•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സ്‌കൂള്‍ ' ഒളിമ്പിക്‌സ്' അല്ല; കേരള സ്‌കൂള്‍ കായികമേള

സംസ്ഥാന സ്‌കൂള്‍ കായികമേള എന്ന വിശേഷണം എപ്പോഴും സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സിനാണ് ചാര്‍ത്തിപ്പോന്നിട്ടുള്ളത്. മറ്റു കളികള്‍ സ്‌കൂള്‍ ഗെയിംസ് ആയി അറിയപ്പെട്ടു. ഫുട്‌ബോളും വോളിബോളും ബാസ്‌കറ്റ്‌ബോളുമെല്ലാം ഉണ്ടെങ്കിലും സ്‌കൂള്‍ഗെയിംസിന് ഒരിക്കലും അത്‌ലറ്റിക്‌സിന്റെ ഗ്ലാമര്‍ ഇല്ലാതെപോയി. മാത്രമല്ല, പലപ്പോഴും ഇതു വേറിട്ടാണു നടത്തപ്പെട്ടത്. 
   ഒരുമിച്ച് ഒരേസ്ഥലത്തു സംഘടിപ്പിക്കപ്പെട്ടപ്പോഴൊക്കെ ആദ്യദിനങ്ങളിലെ ഗെയിംസിനു വലിയ മാധ്യമശ്രദ്ധ കിട്ടിയുമില്ല. 
   ഇതിനെല്ലാം പരിഹാരമായി ''സ്‌കൂള്‍ ഒളിമ്പിക്‌സ്'' എന്നു പേരിട്ട് നവംബര്‍ നാലുമുതല്‍ 11 വരെ എറണാകുളത്ത് 17 വേദികളിലായി ഗെയിംസും അത്‌ലറ്റിക്‌സും നടത്താന്‍ തീരുമാനിച്ചു. 36 ഇനങ്ങളിലാണു മത്സരം. സവിശേഷകഴിവുകളുള്ള കുട്ടികളെയും ഉള്‍പ്പെടുത്തി 'ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ്' എന്ന ആശയം നടപ്പാക്കാനും തീരുമാനിച്ചു. ഇത്തരം കുട്ടികള്‍ രണ്ടായിരത്തോളം വരുമത്രേ. ആകെ 26,000 കുട്ടികള്‍ ഇത്തവണ സ്‌കൂള്‍കായികമേളയില്‍ പങ്കെടുക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്കുകൂട്ടല്‍.
   വളരെ നല്ല ആശയമാണ്. പക്ഷേ, മേളയ്ക്ക് സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നു പേരിട്ടാല്‍ നിയമനടപടികള്‍ക്കു വിധേയമാകേണ്ടിവരുമെന്ന് ഈ ലേഖകന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പക്ഷേ, ബന്ധപ്പെട്ടവര്‍ വഴങ്ങിയില്ല. അവര്‍ 'സ്‌കൂള്‍ ഒളിമ്പിക്‌സ്' എന്നുതന്നെ കൊട്ടിഘോഷിച്ചു. ഒടുവില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിനു കാര്യം മനസ്സിലായി. കഴിഞ്ഞ ദിവസം അവര്‍ 'ഒളിമ്പിക്‌സ്' എന്ന വാക്ക് ഒഴിവാക്കി കേരള സ്‌കൂള്‍ കായികമേള എന്നായി പുതിയ പേര്. വൈകിയാണെങ്കിലും വിദ്യാഭ്യാസവകുപ്പ് കാരണം മനസ്സിലാക്കിയതില്‍ സന്തോഷം.
   കേരള ഒളിമ്പിക് അസോസിയേഷന്‍ മുമ്പ് കേരള ഒളിമ്പിക് ഗെയിംസ് നടത്തുമെന്നു പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍നിന്ന് നോട്ടീസ് കിട്ടുകയും സ്റ്റേറ്റ് ഗെയിംസ് എന്നു പേരുമാറ്റാന്‍ നിര്‍ബന്ധിതരാകുകയും ചെയ്ത അനുഭവം നമ്മുടെ മുമ്പിലുണ്ട്.  ഇത് കെ.ഒ.എ. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നിട്ടും ചിലര്‍ കടുംപിടിത്തവുമായി മുന്നോട്ടുപോയി. ഇപ്പോള്‍ പറയുന്നത് 'ഒളിമ്പിക്‌സ്' എന്ന വാക്ക് ഉപയോഗിക്കാന്‍ അനുമതിക്കായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് എഴുതിയിട്ടുണ്ടെന്നും അടുത്തവര്‍ഷം സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരില്‍ നടക്കുമെന്നുമാണ്.
