•  2 May 2024
  •  ദീപം 57
  •  നാളം 8
ചരിത്രവും സംസ്‌കാരവും

റാംസെസിന്റെ പ്രതാപകാലം

ജിപ്ഷ്യന്‍ ഫറവോമാരുടെയിടയിലെ ശക്തനും ധീരനും യുദ്ധവീരനും നയതന്ത്രജ്ഞനുമായിരുന്നു റാംസെസ് രണ്ടാമന്‍. റോമിലെ ജൂലിയസ് സീസറിനെപ്പോലെയോ അമേരിക്കയിലെ ജോണ്‍ എഫ്. കെന്നഡിയെപ്പോലെയോ ഒരു ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ച വ്യക്തിത്വത്തിന്റെ  ഉടമയായിരുന്നു അദ്ദേഹം. 
ആദ്യമായി കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ അദ്ഭുതപ്പെടുത്തിയത് അവിടെ സൂക്ഷിച്ചിരിക്കുന്ന റാംസെസ് രണ്ടാമന്‍ ഉള്‍പ്പടെയുള്ളവരുടെ മമ്മിയാക്കിയ കേടുവരാത്ത മൃതശരീരങ്ങളും കൗമാരത്തില്‍ മരിച്ച ഫറവോയായിരുന്ന തൂത്തഖാമന്റെ തനി സ്വര്‍ണ്ണത്തിലുള്ള 200 കിലോ തൂക്കംവരുന്ന ശവപ്പെട്ടിയും അതോടൊപ്പമുണ്ടായിരുന്ന സ്വര്‍ണ്ണമാസ്‌കുമായിരുന്നു. ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍  നൂറോളം മുറികളിലായി ഫറവോമാരുടെ കാലത്തെ വിലമതിക്കാനാവാത്ത ശേഖരങ്ങളുണ്ട്. രണ്ടാമത്തെ നിലയില്‍ രണ്ടറ്റത്തുമായി പത്തുവീതം മമ്മികള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ചില്ലുപെട്ടികളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഓരോന്നിനും മുകളില്‍ പേരും ജീവിച്ചിരുന്ന കാലവും രേഖപ്പെടുത്തിയിരിക്കുന്നു. അവിടെ പ്രവേശിക്കുന്നതിനുള്ള ഫീസ് ഈജിപ്ഷ്യന്‍ കറന്‍സിയില്‍ കൊടുക്കണം.
10 മീറ്റര്‍ ഉയരവും 83 ടണ്‍ ഭാരവുമുള്ള റാംസെസിന്റെ ഒരു കൂറ്റന്‍ പ്രതിമ കെയ്‌റോ നഗരത്തില്‍ തലയുയര്‍ത്തിനില്ക്കുന്നു. അദ്ദേഹത്തിന്റെ ക്ഷേത്രങ്ങളിലും മറ്റു കെട്ടിടസമുച്ചയങ്ങള്‍ക്കടുത്തും ഇത്തരം പ്രതിമകള്‍ കാണാം. റാംസെസ് ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ച പ്രതിമകള്‍ അദ്ദേഹത്തിന്റെതുതന്നെയായിരുന്നു.
ഈജിപ്റ്റിന്റെ ശക്തിയും പ്രതാപവും വിസ്തൃതിയും വര്‍ദ്ധിപ്പിച്ച് ശാന്തതയും കെട്ടുറപ്പുമുള്ള ഒരു ഈജിപ്റ്റ് കെട്ടിപ്പടുത്തത് റാംസെസായിരുന്നു. അദ്ദേഹം, ഈജിപ്റ്റിനോടു ചേര്‍ന്നുകിടന്നിരുന്ന പ്രദേശങ്ങളിലേക്ക് സൈനികമുന്നേറ്റങ്ങള്‍ നടത്തി ജയിച്ചുവന്നു. രാജ്യത്തിനു നഷ്ടപ്പെട്ടിരുന്ന സിറിയയിലെയും കാനാന്‍ദേശത്തെയും വിസ്തൃതമായ ഭൂപ്രദേശങ്ങളും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങളും തിരിച്ചുപിടിച്ച് അസ്വസ്ഥതകളും ലഹളകളും അമര്‍ച്ച ചെയ്തു രാജ്യത്തെ ഐശ്വര്യത്തിലേക്കും സമാധാനത്തിലേക്കും അദ്ദേഹം നയിച്ചു. നൈല്‍നദീതീരത്ത് അദ്ദേഹം പണികഴിപ്പിച്ച തലസ്ഥാനനഗരിയെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പടയോട്ടങ്ങള്‍.
