•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

നമ്മുടെ സ്ത്രീകള്‍ പ്രബുദ്ധരായോ?

മാര്‍ച്ച് 8 ലോകവനിതാദിനം

    സൃഷ്ടിപരമായി സ്ത്രീയും പുരുഷനും വെവ്വേറെ സവിശേഷതകള്‍ ഉള്ളവരാണ്. ജൈവികമായ ഈ സവിശേഷതകള്‍ ശാരീരികവും മാനസികവുമായ വ്യത്യസ്ത കഴിവുകളിലേക്കും പെരുമാറ്റരൂപീകരണത്തിലേക്കും നയിക്കാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ സ്ത്രീയെയും പുരുഷനെയും സമത്വം എന്ന അവ്യക്തവും അപ്രായോഗികവുമായ ലക്ഷ്യങ്ങള്‍ക്കപ്പുറം സ്ത്രീ, പുരുഷന്‍ എന്ന വ്യത്യസ്ത വിഭാഗങ്ങള്‍ക്കനുസരിച്ചുള്ള പരിഗണന നല്‍കി ഭൂമിയില്‍ സര്‍വസ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുകയെന്നതാണ് അഭികാമ്യം. കാരണം, സ്ത്രീയും പുരുഷനും ഒരേ അളവുകോല്‍കൊണ്ട് അളക്കാന്‍ പറ്റുന്നവരല്ല. ഇതു മനസ്സിലാക്കി സ്ത്രീകളെ പരിഗണിക്കുന്ന ഏതൊക്കെ മേഖലകള്‍ നമ്മുടെ സമൂഹത്തില്‍ നിലകൊള്ളുന്നുവെന്നതു ചിന്തിക്കേണ്ട വിഷയംതന്നെയാണ്.
ലോകം ഇരുപത്തൊന്നാംനൂറ്റാണ്ടിലേക്കു കടന്നുകഴിഞ്ഞിട്ടും സ്ത്രീസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും യാഥാര്‍ഥരൂപേണ സമൂഹത്തില്‍ നടപ്പാകുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സ്ത്രീകളുടെ അടിസ്ഥാനപരമായ, മാനുഷികമായ ആവശ്യങ്ങള്‍ക്കുപോലും ഇന്നും ഭൂരിഭാഗം സ്ത്രീകളും കലഹിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചെറിയ ശതമാനം സ്ത്രീകള്‍ ഒരുപക്ഷേ, നേട്ടങ്ങള്‍ കൈയെത്തിപ്പിടിക്കുന്നുവെങ്കില്‍, അതിന്റെ മറുവശത്ത് ഭൂരിപക്ഷവും ഇന്നും ദുരിതങ്ങളിലും യാതനകളിലുംനിന്നു കരകേറാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്ത് മനസ്സുറപ്പോടെ പിടിച്ചുനില്‍ക്കാന്‍ ത്രാണിയുള്ള സുനിതാ വില്യംസിനെപ്പോലുള്ള മഹതികള്‍ നമുക്ക് അഭിമാനം നല്കുമെങ്കിലും നിത്യവും കേള്‍ക്കുന്ന 'വിസ്മയയും ഉത്രയും ശ്രുതിയും ഷഹനയുമൊക്കെ' ഇപ്പോഴും നമ്മുടെ സ്വകാര്യദുഃഖങ്ങളാണ്. ഏറ്റവും പ്രബുദ്ധരെന്നു നടിക്കുന്ന കേരളീയരുടെ ഇടയില്‍ത്തന്നെയാണ് ലജ്ജിപ്പിക്കുന്ന ഈ സംഭവങ്ങളും നടക്കുന്നത്. വിദ്യാഭ്യാസമോ സാമ്പത്തികശേഷിയോ ഒന്നുമല്ല ഇങ്ങനെയുള്ള സംഭവവികാസങ്ങള്‍ക്കു കാരണമെന്നതും ശ്രദ്ധേയമാണ്.
  പെണ്‍കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിലും സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും കേരളം വളരെയേറെ മുന്നിലാണ്. എന്നാല്‍, വിദ്യാഭ്യാസത്തിലും തൊഴില്‍രംഗങ്ങളിലും സ്ത്രീ തന്റെ സാന്നിധ്യം തെളിയിക്കുന്നുണ്ടെങ്കിലും അവിടെയൊക്കെ എത്രത്തോളം സ്വാധീനം ചെലുത്താന്‍ സ്ത്രീകള്‍ക്കു സാധിക്കുന്നുവെന്ന് ആലോചിക്കേണ്ടതാണ്.