  നടക്കില്ലെന്നു തീര്‍ത്തുപറയട്ടെ. 'ഒളിമ്പിക്‌സ്' ഒരു പൊതുവാക്കല്ല (not merely a generic term)എന്ന് ഒളിമ്പിക് ചാര്‍ട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) പേറ്റന്റ് എടുത്തിട്ടുള്ളതാണ്. രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്ക് ആണത്. ഒളിമ്പിക്‌സ്, ഒളിമ്പിക് ഗെയിംസ് എന്നീ വാക്കുകളും ഒളിമ്പിക്‌സ് വളയങ്ങളും ചിഹ്നവും പതാകയും ദീപശിഖയും എല്ലാം ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് (ഐ.പി.ആര്‍.) പ്രകാരം ഐ.ഒ.സിയുടെ സ്വത്താണ്. 
   നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത് ഒളിമ്പിക് പ്രസ്ഥാനം എന്നതില്‍ മൂന്നു ഘടകങ്ങളേയുള്ളൂ എന്നാണ്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി, ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റികള്‍ (ഇന്ത്യയില്‍ ഒളിമ്പിക് അസോസിയേഷന്‍) രാജ്യാന്തരസ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍. കേന്ദ്ര സര്‍ക്കാരുകളോ സംസ്ഥാനസര്‍ക്കാരുകളോ ഒളിമ്പിക്‌സ് പ്രസ്ഥാനത്തിന്റെ ഭാഗമല്ല.
   'ഒളിമ്പിക്‌സ്' എന്ന വാക്ക് ഐ.ഒ.സി.യും എന്‍.ഒ.സികളും സംരക്ഷിക്കുന്നു. മുമ്പ് ഇന്ത്യയിലെ ഒരു പ്രമുഖവിദ്യാഭ്യാസസ്ഥാപനം അവരുടെ സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് സയന്‍സ്' തുടങ്ങിയപ്പോള്‍ പ്രധാനകെട്ടിടത്തിനു മുന്നിലെ ബോര്‍ഡില്‍ ഒളിമ്പിക്‌സ് ചിഹ്നം  ചേര്‍ത്തത് വലിയ പ്രശ്‌നമായതാണ്. മാപ്പ് എഴുതിക്കൊടുത്ത് ചിഹ്നം നീക്കം ചെയ്യേണ്ടിവന്നു. ഐ.ഒ.സിയാകട്ടെ, ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്കല്ലാതെ അനുമതി കൊടുക്കാറുമില്ല.
   'ഒളിമ്പിക്‌സിന് ലോകത്തുള്ള ആദരണീയസ്ഥാനം' ആണ് എല്ലാറ്റിനും അടിസ്ഥാനം. ഒരു രാജ്യത്ത് ഒളിമ്പിക്‌സ് നടക്കുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യുന്നു എന്നു പറയാന്‍മാത്രമാണ് ആ രാജ്യത്തെ പ്രസിഡന്റിനോ പ്രധാനമന്ത്രിക്കോ അവകാശം. സര്‍ക്കാര്‍ ഇടപെടല്‍ ഏതെങ്കിലും തരത്തില്‍ ഉണ്ടായാല്‍ അതത് ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ അംഗീകാരം നഷ്ടപ്പെടും.
    'സ്‌കൂള്‍ ഒളിമ്പിക്‌സ്' എന്ന പേരില്‍ വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അതിന് കേരളത്തിനു പുറത്ത് അംഗീകാരവും കിട്ടില്ല. മലയാളിതാരങ്ങളില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളിലും കേന്ദ്രസര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലുമൊക്കെയാണ് ജോലി തേടുന്നത്. അവര്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് അയയ്ക്കുക ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലേക്ക് ആയിരിക്കും. അവര്‍ അംഗീകാരം നല്‍കില്ല.
    അടുത്തവര്‍ഷം 'സ്‌കൂള്‍ ഒളിമ്പിക്‌സ്' എന്ന പേര് ഉപയോഗിക്കും എന്നു പറഞ്ഞുനടക്കാതെ യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുകയാണ് വിദ്യാഭ്യാസവകുപ്പു ചെയ്യേണ്ടത്. ഒളിമ്പിക്‌സ് എന്നു പേരിടാന്‍ ശ്രമിച്ചാല്‍മാത്രം പോരാ. കുറഞ്ഞത് രാജ്യാന്തരനിലവാരത്തിലെങ്കിലും മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വേണം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)