•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

സ്‌നേഹം തുളുമ്പുന്ന തിരുഹൃദയം

  • മോണ്‍. ജോജി വടകര
  • 7 November , 2024

ഫ്രാന്‍സിസ് പാപ്പായുടെ നാലാമത് ചാക്രികലേഖനം ''ദിലേക്‌സിത് നോസ് '' 2024 ഒക്‌ടോബര്‍ 24 ന് പ്രസിദ്ധീകരിച്ചു. 

     മുറിവേല്പിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തെക്കുറിച്ചും യേശുവിന്റെ മാനുഷിക, ദൈവികസ്‌നേഹത്തെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചുകൊണ്ട് ''ദിലേക്‌സിത് നോസ്''  (Dilexit nos - അവന്‍ നമ്മെ സ്‌നേഹിച്ചു)  എന്ന പേരില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതിയ ചാക്രികലേഖനം 2024 ഒക്ടോബര്‍ 24 വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഫ്രാന്‍സിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണിത്. ക്രിസ്തുവിനു നമ്മോടുള്ള ആഴമേറിയ സ്‌നേഹവും അവന്‍ കാണിച്ചുതരുന്ന ശുശ്രൂഷയുടെ മാതൃകയും യേശുവിനെപ്പോലെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ക്കു ശുശ്രൂഷ ചെയ്യാനും നമ്മെ ക്ഷണിക്കുന്നുണ്ട് എന്ന് പാപ്പാ ഈ ലേഖനത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നു. കുന്തത്താല്‍ പിളര്‍ക്കപ്പെട്ട ക്രൂശിതന്റെ തിരുവിലാവില്‍ നിന്ന് ഒഴുകുന്ന ജീവജലത്തിന്, മാനവികതയുടെ മുറിവുകളെ സൗഖ്യപ്പെടുത്താന്‍ സാധിക്കുമെന്നും പാപ്പാ എഴുതുന്നു.
    വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനം എട്ടാം അധ്യായം 31 മുതല്‍ 39 വരെയുള്ള ഭാഗത്ത് ദൈവസ്‌നേഹപാരമ്യത്തെക്കുറിച്ച് എഴുതുന്നതു പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പാ 'ദിലേക്സിത് നോസ്' ആരംഭിക്കുന്നത്. പ്രധാനമായി രണ്ടു ചിന്തകളാണ് ഇവിടെയുള്ളത് (റോമാ. 8, 37; 39). ക്രിസ്തു നമ്മെ സ്‌നേഹിച്ചുവെന്നുള്ള ചിന്തയും ആര് നമ്മെ ക്രിസ്തുവില്‍നിന്ന് അകറ്റുമെന്ന ചോദ്യവുമാണവ. യേശുവാണ് ആദ്യം നമ്മെ സ്‌നേഹിച്ചത്. കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം, വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്‌നേഹിക്കുന്നു, നമുക്കായി കാത്തിരിക്കുന്നു.
    യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്‌നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, സ്വയം പാനീയമായി നല്‍കുന്ന സ്‌നേ
ഹം, സ്‌നേഹത്തിനായുള്ള സ്നേഹം എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ ഈ അഞ്ച് അധ്യായങ്ങളിലായി പാപ്പാ വിശകലനം ചെയ്യുന്നത്.
