•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഭരണഘടനയുടെ പവിത്രത കാത്ത പരമോന്നത വിധിന്യായം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 5 December , 2024

   ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന്റെ (1949 നവംബര്‍ 26) 75-ാം വാര്‍ഷികത്തലേന്ന് സുപ്രീംകോടതിയില്‍നിന്നു രാജ്യം കേട്ടത് ആശ്വാസദായകമായ വാക്കുകളാണ്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടവരോട് അതു സാധ്യമല്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പരമോന്നതകോടതി പറഞ്ഞതു പ്രത്യാശാഭരിതമാണ്. 1976 ല്‍ അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭേദഗതിയിലൂടെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരായ ഒരുകൂട്ടം റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിലൂടെ ഇവ രണ്ടും കോണ്‍സ്റ്റിറ്റിയൂഷന്റെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും അതിനാല്‍ത്തന്നെ അവ ഭരണഘടനയുടെ ആത്മാവായി തുടരുമെന്നുമാണ് കോടതിയുടെ വിധിത്തീര്‍പ്പെന്നു സാരം.
    മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കണമെന്ന്  1948 നവംബര്‍ 15 ന് ഭരണഘടനാനിര്‍മാണസഭയില്‍ ആവശ്യമുയര്‍ന്നെങ്കിലും, ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ഇവ അന്തര്‍ലീനമായതിനാല്‍, ആമുഖത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു പൊതുതീരുമാനം. ഡോ. അംബേദ്കറും ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള  നേതാക്കളുടെ അന്നത്തെ തീരുമാനത്തെയാണ് പിന്നീട് 1976 ല്‍ ഇന്ദിരാഗാന്ധി മറികടന്നതും 42-ാം ഭേദഗതിയിലൂടെ ഇവ ആമുഖത്തില്‍ പ്രതിഷ്ഠിച്ചതും. അതെത്രയോ മഹത്തരമായിരുന്നെന്ന് പിന്നീടുള്ള ഓരോ രാഷ്ട്രീയസാഹചര്യവും നന്നായി വിലയിരുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
    മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് കേശവാനന്ദഭാരതി, എസ്.ആര്‍. ബൊമ്മെ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ സുപ്രീംകോടതി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആമുഖത്തില്‍നിന്ന് അവ മാറ്റേണ്ടതില്ലെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് പി.വി. സഞ്ജയ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 
     ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം മുമ്പ് ഉണ്ടായിരുന്നില്ലെങ്കില്‍ക്കൂടിയും വിവിധ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നവരെ വിവേചനമില്ലാതെ തുല്യമായി പരിഗണിക്കുന്നത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് ആര്‍.സി. പൗദ്യാല്‍കേസില്‍ വിധിച്ചിരുന്നു. ഇന്ത്യന്‍സാഹചര്യത്തില്‍ വിശാലമായ തലങ്ങളാണ് മതേതരത്വത്തിനുള്ളതെന്ന് ഇസ്മായില്‍ ഫാറൂഖി കേസില്‍ കോടതി നിരീക്ഷിച്ചിട്ടുണ്ട്. 
      ഇന്ത്യയിലെ മതേതര, സോഷ്യലിസ്റ്റ് ആശയങ്ങള്‍ പാശ്ചാത്യരാജ്യങ്ങളുടേതില്‍നിന്നു മികച്ചതും വ്യത്യസ്തവുമാണ്. എല്ലാ മതസ്ഥരെയും തുല്യമായും വിവേചനമില്ലാതെയും പരിഗണിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് മതേതരത്വം അടിസ്ഥാനപരമായി പ്രതിനിധീകരിക്കുന്നത്. മതനിരപേക്ഷതയെന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറും മതസഹിഷ്ണുതയല്ല. എല്ലാ മതങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനുമുള്ള  പൗരബോധത്തിലേക്ക് ഓരോ വ്യക്തിയും ഉയരണമെന്ന് ഭരണഘടനാശില്പികള്‍ വിവക്ഷിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 25(1) പ്രകാരം, ഏതൊരാള്‍ക്കും മനഃസാക്ഷിയുടെ സ്വാതന്ത്ര്യാനുസൃതം ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. പൗരന്റെ മൗലികാവകാശമാണിത്. മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു.
ഇന്ത്യയിലെ സോഷ്യലിസ്റ്റുദര്‍ശനം പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് അര്‍ഥമാക്കുന്നതെന്നു സുപ്രീംകോടതി വിശദീകരിച്ചിട്ടുണ്ട്. അവസരസമത്വം ഉറപ്പുനല്കുന്ന ക്ഷേമരാഷ്ട്രമാക്കാനുള്ള ഭരണകൂടത്തിന്റെ ബാധ്യതയാണ് സോഷ്യലിസം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. സാമ്പത്തിക, സാമൂഹികസാഹചര്യങ്ങള്‍ മൂലം ഒരു പൗരനും അവശതയില്ലെന്ന് ഭരണകൂടം ഉറപ്പാക്കുന്നു. അനുച്ഛേദം 19-1 (ജി) പ്രകാരം, സാമൂഹികോന്നമനം, സ്വകാര്യസംരംഭകത്വം, വ്യാപാരം എന്നിവ പൗരന്റെ മൗലികാവകാശമാണ്.
     മതേതരത്വവും സോഷ്യലിസവും ഉള്‍പ്പെടുന്ന ഭേദഗതി നടപ്പായി 44 വര്‍ഷത്തിനുശേഷം 2020 ലാണ് ഇവയ്‌ക്കെതിരായ ഹര്‍ജി നല്കിയത് എന്നത് ചോദ്യമുയര്‍ത്തുന്നതാണ്. ഭേദഗതിയുടെ മുന്‍കാലപ്രാബല്യം സാധുതയുള്ളതാണെന്നും, ഭേദഗതിയെ വെല്ലുവിളിക്കുന്നതിനു ന്യായമായ കാരണമൊന്നും നിലനില്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അനുച്ഛേദം 368 പ്രകാരമുള്ള പാര്‍ലമെന്റിന്റെ ഭേദഗതിയധികാരം ആമുഖത്തിനും ബാധകമാണെന്ന്    അരക്കിട്ടുറപ്പിക്കുന്നതാണു വിധി.
      75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണു പരമോന്നതകോടതിയുടെ സുപ്രധാനവിധിത്തീര്‍പ്പ്. സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തതിനെതിരേ, സംഘപരിവാര്‍ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ക്കാണു തിരിച്ചടിയേറ്റത്. ഹിന്ദുത്വവര്‍ഗീയ അജണ്ടകളും ഹിന്ദുമതരാഷ്ട്രനീക്കങ്ങളും ജനാധിപത്യമതേതരമൂല്യങ്ങളില്‍ വിശ്വസിച്ചു വേരോട്ടമുള്ള ഇന്ത്യന്‍ ജനത ഒരുകാലത്തും അനുവദിക്കില്ലെന്നതിന്റെ സൂചനകൂടിയാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)