയും ദിവ്യമായ  വിരുന്നിലേക്കു ക്ഷണിക്കുന്നു; അതിന്റെ സവിശേഷത ദൈവവും മറ്റുള്ളവരുമായുള്ള സംസര്‍ഗത്തിലെ ആനന്ദം, പങ്കുവയ്ക്കല്‍, നീതി, സാഹോദര്യം എന്നിവ അനുഭവിക്കുകയെന്നതത്രേ.
ക്രിസ്തുവിന്റെ സമ്മാനമായ ജീവന്റെ പൂര്‍ണതയുടെ മുന്നാസ്വാദനം ദിവ്യകാരുണ്യവിരുന്നിലുമുണ്ട്; സഭ കര്‍ത്താവിന്റെ കല്പനപ്രകാരം അവിടുത്തെ ഓര്‍മ്മയ്ക്കായി അത് ആചരിക്കുന്നു. സുവിശേഷവത്കരണദൗത്യത്തിന്റെ ഭാഗമായി നാം എല്ലാവര്‍ക്കും നല്‍കുന്ന യുഗാന്ത്യവിരുന്നിലേക്കുള്ള ക്ഷണം ദിവ്യകാരുണ്യമേശയിലേക്കുള്ള ക്ഷണവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു; ആ മേശയില്‍ കര്‍ത്താവ് തന്റെ വചനവും തന്റെ ശരീരവും രക്തവും നല്‍കി നമ്മെ പോഷിപ്പിക്കുന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പഠിപ്പിച്ചതുപോലെ: ''ഓരോ ദിവ്യപൂജാര്‍പ്പണത്തിലും കൗദാശികമായി ദൈവജനത്തിന്റെ യുഗാന്ത്യപരമായ ഒത്തുചേരലാണു സാധ്യമാകുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം, ദിവ്യകാരുണ്യവിരുന്ന് പ്രവാചകര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ളതുപോലെ (ഏശ. 25:6-8 കാണുക) അന്ത്യദിനത്തിലെ അവസാനവിരുന്നിന്റെ യഥാര്‍ഥമായ ഒരു മുന്നാസ്വാദനമാണ്; പുതിയനിയമത്തില്‍ അത് 'കുഞ്ഞാടിന്റെ വിവാഹവിരുന്ന്' (വെളി. 19:9) എന്നു വിശേഷിപ്പിക്കപ്പെടുന്നു;  അത് വിശുദ്ധരുടെ ഐക്യത്തിന്റെ the communion of saints) സന്തോഷത്തിലാണ് ആഘോഷിക്കപ്പെടുന്നത്''  (സ്‌നേഹത്തിന്റെ കൂദാശ [Sacramentum Caritatis], 31).  ആകയാല്‍, ഓരോ ദിവ്യപൂജാര്‍പ്പണത്തിലും വളരെ ശക്തമാംവിധം അതിന്റെ ഓരോ മാനവും അനുഭവിക്കാന്‍ നാമെല്ലാവരും ക്ഷണിക്കപ്പെടുന്നു, ഏറെ പ്രത്യേകിച്ച് അതിന്റെ യുഗാന്ത്യപരവും പ്രേഷിതപരവുമായ മാനങ്ങള്‍ അനുഭവിക്കാന്‍. ഇക്കാര്യത്തില്‍ ഞാന്‍ ആവര്‍ത്തിച്ചുപറയുന്നു: ''പ്രേഷിതദൗത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടാതെ നമുക്ക് ദിവ്യകാരുണ്യമേശയെ സമീപിക്കാനാവില്ല; ദൈവത്തിന്റെ ഹൃദയത്തില്‍ത്തന്നെ തുടങ്ങിയ ആ ദൗത്യം സകലജനതകളിലും എത്തിച്ചേരേണ്ടതാണ് (സ്‌നേഹത്തിന്റെ കൂദാശ, 84). 
