ദൈവത്തിന്റെ വരങ്ങളും കൃപകളും വളരെയധികം ലഭിച്ച് അത് മറ്റുള്ളവരിലേക്കു പകര്‍ന്നുനല്‍കിയ ഒരു ശ്രേഷ്ഠജന്മമാണ് സിറ്റര്‍ പെലാജിയ എസ്.എച്ച്. അമ്പതു വര്‍ഷത്തോളം തിരുഹൃദയസന്ന്യാസിനീസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പെലാജിയാമ്മ കോണ്‍ഗ്രിഗേഷന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ നേതൃത്വമാണ് കാഴ്ച വച്ചത്.
കോതമംഗലം രൂപതയില്‍ ആരക്കുഴ ഇടവകയില്‍ തെക്കേപ്പറമ്പില്‍ വര്‍ക്കി - അന്നമ്മ ദമ്പതികളുടെ നാലാമത്തെ പുത്രിയായി 1936 ല്‍ ഏലിക്കുട്ടി എന്ന സിസ്റ്റര്‍ പെലാജിയ ജനിച്ചു.   
1961 ല്‍ ഫിസിക്സില്‍ ബിരുദാനന്തരബിരുദം നേടിയ പെലാജിയമ്മ 1962 ല്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ ലക്ചററായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് സെന്റ് തോമസ് കോളജിലെ ഒരു വര്‍ഷത്തെ അധ്യാപനത്തിനുശേഷം നീണ്ട മുപ്പത്തിരണ്ടു വര്‍ഷം പാലാ അല്‍ഫോന്‍സാ കോളജില്‍ ലക്ചറര്‍, പ്രഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് മോധാവി, വൈസ് പ്രിന്‍സിപ്പാള്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ നിസ്തുലമായ സേവനമനുഷ്ഠിച്ചു. മൂന്നു വര്‍ഷം എം.ജി. യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായിരുന്നു. 
ആരും അന്യരോ അപരിചിതരോ അല്ല, പരസ്പരം സഹോദരീസഹോദരന്മാരാണ് എന്നു പഠിപ്പിക്കുന്ന പെലാജിയമ്മ കനിവിന്റെ മേമ്പൊടി ചേര്‍ത്ത് മൃദുവായ സ്വരത്തില്‍ തിരുത്തലുകള്‍ കൊടുത്ത് സകലരെയും ചേര്‍ത്തുപിടിക്കും. എല്ലാവരെയും ദൈവപിതാവിന്റെ സ്നേഹസാഗരത്തില്‍ മുക്കിയെടുക്കാനുള്ള അമ്മയുടെ അലിവിന്റെ ആഴം അപാരമാണ്.  ഉചിതമായ പെരുമാറ്റരീതികളും അന്യരോടുള്ള പരിഗണനയുമാണ് സംസ്കാരവും കുലീനത്വവുമെന്ന് പെലാജിയമ്മ പഠിപ്പിച്ചു. ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസവിചക്ഷണ, പ്രഗല്ഭയായ സംഘാടിക, കാരുണ്യവും ദാനശീലവും കൈമുതലാക്കിയ സന്ന്യാസിനി തുടങ്ങിയവയെല്ലാം പെലാജിയമ്മയുടെ തന്മയുള്ള വ്യക്തിത്വത്തിന്റെ വിശേഷണങ്ങളാണ്. 
1973 ല്‍ തിരുഹൃദയസന്ന്യാസിനീസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറായി പെലാജിയമ്മ തിരഞ്ഞെടുക്കപ്പെട്ടു. സന്ന്യാസിനീസമൂഹം പൊന്തിഫിക്കല്‍ പദവിയില്‍ എത്തിയശേഷം പാലാ എസ്എച്ച് പ്രൊവിന്‍സിന്റെ ആദ്യത്തെ പ്രോവിന്ഷ്യല് സുപ്പീരിയറായി. വീണ്ടും രണ്ടു തവണ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും വികാര്‍ പ്രോവിന്‍ഷ്യലായും കര്‍മ്മനിരതയായി. അതോടൊപ്പംതന്നെ കൗണ്‍സിലര്‍, ജൂനിയര്‍ മിസ്ട്രസ്, ലോക്കല്‍ സുപ്പീരിയര്‍, ഹോസ്റ്റല്‍ വാര്ഡന് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 
തിരുഹൃദയസന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ എന്ന നിലയില്‍ 1988 മുതല്‍ 2006 വരെയുള്ള പെലാജിയമ്മയുടെ സേവനങ്ങള്‍ നാമകരണനടപടികളുടെ വിജയത്തില്‍ സവിശേഷമായ പങ്കുവഹിച്ചു. ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചനെ സംബന്ധിച്ച, 'ഇടയസ്വപ്നം പൂവണിഞ്ഞപ്പോള്‍' (മലയാളം), ‘Shepherd’s Dream' (English),, 'ധന്യമീ ജീവിതം' തുടങ്ങിയ പുസ്തകങ്ങളുടെ രചന നിര്‍വ്വഹിച്ച പെലാജിയമ്മ, എസ്എച്ച് സമൂഹത്തിന്റെ ബൃഹത്തായ ചരിത്രഗ്രന്ഥങ്ങള്‍ - 'എസ് എച്ച് ജനറലേറ്റ് ചരിത്രവഴികളിലൂടെ', 'സമര്‍പ്പിത പാതയില്‍' - എന്നിവയും രചിച്ചു. എസ്എച്ച് സമൂഹത്തിന്റെ ഭൗതികനേട്ടങ്ങളിലും പെലാജിയമ്മ ശ്രദ്ധാലുവായിരുന്നു. മഠങ്ങളും അനുബന്ധസ്ഥാപനങ്ങളും പണികഴിപ്പിക്കുന്നതിനും അമ്മ നേതൃത്വം കൊടുത്തു.  
വിദ്യാഭ്യാസപ്രേഷിതത്വത്തിന് ജീവിതം സമര്‍പ്പിച്ച പെലാജിയമ്മ ഇപ്പോള്‍ കൊട്ടാരമറ്റം ശാന്തി റിട്ടയര്‍മെന്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്നു. മറ്റുള്ളവരെ ചിന്തിപ്പിക്കാനും രസിപ്പിക്കാനുമുള്ള അമ്മയുടെ പാടവം അനിതരസാധാരണമാണ്. എല്ലാറ്റിലും നന്മ കാണുവാനും മറ്റുള്ളവരെ വളര്‍ത്തുവാനും സദാ ശ്രദ്ധിക്കുന്നു. ദൈവവിളിയുടെ സാക്ഷാത്കാരത്തിനു മുന്‍തൂക്കം നല്കി പ്രാര്‍ത്ഥനയിലും നിസ്വാര്ത്ഥസേവനത്തിലും വ്യാപൃതയായ ഈ ബ്രഹ്മചാരിണിയുടെ ജീവിതം ഒരു വിസ്മയംതന്നെയാണ്.
							
 സ്വന്തം ലേഖകൻ 
                    
									
									
									
									
									
                    