രാഷ്ട്രീയത്തിലും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും സംവരണത്തിനായി സ്ത്രീനേതാക്കളെ മത്സരിപ്പിച്ചു പൊതുവിടങ്ങളില്‍ എത്തിക്കുന്നുണ്ടെങ്കിലും പുരുഷമേധാവിത്വത്തിന്റെ നിഴലുകളില്‍ ഒതുക്കപ്പെട്ടുപോകുകയാണു പലരും.
സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ ഇന്നും തുലോം കുറവാണ്. നായകന്റെ അതിഭാവുകത്വമുള്ള കഥാതന്തുവില്‍ മേമ്പൊടിക്കു ചേര്‍ന്നുനില്‍ക്കുന്ന ഭാഗം ആടിത്തീര്‍ക്കുന്നവരാണ് മിക്ക സ്ത്രീകഥാപാത്രങ്ങളും. ചില കേന്ദ്രകഥാപാത്രങ്ങള്‍ അടുത്തിടെ സ്ത്രീകള്‍ക്കു പ്രാധാന്യമുള്ളതായി ഇറങ്ങിയെങ്കിലും തുടക്കത്തിലുള്ള വൈബ് ഒന്നും പിന്നീട് അവയ്ക്കു കിട്ടാറുമില്ല. സ്ത്രീയെ ഇന്നും ശരീരപ്രദര്‍ശനോപാധിയാക്കിമാത്രം സിനിമയില്‍ 
ഇടംകൊടുക്കുകയും അതു വരുമാനമാര്‍ഗമാക്കി മുന്നോട്ടുപോകുകയും ചെയ്യുന്ന സിനിമയും മറ്റു മാധ്യമങ്ങളും വര്‍ധിച്ചു
വരുന്ന കാഴ്ചയാണു കാണാന്‍ കഴിയുന്നത്.
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ ഇന്നും യാതൊരു ദാക്ഷിണ്യവുമില്ലാതെ തുടരുന്നു. 
സാമ്പത്തികസ്വാതന്ത്ര്യത്തെക്കൂടി പരിഗണിച്ചാല്‍മാത്രമേ സ്ത്രീസ്വാതന്ത്ര്യം പൂര്‍ണമാകുകയുള്ളൂ. എന്നാല്‍, ഇന്നും ജോലിയും വരുമാനവുമുള്ള സ്ത്രീകള്‍പോലും പൂര്‍ണമായും സാമ്പത്തികസ്വാതന്ത്ര്യം അവകാശപ്പെടാന്‍ പറ്റുന്നവരല്ല.
വീട്ടകങ്ങളിലെ സ്ത്രീസ്വാതന്ത്ര്യം ഈ നൂറ്റാണ്ടിലും പരിഗണനകളില്‍മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. മിക്കയിടങ്ങളിലും പ്രധാനപ്പെട്ട തീരുമാനങ്ങളിലോ കുടുംബത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിനോ ഇന്നും ഭൂരിപക്ഷം സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ തുല്യപരിഗണന കിട്ടാറില്ല.
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ കുറച്ചൊക്കെ മാറിച്ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സമത്വത്തിലേക്കും സ്ത്രീശക്തീകരണത്തിലേക്കും ഇന്നും പ്രതിബന്ധങ്ങള്‍ ഏറെയാണ്. വികലമായ കാഴ്ചപ്പാടുള്ള ഒരു സമൂഹവും മതങ്ങളും സാമൂഹിക കെട്ടുപാടുകളുമൊക്കെ സ്ത്രീമുന്നേറ്റത്തിനു വിലങ്ങുതടികളായി നിലകൊള്ളുന്നു. സ്ത്രീയും 
പുരുഷനും ഒപ്പമെത്താനുള്ള മത്സരിക്കലല്ല; മറിച്ച്, എല്ലാ സവിശേഷകഴിവുകളും ഉള്‍
ക്കൊണ്ട് പൂര്‍ണമായ വളര്‍ച്ചയിലേക്കും വികസനത്തിലേക്കും എത്തിപ്പെടുക എന്നതാണ് 
സ്ത്രീശക്തീകരണംകൊണ്ട് അര്‍ഥമാക്കേണ്ടത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)