ഹൃദയത്തിന്റെ പ്രാധാന്യം
   ദിലേക്സിത് നോസിന്റെ ഒന്നാം അധ്യായം മനുഷ്യജീവിതത്തില്‍ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ളതാണ്. ഇന്നത്തെ ലോകമെന്നത് ഉപഭോ
ക്തൃസംസ്‌കാരത്തിന്റെ അടിമത്തത്തില്‍പ്പെട്ട്, ഒന്നിലും ഒരിക്കലും സംതൃപ്തിയടയാത്ത മനുഷ്യരുള്ള ഒരിടമായി മാറിയിട്ടുണ്ട്(2). ഇത്തരമൊരു പശ്ചാത്തലത്തിലാണ് എല്ലാറ്റിന്റെയും കേന്ദ്രമായി വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്ന ഹൃദയത്തിന്റെ പ്രാധാന്യത്തെപ്പറ്റി പാപ്പാ എഴുതുന്നത്. ബാഹ്യമായി മറ്റു
ള്ളവര്‍ കാണുന്നവയാകണമെന്നില്ല യഥാര്‍ഥത്തില്‍ ഹൃദയത്തില്‍ മനുഷ്യര്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്(4). എന്നാല്‍, പുറമേ കാണിക്കുന്നവയെന്തായാലും, ഉള്ളില്‍ ഒളിപ്പിച്ചവ എന്തായാലും, നാം നാമായിരിക്കുന്ന ഇടം ഹൃദയമാണ്(6). അവിടെ അഭിനയമില്ല, കള്ളത്തരങ്ങളില്ല. അതുകൊണ്ടുതന്നെ, നമ്മുടെ യഥാര്‍ഥ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നമ്മുടെ അസ്തിത്വവുമൊക്കെ അവിടെ നമുക്കു കണ്ടെത്താനാകും. ദൈവത്തിനുമുമ്പില്‍ ഞാനാരാണ് എന്ന ചോദ്യമുയരുന്നതും അവിടെയാണ്(8).
     ഗ്രീക്ക് തത്ത്വചിന്തയിലും ക്രൈസ്തവേതരയുക്തിവാദത്തിലും ആദര്‍ശവാദങ്ങളിലും ഭൗതികവാദത്തിലുമൊക്കെ ഹൃദയത്തിനും അതിന്റെ വികാര
വിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം ഉണ്ടായിരുന്നില്ല. തത്ത്വചിന്തകര്‍ക്കുമുന്നില്‍, കാര്യകാരണങ്ങള്‍ക്കും ഇച്ഛാശക്തിക്കും, സ്വാതന്ത്ര്യത്തിനുമൊക്കെയാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാല്‍, എന്നെ ഞാനാക്കുന്ന, എന്റെ ആധ്യാത്മികതയ്ക്കും സ്‌നേഹബന്ധങ്ങള്‍ക്കും പിന്നില്‍ നില്‍ക്കുന്ന, മറ്റുള്ളവരുമായി എന്നെ ബന്ധിപ്പിക്കുന്ന, ഹൃദയത്തിനു പ്രാധാന്യം കൊടുക്കണമെന്ന്(10) ദിലേക്‌സിത് നോസെന്ന ചാക്രികലേഖനം ഉദ്‌ബോധിപ്പിക്കുന്നു. ഭിന്നതയുളവാക്കുന്ന സ്വാര്‍ഥതയെ 
അതിജീവിക്കണമെങ്കില്‍ ബന്ധങ്ങള്‍ ഹൃദയം കൊണ്ടുള്ളതാകണം(10). വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെയും 
വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെയുമൊക്കെ ചിന്തകളില്‍ നാം വായിക്കുന്നതും ഹൃദയത്തില്‍ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവമനുഷ്യബന്ധത്തെക്കുറിച്ചുള്ള ഒരു ആധ്യാത്മികതയാണ്.
ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും
    നമുക്കു സമീപസ്ഥനായ, നമ്മോടു കരുണയോടെ ഇടപെടുന്ന, ആര്‍ദ്രതയുള്ള ഒരു ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും നമ്മില്‍ ഉളവാക്കുന്നതെന്ന് രണ്ടാം അധ്യായത്തില്‍ പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു(35). അവന്‍ നമ്മെ സ്‌നേഹിതരായാണു കണക്കാക്കുന്നത്. സമരിയക്കാരി സ്ത്രീ, നിക്കൊദേമൂസ്, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ, 
അന്ധനായ മനുഷ്യന്‍ തുടങ്ങിയവരും യേശുവുമായുള്ള കണ്ടുമുട്ടലുകള്‍ ഇതാണ് നമ്മുടെ മുന്നില്‍ കാണിച്ചുതരുന്നത്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം(39), വ്യക്തികളെക്കുറിച്ചും അതിലുപരി അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും യേശു എത്രമാത്രം ശ്രദ്ധാലുവായിരുന്നുവെന്നു വ്യക്തമാക്കുന്നു(40). സാധാരണക്കാര്‍ ശതാധിപനെപ്പോലെയുള്ള മനുഷ്യരില്‍ നന്മകള്‍ കാണാതിരിക്കുമ്പോഴും, 
യേശു അവരിലെ നന്മകള്‍ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്(41).
