വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും പരിവര്‍ത്തനങ്ങള്‍ക്കു വഴിതെളിക്കുന്ന ദേശീയവിദ്യാഭ്യാസനയം 2020-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസമേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരു ക്കുന്നതാണ് ഈ നയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യവിദ്യാഭ്യാസനയമാണിത്.
മുപ്പത്തിനാലു വര്‍ഷം പഴക്ക മുള്ള, 1986 ലെ ദേശീയ വിദ്യാഭ്യാസനയത്തെ (എന്‍പിഇ)പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്വമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാല്‍ തയ്യാറാക്കപ്പെട്ട ഈ നയം 2030 ലേക്കുള്ള സുസ്ഥിരവികസന അജന്‍ഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി, ഓരോ വിദ്യാര്‍ത്ഥിയുടെയും അതു ലഭ്യമായ കഴിവുകള്‍ പുറത്തെടുക്കുന്നതു ലക്ഷ്യമിട്ട്, സ്‌കൂള്‍-കോളജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്‍ണവും ആക്കുന്നതിലൂടെ ഇന്ത്യയെ ഊര്‍ജ്ജസ്വലമായ വിജ്ഞാനസമൂഹമാക്കാനും ആഗോളതലത്തില്‍ത്തന്നെ വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കാനും പുതിയ നയം ലക്ഷ്യ മിടുന്നു.
ന്യൂനപക്ഷാവകാശം
അസാധാരണമായ സാംസ്‌കാരിക വൈവിധ്യമുള്ള രാജ്യമാണ് ഇന്ത്യ. ഈ വൈവിധ്യമാണ് ഭാരതത്തിന്റെ അനന്യമായ സമ്പത്ത്. ഇന്ത്യന്‍ മതേതരത്വം (സെക്കുലറിസം) ഭരണഘടനാപരമായ മതേതരത്വമാണ്. അതു മഹത്തായ ജനാധിപത്യത്തോടും വൈവിധ്യങ്ങളോടും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ഭാഷ-മതന്യൂനപക്ഷങ്ങള്‍ക്കും തങ്ങളുടെ താത്പര്യമനുസരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്താനുള്ള അവകാശം ഭരണഘടനയുടെ 30-1 വകുപ്പ് പ്രദാനം ചെയ്യുന്നു ("All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice"). ഇന്ത്യന്‍ ഭരണഘടന പ്രത്യേകം പരിരക്ഷ നല്‍കിയിരിക്കുന്ന അവകാശമാണിത്. രാഷ്ട്രീയ-സാമുദായികസംവരണത്തില്‍ നിന്നു വിവിധ കാരണങ്ങള്‍ നിരത്തി കാലാകാല ങ്ങളിലുള്ള ഭരണാധികാരികള്‍ ക്രൈസ്തവരെ മാറ്റി നിര്‍ത്തിയപ്പോഴും വിദ്യാഭ്യാസസാംസ്‌കാരികാവകാശം നല്കി ഇന്ത്യന്‍ ഭരണഘടന ക്രൈസ്തവരെ പ്രത്യേകം പരിഗണിച്ചു.
ഒരു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം സംസ്‌കാരവും വിദ്യാഭ്യാസവും അതിന്റെ നിലനി ല്പിന് അത്യന്താപേക്ഷിതമാണ്. പിന്നാക്കസമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും വ്യക്തികളെന്നനിലയില്‍ ലഭിക്കുന്ന ആനുകൂല്യം ന്യൂനപക്ഷാവകാശമല്ല. അത് സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ നല്കുന്ന ആനുകൂല്യങ്ങളാണ്. ന്യൂനപക്ഷസംരക്ഷണം ഈ പുതിയ വിദ്യാഭ്യാസനയത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നില്ല. ന്യൂനപക്ഷങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ടെന്നതു ശരിയാണ്. പക്ഷേ, ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചു പരാമര്‍ശമില്ല. ക്രൈസ്തവസഭകളുടെ സാന്നിധ്യവും അസ്തിത്വവും പുതിയ വിദ്യാഭ്യാസനയത്തില്‍ ബോധപൂര്‍വം അവഗണിച്ചിരിക്കുന്നു. രാഷ്ട്രനിര്‍മിതിയില്‍ അസാധാരണമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നവരാണ് ഭാരതക്രൈസ്തവര്‍.
ന്യൂനപക്ഷവിഭാഗങ്ങളെ സംരക്ഷിച്ചുവളര്‍ത്തണം എന്നതാണു ഭരണഘടന വിഭാവനം ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ അവരുടെ വ്യതിരിക്തത കാത്തുസൂക്ഷിച്ചു വളരാനാണ് ഈ അവകാശങ്ങള്‍ നല്കപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ ഒരു സംഘാതാവകാശമാണ് (collective right).