19-ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്നു അദ്ദേഹം. ബി.സി. 1279 മുതല്‍ 1313 വരെ രാജ്യം ഭരിച്ച, ഈജിപ്റ്റിന്റെ ഏറ്റവും ശക്തനായ ഫറവോയായിരുന്ന അദ്ദേഹം 90 വര്‍ഷത്തിലേറെ ജീവിക്കുകയും ഏറ്റവും കൂടുതല്‍ കാലം ഈജിപ്റ്റിനെ ഭരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹം മമ്മിയാക്കി രാജാക്കന്മാരുടെ താഴ്‌വരയില്‍ അടക്കംചെയ്തിരുന്നു. മഹാനായ ആ പിതാമഹന്റെ ശരീരം 1898 ല്‍ ചെങ്കടലിനടുത്തുനിന്നു കണ്ടെടുക്കുകയും പിന്നീട് കെയ്‌റോ മ്യൂസിയത്തിലേക്കു കൊണ്ടുവരുകയും ചെയ്തു.
ക്വാദേഷിലെ 
ഐതിഹാസികയുദ്ധം

റാംസെസ് നടത്തിയ യുദ്ധങ്ങളില്‍ ഏറ്റവും വലിയതും രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിച്ചതുമായിരുന്നു ക്വാദേഷില്‍ നടന്നത്. ഹിറ്റിറ്റി രാജ്യവുമായി നടന്ന ഈ യുദ്ധം ഈജിപ്റ്റിന്റെ ചരിത്രം മാറ്റിയെഴുതി. ഇപ്പോഴത്തെ സിറിയയായിരുന്നു ഈ യുദ്ധത്തിന്റെ രംഗവേദി. അനേകായിരങ്ങള്‍ പങ്കെടുത്ത യുദ്ധത്തില്‍ ശത്രുവിനെ തോല്പിച്ചു എന്നു പറയുന്നതിനെക്കാള്‍, തന്ത്രപ്രധാനമായ ഒരു സന്ധിയിലൂടെ റാംസെസ് ജയിച്ചുവെന്നു പറയുന്നതാവും ശരി. ചരിത്രകാരനായ സൂസന്‍വൈസ് ബോവര്‍ ഇതിനെ വിളിച്ചത് ലോകചരിത്രത്തിലെ ആദ്യത്തെ സമാധാന ഉടമ്പടി എന്നാണ്. എന്തായാലും അതിനുശേഷം രാജ്യം ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാളുകള്‍ കണ്ടു.
വിശ്വവിഖ്യാതക്ഷേത്രങ്ങള്‍
ഈ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വന്‍ക്ഷേത്രസമുച്ചയങ്ങളും ഭിത്തികളും ഒറ്റക്കല്‍സ്തംഭങ്ങളും ശവകുടീരങ്ങളും റാംസെസിന്റെ പ്രതാപവും ഈജിപ്ഷ്യന്‍ ശില്പകലയുടെ വിസ്മയമാര്‍ന്ന വൈശിഷ്ട്യവും എടുത്തുകാണിക്കുന്നു.
ഒസീറിസ്
ജീവന്റെയും മരണത്തിന്റെയും കൃഷിയുടെയും ദൈവമായ ഒസീറിസ്‌ദേവന്റെ ക്ഷേത്രനിര്‍മ്മാണമാണ് അദ്ദേഹം പുനരാരംഭിച്ചത്. സേതി ഒന്നാമന്‍ തുടങ്ങിവച്ച ക്ഷേത്രനിര്‍മ്മാണമായിരുന്നു ഇത്. സേതി പുരാതന ഈജിപ്റ്റിലെ ഫറവോ ആയിരുന്നു. പക്ഷേ, ആ ക്ഷേത്രം വീണ്ടെടുക്കാന്‍ സാധിക്കാത്തവണ്ണം പൂര്‍ണമായി മണ്ണിനടിയിലായി.
