•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

സൈബറിടങ്ങളിലെ അഴിയാക്കുരുക്കുകള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 17 October , 2024

   സൈബറിടങ്ങളിലെ ചതിവലകളില്‍ കുരുങ്ങി സ്വത്തും സ്വത്വവും അടിയറവയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുന്ന ഭീതിദമായ സംഭവങ്ങള്‍ക്കു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. അതിനൂതനമായസൈബര്‍ ഫ്രോഡുകള്‍ക്കു മുമ്പില്‍ വിറങ്ങലിച്ചു വിയര്‍ത്തൊലിച്ച് മണിക്കൂറുകളെന്നല്ല, ദിവസങ്ങള്‍തന്നെയും വെറുമൊരു ആജ്ഞാനുവര്‍ത്തിയെപ്പോലെ അനുസരിക്കാന്‍മാത്രം വിധിക്കപ്പെടുന്ന ഹതഭാഗ്യരുടെ എണ്ണം ദിവസംതോറും വര്‍ധിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ഇരകളാകാന്‍ വിധിക്കപ്പെടുന്നവരിലധികവും സാധാരണക്കാരല്ല, വിദ്യാസമ്പന്നരും പ്രഫഷണലുകളുമാണെന്നതാണു നമ്മെ ലജ്ജിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതും.
   മൊബൈല്‍സ്‌ക്രീനില്‍ ഞൊടിയിടകൊണ്ടു തടവിലാക്കുന്ന സൈബറിടങ്ങളിലെപുത്തന്‍തട്ടിപ്പുരീതികളില്‍ പ്രധാനിയാണ് ഡിജിറ്റല്‍ അറസ്റ്റ്. അഴിയില്ലാത്ത ജയില്‍വാസവും ഡിജിറ്റല്‍കോടതിയും വിധിത്തീര്‍പ്പുകളും  ശിക്ഷാമുറകളും ഇത്തരം സൈബറിടങ്ങളിലെ അഴിയാക്കുരുക്കാവുകയാണ്. ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു മൊബൈല്‍സ്‌ക്രീനില്‍ ഇരകളെ തളച്ചിടുന്ന പുത്തന്‍ തട്ടിപ്പുരീതിക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നു. സി.ബി.ഐ. എന്നും ഇ.ഡി. എന്നും പോലീസെന്നുമൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി വീഡിയോ കോളില്‍ ഇരകളെ തേടിയെത്തുന്ന വന്‍വ്യവസായമാണ് അരങ്ങേറുന്നത്. സി.ബി.ഐ., ഇ.ഡി., പോലീസ്, കസ്റ്റംസ്, ജഡ്ജിമാര്‍ എന്നിവരാരും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റു ചെയ്യാറില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ - ഓര്‍ഡിനേഷന്‍ സെന്റര്‍ മുന്നറിയിപ്പുകള്‍ പുറത്തിറക്കുമ്പോഴും തട്ടിപ്പുകാര്‍ പിന്‍വാങ്ങാത്തതിന്റെ കാരണം, അത്രമാത്രം തഴച്ചുവളരാവുന്ന വന്‍ബിസിനസായി ഓണ്‍ലൈന്‍തട്ടിപ്പുകള്‍ മാറി എന്നതാണ്.
    മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 65 വയസ്സുള്ള സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിലാക്കി അഞ്ചുദിവസത്തെ വ്യാജചോദ്യംചെയ്യലിനു വിധേയയാക്കി 46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഈയിനത്തില്‍ ഏറ്റവുമൊടുവില്‍ രാജ്യത്തു വാര്‍ത്തയായത്. ഇന്‍ഡോറിലെതന്നെ ഒരു ശാസ്ത്രജ്ഞനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തി 71.33 ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും അടുത്തകാലത്തെ ചൂടുപിടിച്ച വാര്‍ത്തയായിരുന്നു. വീഡിയോ കോളില്‍ സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ തട്ടിപ്പുവീരനും സംഘവും ഏതാണ്ട് ഒരാഴ്ചക്കാലമാണ് ശാസ്ത്രജ്ഞനെ ഡിജിറ്റല്‍ കസ്റ്റഡിയിലാക്കി ചോദ്യം ചെയ്ത് ഒടുവില്‍ പണം തട്ടിയെടുത്തത്.
