•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഭിന്നശേഷിസൗഹൃദകേരളം ഇനി എന്നു യാഥാര്‍ഥ്യമാകും?

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 12 December , 2024

  ആഗോളഭിന്നശേഷിദിന (ഡിസംബര്‍ 3)ത്തിലാണ് ഈ പത്രാധിപലേഖനം എഴുതുന്നത്. ശാരീരിക-ബൗദ്ധികവെല്ലുവിളി നേരിടുന്ന ഭിന്നശേഷിസമൂഹത്തിന്റെ സവിശേഷപ്രശ്‌നങ്ങള്‍ അടുത്തറിയാനും, അവരുടെ അന്തസ്സും അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് ഐക്യരാഷ്ട്രസഭ 1992 ല്‍ അന്താരാഷ്ട്രദിനാചരണത്തിനു തുടക്കംകുറിച്ചത്.
    ഉള്‍ച്ചേര്‍ന്നതും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിവ്യക്തികളുടെ സ്വാശ്രയത്വം വികസിപ്പിക്കുകയെന്നതാണ് ഇത്തവണ മുദ്രാവാക്യമായി എടുത്തിരിക്കുന്നത്. ഭിന്നശേഷി എന്ന അവസ്ഥയെ പ്രതിരോധിക്കുകയും ഭിന്നശേഷിവ്യക്തികള്‍ക്കു സമൂഹത്തില്‍ തൊഴിലും സ്വാശ്രയജീവിതവും ഉറപ്പാക്കുകയുമാണ് ദിനാചരണത്തില്‍ നാമെടുക്കേണ്ട പ്രതിജ്ഞ. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വമായി മാറണം; മനോഭാവത്തിലാണ് ഈ മാറ്റം പ്രധാനമായും ഉണ്ടാവേണ്ടത്. അവരുടെ വ്യത്യസ്തതകളെ സാധ്യതകളാക്കി രൂപാന്തരപ്പെടുത്തുന്ന ഒരു ക്രിയാത്മകമനസ്സ് സമൂഹത്തിന്റെ കരുതലിന്റെയും കാവലിന്റെയും ഭാഗമാണ്. അപ്രകാരം, അവരുടെ എല്ലാ പ്രത്യേകതകളെയും അംഗീകരിച്ചു പടിപടിയായി സമൂഹത്തിന്റെ     മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്നത് നമ്മുടെ ഉയര്‍ന്ന സാംസ്‌കാരികബോധത്തിന്റെ ഭാഗമാണ്.
     ലോകത്താകെ നൂറുകോടിയോളം പേര്‍ ഏതെങ്കിലും വിധത്തിലുള്ള ഭിന്നശേഷിയുള്ളവരാണെന്നാണു ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണൂറുകോടിയില്‍ നൂറുകോടി എന്നു പറഞ്ഞാല്‍, എട്ടുപേരില്‍ ഒരാള്‍ എന്നര്‍ഥം. ഇതു ചെറിയൊരു സംഖ്യയായി ഗണിക്കാനാവില്ലല്ലോ. ഇന്ത്യന്‍ ജനസംഖ്യയുടെ 2.21 ശതമാനം ഭിന്നശേഷിക്കാരാണ്. അവസാനസെന്‍സസ് (2011) പ്രകാരം ഇന്ത്യയില്‍ 2.68 കോടി ഭിന്നശേഷിക്കാരുണ്ടത്രേ. കേരളത്തിലെ ജനസംഖ്യയുടെ 2.28 ശതമാനം ഭിന്നശേഷിവിഭാഗത്തിലുള്ളവരാണ്; അതായത്, ആകെ 7.62 ലക്ഷം പേര്‍.
   ഓട്ടിസം, മസ്തിഷ്‌കതളര്‍വാതം, ബുദ്ധിപരിമിതി, ബഹുപരിമിതികള്‍ എന്നീ അവസ്ഥകളിലുള്ളവര്‍ ഭിന്നശേഷിവിഭാഗങ്ങളില്‍വച്ച് ഏറ്റവും അവശതയനുഭവിക്കുന്നവരാണ്. സ്വന്തം ആവശ്യങ്ങള്‍പോലും മറ്റുള്ളവരെ അറിയിക്കാന്‍  കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. ജീവിതകാലം മുഴുവന്‍ പരാശ്രയത്വത്തില്‍ കഴിയേണ്ടിവരുന്ന ഇവരെ സ്വാശ്രയരാക്കുക എന്നതു വലിയ വെല്ലുവിളിയുയര്‍ത്തി നില്ക്കുമ്പോഴാണ്, സംസ്ഥാനസര്‍ക്കാരിന്റെ 'ആശ്വാസകിരണം' പദ്ധതി അവതാളത്തിലായിരിക്കുന്നത്. കിടപ്പുരോഗികളായ ഭിന്നശേഷിക്കാര്‍ക്കു സര്‍ക്കാര്‍ നല്കിവരുന്ന പെന്‍ഷന്‍ മുടങ്ങിയിട്ടു രണ്ടു വര്‍ഷത്തോളമാകുന്നു. 40 മാസമായി തുക വിതരണം ചെയ്യാത്ത ഗ്രാമപ്പഞ്ചായത്തുകളുമുണ്ട് കേരളത്തില്‍. പ്രതിമാസം 600 രൂപയാണ് കിടപ്പിലായ ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍ക്കു പെന്‍ഷനായി നിലവിലുണ്ടായിരുന്നത്.