കര്‍നാക്ക്
61 ഏക്കറില്‍ നിറഞ്ഞുനിന്നിരുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രവും ആരാധനാസ്ഥലവുമായിരുന്നു ഇത്. അമന്‍ എന്ന ദൈവത്തിന്റെ പേരിലുള്ള ഈ ക്ഷേത്രം ലക്‌സര്‍ നഗരത്തിനടുത്തു തെബിസിലാണ് സ്ഥിതിചെയ്യുന്നത്. തൂണുകളില്‍ ഉയര്‍ത്തപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണിത്. റാംസെസ് ഒന്നാമന്‍ തുടങ്ങിവച്ച ക്ഷേത്രസമുച്ചയങ്ങളുടെ പണി സേതി ഒന്നാമനും പിന്നീട് റാംസെസ് രണ്ടാമനുംകൂടി പൂര്‍ത്തീകരിക്കുകയായിരുന്നു. പുരോഹിതന്മാരും മറ്റു ക്ഷേത്രജോലിക്കാരുമുള്‍പ്പെടെ 81322 പേര്‍ ഒരു സമയത്ത് ഇവിടെ ജോലി ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കാര്‍ഷികവ്യാപാരമേഖലകളില്‍നിന്നും യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളില്‍നിന്നും വന്‍സമ്പത്തും ക്ഷേത്രനിധിയിലേക്ക് ഒഴുകിവന്നിരുന്നു.
ഇരുവശത്തും 20 കൂറ്റന്‍ സ്ഫിങ്ക്‌സുകള്‍ കാവല്‍ നില്‍ക്കുന്നിടം കഴിഞ്ഞ് ക്ഷേത്രത്തിന്റെ ഉള്ളില്‍ വന്‍ അകത്തളങ്ങളിലേക്കു കടക്കുന്നു. ഇതുകഴിഞ്ഞ് 103 മീറ്റര്‍ നീളവും 52 മീറ്റര്‍ വീതിയുമുള്ള ഹാളിനെ 16 നിരകളിലായി 134 ഭീമാകാരങ്ങളായ തൂണുകള്‍ വന്‍ മേല്‍ക്കൂര  സംരക്ഷിക്കുന്നു. ഓരോ തൂണിനും ശരാശരി 33 അടി ചുറ്റളവും 79 അടി പൊക്കവുമുണ്ട്. ഇതാണ് കാര്‍നാക്കിലെ തൂണുകളില്‍ കെട്ടിപ്പൊക്കിയ വിഖ്യാതഹാള്‍. സേതി ഒന്നാമന്‍ ഫറവോയായിരുന്നപ്പോഴാണ് ഈ ഹാളിന്റെ പ്രധാന പണികള്‍ നടന്നത്. കാര്‍നാക്കില്‍ റാംസെസ് രണ്ടാമനും മറ്റ് പല ഫറവോന്മാരും അവരുടെ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് മേല്പറഞ്ഞ കാര്‍നാക്കിലെ ഹാള്‍. ഇതു കൂടാതെ മറ്റനവധി കരിങ്കല്‍ പ്രതിമകളും നിര്‍മ്മിതികളും അവയുടെ കലാമേന്മയും വലുപ്പവുംകൊണ്ട് നമ്മെ ആകര്‍ഷിക്കുന്നു. കാര്‍നാക്കും ലക്‌സറും പോലുള്ള ക്ഷേത്രങ്ങള്‍ ഈജിപ്റ്റിന്റെ ആധ്യാത്മികസാമ്പത്തികസിരാകേന്ദ്രങ്ങളുമായിരുന്നു.