     താന്‍ സ്‌നേഹിച്ചിരുന്ന ലാസറിന്റെ മരണത്തില്‍ ദുഃഖിക്കുന്ന യേശുവിനെ നാം കാണുണ്ട്. താന്‍ സ്‌നേഹിച്ചിരുന്നവന്‍മൂലം സഹിക്കേണ്ടിവരുന്ന കുരിശിലെ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉള്ളിലുണര്‍ത്തുന്ന വേദനയില്‍ ഗത്സമേന്‍ തോട്ടത്തില്‍ അവന്‍ കരയുന്നതു നാം കാണുന്നുണ്ട്, ക്രൂശിതന്‍ എന്നതിലാണ് അവന്റെ സ്‌നേഹത്തിന്റെ പാരമ്യം നാം കാണുന്നത് (45, 46).
ഏറെ സ്‌നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം
    ചാക്രികലേഖനത്തിന്റെ മൂന്നാമത്തെ അധ്യായത്തില്‍ സഭയുടെ ചരിത്രത്തില്‍, യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുണ്ടായ ചില ചിന്തകളാണ് 
പാപ്പാ പങ്കുവയ്ക്കുന്നത്. പന്ത്രണ്ടാം പീയൂസ് പാപ്പാ തിരുഹൃദയവണക്കത്തെക്കുറിച്ച് 'ഔറിയെത്തിസ് ആക്വാസ്' എന്ന പേരില്‍ പുറത്തിറക്കിയ ചാക്രികലേഖനത്തെക്കുറിച്ച് പാപ്പാ പ്രതിപാദിക്കുന്നുണ്ട്. യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കമെന്നത്, ഹൃദയം എന്ന ഒരു ശരീരഭാഗത്തോടുള്ള പ്രത്യേക ആരാധനയോ ഭക്തിയോ അല്ല, അത് യേശുവിനോടുള്ള വണക്കമാണ്(46). മനുഷ്യനായി അവതരിച്ച ദൈവപുത്രനെയാണ് തിരുഹൃദയവണക്കത്തിലൂടെ നാം ആരാധിക്കുന്നത്.
    മനുഷ്യഹൃദയമെന്നത് മാംസനിബിഡമായ ഒരു ശരീരഭാഗമാണ്. അതുകൊണ്ടുതന്നെ, യേശുവിന്റെ ഹൃദയത്തെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍, ദൈവികമായ സ്‌നേഹവും കരുണയും നിറഞ്ഞ ഒരിടം എന്നതിനൊപ്പം, മാനുഷികമായ സ്‌നേഹത്തിന്റെ ഒരിടം എന്ന ഒരര്‍ഥം
കൂടി നാം അതിനു നല്‍കേണ്ടതുണ്ട്(61). ബെനഡിക്ട് പതിനാറാമന്‍ പാപ്പാ യേശുവിന്റെ സ്‌നേഹത്തെക്കുറിച്ചു പറയുമ്പോള്‍ മൂന്നു വശങ്ങളുള്ള ഒരു 
സ്‌നേഹത്തെക്കുറിച്ചാണു പറയുകയെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കുന്നുണ്ട്. 
അവന്റെ ഹൃദയത്തിന്റെ വൈകാരികമായ സ്‌നേഹം, അവന്റെ ആധ്യാത്മികസ്‌നേഹത്തിന്റെ മാനുഷിക, ദൈവികഭാവങ്ങള്‍ എന്നിവയാണവ. പരിമിതികള്‍ നിറഞ്ഞ ഒരിടത്ത് അപരിമിതമായ ഒരു സ്‌നേഹം നാം കണ്ടെത്തുന്നു(67).