ന്യൂനപക്ഷങ്ങള്‍ പുലര്‍ത്തുന്ന ധാര്‍മികത
ഭാരതത്തിന്റെ ഏറ്റവും വലിയ യശസ്സ് ധാര്‍മികമാനദണ്ഡങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്ന ഒരു ജനതതി (ആര്‍ഷഭാരതസംസ്‌കൃതി) എന്നതത്രേ. ഭാരതത്തിന്റെ ആഴമാര്‍ന്ന ജൈവനീതിബോധം വിശ്വപ്രസിദ്ധമാണ്. ധാര്‍മികതയും ആത്മീയതയും നഷ്ടപ്പെട്ടാല്‍ ഒരു ജനതയ്ക്കും മുമ്പോട്ടുപോകാനാവില്ല. ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ ഇവിടത്തെ ധാര്‍മികമൂല്യങ്ങള്‍ പരിരക്ഷിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു.
ഇക്കാര്യത്തില്‍ ക്രൈസ്തവസഭകളുടെ പങ്കുവലുതാണ്. ക്രൈസ്തവസഭകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കലാലയങ്ങളിലൂടെ ഈ രാജ്യത്തിനു കൈവന്ന നേട്ടങ്ങള്‍ അതുല്യങ്ങളാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, ആദിവാസികള്‍, തൊഴില്‍ചൂഷണങ്ങള്‍ നേരിട്ടവര്‍, വര്‍ഗ്ഗ-ലിംഗവിവേച നത്തിന്റെ ഇരകള്‍ തുടങ്ങി പൊതുസമൂഹത്തിന്റെ പിന്നാമ്പുറത്തുള്ളവര്‍ക്കെല്ലാം നീതിബോധവും, സ്വത്വ ബോധവും പൗരബോധവും പകര്‍ന്നുനല്‍കുവാന്‍ ക്രൈസ്തവമിഷനറിമാര്‍ നല്‍കുന്ന ധീരമായ നേതൃത്വം അതുല്യമാണ്.
ഭാരതത്തിന്റെ ബഹുസ്വരത
മഹത്തായ ഭാരതത്തിന്റെ നവോത്ഥാനത്തിന്റെ ശംഖൊലിയാവണം പുതിയ വിദ്യാഭ്യാസനയത്തിലൂടെ ആവിഷ്‌കൃതമാകേണ്ടത്. ഭാരതത്തിന്റെ സാംസ്‌കാരിക സമ്പന്നതയാകണം ഈ നയത്തിലൂടെ പ്രകാശിതമാകേണ്ടത്. മതേതര ഇന്ത്യയുടെ മുഖ്യധാരാഭിമുഖ്യങ്ങള്‍ പലതും ഈ പുതിയ വിദ്യാഭ്യാസനയത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ന്യൂന പക്ഷത്തിന്റെ തനതു സംസ്‌കാരസവിശേഷതകള്‍ പരിപോഷിപ്പിക്കാനുള്ള അവസരമാണു വേണ്ടത്. സാമൂഹിക - സാമ്പത്തികമേഖലകളില്‍ പിന്നാക്കം നില്ക്കുന്നവരെ സഹായിക്കുന്നത് അഭിനന്ദനീയമാണ്. പക്ഷേ, അവിടെയും സംസ്‌കാരത്തെ തകര്‍ക്കുന്ന തരത്തിലാകരുത് സാമ്പത്തികവളര്‍ച്ചയക്കുറിക്കുന്ന ദര്‍ശനവും പ്രായോഗിക സമീപനങ്ങളും.
ന്യൂനപക്ഷാവകാശങ്ങളില്‍ രാഷ്ട്രപുരോഗതി ക്കുള്ള വലിയ അവകാശമാണ് അന്തര്‍ലീനമായിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സമുദായം വളരുന്നു, അതുകൊണ്ട് അവര്‍ ന്യൂനപക്ഷാവകാശങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല.
ന്യൂനപക്ഷാവകാശത്തിലൂടെ നടക്കുന്നത് പരിപോഷിപ്പിക്കലും വളര്‍ത്തലും വര്‍ധിപ്പിക്കലുമാണ്. ഭാരതത്തിന്റെ സമ്പന്നമായ വൈവിധ്യങ്ങളെ ഐക്യപ്പെടുത്തുന്ന അടയാളങ്ങളാണ് ന്യൂനപക്ഷങ്ങള്‍.