ലക്‌സര്‍ ക്ഷേത്രവും നഗരവും
ഈജിപ്ഷ്യന്‍ ടൂറിസത്തിന്റെ പ്രഭ ജ്വലിക്കുന്ന മറ്റൊരു മുഖമാണ് ലക്‌സര്‍. ആ വാക്ക് ഇന്ന് ലോകമെമ്പാടും ഈജിപ്റ്റിന്റെ പൗരാണികതയുടെ ഒരു പര്യായമാണ്. അമേരിക്കയിലെ ലാസ്‌വേഗാസിലെ പ്രസിദ്ധമായ ഒരു കാസിനോയുടെ പേരുതന്നെ ലക്‌സര്‍ എന്നാണ്. ഒട്ടേറെ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ക്കും ഉത്പന്നങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പേരു കാണാം. പുരാതനനഗരമായ തെബീസിലാണ് ഇതു നില്ക്കുന്നത്.
''തേബ്‌സ് ഓഫ് ദ ഹന്‍ഡ്രഡ് ഗേറ്റ്‌സ്'' എന്ന് ഹോമര്‍ പാടിയ നഗരത്തെ ഒരു കനാല്‍ രണ്ടായി തിരിച്ചിരിക്കുന്നു. തെക്കുവശത്ത് ലക്‌സര്‍ നഗരവും വടക്കുവശത്ത് കാര്‍നാക്ക് എന്ന ഗ്രാമവുമാണ്. അവിടെയാണ് കാര്‍നാക്ക് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രത്യേകം ഒരു മൂര്‍ത്തിയില്‍ കേന്ദ്രീകരിക്കാത്ത ഒട്ടേറെ ദേവന്മാരുടെ പേരിലുള്ള ക്ഷേത്രങ്ങള്‍ നമുക്കവിടെ കാണാം. മഹാനായ അലക്‌സാണ്ടര്‍ ഉള്‍പ്പടെയുള്ള ഫറവോമാരുടെ കിരീടധാരണം ഇവിടെ നടന്നിട്ടുണ്ട്. 18-ാമതു രാജവംശത്തിന്റെ കാലത്തു തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുത്തന്‍ഖാമനും റാംസെസ് പതിനൊന്നാമനും പൂര്‍ത്തിയാക്കുകയായിരുന്നു. അലക്‌സാണ്ടറും ഇവിടെ ക്ഷേത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഒരു വലിയ പ്രദേശത്തായി അനേകം ക്ഷേത്രങ്ങളും പ്രതിമകളും ഒറ്റക്കല്‍ സ്തംഭങ്ങളും കാണുവാന്‍ സാധിക്കും. നാലു വശങ്ങളുള്ള ഒറ്റക്കല്‍ സ്തൂപം അല്ലെങ്കില്‍ തൂണാണ് ഒബ്‌ലിസ്‌ക്.  ഇങ്ങനെയുള്ള സ്തൂപങ്ങളെ ക്ലിയോപാട്രാസ് നീഡില്‍ എന്നും വിളിക്കാറുണ്ട്. ഇവിടെയുണ്ടായിരുന്ന ഒബ്‌ലിസ്‌കുകളില്‍ ഒരെണ്ണം ഫ്രഞ്ചുകാര്‍ ഒരു കപ്പല്‍ പ്രത്യേക രീതിയില്‍ ഡിസൈന്‍ ചെയ്ത് അതില്‍ കയറ്റിക്കൊണ്ടുപോയി പാരീസ് കൊട്ടാരത്തിന്റെ മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്.   ഈജിപ്റ്റിലെ ക്ഷേത്രങ്ങളുടെ മുമ്പില്‍ ഒരു ജോടിയായിട്ടാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. ഇതുപോലെ ഒന്ന്  ഈജിപ്റ്റില്‍നിന്നു കൊണ്ടുപോയി ഇംഗ്ലീഷുകാര്‍ ലണ്ടനില്‍ തേംസ് നദീതീരത്തു സ്ഥാപിച്ചിട്ടുണ്ട്. 

(തുടരും)

Login log record inserted successfully!