മാനുഷിക, ദൈവികസ്‌നേഹങ്ങള്‍ ഒരുമിച്ചുചേരുന്ന ഇടമെന്ന രീതിയില്‍ ക്രിസ്തുവിന്റെ ഹൃദയം വിശ്വാസികളുടെ വണക്കത്തിനു പ്രത്യേകം യോഗ്യമാണ്. ഈയൊരു ചിന്തയ്ക്ക് ആഴം കൂട്ടുന്ന ഒരു പ്രസ്താവന ഫ്രാന്‍സിസ് പാപ്പാ നടത്തുന്നുണ്ട്. യേശുവിന്റെ ഹൃദയം മുഴുവന്‍സുവിശേഷത്തിന്റെയും ഒരു സംക്ഷിപ്തരൂപമാണ്(83). 
സ്വയം പാനീയമായി നല്‍കുന്ന സ്‌നേഹം
    ദൈവസ്‌നേഹത്തിനായുള്ള മനുഷ്യരുടെ ദാഹം തീര്‍ക്കുന്ന, അവരെ കഴുകി വിശുദ്ധരാക്കുന്ന ഉറവയായാണ് യേശുവിന്റെ ഹൃദയത്തെ പാപ്പാ, ഈ ചാക്രികലേഖനത്തിന്റെ നാലാം അധ്യായത്തില്‍ പഴയ, പുതിയ നിയമങ്ങളുടെയും സഭാചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നത്. പഴയനിയമത്തിലെ സക്കറിയയുടെ പുസ്തകത്തില്‍ ദൈവസ്‌നേഹത്തിനായുള്ള ജനത്തിന്റെ ആഗ്രഹം ശമിപ്പിക്കുന്ന, അവരെ ശുദ്ധരാക്കുന്ന ഒരു ഉറവയായാണ് ദൈവം തന്നെത്തന്നെ അവതരിപ്പിക്കുന്നത് (95). ദൈവത്തിനായുള്ള നമ്മുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കുന്ന ആത്മാവിന്റെ ജലത്തിന്റെ ഉറവയായാണ് യേശുവിന്റെ മുറിവേറ്റ തിരുഹൃദയത്തെക്കുറിച്ച് ക്രൈസ്തവസഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നത്.
    ദൈവവുമായുള്ള കണ്ടുമുട്ടലിന്റെ ഇടമയാണ് തിരുഹൃദയവണക്കത്തെ വിശുദ്ധ അഗസ്റ്റിന്‍ കാണുന്നത്(103). ക്രിസ്തുവിന്റെ തിരുമുറിവിനെ അവന്റെ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും ചിത്രീകരിച്ചുവന്നത്(109). ജീവന്റെയും ആന്തരികസമാധാനത്തിന്റെയും ഇടമായ യേശുവിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന അനുഭവത്തെക്കുറിച്ച് പല വിശുദ്ധരും പറയുന്നുണ്ട് (110). ഇവരില്‍ ഒരാള്‍ ഫ്രാന്‍സിസ് ദേ സാലസ് പുണ്യവാനാണ് (118).