മാതൃഭാഷയും സംസ്‌കാരവും
പുതിയ വിദ്യാഭ്യാസനയത്തില്‍ മാതൃഭാഷയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ സംവിധാനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സംരക്ഷണം, വികസനം എന്നിവ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഇന്റര്‍പ്രെറ്റേഷന്‍ (Indian Institute of Translation and interpretation), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് (National Institutes) എന്നിവ പുതിയ വിദ്യാഭ്യാസനയത്തില്‍ വിഭാവനം ചെയ്തിരിക്കുന്നു.
പുരാതനഭാഷകളും പുതിയ വിദ്യാഭ്യാസനയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാലി, സംസ്‌കൃതം, പ്രാകൃത്, പേര്‍ഷ്യന്‍ എന്നിവ ഉദാഹരണങ്ങളത്രേ. മതങ്ങള്‍ നല്‍കുന്ന സാമൂഹികപരിരക്ഷ പലപ്പോഴും ഇത്തരം ഭാഷകളുടെ നിലനില്പിനും വളര്‍ച്ചയ്ക്കും സഹായകമായിട്ടുണ്ട്.
ക്രൈസ്തവരുടെ ആരാധനക്രമഭാഷയായ സുറിയാനി ഈ ദേശീയ വിദ്യാഭ്യാസനയത്തില്‍ ഉള്‍പ്പെടുന്നില്ല എന്നത് ദുഃഖകരമായ സത്യമാണ്. ഭാരതത്തിന്റെ സംസ്‌കാരത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവരുടെ സാന്നിധ്യത്തെ വിലമതിച്ച് സുറിയാനിഭാഷയെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാക്കണം. അതിന്റെ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും വേണം. സുറിയാനി ഭാരതത്തിലെ ക്രൈസ്തവരുടെ ആരാധനക്രമഭാഷയായിരുന്നു എന്നു മാത്രമല്ല, നൂറ്റാണ്ടുകളിലൂടെ അനേകര്‍ പ്രാര്‍ഥിച്ചും കേട്ടും പഠിച്ചും ഈ രാജ്യത്തിന്റെ സാംസ്‌കാരികവളര്‍ച്ചയെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. വിവിധ സ്‌കൂളുകളിലും കോളജുകളിലും ഇപ്പോഴും സുറിയാനി ഐച്ഛികഭാഷയാണ്. സജീവമായ ഒരു സുറിയാനിസംസ്‌കാരം നമ്മുടെ നാടിന്റെ ഭാഗംതന്നെയാണ്.
ഭാരതത്തിന്റെ ദേശീയത
ഭാരതീയസംസ്‌കാരത്തിന്റെ കാതല്‍ നാനാത്വത്തിലെ ഏകത്വമാണ്. ഈ രാജ്യത്തുള്ള എല്ലാ മത - ഭാഷാവിഭാഗങ്ങളും സ്വതന്ത്രമായും സ്വച്ഛമായും വളര്‍ന്നുവരണം. ഈ വളര്‍ച്ചയില്‍നിന്നു വരുന്ന സ്ഥായിയും സ്വാഭാവികവുമായ സത്ഫലമായിരിക്കണം ദേശീയത. പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ ക്രൈസ്തവര്‍ക്കു ശ്രദ്ധേയമായ ഒരു ഇടം നല്‍കിയിട്ടില്ല. ന്യൂനപക്ഷാവകാശം വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടുകയോ സംരക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. മാത്രമല്ല, ബോധപൂര്‍വമുള്ള അവഗണനയും കാണുന്നു.
ലിംഗ-സാമൂഹിക-സാംസ്‌കാരിക-ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കു പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ പ്രത്യേക ഊന്നലുണ്ട്. ജെന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട്, പിന്നാക്കപ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കുമായി പ്രത്യേക വിദ്യാഭ്യാസമേഖല സ്ഥാപിക്കല്‍ എന്നിവ അത്തരത്തിലുള്ള നിര്‍ദേശങ്ങളാണ്. ഭിന്നശേഷിക്കാരായ കുട്ടികളെയും പരിഗണിക്കുന്നുണ്ട്. ജനനത്തിന്റെയോ സാമൂഹികപശ്ചാത്തലത്തിന്റെയോ സാഹചര്യങ്ങളാല്‍ ഒരു കുട്ടിക്കുപോലും പഠിക്കാനും മികവ് തെളിയിക്കാനുമുള്ള അവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പുപറഞ്ഞിട്ടുണ്ട്. ഇതെല്ലാം അഭിനന്ദനീയമായ നല്ല കാര്യങ്ങളാണ്.