     2016 ലാണ് ഭിന്നശേഷിവ്യക്തികളുടെ അവകാശ ആക്ട് നിലവില്‍ വന്നത്. അവകാശനിയമത്തിലെ വകുപ്പ് 24 പ്രകാരമാണു ഭിന്നശേഷിപെന്‍ഷന്‍ ഒരു ഭിന്നശേഷി അവകാശമാകുന്നത്. കേരള സാമൂഹികസുരക്ഷാമിഷന്‍വഴിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അവിടെ ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങിയിട്ടു നാലുമാസമായി. സാമൂഹികനീതിവകുപ്പിന്റെ കെടുകാര്യസ്ഥത മറനീക്കി പുറത്തുവരുന്നതിനിടയിലാണ് അനര്‍ഹരുടെ പെന്‍ഷന്‍കൊള്ളയും വാര്‍ത്തയാകുന്നത്! സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെയും കേന്ദ്രപെന്‍ഷന്‍വിഹിതം കിട്ടാത്തതിന്റെയും പേരില്‍ ന്യായീകരണങ്ങള്‍ നിരത്തി സര്‍ക്കാര്‍ കൈകഴുകുമ്പോഴാണ്, വൈരുധ്യമെന്നു പറയട്ടെ, ചില സര്‍ക്കാരുദ്യോഗസ്ഥര്‍  ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍വിഹിതം കൈയിട്ടുവാരുന്നതും വാര്‍ത്തയാകുന്നത്! അക്ഷരാര്‍ഥത്തില്‍ നമ്മെ ലജ്ജിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ് ഇത്തരം വിചിത്രവാര്‍ത്തകളെന്നുമാത്രമല്ല, ഇത്തരക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുകയും വേണം. 
     എല്ലാ വര്‍ഷവും ലോകഭിന്നശേഷിദിനത്തില്‍ ഭിന്നശേഷിവ്യക്തികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതല്ലാതെ, അവയ്ക്കു ശാശ്വതപരിഹാരം കാണാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നതാണു സങ്കടകരം. ഭിന്നശേഷിസൗഹൃദകേരളമെന്നത് സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിതനയമാണ്. എന്നാല്‍, അതു സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് എന്നു കഴിയുമെന്നതു കാത്തിരുന്നു കാണണം. സര്‍ക്കാര്‍സ്ഥാപനങ്ങളും പൊതുവിടങ്ങളും പൊതുഗതാഗതസംവിധാനവും ഭിന്നശേഷിസൗഹൃദമാക്കണമെന്ന ഉത്തരവിറക്കി വര്‍ഷങ്ങളായിട്ടും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍പ്പോലും അതിനുള്ള സംവിധാനങ്ങളോ സൗകര്യങ്ങളോ നാളിതുവരെ ഉണ്ടായിട്ടില്ല. ഭിന്നശേഷിക്കാര്‍ക്കു പ്രവേശിക്കാനുള്ള സൗകര്യമൊരുക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന 2016 ലെ ഭിന്നശേഷിനിയമംപോലും പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാര്‍-സര്‍ക്കാരിതരസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, ബാങ്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, സിനിമാതിയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാരിനുമാത്രമേ കഴിയൂ. നിയമമുണ്ടായതുകൊണ്ടുമാത്രമായില്ല, അതു നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുമ്പോഴാണ് ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്ന സൗഹൃദനയം സാക്ഷാത്കരിക്കപ്പെടുന്നത്.
     സംസ്ഥാനത്തെ ഭിന്നശേഷിവ്യക്തികളുടെ കണക്കെടുപ്പു നടത്തിയിട്ടു പത്തുവര്‍ഷമാകുന്നു. 2015 ലെ ഭിന്നശേഷി സെന്‍സസ്പ്രകാരമുള്ള കണക്കുവച്ചാണ് ഇപ്പോഴും പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഒന്നാംക്ലാസുമുതല്‍ പ്രഫഷണല്‍ കോഴ്‌സുവരെ പഠിക്കുന്ന ഭിന്നശേഷിവിദ്യാര്‍ഥികള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വിഹിതംകൂടി വകയിരുത്തി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും സംസ്ഥാനത്തുടനീളമുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും നല്‍കുന്നതോടൊപ്പം തൊഴിലവസരങ്ങളും ഉറപ്പുവരുത്തി ഭിന്നശേഷിവ്യക്തികളെ സ്വാശ്രയരാക്കുക എന്ന നയമാണ് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സംയോജിതശക്തീകരണംകൊണ്ടു സാധ്യമാവേണ്ടത്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)