     തിരുഹൃദയവണക്കവുമായി ബന്ധപ്പെട്ട പേരുകളില്‍ പ്രധാനപ്പെട്ട ചിലത് വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്ക്, ലിസ്യുവിലെ വിശുദ്ധ ത്രേസ്യ, വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള, വിശുദ്ധ ഫൗസ്തീന കൊവാള്‍സ്‌ക തുടങ്ങിയവരുടേതാണ്. 1673 ഡിസംബറിനും 1675 ജൂണിനും ഇടയിലായി, പരായ് ല് മൊണിയാല്‍ എന്നയിടത്തുവച്ച് വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'മനുഷ്യരോടുള്ള തന്റെ സ്‌നേഹം വെളിവാക്കുവാനായി, തന്നെത്തന്നെ ശൂന്യമാക്കുകയും വ്യയം ചെയ്യുകയും, ഒന്നും സ്വന്തമായി മാറ്റിവയ്ക്കാതിരിക്കുകയും ചെയ്ത ഹൃദയം' എന്നാണ് യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് വിശുദ്ധ ഫൗസ്തീന പറയുന്നത്(121). തന്റെ ഹൃദയത്തോടു ചേര്‍ന്ന് മിടിക്കുന്ന യേശുവിന്റെ ഹൃദയത്തെക്കുറിച്ചാണ് ലിസ്യുവിലെ വിശുദ്ധ ത്രേസ്യ പറയുന്നത്(134).
    ഈശോസഭയുടെ ചരിത്രത്തില്‍ തിരുഹൃദയവണക്കവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ചില കാര്യങ്ങളും ഫ്രാന്‍സിസ് പാപ്പാ തന്റെ ചാക്രികലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്ന്, ധ്യാനങ്ങളുമായി ബന്ധപ്പെട്ട് പഠിപ്പിക്കുന്ന അവസരത്തില്‍, ഹൃദയങ്ങള്‍ തമ്മിലുള്ള സംഭാഷണംവഴി യേശുവിന്റെ ഹൃദയത്തിലേക്കു പ്രവേശിക്കുന്നതിനെപ്പറ്റി വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള പറയുന്നതിനെക്കുറിച്ചാണ്. ഈശോസഭയെ 1871 സെപ്റ്റംബറില്‍ ഫാ. പിറ്റെര്‍ യാന്‍ ബെക്‌സും 1972-ല്‍ ഫാ. പേദ്രോ അറുപ്പേയും യേശുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിക്കുന്നതിനെക്കുറിച്ചും പാപ്പാ എഴുതുന്നുണ്ട് (146).
    ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്ത്വപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചും, ദൈവിക കാരുണ്യത്തെക്കുറിച്ചുമാണ് വിശുദ്ധ ഫൗസ്തീന കൊവാള്‍സ്‌ക പറയുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വിചിന്തനങ്ങളിലും തിരുഹൃദയഭക്തിയും ദൈവിക കാരുണ്യവുമൊക്കെ കടന്നുവരുന്നുണ്ട്(149). മുറിവേല്പിക്കപ്പെട്ട യേശുവിന്റെ പാര്‍ശ്വത്തില്‍നിന്നൊഴുകുന്ന അനന്തമായ സ്‌നേഹത്തെക്കുറിച്ചു ചിന്തിക്കുന്ന നാം സ്‌നേഹംമൂലം കര്‍ത്താവ് കടന്നുപോകുന്ന സഹനങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ടെന്നു ചാക്രികലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നു(151). ദൈവത്തില്‍നിന്ന് ആശ്വാസം നേടുന്നത്, കഷ്ടതയിലൂടെ കടന്നുപോകുന്നവര്‍ക്ക് സാന്ത്വനമാകാനുള്ള നമ്മുടെ കടമയെക്കുറിച്ചുകൂടി നമ്മെ ബോധവാന്മാരാക്കണം(162).