പക്ഷേ, ന്യൂനപക്ഷാവകാശം ഇതൊന്നുമല്ല. എന്തെങ്കിലും താല്‍ക്കാലിക സഹായം ലഭിക്കുന്നതിന്റെ പേരില്‍ നിസ്സംഗരായി മൗനം ദീക്ഷിച്ച് ക്രൈസ്തവര്‍ മാറരുത്. ദേശീയത എന്നത് ഹിന്ദുദേശീയത എന്നു ചുരുങ്ങിപ്പോകരുത്. ഈ ദേശീയവിദ്യാഭ്യാസനയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷാവകാശങ്ങളല്ല. ആനുകൂല്യങ്ങളില്‍തന്നെ ക്രൈസ്തവര്‍ക്ക് ആനുപാതികമായ പങ്ക് ലഭിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ശക്തമായ പ്രതികരണങ്ങള്‍ സര്‍ക്കാരിനെ ഭാരതീയ മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കമ്മീഷനുള്‍പ്പെടെയുള്ള വിവിധ വേദികളിലൂടെ ശക്തമായി അറിയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയിലെ ന്യൂനപക്ഷാവകാശങ്ങള്‍
ഇപ്പോള്‍ത്തന്നെ വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷാവകാശത്തിന്മേല്‍ വളരെയേറെ കടന്നുകയറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരുപോലെ മത്സരിക്കുന്നു. അധ്യാപകര്‍ക്ക് സമയത്ത് വേതനം നല്‍കാതെയും ജോലിസ്ഥിരത ഉറപ്പുവരുത്താതെയും സര്‍ക്കാര്‍ കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മ സാമാന്യനീതിയുടെ ബോധപൂര്‍വമായ നിഷേധമാണ്. രാഷ്ട്രീയവിലപേശലുകളും ഉദ്യോഗസ്ഥതലത്തിലെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ അനേകകുടുംബങ്ങള്‍ കുടുംബശൈഥില്യവും സാമ്പത്തികത്തകര്‍ച്ചയുംമൂലം ദുരിതമനുഭവിക്കുന്നു.
ഇന്ത്യന്‍ഭരണഘടന അനുവദിച്ചുതന്നിട്ടുള്ളതാണ് മതന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക അവകാശങ്ങള്‍. ഇതനുസരിച്ചു വിദ്യാലയങ്ങള്‍ ആരംഭിക്കാനും തങ്ങളുടെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസത്തിനും ധാര്‍മികമൂല്യങ്ങള്‍ക്കും അനുസൃതമായി ഈ സ്ഥാപനങ്ങള്‍ നടത്താനും മതന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഭരണകൂടത്തിനു സാധ്യമല്ല. അധ്യാപകനിയമനവും വിദ്യാര്‍ഥികളുടെ പ്രവേശനവും ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രത്യേക അവകാശങ്ങളാണ്. സംശുദ്ധവും സുതാര്യവുമായ നടപടിക്രമങ്ങളാണ് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ദീര്‍ഘകാലമായി സ്വീകരിക്കുന്നത്.
തങ്ങളുടെ അവകാശങ്ങളോടൊപ്പം കടമകളും ന്യൂനപക്ഷസമുദായങ്ങള്‍ സമീപനങ്ങളില്‍ സൂക്ഷിക്കണം. കടമകളിലെ ബോധ്യമില്ലായ്മ ന്യൂനപക്ഷസമുദായങ്ങളുടെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യും. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുമ്പോള്‍ വരുംതലമുറയുടെ അവകാശങ്ങളാണു നിഷേധിക്കപ്പെടുന്നത്. ഭാരതത്തിന്റെ സാംസ്‌കാരികസമ്പത്ത് അഭംഗുരം കാത്തുസൂക്ഷിക്കാനും വൈവിധ്യങ്ങളുടെ കാവലാളാകുവാനും ഓരോ ഭാരതീയനും ചുമതലയുണ്ട്. മതവിശ്വാസങ്ങളെയും സംസ്‌കാരവൈവിധ്യങ്ങളെയും നിറമനസോടെ സ്വീകരിച്ച വിശാലമായ ആതിഥ്യമനോഭാവം ഭാരതത്തിനുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസനയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ധീരതയോടെ അതിജീവിച്ച് ക്രൈസ്തവവിദ്യാഭ്യാസശുശ്രൂഷ നാം നിയോഗശുദ്ധിയോടെ തുടരണം.
(ലേഖകന്‍ കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാനാണ്.)