3. 'എല്ലാവരോടും' 
    മൂന്നാമത്തേതും അവസാനത്തേതുമായ ചിന്ത രാജാവിന്റെ ക്ഷണം സ്വീകരിച്ചവരെ സംബന്ധിച്ചുള്ളതാണ്-  'എല്ലാവരും'.'ഇതാണ് പ്രേഷിതദൗത്യത്തിന്റെ ഹൃദയഭാഗം. ഓരോ പ്രേഷിതദൗത്യവും ക്രിസ്തുവിന്റെ ഹൃദയത്തില്‍നിന്നു ജനിക്കുന്നതാണ്. വിഭജനങ്ങളും ഏറ്റുമുട്ടലുകളുംമൂലം ഛിന്നഭിന്നമാക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്തു വ്യക്തികളെ പരസ്പരം കണ്ടെത്താനും തങ്ങള്‍ സഹോദരീസഹോദരന്മാരാണ് എന്നു തിരിച്ചറിയാനും വൈവിധ്യങ്ങളുടെ മധ്യേയുള്ള പൊരുത്തത്തില്‍ സന്തോഷിക്കാനും ക്ഷണിക്കുന്ന മൃദുലവും, അതേസമയം ദൃഢവുമായി നിലനില്‍ക്കുന്ന ഒരു സ്വരമാണ് ക്രിസ്തുവിന്റെ സുവിശേഷം. ''എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ അറിവിലേക്ക് എത്തിക്കപ്പെടണമെന്നുമാണ് നമ്മുടെ രക്ഷകനായ ദൈവം ആഗ്രഹിക്കുന്നത്'' (1 തിമോ. 2:4). നമ്മുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍  എല്ലാവരോടും സുവിശേഷം പ്രസംഗിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു നാം വിസ്മരിക്കരുത്: 
    ക്രിസ്തുവിന്റെ പ്രേഷിതശിഷ്യര്‍ക്ക് എല്ലാവരോടും, അവരുടെ സാമൂഹിക, സാന്മാര്‍ഗികനിലവാരം കണക്കിലെടുക്കാതെതന്നെ, എപ്പോഴും ഹൃദയപൂര്‍വമായ താത്പര്യമാണ് ഉണ്ടായിട്ടുള്ളത്. വിവാഹവിരുന്നിന്റെ ഉപമ ഇക്കാര്യം നമ്മോടു പറയുന്നു.  രാജാവിന്റെ ആജ്ഞപ്രകാരം സേവകര്‍ ''ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി'''(മത്താ. 22:10). എന്തിനു പറയണം, ദരിദ്രരും വികലാംഗരും കുരുടരും മുടന്തരും (ലൂക്കാ 14:21), ചുരുക്കത്തില്‍, നമ്മുടെ എളിയ സഹോദരീസഹോദരന്മാര്‍, സമൂഹം പാര്‍ശ്വവത്കരിച്ചവര്‍, രാജാവിന്റെ പ്രത്യേക അതിഥികളായി മാറി. തന്റെ പുത്രനുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ള വിവാഹവിരുന്ന് എപ്പോഴും എല്ലാവര്‍ക്കുംവേണ്ടി തുറന്നിരിക്കുന്ന ഒന്നാണ്; കാരണം, നമ്മോട് ഓരോരുത്തരോടുമുള്ള അവിടുത്തെ സ്‌നേഹം അപാരവും വ്യവസ്ഥകളില്ലാത്തതുമാണ്. ''എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന്, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു'' (യോഹ 3:16). രൂപാന്തരപ്പെടുത്തുകയും രക്ഷിക്കുകയും ചെയ്യുന്ന തന്റെ കൃപയില്‍ പങ്കുചേരാന്‍ ദൈവം എല്ലാവരെയും, ഓരോ സ്ത്രീയെയും പുരുഷനെയും, ക്ഷണിക്കുന്നു. സൗജന്യമായി ലഭിക്കുന്ന ഈ ദൈവികദാനത്തോട് ഒരാള്‍''അതേ' എന്നുമാത്രം പറഞ്ഞാല്‍ മതി; അതിനെ സ്വീകരിക്കുകയും അതുവഴിയായി സ്വയം രൂപാന്തരപ്പെടാന്‍ അനുവദിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും 'വിവാഹവസ്ത്രം''(മത്താ. 22:12) ധരിച്ചതുപോലെ ആയിരിക്കാന്‍ സാധിക്കും.
    അവസാനമായി, ഗലീലിയിലെ കാനായിലെ വിവാഹവിരുന്നില്‍ യേശുവിനോട് തന്റെ ആദ്യത്തെ അദ്ഭുതം പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിച്ച മറിയത്തിലേക്ക് (യോഹ 2:1-12) നമുക്കു നമ്മുടെ ദൃഷ്ടി ഉയര്‍ത്താം. കര്‍ത്താവ് നവദമ്പതികള്‍ക്കും എല്ലാ അതിഥികള്‍ക്കുമായി സമൃദ്ധമായി പുതുവീഞ്ഞു നല്‍കി. അവസാനകാലത്ത് എല്ലാവര്‍ക്കുംവേണ്ടി ദൈവം ഒരുക്കുന്ന വിവാഹവിരുന്നിന്റെ ഒരു മുന്നാസ്വാദനമായിരുന്നു അത്. നമ്മുടെ ഈ കാലഘട്ടത്തിലെ ക്രിസ്തുശിഷ്യരുടെ സുവിശേഷവത്കരണദൗത്യത്തില്‍ നമ്മെ സഹായിക്കാനായി അവളുടെ മാതൃസഹജമായ മാധ്യസ്ഥ്യം നമുക്കു പ്രാര്‍ഥിക്കാം. നമ്മുടെ അമ്മയുടെ സന്തോഷത്തോടും നമ്മോടുള്ള കരുതലോടുംകൂടെ, അവളുടെ ആര്‍ദ്രതയിലും സ്‌നേഹത്തിലുംനിന്ന് ശക്തിസംഭരിച്ചുകൊണ്ട് (സുവിശേഷത്തിന്റെ സന്തോഷം, 288) നമ്മുടെ രക്ഷകനായ രാജാവിന്റെ ക്ഷണം എല്ലാവര്‍ക്കും നല്‍കാനായി നമുക്ക് ഇറങ്ങിപ്പുറപ്പെടാം. പരിശുദ്ധ മറിയമേ, സുവിശേഷവത്കരണതാരമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)