സ്‌നേഹത്തിനായുള്ള സ്‌നേഹം
    ചാക്രികലേഖനത്തിന്റെ അഞ്ചാം അധ്യായത്തില്‍, തിരുഹൃദയവണക്കവും ദൈവസ്‌നേഹവുമായി ബന്ധപ്പെട്ട സാമൂഹികതലമാണ് പാപ്പാ വിശകലനം ചെയ്യുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള യഥാര്‍ഥവണക്കം നമ്മെ പിതാവിന്റെ സ്‌നേഹത്തിലേക്കു നയിക്കുന്നതിനൊപ്പം, നമ്മുടെ സഹോദരീസഹോദരന്മാരിലേക്കുകൂടി നയിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു(163). നമുക്കായി അവന്‍ നല്‍കുന്ന സ്‌നേഹത്തെപ്രതി നമുക്കു ചെയ്യാവുന്ന ഏറ്റവും ഉന്നതമായ പ്രവൃത്തികളിലൊന്ന്, നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സ്‌നേഹമാണ് (166). ഈയൊരു സ്‌നേഹമാതൃകയായി വിശുദ്ധ ചാള്‍സ് ദ് ഫുക്കോയുടെ ഉദാഹരണം പാപ്പാ മുന്നോട്ടുവയ്ക്കുന്നുണ്ട്. സഹനമനുഭവിക്കുന്ന മാനവികതയ്ക്കു മുഴുവന്‍ അഭയമേകാനാണ് അദ്ദേഹം പരിശ്രമിച്ചത് (179). വൈരാഗ്യത്തിന്റെയും അക്രമത്തിന്റെയും അവശിഷ്ടങ്ങളുടെമേല്‍ സ്‌നേഹത്തിന്റെ സംസ്‌കാരം, യേശുവിന്റെ തിരുഹൃദയത്തിന്റെ രാജ്യം പണിയപ്പെടാന്‍വേണ്ടി നമ്മെത്തന്നെ 'പരിഹാരമായി' ക്രിസ്തുവിന്റെ ഹൃദയത്തിനു സമര്‍പ്പിക്കുന്നതിനെക്കുറിച്ചും (182), സഭയുടെ മിഷനറിദൗത്യത്തെക്കുറിച്ചും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഉദ്‌ബോധിപ്പിക്കുന്നത് ഈ ചാക്രികലേഖനത്തില്‍ പാപ്പാ പരാമര്‍ശിക്കുന്നുണ്ട്. ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നതിനിടെ, ലോകത്തിന് ക്രിസ്തുവിന്റെ സ്‌നേഹത്തെ അനുഭവിച്ചറിയാന്‍വേണ്ടി പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവര്‍ക്കുള്ള ഉത്തരവാദിത്വം മറന്നുപോകരുതെന്നതിനെക്കുറിച്ച് പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞതും ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കുന്നുണ്ട് (206, 209).
      അളവുകളും പരിധികളുമില്ലാതെ നമ്മെ സ്‌നേഹിച്ച, നമ്മുടെ രക്ഷയ്ക്കായി അവസാനത്തുള്ളി രക്തംവരെയും ചിന്തിയ ക്രിസ്തുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞു  ജീവിക്കാം. നമ്മുടെ ഹൃദയമുറിവുകളെ അവന്റെ തിരുവിലാവില്‍നിന്നൊഴുകുന്ന ജീവജലത്താല്‍ സൗഖ്യമാക്കാം. നമ്മുടെ കഴിവുകളോ ബുദ്ധിശക്തിയോ വിശ്വസ്തതയോ നോക്കാതെ, നാം സ്‌നേഹിക്കുന്നതിനുമുമ്പ, നാം സ്‌നേഹിക്കുന്നതിലധികമായി, നമ്മെ സ്‌നേഹിച്ച ദൈവപുത്രന്റെ സ്‌നേഹം പ്രാര്‍ഥനയിലൂടെയും മനനത്തിലൂടെയും ദൈവവുമായുള്ള സ്‌നേഹസംഭാഷണത്തിലൂടെയും, ഹൃദയത്തില്‍ അനുഭവിക്കാന്‍ പരിശ്രമിക്കാം. നമുക്കായി അവനേറ്റ സഹനങ്ങളും പീഡനങ്ങളും അനുസ്മരിക്കാം. നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ചൊരിയപ്പെടുന്ന അവന്റെ ദിവ്യസ്‌നേഹവും കരുണയും നമ്മുടെ സഹോദരങ്ങളോടുള്ള സ്‌നേഹത്തിലും കരുണയിലും ശുശ്രൂഷയിലും ജീവിക്കാം. 'ദിലേക്‌സിത് നോസ്' - അവന്‍ നമ്മെ സ്‌നേഹിക്കുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)