    രാജ്യത്ത് സൈബര്‍തട്ടിപ്പുകള്‍ പെരുകുന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍വഴി അറിയാന്‍ കഴിയുന്നത്. മൂന്നുവര്‍ഷത്തിനിടെ ഈയിനത്തില്‍ നഷ്ടമായത് 10,319 കോടി രൂപയാണെന്നു ഞെട്ടലോടെ മാത്രമേ കേള്‍ക്കാനാവൂ. ഇക്കൊല്ലം രാജ്യത്തുനിന്നു കടത്തിയത് 7000 കോടി രൂപയാണെന്ന് ഔദ്യോഗികകണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഓണ്‍ലൈന്‍തട്ടിപ്പുകളുടെ തട്ടകം ഉത്തരേന്ത്യയാണെന്നാണ് സൈബര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ജാര്‍ഖണ്ഡും രാജസ്ഥാനും ഹരിയാനയും തട്ടിപ്പുകേന്ദ്രങ്ങളുടെ മുന്‍നിരയിലുണ്ടത്രേ.
     ഡിജിറ്റല്‍കസ്റ്റഡിയെന്നും വെര്‍ച്വല്‍ അറസ്റ്റെന്നുമൊക്കെയുള്ള പല പേരുകളില്‍ അരങ്ങേറുന്ന സൈബര്‍ തട്ടിപ്പ് കേരളത്തെയും വല്ലാതെ വിഴുങ്ങുന്നുണ്ട്. ഒറ്റപ്പാലത്തുനിന്ന് രണ്ടു ഡോക്ടര്‍മാരെയും ഒരു വ്യവസായിയെയും ഡിജിറ്റല്‍ അറസ്റ്റിലാക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തത് ഈയടുത്ത കാലത്താണ്. ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസില്‍നിന്ന് 15 ലക്ഷം രൂപ ഇതേ രീതിയില്‍ തട്ടിയെടുത്തതും വാര്‍ത്തയായിരുന്നു. അദ്ദേഹം മാധ്യമങ്ങള്‍ക്കുമുമ്പില്‍ തട്ടിപ്പിനിരയായ സംഭവവും അവരുടെ രീതികളും മറയില്ലാതെ വിശദീകരിക്കാന്‍ തയ്യാറായതാണ് ഒരുപക്ഷേ, കേരളത്തില്‍ ചൂടുപിടിച്ച വാര്‍ത്തയായതും ജാഗ്രതയിലേക്കു ജനങ്ങളെ നയിച്ചതും. പ്രശസ്ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവ് ഇത്തരമൊരു തട്ടിപ്പില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട വാര്‍ത്തയാണ് കേരളത്തില്‍ പുതിയതെന്നു തോന്നുന്നു.
    ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍വഴി പണം അയച്ചു കെണിയില്‍ കുടുങ്ങുന്നവരുടെ പുറത്തറിയാത്ത കഥകളേറെയുണ്ട്. പണം ഇരട്ടിപ്പിക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം എന്നിങ്ങനെ പലവിധത്തിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ എത്രയുംവേഗം 1930 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പൊലീസിനെ വിവരമറിയിക്കണം. പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇടപെടലാണെങ്കില്‍ എത്രയുംവേഗം സ്വന്തം ബാങ്കുകളുമായി ബന്ധപ്പെടാന്‍ മടിക്കേണ്ടാ. നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അറിയാനും വിലയിരുത്താനുമുള്ള വിവേചനബുദ്ധി  ഉപയോഗിക്കേണ്ടത് നമ്മളോരോരുത്തരുമാണ്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)